Kerala Union of Working Journalists

മാധ്യമപ്രവര്‍ത്തകര്‍ മൗനങ്ങളുടെ ഇരുട്ടു മുറിയില്‍

ഡല്‍ഹി ബ്യൂറോ

ഇത്രയും കാലം ഒന്നിച്ചു ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഇ-മെയില്‍ വഴി ഒരു വിട പറയല്‍ സന്ദേശം അയയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് എന്റെ കമ്പ്യൂട്ടര്‍ തുറക്കാനുള്ള അനുമതി പോലും ലഭിച്ചില്ല. ഒടുവില്‍ എല്ലാവരെയും നേരില്‍ക്കണ്ടു യാത്ര പറയാമെന്നു വെച്ചു. പക്ഷെ, മരവിപ്പിക്കുന്ന മൗനവും തീര്‍ത്തും അപരിചിതമായ പെരുമാറ്റവും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ‘ഗുഡ് ബൈ സര്‍’- പുറത്തിറങ്ങാനൊരുങ്ങവെ, റിസപ്ഷനിലെ പെണ്‍കുട്ടിയുടെ മാത്രം സ്വരം കേട്ടു. എനിക്കു കരച്ചില്‍ വന്നു. അപമാനം, ഒറ്റപ്പെടല്‍, എല്ലാറ്റിലുമേറെ എനിക്കു തിരിച്ചൊന്നു പ്രതിഷേധിക്കാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്തുള്ള ലജ്ജാഭാരം.’ – കൊല്‍ക്കത്ത ടെലിഗ്രാഫ് പത്രത്തില്‍ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട ബിശ്വജിത് റോയ് എന്ന പത്രപ്രവര്‍ത്തകന്റേതാണ് ഈ വാക്കുകള്‍. മത്സരങ്ങളുടെ ലോകത്ത് മനുഷ്യത്വത്തിന് ഇടമില്ലെന്നതിന്റെ തെളിവാണ് അടുത്ത കാലത്ത് മാധ്യമരംഗത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമരംഗം ലാഭനഷ്ടങ്ങളുടെ കച്ചവടക്കണക്കില്‍ തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു. പ്രതീക്ഷകളും പ്രതിഷേധങ്ങളുമൊക്കെ മൗനഗര്‍ഭങ്ങളില്‍ ബന്ധിക്കപ്പെട്ട് ഏറ്റവും വലിയ തൊഴില്‍ അരക്ഷിതാവസ്ഥയുടെ ഈറ്റില്ലമായിരിക്കുന്നു, ഇന്ത്യന്‍ മാധ്യമലോകം.

മാധ്യമപ്രവര്‍ത്തകരുടെ പരസ്പരമുള്ള ചര്‍ച്ചകളിലും ചില വാര്‍ത്താവെബ്‌സൈറ്റുകളുമൊഴിച്ചാല്‍ പുറംലോകം അധികമൊന്നും അറിയാതെ പോവുന്ന വാര്‍ത്തകളാണ് മാധ്യമസ്ഥാപനങ്ങളിലെ കൂട്ടത്തോടെയുള്ള പിരിച്ചു വിടലുകള്‍. ഏതെങ്കിലുമൊരു പത്ര-ദൃശ്യമാധ്യമത്തില്‍ ഇതൊന്നും വാര്‍ത്തയാവാറില്ല. പിരിച്ചു വിടപ്പെട്ടവരെയാരെയും പ്രതിഷേധങ്ങളുമായി സ്ഥാപനങ്ങള്‍ക്കു മുന്നിലോ തെരുവിലോ കാണാറില്ല.

നിര്‍ദ്ദയമായി ജീവനക്കാരെ പുറത്താക്കുന്ന വെറും കച്ചവട വ്യവസമായി മാധ്യമരംഗവും മാറിയെന്നതിന്റെ തെളിവാണ് ടെലിഗ്രാഫില്‍ ഏറ്റവും ഒടുവില്‍ നടന്ന സംഭവവികാസങ്ങള്‍. ടെലഗ്രാഫ് പത്രത്തിലും ആനന്ദ് ബസാര്‍ പത്രികയിലുമായി ഒറ്റയടിക്കു പിരിച്ചു വിടപ്പെട്ടത് 770 പത്രപ്രവര്‍ത്തകരാണത്രേ. ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ രണ്ടു സ്ഥാപനങ്ങളും. ഇതില്‍ മൂന്നൂറോളം പത്രപ്രവര്‍ത്തകര്‍ വേജ്‌ബോര്‍ഡ് സുരക്ഷയുള്ള സ്ഥിരം ജീവനക്കാരാണ്. ബാക്കിയുള്ളവരാവട്ടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരും. ഈ വര്‍ഷം 40 ശതമാനം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് സ്ഥാപനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുന്നറിയിപ്പൊന്നും നല്‍കാതെ പെട്ടെന്നൊരു ദിവസം എല്ലാവരെയും പിരിച്ചുവിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുപതു വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് വിരമിക്കല്‍ പ്രായം വരെയുള്ള തുക കണക്കാക്കി അടിസ്ഥാന ശമ്പളം നഷ്ടപരിഹാരമായി നല്‍കും. ബാക്കിയുള്ളവര്‍ക്ക് ഏതാനും മാസങ്ങളുടെ ശമ്പളം കണക്കാക്കി നിശ്ചിത തുക നല്‍കും. ഇങ്ങനെ, പലര്‍ക്കും പലതരം നഷ്ടപരിഹാര പാക്കേജുകള്‍ വാഗ്ദാനം ചെയ്താണ് പിരിച്ചുവിടല്‍. സ്വന്തം ഇഷ്ടപ്രകാരം പിരിഞ്ഞു പോകുന്നതായി കണക്കാക്കിയുള്ള രേഖകള്‍ ഒപ്പിടുവിച്ചാണ് പത്രപ്രവര്‍ത്തകരെ മാനേജ്‌മെന്റ് പിരിച്ചു വിട്ടത്. നഷ്ടപരിഹാര പാക്കേജിനും പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ക്കുമൊന്നും നിശ്ചിതരേഖകളും നല്‍കിയിട്ടില്ലത്രേ. അതായത്, മാനേജ്‌മെന്റിന്റെ കൃപാകടാക്ഷത്തില്‍ മാത്രം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കുന്നുവെന്നര്‍ഥം.

