Home > featurednews > കണ്ണടച്ച്‌ ഇരുട്ടാക്കേണ്ട കാര്യമില്ല, സത്യം ഇരുട്ടത്ത്‌ തിളങ്ങുമ്പോള്‍…

ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകന്‍ രഘുനാഥ്‌ മാട്ടുമ്മല്‍ എന്നെ പരാമര്‍ശിച്ച്‌ എഴുതിയ ഒരു ഫേസ്‌ബുക്ക്‌ കുറിപ്പ്‌ വായിച്ചപ്പോള്‍ ചില പൊതുവായ കാര്യങ്ങള്‍ വീണ്ടും കുറിക്കണമെന്നു തോന്നി, പ്രിയപ്പെട്ട ബഷീര്‍ നിന്റെ ദാരുണമായ മരണത്തിന്റെ ഓര്‍മകള്‍ നീതിക്കു വേണ്ടി നിലവിളിക്കുമ്പോള്‍…നിനക്കു വേണ്ടി…

കേരളത്തിന്റെ കണ്ണീരോര്‍മയായി മാറിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തെ സംബന്ധിച്ചുള്ള കേസില്‍ നടക്കുന്ന ഒത്തുകളികളെ പരാമര്‍ശിക്കുന്ന എന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ …. അത്‌ കണ്ണടച്ച്‌ ഇരുട്ടാക്കലാണ്‌ എന്ന്‌ ചിലർ വ്യാഖ്യാനിക്കുന്നു.

കണ്ണു തുറന്നപ്പോള്‍ കണ്ടത്‌ മാത്രമാണ്‌ ഞാന്‍ എഴുതിയത്‌. എന്റെ മുന്നില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ്‌ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട്‌ ഉണ്ട്‌. അതില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ വസ്‌തുനിഷ്‌ഠമായി സൂചിപ്പിക്കുകയുണ്ടായി. പ്രധാന കാര്യങ്ങള്‍ ഇവയായിരുന്നു

1. ബഷീറിനെ ഇടിച്ച വാഹനത്തിന്റെ ഉടമയുടെ പേരോ മേല്‍വിലാസമോ അജ്ഞാതം എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

2. ആഗസ്റ്റ്‌ മൂന്നിന്‌ പുലര്‍ച്ചെ 12.55 ന്‌ നടന്ന അപകടത്തിനു തൊട്ടുപിറകെ, മ്യൂസിയം പോലീസ്‌ സ്ഥലത്ത്‌ എത്തുകയും മേല്‍നടപടികളിലേക്ക്‌ കടക്കുകയും ചെയ്‌തിരുന്നു. ഇടിച്ച വാഹനം മാറ്റിയിട്ടു. ശ്രീരാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്‌ത്രീയെ ടാക്‌സി വിളിച്ചു വീട്ടിലേക്ക്‌ പറഞ്ഞയച്ചു…അങ്ങനെ പലതും. എന്നിട്ടും എഫ്‌.ഐ.ആറില്‍, അപകടവിവരം പൊലീസ്‌ സ്റ്റേഷനില്‍ ലഭിച്ചത്‌ രാവിലെ 7.17 എന്നാണ്‌ കാണിച്ചിരിക്കുന്നത്‌. അതും കൊല്ലപ്പെട്ട ബഷീറിന്റെ സുഹൃത്തിന്റെ പരാതിപ്രകാരമാണത്രേ പൊലീസ്‌ കാര്യമറിഞ്ഞത്‌. അപകടസ്ഥലവും പൊലീസ്‌ സ്റ്റേഷനും തമ്മിലുള്ള ദൂരം വെറും നൂറ്‌ മീറ്റര്‍ മാത്രമാണെന്ന്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ സംഭവം അറിയുന്നത്‌ നേരം പുലര്‍ന്ന്‌ 7.17 ആയപ്പോഴാണ്‌.

ഈ പ്രഥമവിവര റിപ്പോര്‍ട്ട്‌ വസ്‌തുതാവിരുദ്ധമെന്നാണ്‌ എന്റെ നിഗമനം. കേസ്‌ ദുര്‍ബലമാക്കാനുള്ള പൊലീസിന്റെ തന്ത്രത്തിന്റെ ഫലം.

