Kerala Union of Working Journalists

സാമൂഹ്യമാധ്യമം അച്ചടിമാധ്യമത്തിന്റെ അന്തകനോ?

പരമ്പരാഗതമാധ്യമം എന്നുവിളിക്കപ്പെടുന്നത് പൊതുവെ അച്ചടിമാധ്യമത്തെയാണ്. നാനൂറുവര്‍ഷത്തെയെങ്കിലും പഴക്കമുണ്ട് ഈ മാധ്യമത്തിന്. കേരളത്തിലേക്ക് ഇത് കടന്നുവന്നിട്ട് ഇരുനൂറു വര്‍ഷം പോലും ആയിട്ടില്ല. അച്ചടിക്ക് ശേഷം വന്ന റേഡിയോ ഒരു പൂര്‍ണ വാര്‍ത്താമാധ്യമമല്ല. ടെലിവിഷനാകട്ടെ, വാര്‍ത്താമാധ്യമമെന്നതിലേറെ ഒരു വിനോദമാധ്യമമാണ്. ഏറ്റവും പ്രായം കുറഞ്ഞ ന്യൂ മീഡിയ പഴമക്കാര്‍ക്കെല്ലാം വെല്ലുവിളിയായി ഉയര്‍ന്നുവരികയാണ്. ന്യൂ മീഡിയയുടെ പുതിയ രൂപമായ സോഷ്യല്‍ മീഡിയ ആകട്ടെ, കുറെ ന്യൂജെന്‍ ബുദ്ധിജീവികളുടെ കണ്ണില്‍ പരമ്പരാഗതമാധ്യമത്തിന്റെ അന്തകനാണ്.

നിര്‍ബന്ധമായും വധിക്കപ്പെടേണ്ടതാണ് അച്ചടിമാധ്യമം, അവരുടെ കാഴ്ചപ്പാടില്‍. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ലേഖനം എഴുതിയാലും അതച്ചടിക്കാന്‍ വേണം കുറെ മരം. ഓരോ ദിവസത്തെ പത്രത്തിനും വേണ്ടി ലോകത്തെവിടെയോ കാടുകള്‍ അപ്രത്യക്ഷമാവുന്നു. ഇതവസാനിപ്പിക്കാന്‍ കാലമായി എന്ന വാദം മനസ്സിലാക്കാനാവും. വികസിതലോകത്തെങ്ങും അച്ചടിപ്പത്രങ്ങളുടെ പ്രചാരം കുറയുകയാണെന്ന പുതിയ പ്രതിഭാസത്തെക്കുറിച്ചല്ല ന്യൂജെന്‍ ബുദ്ധിജീവികള്‍ വാചാലരാകുന്നത്. അതൊരു സാങ്കേതികവിദ്യയുടെ പ്രശ്‌നംമാത്രമാണ് പത്രവായനക്കാരന്. രാവിലെ വീടിന്റെ കോലായയില്‍ പത്രം വീഴുന്ന ശബ്ദത്തെ കാത്തിരിക്കേണ്ട കാര്യമില്ല പുതിയ കാലത്ത്. നാലരയ്‌ക്കോ അഞ്ചരയ്‌ക്കോ ഉറക്കമുണര്‍ന്നാല്‍ ഇന്റര്‍നെറ്റില്‍ പത്രംവായിക്കാം. ഇതിന് കമ്പ്യൂട്ടര്‍ തുറക്കണമെന്നുപോലുമില്ല. ഫോണ്‍ മതി. ഇക്കാലത്ത് ഇത് സൗജന്യമായി വായിക്കാം. അച്ചടിച്ചെലവിനേക്കാള്‍ കുറവാകും ഇന്റര്‍നെറ്റിലെ പത്രത്തിന്. നേരം പുലരുംമുമ്പ് ലോകമെമ്പാടുമുള്ള ഇഷ്ടപത്രങ്ങള്‍ വായിച്ചുതീര്‍ക്കുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്. അവര്‍ അച്ചടിപ്പത്രം കാലഹരണപ്പെടും എന്നുതന്നെയാണ് കരുതുന്നത്. പക്ഷേ, അവരാരും ഇത് പരമ്പരാഗതപത്രത്തിന്റെയോ പത്രപ്രവര്‍ത്തനത്തിന്റെയോ അന്ത്യമായി കാണുന്നില്ല.

