Kerala Union of Working Journalists

മീഡിയ വണ്‍: തൊഴിലാളികള്‍ക്കനുകൂലമായ വിജയം

മീഡിയ വണ്‍ ന്യൂസ് ചാനലില്‍ നിന്നും അന്യായമായി 21 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ഉയര്‍ത്തിയ പ്രതിരോധത്തിന്റെ ഫലമായി മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ തീരുമാനങ്ങളില്‍ നിന്നും പിന്നാക്കം പോകേണ്ടിവന്നത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായമാണ്. മാധ്യമരംഗത്തെ തൊഴില്‍പ്രശ്‌നങ്ങളില്‍ എങ്ങിനെ ഫലപ്രദമായും സത്യസന്ധമായും ആത്മാര്‍ഥമായും ഇടപെടാന്‍ കഴിയും എന്നതിന്റെ സാക്ഷ്യപത്രമാണ് മീഡിയ വണ്‍ പിരിച്ചുവിടലിനെതിരായ പ്രതിരോധം. മാധ്യമ മാനേജ്‌മെന്റുകള്‍ക്കു മുന്നില്‍ ട്രേഡ് യൂണിയന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്ന നവമുതലാളിത്തബോധത്തിന് ഒരു തിരുത്തല്‍ വരുത്താന്‍ കഴിഞ്ഞത് നിര്‍ണായകമായ നേട്ടമാണ്. ഊര്‍ജ്ജ്വസ്വലതയും നിശ്ചയദാര്‍ഢ്യവുമുള്ള നേതൃത്വത്തിനുള്ളതാണ് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും.

ചാനല്‍ ആരംഭിച്ച കാലം തൊട്ട് സര്‍വ്വീസിലുള്ള സ്ഥിരം ജീവനക്കാരെയാണ് ഒരു സുപ്രഭാതത്തില്‍ മീഡിയ വണ്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പ്രോഗ്രാം വിഭാഗം നഷ്ടത്തിലായതിനാല്‍ നിര്‍ത്തലാക്കുന്നു എന്ന പേരിലായിരുന്നു കൂട്ടപ്പിരിച്ചുവിടല്‍. ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങള്‍ വിഭജിച്ച് ജോലി ചെയ്യിക്കാത്ത ഇവിടെ ജീവനക്കാര്‍ ന്യൂസിലും പ്രോഗ്രാമിലും ഒരു പോലെ സേവനമനുഷ്ടിച്ചു വരുന്നവരാണ്. കമ്പനിക്ക് നഷ്ടം ഉണ്ടാവുന്നതിന് കാരണക്കാരായ മിഡില്‍ മാനേജ്‌മെന്റിലെ ഉന്നതരെ സംരക്ഷിക്കുകയും ചാനല്‍ നഷ്ടത്തിന് ഒരു തരത്തിലും കക്ഷികളല്ലാത്ത ജീവനക്കാരെ കുരുതി കൊടുക്കുകയുമായിരുന്നു ഉടമകള്‍. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ എന്തെങ്കിലും തൊഴില്‍പരമായ അപാകത കൊണ്ടായിരുന്നില്ല അവര്‍ക്കെതിരായ നടപടി. തൊഴിലാളികളെ വെറും അറവുമാടുകളെപ്പോലെ കാണുകയായിരുന്നു മാനേജ്‌മെന്റ്. ഇതിനെതിരെ രംഗത്തിറങ്ങുമെന്ന് ഏറണാകുളത്തു നടന്ന പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ പ്രഖ്യാപിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്ന് പിരിച്ചുവിടലിനെതിരെ ശക്തമായ പരസ്യനിലപാടറിയിച്ച് രംഗത്ത് വരികയും ചെയ്തു.

പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ച ജേര്‍ണലിസ്റ്റ് ജീവനക്കാരുടെ പരിദേവനങ്ങള്‍ ഒന്നു പോലും പരിഗണിക്കാന്‍ ചാനല്‍ തയ്യാറായില്ല. നേര്, നന്മ എന്നതാണ് ചാനല്‍ മുദ്രാവാക്യമെങ്കിലും അതൊക്കെ പുറം മോടിക്കുള്ളതാണെന്ന് തെളിഞ്ഞു. വിവാഹം തീരുമാനിച്ച് ക്ഷണക്കത്ത് നല്‍കിത്തുടങ്ങിയ ജീവനക്കാരനെപ്പോലും അദ്ദേഹത്തിന്റെ ഭാവിജീവിതം തന്നെയും ഇരുട്ടിലേക്കു തള്ളിവിട്ട് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. തൊഴില്‍ വകുപ്പിനെയും സ്വാധീനിക്കാനും ശ്രമം നടന്നു. ഇത് ആദ്യ ഘട്ടത്തില്‍ വിജയിക്കുകയും ചെയ്തു. പിരിച്ചുവിടലിന് അനുകൂലമായിട്ടായിരുന്നു കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസറുടെ ആദ്യ നിലപാട്. കിട്ടുന്നത് വാങ്ങി പോവുന്നതാണ് ബുദ്ധി എന്ന് ജീവനക്കാരെ ഉപദേശിക്കാനും പരിഹാസരൂപേണ സംസാരിക്കാനുമാണ് ഈ ഓഫീസര്‍ തുനിഞ്ഞത്. പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ നേതാക്കളോടു പോലും ഇതേ നിലപാട് സ്വീകരിച്ച ഓഫീസറെ തിരുത്താന്‍ ഒടുവില്‍ ഉന്നത തല ഇടപെടല്‍ തന്നെ വേണ്ടിവന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി നേരിട്ട് തിരുവനന്തപുരത്ത് പോയി ആവശ്യമായ ഇടപെടല്‍ നടത്തിയതോടെ ലേബര്‍ ഓഫീസര്‍ താന്‍ നിലകൊള്ളേണ്ട യഥാര്‍ഥ പക്ഷം തിരിച്ചറിഞ്ഞു. തൊഴില്‍പ്രശ്‌നങ്ങളില്‍ ഇരയായ തൊഴിലാളിക്കനുകൂലമായി ഇടപെടാനും പരമാവധി ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാനുമാണ് സര്‍ക്കാര്‍ നിലകൊള്ളേണ്ടത്. എന്നാല്‍ മിക്കപ്പൊഴും ലേബര്‍ ഓഫീസര്‍മാര്‍ മാനേജ്‌മെന്റിനു വിടുപണി ചെയ്യുന്ന കാഴ്ചയാണ് കാണാറുള്ളത്. ഇതാണ് ആദ്യഘട്ടത്തില്‍ മീഡിയ വണ്‍ വിഷയത്തിലും ഉണ്ടായത്. ഈയടുത്ത കാലത്ത് ഒരു റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ അറസ്‌ററിലായത് തൊഴിലാളികളെ ഒറ്റിക്കൊടുത്ത് തൊഴിലുടമയുടെ അച്ചാരം സ്വീകരിച്ചു പ്രവര്‍ത്തിച്ചതിനാലാണ് എന്നത് ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ട കാര്യമാണ്.

പിരിച്ചുവിടലിനോടൊപ്പം തന്നെ ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കാനായി ഒരു കള്ളക്കേസും മീഡിയ വണ്‍ അധികൃതര്‍ മെനെഞ്ഞെടുത്തു. ചാനലിന്റെ കേബിള്‍ മുറിച്ചുമാറ്റി എന്നതായിരുന്നു ആരോപണം. ഇത് പിരിച്ചുവിട്ട ജീവനക്കാര്‍ തന്നെ ചെയ്തതാണെന്ന് ചാനല്‍ മേധാവികള്‍ ഏകപക്ഷീയമായങ്ങ് ഉറപ്പിച്ചു. അവരുടെ പക്കല്‍ ഒരു തെളിവും ഇല്ലാതിരുന്നിട്ടും കുറ്റവാളികള്‍ ഈ പാവം ജീവനക്കാര്‍ തന്നെ എന്ന് അവര്‍ ബി.എസ്.എന്‍.എല്‍. അധികൃതരെയും അവര്‍ വഴി പൊലീസിനെയും അറിയിച്ചു. പൊലീസ് ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാനും തുടങ്ങി. ഇത്തരം കള്ളക്കേസുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിക്കെതിരെയും, വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുന്നതുവരെ എത്തി ചാനല്‍ അധികൃതരുടെ പ്രകോപനങ്ങള്‍.