3. താരതമ്യേന ദുര്‍ബലമായ 304a, തീരെ ദുര്‍ബലമായ 279 വകുപ്പുകളാണ്‌ പ്രതി ചെയ്‌ത കുറ്റത്തിന്‌ ചുമത്തിയതായി എഫ്‌.ഐ.ആറില്‍ പറയുന്നത്‌. ഡി.ജി.പി. പ്രസ്‌താവിച്ചതു പോലെ 304-ാം വകുപ്പ്‌ ചുമത്തിയിട്ടില്ല. ഡി.ജി.പി. പ്രഖ്യാപിച്ച കാര്യം എഫ്‌.ഐ.ആറില്‍ വന്നില്ല. എന്തുകൊണ്ട്‌…( രഘുനാഥ്‌ പറയുന്നത്‌, പ്രതിയുടെ റിമാണ്ട്‌ റിപ്പോര്‍ട്ടില്‍ 304-ാം വകുപ്പ്‌ ചുമത്തിയതായി പറയുന്നുണ്ട്‌, അതിനാല്‍ എഫ്‌.ഐ.ആറിന്‌ പ്രസക്തിയില്ല എന്നാണ്‌. അതി വിചിത്രമായ വാദം തന്നെ. ഇതൊക്കെ കോടതിയില്‍ പ്രതിക്ക്‌ ഊരിപ്പോകാന്‍ തക്ക വട്ടമുള്ള വളയം തന്നെ) പിന്നീട്‌ കൂട്ടിച്ചര്‍ത്തു എന്നു പറയുന്നത്‌ എഫ്‌.ഐ.ആറിലോ അതോ റിമാണ്ട്‌ റിപ്പോര്‍ട്ടിലോ. കാറിന്റെ ഉടമ ആരാണെന്ന പകല്‍ പോലെ വ്യക്തമായ സത്യം എഫ്‌.ഐ.ആറില്‍ ഉണ്ടോ…കാറപകടത്തിന്‌ ശ്രീറാം മാത്രമാണ്‌ ഉത്തരവാദി എന്ന സ്‌ത്രീയുടെ മൊഴി പൊലീസ്‌ കാര്യമായെടുത്തിട്ടുണ്ടോ…ശ്രീരാം മദ്യപിച്ച്‌ ലക്കുകെട്ടിരുന്നോ എന്ന്‌ പരിശോധിക്കാന്‍ അദ്ദേഹം പാര്‍ടിയിങ്‌ നടത്തിയ കെട്ടിടത്തിനു വെളിയിലെങ്കിലുമുള്ള സി.സി.ടി.വി ഫൂട്ടേജ്‌ പൊലീസ്‌ പരിശോധിക്കുമോ…സംസ്ഥാനത്തെ രണ്ട്‌ വി.വി.ഐ.പികള്‍ നിരന്തരം സഞ്ചരിക്കുന്ന പാതയില്‍ സി.സി.ടി.വി. ആഴ്‌ചകളായി നിശ്ചലമാണ്‌ എന്ന പൊലീസിന്റെ വാദം യുക്തിഭദ്രമാണോ….

ഒരു പാട്‌ ചോദ്യങ്ങളുണ്ട്‌. തെളിവുകള്‍ സ്വാധീനത്തിന്റെ ബലത്താല്‍ അലിഞ്ഞുപോകുമോ എന്ന സാധാരണക്കാരന്റെ എക്കാലത്തെയും ഉല്‍കണ്‌ഠയുടെ മര്‍മ്മരങ്ങളാണ്‌ ഇവിടെയും ഉയരുന്നത്‌.