നവമാധ്യമവക്താക്കള്‍ പത്രവായനക്കുതന്നെ എതിരാണ്. പത്രം വായിക്കേണ്ട ആവശ്യമേ ഇല്ല എന്ന് പ്രഭാഷണം നടത്തുന്നവരാണ് അവര്‍. അവര്‍ വായിക്കാറില്ല എന്ന് അതിനര്‍ത്ഥമില്ല. പത്രങ്ങളെ വിമര്‍ശിക്കാന്‍ പത്രം വായിക്കേണ്ടതുണ്ട് എന്നതുകൊണ്ടാവാം, അവര്‍ പത്രം വായിക്കുന്നുണ്ട്. അല്ലാതെ വിവരമറിയാന്‍ അതിന്റെ ആവശ്യമില്ല. രണ്ടുവര്‍ഷം മുമ്പ്, കേരള മീഡിയ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ ഒരു പരിപാടിയില്‍ സംസാരിക്കാന്‍ ഒരു സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ ക്ഷണിച്ചുകൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ ചുരുക്കം ഇതായിരുന്നു-നിങ്ങള്‍ പത്രപ്രവര്‍ത്തനം പഠിക്കുന്നവരാണല്ലോ, അതുകൊണ്ട് നിങ്ങള്‍ പത്രം വായിക്കാതിരിക്കരുത്. ഞാന്‍ ഐ.എ.എസ്സിന് പ്രിപ്പേര്‍ ചെയ്യുന്ന കാലത്ത് പത്രങ്ങള്‍ കൃത്യമായി വായിച്ചിരുന്നു. ഇപ്പോള്‍ വായിക്കാറില്ല, ടെലിവിഷനും കാണാറില്ല. വാര്‍ത്ത അറിയുക എന്നത് അത്ര അത്യാവശ്യകാര്യമൊന്നുമല്ല. ദൈനംദിനം ജീവിതത്തിലും തൊഴിലിനും ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ പല മാര്‍ഗങ്ങളുണ്ട്. മാധ്യമങ്ങള്‍ വേണ്ട- പത്രംവായിക്കാത്തതുകൊണ്ട് ചിലപ്പോഴൊക്കെ വിഡ്ഡിയാകാറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. കാല്‍നൂറ്റാണ്ട് മുമ്പ് സോവിയറ്റ് തകര്‍ച്ചയുടെ കാലത്ത് തനിക്കുണ്ടായ ഒരു ചമ്മല്‍ അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. അന്ന് അദ്ദേഹം വിദേശസര്‍വ്വീസിലായിരുന്നു. ഒരു സായാഹ്നത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ആരോ പറഞ്ഞു, ഇനി ധാരാളം പുതിയ പുതിയ രാജ്യങ്ങളില്‍ ഇന്ത്യക്ക് നയതന്ത്രകേന്ദ്രങ്ങള്‍ ഉണ്ടാകുമല്ലോ, കൂടുതല്‍ പേരെ സര്‍വ്വീസില്‍ നിയമിക്കേണ്ടിവരുമല്ലോ എന്ന്. എന്തുകൊണ്ടാണ് പുതിയ രാജ്യങ്ങള്‍ ഉണ്ടാകുന്നത് എന്ന് നമ്മുടെ കഥാപുരുഷന് മനസ്സിലായില്ല. അതദ്ദേഹം എടുത്തു ചോദിച്ചു.അപ്പോഴാണ് പഴയ സോവിയറ്റ് രാജ്യത്തിലെ നിരവധി പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വേറെ രാജ്യങ്ങളായ വിവരം ഈ വിദ്വാന്‍ അറിഞ്ഞത്. അദ്ദേഹം ഇപ്പോഴും സര്‍വ്വീസിലുണ്ട്. പത്രം വായിക്കാതെ ഐ.എ.എസ്സില്‍ തുടരാം എന്നദ്ദേഹം തെളിയിച്ചു!

അതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍ തുടങ്ങിയവയാണ് ശരിയായ മാധ്യമങ്ങള്‍. പുതിയ കാലത്തെ ജനാധിപത്യവല്‍കൃത മാധ്യമം സാമൂഹ്യമാധ്യമമാണ്. പൂര്‍ണമായ അഭിപ്രായസ്വാതന്ത്ര്യം ആ മാധ്യമങ്ങളിലേ നിലവിലുള്ളൂ. പത്രങ്ങള്‍ ഉടമസ്ഥന്റെ അഭിപ്രായങ്ങള്‍ക്കും സ്വാര്‍ത്ഥതകള്‍ക്കും അനുസരിച്ചുമാത്രമേ വാര്‍ത്തകള്‍ കൊടുക്കുന്നുള്ളൂ. ജനങ്ങള്‍ അറിയേണ്ട സ്വതന്ത്രവും നിഷ്പക്ഷവുമായ വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിലും മറ്റുമാണ് ഉള്ളത്. പത്രങ്ങള്‍ ഒളിച്ചുവെക്കുന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ കാണാം. അവിടെ എഡിറ്റര്‍മാരുടെ ഏകാധിപത്യമില്ല. എഴുതുന്ന ലേഖനങ്ങളും വാര്‍ത്തകളും ആരും വെട്ടിക്കളയില്ല. ആരെയും ഭയപ്പെടേണ്ട. ഇതാണ് യഥാര്‍ത്ഥ മാധ്യമസ്വാതന്ത്ര്യം. ഇതാണ് യഥാര്‍ത്ഥ ജനാധിപത്യം -ഇതാണ് പുതിയ കാഴ്ചപ്പാട്. ഈ എഴുതിയതില്‍ അതിശയോക്തി കലര്‍ത്തിയിട്ടില്ല. അടുത്ത കാലത്ത് ഒരു ചര്‍ച്ചാ സമ്മേളനത്തില്‍ ഇത് നേരിട്ടുകേട്ടു. പൊതുപ്രശ്‌നങ്ങളില്‍ സാമാന്യം നല്ല കാഴ്ചപ്പാടുകള്‍ പുലര്‍ത്താറുള്ള ചില യുവചിന്തകരാണ് തീവ്രമായ പത്രമാധ്യമവിരോധം പ്രകടിപ്പിച്ചത്. പത്രങ്ങള്‍ അവരോട് എന്തോ ക്രൂരത നിത്യവും ചെയ്തുകൊണ്ടിരിക്കുന്നു എന്ന മട്ട്. എന്തുസംഭവം നടന്നാലും അതിന്റെ ഒരു വശമേ പത്രം കൊടുക്കുന്നുള്ളൂ. പത്രപവര്‍ത്തകര്‍ സ്വതന്ത്രരോ നിഷ്പക്ഷരോ അല്ല എന്നതുപോകട്ടെ വിവരദോഷികളുമാണ്. ജാതീയതയും വര്‍ഗീയതയും പത്രങ്ങളില്‍ കൊടികുത്തി വാഴുകയാണ്. വരിക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണംകൂട്ടാന്‍ അവര്‍ എന്ത് അധമകാര്യവും ചെയ്യും… ഇങ്ങനെ പോയി വിമര്‍ശനങ്ങള്‍.

