Kerala Union of Working Journalists

മാതൃഭൂമിയിലെ വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യ നിഷേധം : കെ.യു.ഡബ്ല്യു.ജെ. നിയമപോരാട്ടത്തിന്

മാതൃഭൂമിയിലെ വിരമിച്ച ജീവനക്കാര്‍ക്കു നിയമപ്രകാരം ലഭിക്കേണ്ട ഗ്രാറ്റിവിറ്റി ഉള്‍പ്പെടെയുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ നിന്നും നിയമവിരുദ്ധമായി ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു കൊണ്ടിരിക്കുന്ന കാടന്‍ സമീപനത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ന്യൂസ് പേപ്പര്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. ലക്ഷക്കണിക്കിന് രൂപ നഷ്ടപ്പെട്ട പ്രമുഖ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യവും അഭ്യര്‍ഥനയും പരിഗണിച്ചാണിത്. പത്രജീവനക്കാര്‍ക്കുള്ള വേജ്‌ബോര്‍ഡ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് മാതൃഭൂമി ഉടമസ്ഥര്‍ നടപ്പാക്കിയ ക്രൂരമായ പ്രതികാര നടപടികളുടെ ഒടുവിലത്തെ ഇരകളാണ് ആ സ്ഥാപനത്തില്‍ നിന്നും വിരമിച്ച പത്രപ്രവര്‍ത്തകരും.
മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് സൂപീംകോടതി വിധി പ്രകാരം നല്‍കേണ്ട വേതനക്കുടിശ്ശിക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമായി പിടിച്ചെടുത്തത് പരിഹരിച്ചുകിട്ടാനാണ് യൂണിയന്‍ ന്യൂസ്‌പേപ്പര്‍ ഇന്‍സ്‌പെക്ടറെ സമീപിച്ചിരിക്കുന്നത്.
പത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്‌കാരവും എന്നതാണ് മാതൃഭൂമിയുടെ പരസ്യവാചകം. ആ മാധ്യമസ്ഥാപനം ഏതാനും വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ പ്രധാന ഇരകളായിരുന്നു അതിലെ ജീവനക്കാര്‍. ഇന്ത്യയിലെ പത്രജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മജീദിയ വേജ്‌ബോര്‍ഡിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പത്രഉടമകള്‍ നടപ്പാക്കാന്‍ തയ്യാറായില്ല. മാത്രമല്ല അവര്‍ വേജ്‌ബോര്‍ഡ് തള്ളിക്കളയാനായി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ പരമോന്നതനീതിപീഠത്തിന്റെ വിധി ഇവരുടെ മുഖത്തേറ്റ കടുത്ത അടിയായി. ഒരക്ഷരം പോലും തിരുത്താതെ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാനായരുന്നു വിധി.
ഗത്യന്തരമില്ലാതെ, അതുവരെ തന്റെ ജീവനുണ്ടെങ്കില്‍ മജീദിയ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചു നടന്നിരുന്ന മാതൃഭൂമി ഉടമ ശമ്പള പരിഷ്‌കരണം ഭാഗികമായി നടപ്പാക്കാന്‍ തയ്യാറായി. 2014 ഫിബ്രവരി ഏഴാം തീയതിയിലെ സുപ്രീംകോടതി വിധി പ്രകാരം 11-11-2011 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതുണ്ട്. ‘ 2014 മാര്‍ച്ച് വരെയുള്ള ശമ്പളക്കുടിശ്ശിക നാല് തുല്യ ഗഡുക്കളായി ഇന്നു മുതല്‍ ഒരു വര്‍ഷത്തിനകം നല്‍കുകയും മാര്‍ച്ച് മുതല്‍ പുതിയ സ്‌കെയിലില്‍ ശമ്പളം നല്‍കുകയും വേണം ‘ എന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാല്‍ ഇത് മാതൃഭൂമിയിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും ലഭിച്ചില്ല.
കോടതി വിധി ഇങ്ങനെ ലംഘിച്ചത് ലോകത്തെ ചട്ടം പഠിപ്പിക്കുന്ന പത്രം തന്നെയെന്നത് ഇരിക്കട്ടെ, അതിനപ്പുറത്തേക്ക് ജീവനക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരാന്‍ മാതൃഭൂമി കണ്ടെത്തിയ തന്ത്രം ഭീകരമായിരുന്നു. മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ 2008 ജനവരി മുതല്‍ 2011 നവംബര്‍ വരെ നല്‍കിയിരുന്ന അലവന്‍സ്, അതായത് ശമ്പളക്കുടിശ്ശിക നല്‍കാനുള്ള പൂര്‍വ്വകാല പ്രാബല്യത്തിന് മുമ്പുള്ള കാലത്ത് നല്‍കിയ ഈ തുക മുഴുവന്‍ കുടിശ്ശികയ്ക്ക് പകരമായി കണക്കാക്കി തിരിച്ചുപിടിച്ചുകൊണ്ടാണ് അതിമനോഹരമായ സോഷ്യലിസ്റ്റ് സ്വപ്‌നം മാതൃഭൂമി പൂര്‍ത്തീകരിച്ചത്.