304-ാം വകുപ്പിന്‌ ശക്തി കിട്ടാനാണത്രേ പ്രതിക്കൊപ്പമുണ്ടായിരുന്ന സ്‌ത്രീയെയും കൂട്ടുപ്രതിയാക്കിയത്‌. കണ്ണ്‌ കുത്തിപ്പൊട്ടിച്ച്‌ ഇരുട്ടാക്കല്ലേ. പൊലീസിന്‌ കിട്ടിയ ബുദ്ധിപരമായ ഉപദേശമാണ്‌ സ്‌ത്രീയെ കൂട്ടുപ്രതിയാക്കിയതിനു പിന്നില്‍. ശ്രീരാമിനു പുറമേ ഒരു പ്രതി കൂടി ഉണ്ടായാല്‍, അതു കേസ്‌ ദുര്‍ബലമാക്കുമെന്ന്‌ സകല വക്കീലന്‍മാരും പറയുന്നു. സ്‌ത്രീയെ കൂട്ടുപ്രതിയല്ല, മുഖ്യസാക്ഷിയായിട്ടായിരുന്നു ചേര്‍ക്കേണ്ടിയിരുന്നത്‌. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ ശ്രീരാം വെങ്കിട്ടരാമിന്‌ കുരുക്കായേനെ. അതില്ലാതാക്കുകയാണല്ലോ യഥാര്‍ഥ ഉദ്ദേശ്യം.

പകല്‍ പോല വ്യക്തമായ കാര്യം, രേഖയിലുള്ള കാര്യം പറയുമ്പോള്‍ രഘുനാഥിന്‌ അത്‌ ഇഷ്ടമാവാതിരിക്കുന്നത്‌ ശരി, മനസ്സിലാക്കാം. പക്ഷേ, രഘുനാഥ്‌ വ്യക്തമാക്കുന്നത്‌ , എഫ്‌.ഐ.ആറിന്‌ ഒരു കാര്യവുമില്ല എന്നാണ്‌. എഫ്‌.ഐ.ആറില്‍ ഒത്തുകളിച്ചാലും അത്‌ കേസിനെ ബാധിക്കില്ലത്രേ. ഒരു കേസിന്റെ അടിസ്ഥാനശിലയാണ്‌ എഫ്‌.ഐ.ആര്‍.എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. അതിലുണ്ടാകുന്ന പിഴവും വൈരുദ്ധ്യങ്ങളും കേസിനെ സാരമായി ബാധിക്കുക തന്നെ ചെയ്യും.
ഇനി പറയൂ…എഫ്‌.ഐ.ആറിന്റെ പേരില്‍ പുക മറ സൃഷ്ടിച്ചു പോലും..ആര്‌ ? ഞാനോ.

ഇനി ചില ചോദ്യങ്ങള്‍ കൂടിയുണ്ട്‌.

1. സ്‌ത്രീയെ കൂട്ടുപ്രതിയാക്കിയ പൊലീസ്‌ എന്തു കൊണ്ട്‌ അവരെ ഉടനെ വിട്ടയച്ചു. അവര്‍ മദ്യപിച്ചിരുന്നോ തുടങ്ങി ഒരു കാര്യവും എന്തു കൊണ്ട്‌ പരിശോധിച്ചില്ല.

2. ശ്രീരാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്നു അപകടം നടക്കുന്ന സമയത്ത്‌ എന്ന്‌ ദൃക്‌സാക്ഷി മൊഴികള്‍ വഴി കൂടി വ്യക്തമായിട്ടും എന്തു കൊണ്ട്‌ രക്തപരിശോധന ഉടനെ നടത്തിയില്ല. ഒന്‍പത്‌ മണിക്കൂര്‍ കഴിഞ്ഞ്‌ രക്തസാമ്പിള്‍ പരിശോധിച്ചാല്‍ എന്താണ്‌ സംഭവിക്കുക.