പത്രമാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടവയല്ല എന്നൊരു കാഴ്ചപ്പാട് ഇതെഴുന്ന ആള്‍ക്ക് ഒട്ടുമില്ല. സോഷ്യല്‍ മീഡിയ വരുന്നതിനുമുമ്പുതന്നെ പത്രവിമര്‍ശനം നിലവിലുണ്ട്. ദൃശ്യമാധ്യമത്തില്‍ പത്രവിമര്‍ശനം ഒരു സ്ഥിരം പംക്തിയായി ഗൗരവപൂര്‍വം നടന്നുപോന്നിരുന്നു. ഇപ്പോഴില്ല. നാടിലെമ്പാടും പടര്‍ന്നുപിടിച്ചു കഴിഞ്ഞ മാധ്യമസെമിനാര്‍ പ്രതിഭാസം ഒരു തരത്തില്‍നോക്കിയാല്‍ മാധ്യമവിമര്‍ശനത്തിന്റെ ഒരു രൂപം തന്നെയാണ്. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരം മാധ്യമപ്രവര്‍ത്തനം അല്ല ഇപ്പോഴും ഫോര്‍ത്ത് എസ്റ്റേറ്റ് എന്നുവിളിക്കപ്പെടുന്ന പത്രമാധ്യമങ്ങളില്‍ നിന്നുലഭിക്കുന്നതെന്ന പരോക്ഷമായ വിമര്‍ശനവും പരിഭവവും ഈ പ്രതിഭാസത്തില്‍ അന്തര്‍ലീനമാണ്. ഈ കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ പരിമിതികള്‍ പത്രപ്രവര്‍ത്തകര്‍ക്കുതന്നെയും ബോധ്യമുള്ള കാര്യമാണ്. മൂലധനതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പത്രങ്ങള്‍ക്കും രാഷ്ട്രീയതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ക്കുമിടയില്‍ സ്വതന്ത്രമായി സാധാരണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് ഈ കാലത്ത് കൂടുതല്‍ പ്രയാസമായിക്കൊണ്ടിരിക്കുന്നു. മുമ്പെല്ലാം ഭരണകൂടമാണ് വലിയ പത്രസ്വാതന്ത്ര്യലംഘകരായിരുന്നത് എങ്കില്‍ ഇപ്പോള്‍ പരസ്യവരുമാനത്തിനുവേണ്ടി മുതലാളിത്ത താല്പര്യങ്ങള്‍ക്ക് വേണ്ടി വഴങ്ങുമ്പോഴാണ് പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് എന്നതും സത്യമാണ്.

ഇതുകൊണ്ടൊന്നും, കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടിലേറെയായി പത്രമാധ്യമങ്ങള്‍ കേരളീയ സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ മിഥ്യയാകുന്നില്ല. സ്വാതന്ത്ര്യബോധം ജനങ്ങളില്‍ വളരുന്നതുതന്നെ പൊതുവിഷയങ്ങളില്‍ തങ്ങള്‍ക്കും അഭിപ്രായമുണ്ടായിരിക്കാന്‍ അവകാശമുണ്ട് എന്ന ബോധം വളര്‍ന്നപ്പോഴാണ്. ജന്മിമാരോ മറ്റുപ്രമാണിമാരോ പറയുന്നതാണ് തങ്ങളുടെയും അഭിപ്രായം എന്നുകരുതിപ്പോന്ന ജനങ്ങളില്‍ സാക്ഷരതയും പത്രവായനയും ഉണ്ടാക്കിയ മാറ്റമാണ് രണ്ടുനൂറ്റാണ്ടിനിടയിലുണ്ടായ ആദ്യത്തെ ആശയവിപ്‌ളവം. സ്വാതന്ത്ര്യസമരത്തിനും സ്വാതന്ത്ര്യസമരത്തിനും ശേഷം പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനം ശ്ക്തിപ്രാപിച്ചപ്പോഴാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം സ്ഥാപിതതമായത്. അറിയാനുള്ള അവകാശം നിയമമാകുന്നത് സ്വാതന്ത്ര്യം കിട്ടി അറുപതോളം വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതുവരെയും മാധ്യമങ്ങള്‍തന്നെയാണ് ഇന്‍ഫോംഡ് സിറ്റിസന്‍ ആയ വോട്ടറെ രൂപപ്പെടുത്തിയത്.