വിരമിച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായ എന്‍.പി.രാജേന്ദ്രനില്‍ നിന്നും മാതൃഭൂമി കൈക്കലാക്കിയത് 2,28,335 രൂപയാണ്. ശമ്പളക്കുടിശ്ശിക കൊടുത്തില്ലെന്നു മാത്രമല്ല, ഗ്രാറ്റുവിറ്റിയില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ കവരുകയും ചെയ്തു. കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്, രാജേന്ദ്രന് 1,32,365 രൂപ ശമ്പളക്കുടിശ്ശിക നല്‍കേണ്ടതാണെന്നും എന്നാല്‍ 2008 മുതല്‍ 2011 വരെ നല്‍കിയ അലവന്‍സ് തിരിച്ചുപിടിക്കുന്നതിനാല്‍ കുടിശ്ശികയൊന്നും തരാനില്ലെന്നും, പോരാത്തതിന് പിരിയുമ്പോള്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റിയില്‍ നിന്നും 95,970 രൂപ പിടിക്കുകയും ചെയ്തിരിക്കുന്നു എന്നാണ്.
അതായത് പണ്ട് നല്‍കിയ ചായക്കാശ് ഇപ്പൊഴത്തെ കണക്കില്‍ തട്ടിക്കിഴിച്ച് ഇനി നിങ്ങള്‍ക്കൊന്നും ഇല്ല എന്നു പറയുക മാത്രമല്ല, ബാക്കി പൈസ കിട്ടാന്‍ മടിക്കുത്ത് തപ്പുകയും ചെയ്തു. ഇതേ ഗതി തന്നെയായിരുന്നു പിന്നീട് വിരമിച്ച എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്നത്. ടി. അരുണ്‍കുമാര്‍ എന്ന ഡെപ്യൂട്ടി എഡിറ്റര്‍ക്ക് ഗ്രാറ്റിവിറ്റിയില്‍ നിന്നും നഷ്ടമായത് രണ്ടര ലക്ഷത്തോളം രൂപ. മറ്റൊരു ഡെപ്യൂട്ടി എഡിറ്ററായ ടി.സുരേഷ്ബാബുവിന് ഒന്നേമുക്കാല്‍ ലക്ഷം. ‘സോഷ്യലിസ്റ്റ് രീതി ‘ യിലുള്ള പീഢനത്തില്‍ ( അതെന്തെന്നല്ലേ, വഴിയെ എഴുതാം) മനം മടുത്ത് രാജിവെച്ചു പോയ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍.ബൈജുവില്‍ നിന്നും തട്ടിയെടുത്തത് രണ്ട് ലക്ഷം. ഇതേപോലെ രാജിവെച്ചുപോയ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് വി.എന്‍.പ്രസന്നന് നല്‍കാതിരുന്നത് മുക്കാല്‍ ലക്ഷം. ഈ പട്ടിക നീളുകയാണ്.
ഗ്രാറ്റുവിറ്റി നിയമപ്രകാരമോ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് പ്രകാരമോ ഗ്രാറ്റിവിറ്റിയില്‍ നിന്ന് ഇപ്രകാരം തുക തിരിച്ചുപിടിക്കാവുന്നതുമല്ല. വേജ്‌ബോര്‍ഡ് ശമ്പള വര്‍ധന പ്രഖ്യാപിച്ച കാലാവധിക്ക് പുറത്തുള്ള കാലത്ത് നല്‍കിയ ഒരു ആനുകൂല്യം. അതിന് ആദായനികുതി പോലും ജീവനക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് എന്നെങ്കിലും തിരികെ തരേണ്ടതാണ് എന്ന ഒരു കരാറിലും ജീവനക്കാര്‍ ഏര്‍പ്പെട്ടിട്ടില്ല. പക്ഷേ, അതല്ല കാര്യം. ഇവന്‍മാര്‍ക്ക് ഇനി പൈസയൊന്നും കൊടുക്കാന്‍ പറ്റില്ല, അതു പണ്ടെന്നോ കൊടുത്ത പണം കണക്കില്‍പെടുത്തി അങ്ങ് ഈടാക്കുക തന്നെ.. ഇതായിരുന്നു സമീപനം.