യൂണിയന്‍ സംസ്ഥാന നേതൃത്വം മീഡിയ വണ്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ അന്യായമായ പിരിച്ചുവിടലിനെതിരെയും കള്ളക്കേസുകള്‍ക്കെതിരെയും ശക്തമായ നിലപാട് എടുത്തു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പക്ഷം ബഹുജന ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സൂചന നല്‍കി. കോഴിക്കോട് ജില്ലയില്‍ എല്ലാ ട്രേഡ് യൂണിയന്‍, സര്‍വ്വീസ് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് ജാഗ്രതാ സമിതി രൂപീകരിക്കുകയും കൂടി ചെയ്തതോടെ ശക്തമായ സമ്മര്‍ദ്ദമായി. പിരിച്ചുവിടപ്പെട്ടവരില്‍ നാലഞ്ചു പേര്‍ക്കൊഴികെ എല്ലാവര്‍ക്കും, വളരെ നാളായുള്ള അപമാനിക്കലില്‍ മനം മടുത്ത് ഇനി മീഡിയ വണ്‍-ല്‍ തുടരാനേ തങ്ങള്‍ ഇല്ല എന്ന നിലപാടായിരുന്നു. അതിനാല്‍ തിരിച്ചുകയറാന്‍ താല്‍പര്യമുള്ളവരെ തിരിച്ചെടുക്കണമെന്നും പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് മാന്യമായ കോംപെന്‍സേഷന്‍ നല്‍കണമെന്നുമുള്ള നിലപാട് യൂണിയന്‍ മുന്നോട്ടു വെച്ചു. ജില്ലയിലെ ലേബര്‍ വകുപ്പധികൃതരും ഈ നിലപാടിന് ഉറച്ച പിന്തുണ നല്‍കി.

വളരെ എളുപ്പത്തില്‍ നടപടിയെടുത്ത് സ്വന്തം ഇഷ്ടാനുസരണം തൊഴിലാളികളെ എന്തും ചെയ്യാമെന്ന ചാനല്‍ അധികാരികളുടെ ദിവാസ്വപ്‌നം ഫലവത്തായില്ല. കാറ്റ് തങ്ങള്‍ ആദ്യം കരുതിയതു പോലെ അനുകൂലമാകില്ലെന്ന തിരിച്ചറിവില്‍ കൃത്യമായ യാഥാര്‍ഥ്യത്തിലേക്ക് വരാനും യൂണിയന്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ യുക്തിപൂര്‍വ്വം അംഗീകരിക്കാനും ചാനല്‍ അധികൃതര്‍ സന്നദ്ധരായി. രമ്യമായ പരിഹാരത്തിന് തയ്യാറായ മീഡിയ വണ്‍ അധികൃതരോട് നന്ദി പറയുമ്പോള്‍ തന്നെ ഇത്തരം സാഹചര്യങ്ങള്‍ ഏത് സ്ഥാപനത്തിന്റെയും സാമൂഹ്യബോധത്തിന് എത്രയധികം മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ തിരിച്ചറിയേണ്ടതുമുണ്ട്. ചാനലിലെ എഡിറ്റോറിയല്‍ വിഭാഗം മേധാവികളില്‍ വലിയ വിപ്ലവബോധ ഗുരുത്വം എഴുന്നള്ളിക്കുന്ന ചിലരുടെ തനി പിന്തിരിപ്പന്‍ മനോഭാവവും നിര്‍ഭാഗ്യകരം എന്നേ പറയാനാവൂ. സഹപ്രവര്‍ത്തകരെ കുരുതി കൊടുക്കാന്‍ ബുദ്ധിമുട്ടി ന്യായങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു ചിലര്‍ എന്നത് വലിയ വൈരുദ്ധ്യവും അതേസമയം കയ്ക്കുന്ന യാഥാര്‍ഥ്യവുമാണ് മാധ്യമപ്രവര്‍ത്തന രംഗത്ത്.

യൂണിയന്റെ കോഴിക്കോട് ജില്ലാ നേതൃത്വം ഒന്നാകെ ഈ ചര്‍ച്ചയില്‍ തികഞ്ഞ അര്‍പ്പണബോധത്തോടെയും ട്രേഡ് യൂണിയന്‍ ബോധത്തോടെയും വലിയ പങ്ക് വഹിച്ചു. അവരും മാധ്യമപ്രവര്‍ത്തക സമൂഹത്തിന്റെയാകെ അഭിനന്ദനം അര്‍ഹിക്കുന്നു.