വിവരാവകാശനിയമം പത്രപ്രവര്‍ത്തെ അപ്രസക്തമാക്കുകയില്ല എന്നതുപോലെ സോഷ്യല്‍ മീഡിയയും പത്രപ്രവര്‍ത്തനത്തെ അപ്രസക്തമാക്കുകയില്ല. വിവരങ്ങള്‍ ശേഖരിക്കുക എന്നതുമാത്രമല്ല, അത് സമൂഹത്തിന്റെ അറിയാനുള്ള അവകാശത്തിന് അനുസൃതമായി വിതരണം ചെയ്യുക എന്ന ധര്‍മം കൂടി നിര്‍വഹിക്കുന്ന സ്ഥാപനമാണ് അച്ചടി-ദൃശ്യമാധ്യമം. ഇതിനെ നിയന്ത്രിക്കുകയോ വഴികാട്ടുകയോ ചെയ്യുന്ന ജനാധിപത്യനിയമങ്ങളും സാമാന്യമര്യാദകളും ഉണ്ട്. ധാര്‍മിക രീതികളുണ്ട്. പൊതുസമൂഹത്തിന്റെ താല്പര്യം എന്ത് എന്നുനിശ്ചയിക്കുന്നത് ജനങ്ങള്‍ക്ക് അതെന്തു ഗുണം, ദോഷം ഉണ്ടാക്കും എന്നുകൂടി ആലോചിച്ചുകൊണ്ടാണ്. അപ്പോള്‍ സ്വാഭാവികമായും ഏതുവാര്‍ത്ത പ്രസിദ്ധീകരിക്കുന്നു എന്നതിനോളമോ അതിലേറെയോ പ്രധാനമാണ് എന്തെല്ലാം പ്രസിദ്ധീകരിക്കാതിരിക്കുന്നു എന്നത്. സാമാന്യവിദ്യാഭ്യാസവും തൊഴില്‍ പരിചയവും തൊഴില്‍ പരിശീലനവും ലഭിച്ച റിപ്പോര്‍ട്ടര്‍മാര്‍ എഴുതിയയക്കുന്നവയില്‍ പോലുംനല്ല പങ്ക് ചില്‌പ്ലോള്‍ പ്രസിദ്ധീകരിക്കേണ്ട എന്നു തീരുമാനിക്കുന്നുണ്ട് വിവേകശാലിയായ പത്രാധിപര്‍. അവനുതോന്നുന്നത് അവന്‍ എഴുതട്ടെ എന്നു കരുതി മാറിയിരിക്കുകയല്ല പത്രാധിപര്‍ ചെയ്യുന്നത്. സമൂഹത്തിന്റെ, ഭരണത്തിന്റെ, രാഷ്ട്രീയത്തിന്റെ, സമ്പദ്ഘടനയുടെ ഏതെല്ലാം തലങ്ങൡ തങ്ങളുടെ കണ്ണെത്തണം എന്ന് നിരന്തരം ആലോചിച്ച്് പത്രപ്രവര്‍ത്തകരെ ചിലതുചെയ്യാന്‍ നിയോഗിക്കുക കൂടിയാണ് പത്രാധിപര്‍ ചെയ്യുന്നത്. പത്രാധിപരുടെ ഗെയ്റ്റ് കീപ്പര്‍ ജോലി ഇതാണ്. പൊതുസമൂഹത്തില്‍ പലരും ഇന്നു തെറ്റിദ്ധരിച്ചിരിക്കുന്നത് പത്രമുതലാളിയുടെ താല്പര്യംമാത്രം നോക്കി വാര്‍ത്ത തിരഞ്ഞെടുക്കാനാണ് പത്രാധിപരെ അവിടെ കുടിയിരുത്തിയിരിക്കുന്നത് എന്നാണ്. ഏറ്റവും മോശം പത്രംഉടമ പോലും അങ്ങനെ ധരിക്കുകയില്ല. അത്തരമൊരു പത്രം അധികനാള്‍ നിലനില്‍ക്കുക തന്നെയില്ല. ഉത്തരവാദിത്തബോധമുള്ള മാധ്യമമാണ് ഫോര്‍ത്ത് എസ്റ്റേറ്റ്.