ക്രൂരത ഇവിടെ തീര്‍ന്നില്ല. ഗ്രാറ്റിവിറ്റി തുക വിരമിച്ച് 30 ദിവസത്തിനകം നല്‍കണമെന്നാണ് വ്യവസ്ഥ. യഥേഷ്ടം പിടിച്ചെടുത്തതിന്റെ ബാക്കി തുക പോലും നല്‍കിയതോ മൂന്നും നാലും മാസം വൈകിച്ച്. ഈ തുക സമയത്തിന് കിട്ടിയിരുന്നെങ്കില്‍ ബാങ്കിലിട്ടാല്‍ കിട്ടുമായിരുന്ന അര ലക്ഷത്തിലേറെ രൂപയാണ് രാജേന്ദ്രനും സുരേഷ്ബാബുവും ഉള്‍പ്പെടെ മിക്കവര്‍ക്കും നഷ്ടമായത്. ഒരു തുള്ളി ചോര പോലും ചിന്താതെ മാംസം അറുത്തെടുക്കുന്ന ഷൈലോക്കിയന്‍ പ്രതികാരം നോക്കൂ. ഇതിനൊക്കെ എന്താ പറയുക നമ്മുടെ നാട്ടില്‍. മാത്രമല്ല ഈ ജീവനക്കാരുടെ പി.എഫ്. അടച്ചതിലും കള്ളക്കളിയുണ്ടെന്നാണ് പരാതി. മാസവേതനത്തില്‍ വേരിയബിള്‍ പേ എന്ന ഒരിനം ഉള്‍പ്പെടുത്താതെയാണ് ഇവരുടെ പി.എഫ്. അടച്ചിട്ടുള്ളത്. എന്നാല്‍ ഈ കുടിശ്ശികയെപ്പറ്റി മിണ്ടാട്ടമേയില്ല. എന്നു മാത്രമല്ല, വിരമിച്ച പല ജീവനക്കാരുടെയും ഗ്രാറ്റിവിറ്റി പുതിയ ശമ്പളസ്‌കെയില്‍ അനുസരിച്ചല്ല കണക്കാക്കിയിട്ടുള്ളതും എന്നാണ് അറിവ്. പരിഷ്‌കരണത്തിനു മുമ്പുള്ള നിരക്കിലാണ്. ഇതുമൂലം തന്നെ പലര്‍ക്കും നാലും അഞ്ചും ലക്ഷം രൂപ ഗ്രാറ്റിവിറ്റി ഇനത്തില്‍ നഷ്ടമായിട്ടുണ്ട് എന്നും പറയുന്നു. ഈ് കാര്യങ്ങളെല്ലാമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദശാബ്ദങ്ങള്‍ മാതൃഭൂമിയുടെ ആത്മാര്‍ഥ സേവകരായി ജീവിച്ച പാവം പത്രപ്രവര്‍ത്തകര്‍ എന്തു ചെയ്യും. ഒരു കണക്കും വിരമിച്ചവര്‍ക്ക് കമ്പനി അധികൃതര്‍ ബോധപൂര്‍വ്വം തന്നെ കൊടുത്തിട്ടില്ല. കിട്ടിയതും വാങ്ങി മിണ്ടാതെ സ്ഥലം കാലിയാക്കിക്കൊള്ളുക. ഉടമ തീരുമാനിക്കും, അടിയാന്‍ മിണ്ടരുത്. വേജ്‌ബോര്‍ഡ് നടപ്പാക്കിയതിന്റെ പ്രതികാരം ജീവനക്കാരുടെ മേല്‍ തീര്‍ക്കാന്‍ സത്യ,സമത്വ, സ്വാതന്ത്ര്യങ്ങളുടെ വിളനിലമായിരുന്ന പത്രത്തിന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. ഒരു സുപ്രഭാതത്തില്‍ അവര്‍ കാന്റീന്‍ നിര്‍ത്തി തൊഴിലാളികളെ പട്ടിണിക്കിട്ടു. മറ്റൊരു ദിവസം മിന്നല്‍ പോലെ മറ്റൊരു തീരുമാനം പ്രഖ്യാപിച്ചു- ഇന്നു മുതല്‍ പെന്‍ഷന്‍ നിര്‍ത്തലാക്കുന്നു. വേറൊരു ദിവസം വന്ന പ്രഖ്യാപനം ഇങ്ങനെ- നാളെ മുതല്‍ നിങ്ങള്‍ക്ക് ടി.എ. ഇല്ല, സൗജന്യമായി നല്‍കുന്ന പത്രമില്ല, ടെലിഫോണ്‍ അലവന്‍സില്ല.
ദോഷം പറയരുതല്ലോ, വേജ്‌ബോര്‍ഡ് ശമ്പള പരിഷ്‌കരണം നടപ്പാക്കി എന്ന പേരു പറഞ്ഞ് മുതലാളിമാര്‍ സ്വന്തം ശമ്പളം പല മടങ്ങായി ഉയര്‍ത്തിയിട്ടുണ്ട്. തെറ്റില്ല, പക്ഷേ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരിയിട്ടു തന്നെ വേണോ ഈ പണി എന്നെയുള്ളൂ പലര്‍ക്കും സംശയം.