3. റിമാണ്ടിലായ പ്രതിയെ സാധാരണ എങ്ങോട്ടാണ്‌ അയക്കുക ? നേരത്തെ ചികില്‍സ തേടിയ ഇടത്തേക്കു തന്നെ വേണമെന്ന്‌ നിയമമുണ്ടത്രേ… അറസ്റ്റു ചെയ്‌ത പ്രതിയെ സാധാരണ പ്രതി ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കാണോ മാറ്റുക അതോ റിമാണ്ട്‌ പ്രതിയെ പാര്‍പ്പിക്കാന്‍ അംഗീകരിക്കപ്പെട്ട മെഡിക്കല്‍ കോളേജിലെ സെല്‍ മുറിയിലേക്കോ..സ്വകാര്യ ആശുപത്രിയിലെ ആഡംബര മുറിയിലേക്ക്‌ മാറ്റിയത്‌ എത്ര നിര്‍ലജ്ജമാണ്‌ ആളുകള്‍ ന്യായീകരിക്കുന്നത്‌. കൊള്ളാം ഇങ്ങനെ വേണം…പക്ഷേ എപ്പോഴും ഇതു തന്നെ ചെയ്യുമോ. ഉന്നാവ്‌ പെണ്‍കുട്ടിയുടെ കേസിലുള്‍പ്പെടെ എഫ്‌.ഐ.ആര്‍. ഒത്തുകളിയിലും തെളിവുകള്‍ നശിപ്പിക്കലിലും ഇതേ പടി തന്നെ ന്യായീകരിക്കണമെന്നു മാത്രം. ശ്രീരാം വെങ്കിട്ടരാമനെ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്യാത്തതിന്‌ ഏക കാരണം ആ ആശുപത്രിയിലെ ഡോക്ടര്‍മാരാണത്രേ. പൊലീസിന്‌ അതില്‍ ഒരു പങ്കും ഇല്ല. ( അല്ല, പിന്നെങ്ങിനെയാണ്‌ ഞായറാഴ്‌ച ഉച്ചയ്‌ക്കു ശേഷം പൊലീസ്‌ സീന്‍ മാററിയത്‌. കിംസിനു മുന്നില്‍ സമരം ചെയ്യുമെന്ന്‌ പറഞ്ഞതില്‍ ചില ചെമ്മീനുകളെ ആര്‍ക്കെങ്കിലും പരിചയം ഉണ്ടോ !!അതിന്‌ തിരഞ്ഞെടുപ്പുമായി വല്ല ബന്ധവും ഉണ്ടോ..!! )

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന്‌ പ്രതികരിക്കുമ്പോള്‍ വസ്‌തുതകള്‍ പഠിക്കണം. അതില്‍ തര്‍ക്കമില്ല. ഞാന്‍ മേല്‍പ്പറഞ്ഞതില്‍ വസ്‌തുതകളല്ലാത്തത്‌ ഉണ്ടെങ്കില്‍ നമുക്ക്‌ തര്‍ക്കിക്കാം. തര്‍ക്കം ഏത്‌ കാര്യത്തിലാണ്‌.

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി എന്ന ആരോപണം കൊണ്ടു വന്നാല്‍ എല്ലാമായി. നമ്മള്‍ വീണു പോകും. ഞാന്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയല്ലല്ലോ ചെയ്‌തത്‌, മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ക്ക്‌ പൊലീസ്‌ പുല്ലുവില കല്‍പിച്ചില്ല എന്നതാണല്ലോ എടുത്തു പറഞ്ഞത്‌. അതല്ലേ സത്യം. എത്ര ഉന്നതനായാലും തെററ്‌ ചെയ്‌തവനെതിരെ നടപടി വരും എന്ന്‌ തൃശ്ശൂരില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ തിരുവനന്തപുരത്ത്‌ ഒരു നരഹത്യാകേസില്‍ നിന്നും ഉന്നതനെ ഊരിയെടുക്കാന്‍ പഴുതുണ്ടാക്കുന്ന പൊലീസിന്റെ നടപടിയെ ആണ്‌ ഞാന്‍ ചൂണ്ടിക്കാട്ടിയത്‌. അത്‌ മുഖ്യമന്ത്രിക്കെതിരാവുന്നതെങ്ങനെ. ഇതേ കേരള പൊലീസിലെ ചിലരാണല്ലോ ഈ മുഖ്യമന്ത്രിയെ കഴിഞ്ഞ ഏതാനും മാസങ്ങളായി പലപ്പൊഴായി പ്രതിക്കൂട്ടിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതൊക്കെ മുഖ്യമന്ത്രിക്കറിയാം, ന്യായീകരണത്തൊഴിലേത്‌, വസ്‌തുതാപരമേത്‌ എന്ന്‌. എനിക്കീ ഭരണത്തോട്‌ ഒരു കാലുഷ്യവുമില്ല, എന്തിനെയും ന്യായീകരിച്ചാലേ പിന്തുണയാകൂ എന്ന്‌ വിശ്വസിക്കുന്നുമില്ല.