സാമൂഹ്യമാധ്യമത്തിന്റെ ആവിര്‍ഭാവം അനിവാര്യമായ ഒരു സാങ്കേതിക വിപ്ലവം തന്നെയാണ്. പത്രപത്രമാധ്യമങ്ങള്‍ക്കില്ലാത്ത പല ഗുണങ്ങളും സൗകര്യങ്ങളും അതിനുണ്ടെന്നുകൂടി സമ്മതിക്കാം. ഉദ്യോഗസ്ഥന്മാര്‍ സെന്‍സര്‍ ചെയ്ത വാര്‍ത്തകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ആദ്യകാലത്ത് ഇംഗ്‌ളണ്ടില്‍ പത്രങ്ങള്‍ ഇറക്കിയിരുന്നത്. ഇതുസംബന്ധിച്ച നിയമത്തിന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന് ഒരു ഘട്ടത്തില്‍ തീരുമാനിച്ചപ്പോള്‍ സമൂഹത്തിലുള്ള പലരും, മാധ്യമരംഗത്തുള്ളവര്‍ പോലും അമ്പരന്നുപോയിട്ടുണ്ട്. ഇതെന്തെല്ലാം വിനകളാണ് ഉണ്ടാക്കുക എന്നവര്‍ ആശങ്കിച്ചു. സമൂഹമാധ്യമത്തില്‍ പത്രാധിപരില്ല, പത്രപ്രവര്‍ത്തകനുമില്ല. ആര്‍ക്കും പത്രപ്രവര്‍ത്തകനാകാം. പത്രാധിപരും പത്രപ്രവര്‍ത്തകനുമില്ലാത്ത മാധ്യമവും നിലനില്‍ക്കട്ടെ. അതുകൊണ്ട്, പത്രപ്രവര്‍ത്തകര്‍ക്കുപോലും പ്രയോജനമുണ്ടാകും. പല പത്രപ്രവര്‍ത്തകരും സ്വന്തം പത്രത്തില്‍ എഴുതുന്നതിനേക്കാള്‍ കൂടുതള്‍ സാമൂഹ്യമാധ്യമങ്ങളിലാണ് എഴുതുന്നത്. സമൂഹത്തിന് അതാവശ്യമാണ്. പക്ഷേ, പത്രാധിപരും പത്രപ്രവര്‍ത്തകരും ഇല്ലാത്ത മാധ്യമങ്ങള്‍ മാത്രം മതിനമുക്ക് എന്ന് തീരുമാനിക്കുന്നത് ആത്മഹത്യാപരമാണ്.

പത്രമാധ്യമങ്ങളില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നുണ്ട്-സാമൂഹ്യമാധ്യമത്തില്‍ വാര്‍ത്ത വസ്തുതാപരമോ എന്നുനോക്കാന്‍തന്നെ ആളില്ല. എന്തും ആര്‍ക്കും എഴുതാം. പത്രമാധ്യമം സമൂഹതാല്പര്യം നോക്കാതെ വാര്‍ത്ത കൊടുക്കുന്നത് അപൂര്‍വമാണ്-സമൂഹമാധ്യമങ്ങളില്‍ അങ്ങനെയൊരു ചിന്താവിഷയമേ ഇല്ല. പത്രമാധ്യമങ്ങളില്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ വാര്‍ത്ത ചമച്ചുവിടുന്നവരുണ്ട്- സാമൂഹ്യമാധ്യമത്തില്‍ ആര്‍ക്കും എന്തും പടച്ചുവിടാം. പത്രമാധ്യമങ്ങളില്‍ വര്‍ഗീയപ്രചാരണം നടക്കുന്നു-സാമൂഹ്യമാധ്യമത്തില്‍ വര്‍ഗീയതയുടെ കാളകൂടവിഷം കൂലംകുത്തി ഒഴുകുകയാണ്. പത്രങ്ങൡ ധാരാളം അസംബന്ധവാര്‍ത്തകള്‍ വരുന്നു-സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന മുക്കാല്‍പ്പങ്ക് വാര്‍ത്തകളും ഫോര്‍വേഡുകളും ശുദ്ധ അസംബന്ധമാണ്, മഠയത്തരമാണ്. എങ്കിലും സാമൂഹ്യമാധ്യമം നില നില്‍ക്കണം. അതിനും വലിയ പങ്ക് വഹിക്കാനുണ്ട്. അതൊരു ഒറ്റമൂലിയാണ് എന്നു വ്യാമോഹിക്കരുതെന്നുമാത്രം.
പത്രമാധ്യമം വളരെയൊന്നും പ്രബലമല്ലാത്ത ജമ്മു-കാശ്്മീരില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നു. 2016 ജനവരി അവസാനം സമൂഹമാധ്യമത്തില്‍ ജനങ്ങളെ ഞെട്ടിച്ച പ്രചാരണം അലയടിച്ചു. പോളിയോ വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ മരിച്ചുവീഴുന്നു എന്നതായിരുന്നു വാര്‍ത്ത.

കുത്തിവെപ്പ് സ്വീകരിച്ച ലക്ഷക്കണക്കിന് കുട്ടികളുടെ രക്ഷിതാക്കള്‍ ആസ്പത്രികളിലേക്ക് ഇരമ്പിച്ചെന്നപ്പോഴാണ് അധികൃതര്‍ വിവരമറിയുന്നത്. വ്യാജവാര്‍ത്തയാണ്, ഒരുകുട്ടിക്കും ഒുന്നും സംഭവിച്ചിട്ടില്ല എന്ന് സര്‍ക്കാര്‍ പ്രസ്താവന ഇറക്കി, നാട്ടിലുടനീളം മൈക്ക് പ്രചാരണം നടത്തിയെങ്കിലും പ്രക്ഷുബ്ധാവസ്ഥ മാറാന്‍ ദിവസങ്ങളെടുത്തു.

പത്രപ്രവര്‍ത്തകര്‍ എന്നു നടിക്കുന്നവര്‍ നടത്തുന്ന നൂറുകണക്കിന് സൈറ്റുകളും വാട്‌സ്ആപ്പ്-ഫെയ്‌സ്ബുക്ക് പേജുകളും കശ്മീരി ഭാഷയിലുണ്ട്. ദിവസവും അവര്‍ ഒരു പരിശോധനയും നടത്താതെ കണ്ടതും കേട്ടതുമെല്ലാം അടിച്ചുവിടുന്നു. വര്‍ഗീയ സ്വഭാവമുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നു. എല്ലാവരും റിപ്പോര്‍ട്ടര്‍മാരായിരിക്കുന്നു-അധികൃതര്‍ നിസ്സഹായത പ്രകടിപ്പിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ അറിയാത്ത കുറെ വാട്‌സ്ആപ്പ് ജേണലിസ്റ്റുകള്‍ നടത്തുന്ന റിപ്പോര്‍ട്ടിങ്ങ് നാശം വിതയ്ക്കുകയാണ്. ഇവര്‍ പലരും ജേണലിസ്റ്റുകളല്ല, ക്രിമിനലുകളാണ്. പരമ്പരാഗത മാധ്യമങ്ങളുടെ തിരോധാനം ഇതുപോലൊരു അവസ്ഥ എവിടെയും സൃഷ്ടിക്കാം.