ഇന്നലെ , നിയമ പരിജ്ഞാനമുള്ള ഒരു മാധ്യമസുഹൃത്ത്‌ ഡല്‍ഹിയില്‍ നിന്നും വിളിച്ച്‌ എന്നോടു പറഞ്ഞു, ഈ രക്തസാമ്പിള്‍ എടുക്കാത്തതില്‍ കനത്ത രണ്ട്‌ പഴുതുണ്ടെന്ന്‌. വളരെ വൈകി മാത്രം രക്തം പരിശോധിച്ചാല്‍ ഒന്ന്‌, ആല്‍ക്കഹോളിന്റെ അളവ്‌ ഇല്ലാതാക്കുന്ന മരുന്ന്‌ നല്‍കി പരിശോധനാ ഫലം നെഗറ്റീവ്‌ ആക്കാനാകും. രണ്ട്‌, ഇനി നെഗററീവ്‌ ആയില്ലെങ്കില്‍ത്തന്നെ, സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും പിന്നെ ടെന്‍ഷന്‍ മാറ്റാന്‍ കഴിച്ചുപോയതാണെന്നും വിചാരണവേളയില്‍ പറഞ്ഞ്‌ പ്രോസിക്യൂഷന്‍ വാദം മറികടക്കാനാവും. രണ്ടാമത്തെ വാദത്തോടെ കുറ്റം വാഹനം നിയന്ത്രണം വിട്ട്‌ അപകടമുണ്ടായി എന്നു മാത്രമായി ചുരുങ്ങും. ഹരീഷ്‌ വാസുദേവന്‍ ന്യായീകരിച്ചതുപോലെ, ഒരാളെ കൊന്നതിന്‌ ഒരു രൂപ പിഴ എന്നതു പോലെ ആയി മാറും.

ഈ ആംഗിളിലേക്ക്‌ കാര്യം തിരിയാന്‍ പോകുകയാണെന്ന്‌ ഞാന്‍ ഇന്നലെ രാത്രി ബഷീറിന്‌്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ വന്ന ഗതാഗതമന്ത്രിയോട്‌ കോഴിക്കോട്ടു വെച്ച്‌ പറഞ്ഞപ്പോള്‍, അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്‌ അദ്ദേഹം മറുചോദ്യം ചോദിക്കുകയാണുണ്ടായത്‌. ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴിതാ ശ്രീരാം വെങ്കിട്ടരാമന്‍ എന്ന ബുദ്ധിമാനായ പ്രതി ഉന്നയിക്കാന്‍ പോകുന്നതായി പറയുന്നു, താന്‍ നേരത്തെ മദ്യപിച്ചിട്ടില്ലായിരുന്നു എന്ന വാദം. മാത്രമല്ല രക്തസാമ്പിളില്‍ ആല്‍ക്കഹോളിന്റെ പ്രസരം ഇല്ലാത്ത റിപ്പോര്‍ട്ടാണ്‌ കിംസില്‍ നിന്നും കിട്ടുക എന്ന അഭ്യൂഹവും വരുന്നു. അത്‌ ശരിയായില്ലെങ്കിലും രണ്ടാമത്തെ സംഗതി വര്‍ക്കൗട്ടാവും.

ഇതിന്റെ എല്ലാ പേരുദോഷവും ഉണ്ടാകാന്‍ പോകുന്നത്‌ ആര്‍ക്കായിരിക്കും. തര്‍ക്കമൊന്നുമില്ല, മുഖ്യമന്ത്രിക്കു തന്നെയായിരിക്കും. പൊലീസ്‌ ഒത്തുകളിയുടെ തീരാക്കളങ്കമായി മാറാന്‍ പോകുകയാണ്‌ ഈ സംഭവം. ഒരു ഐ.എ.എസ്‌. ഉന്നതനെ രക്ഷിക്കാന്‍ പൊലീസ്‌ കാണിക്കുന്ന ഈ വ്യഗ്രത തെളിയിക്കപ്പെട്ടാല്‍ അത്‌ കേരള പോലീസിന്‌ തീരാക്കളങ്കമാവും. ഇടതുപക്ഷ ഭരണത്തിനേല്‍ക്കുന്ന കടുത്ത പ്രതിച്ഛായാ നഷ്ടവും ആവും. ഒരു മനുഷ്യന്റെ പച്ചമാംസം ചിതറിയ മണ്ണില്‍ സാമാന്യനീതി കിടന്നു പിടയുന്ന കാഴ്‌ച കാണാന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ്‌ നേരിന്റെ ചില സാധ്യതകള്‍ക്കായി ശബ്ദം ഉയര്‍ത്തുന്നത്‌. അത്‌ നീതിബോധമുള്ള സി.പി.എമ്മുകാര്‍ക്കെല്ലാം മനസ്സിലാകും. ന്യായീകരിച്ച്‌ ന്യായീകരിച്ച്‌ നമ്മള്‍ മനുഷ്യത്വം പോലും ഇല്ലാത്തവരായിത്തീരുമ്പോള്‍ യുക്തിയുള്ള മനുഷ്യര്‍ നിശ്ശബ്ദം തിരിഞ്ഞുനില്‍ക്കുമെന്ന്‌ തിരിച്ചറിയാന്‍ കഴിയണം. കെ.എം.ബഷീറിനു വേണ്ടി ഞാന്‍ പറയുന്നത്‌ എനിക്കു ഏതെങ്കിലും തിരഞ്ഞെടുപ്പിന്‌ നില്‍ക്കാന്‍ വേണ്ടിയല്ല, തിരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്വം എന്നില്‍ നിന്ന്‌ അത്‌ ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമാണ.്‌ ഞാന്‍ വിചാരിക്കുന്നത്‌, വിമര്‍ശനമാണ്‌ ഭരണാധികാരികള്‍ക്ക്‌ ഉള്‍ക്കാഴ്‌ച സമ്മാനിക്കുന്നത്‌ എന്നാണ്‌. കണ്ണടച്ച്‌ ഇരുട്ടാക്കുകയല്ല, കണ്ണ്‌ തുറന്ന്‌ ഇരുട്ട്‌ മനസ്സിലാക്കുകയല്ലോ ഉചിതം. ഇരുട്ടത്തും തിളങ്ങുന്ന കണ്ണുകളാവാം, അത്‌ നല്ല ഭരണാധിപരുടെ തിരിച്ചറിവുകളാവട്ടെ.

ബഷീറിന്റെ ഓര്‍മ, നീതിക്കായുള്ള ഒരു സാധാരണമനുഷ്യന്റെ കരച്ചിലായി കേരളം ചെവിക്കൊള്ളട്ടെ…ഭരണാധിപര്‍ക്കത്‌ തിരിച്ചറിയാനാവട്ടെ., കണ്ണ്‌ നിറയട്ടെ.

ശ്രീറാം വെങ്കിട്ടരാമനോട്‌ ഒരു ശത്രുതയും ഇല്ല. പക്ഷേ, ഒരു വ്യത്യാസമുണ്ട്‌… മദ്യപിച്ച്‌ വാഹനമോടിച്ച ശ്രീറാം ഒരു കുഴപ്പവുമില്ലാതെ, സ്വാധീന,സുരക്ഷകളുടെ വലയത്തില്‍ ജീവിതത്തില്‍ത്തന്നെ നില്‍ക്കുന്നു, ബഷീര്‍…അവന്‍ ജീവിതം നഷ്ടപ്പെട്ടവനായി മണ്ണിന്റെ പുതപ്പില്‍ വെറും ഓര്‍മയായിത്തീര്‍ന്നിരിക്കുന്നു. നീതി….അത്‌ സിവില്‍ സര്‍വ്വീസുകാരനും സിവിലിയനും ഒരുപോലെയായിരിക്കണം. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ഒരു പോലെ ബാധകമാകണമല്ലോ. അത്‌ മാത്രം മതി.

സി നാരായണൻ

ജനറൽ സെക്രട്ടറി

KUWJ