ചെലവു കുറച്ച് പത്രസ്ഥാപനം നടത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതിന്റെ ഫലമാണേ്രത ഇങ്ങനെയൊരു കൂട്ടപ്പിരിച്ചുവിടല്‍. ദേശീയ പ്രാധാന്യമുള്ള സംഭവങ്ങളില്‍ വേറിട്ട തലക്കെട്ടുകള്‍ നല്‍കിയും രാഷ്ട്രീയവിശകലനങ്ങള്‍ നല്‍കിയുമൊക്കെ പത്രപ്രവര്‍ത്തനരംഗത്ത് ശ്രദ്ധയാകര്‍ഷിച്ച പത്രമാണ് ടെലഗ്രാഫ്. എന്നാല്‍, ജൂണിനു ശേഷം ഈ സവിശേഷ മാധ്യമസംസ്‌കാരത്തില്‍ തന്നെ അട്ടിമറിയുണ്ടായി. ചീഫ് എഡിറ്റര്‍ അവീക് സര്‍ക്കാര്‍ ജൂണില്‍ പടിയിറങ്ങിയ ശേഷമായിരുന്നു പത്രത്തിന്റെ മേല്‍വിലാസത്തിലെ ഈ പ്രകടമായ മാറ്റം. അവീക്കിന്റെ സഹോദരന്‍ അരൂപ് സര്‍ക്കാര്‍ ചുമതലയേറ്റു. മാധ്യമപ്രവര്‍ത്തനം വെറും ലാഭത്തിനു വേണ്ടിയുള്ള വാണിജ്യവ്യവസായമായി മാത്രം കണക്കാക്കപ്പെടുന്ന പുതിയ മാനേജ്‌മെന്റ് ശൈലിയുടെ ഭാഗമായി കൂടുതല്‍ പ്രായോഗികമായി പത്രം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ടായിരുന്നു ഏറെ പാരമ്പര്യമുള്ള തന്റെ സ്ഥാപനത്തില്‍ പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാരെ നിഷ്‌കരുണം പുറത്താക്കിയ നടപടി. താന്‍ രാജിവെച്ച സാഹചര്യം പരസ്യമാക്കിയ ബിശ്വജിത് റോയ് ഒഴിച്ച് മറ്റൊരാളും ഇതിനെതിരെ ചെറുവിരലു പോലും അനക്കിയില്ല. സമൂഹത്തിലെ തെറ്റുകള്‍ തുറന്നു പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ എത്രമാത്രം അരക്ഷിതരും നിസംഗരുമാണെന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണം കൂടിയാണ് ഈ മൗനം.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ബ്യൂറോകള്‍ പൂട്ടാന്‍ തീരുമാനിച്ചതാണ് മറ്റൊരു സംഭവം. ഈ വര്‍ഷമാദ്യം നൂറോളം പേരെ പത്രം പിരിച്ചു വിട്ടു. പത്രത്തിന്റെ കൊല്‍ക്കത്ത, റാഞ്ചി, ഭോപ്പാല്‍, ഇന്‍ഡോര്‍, വാരാണസി, കാണ്‍പുര്‍, അലഹാബാദ് എഡിഷനുകള്‍ പൂട്ടാനും തീരുമാനിച്ചു. മുംബൈയിലെയും ഡല്‍ഹിയിലെയും ബിസിനസ് ബ്യൂറോകള്‍ വേണ്ടെന്നു വെയ്ക്കാനും തീരുമാനമായി. ഇന്ത്യന്‍ മാധ്യമരംഗമാകെ റിലയന്‍സ് വിഴുങ്ങാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാണിജ്യപത്രമായ ‘മിന്റ്’ വില്‍ക്കാനുള്ള നീക്കം. മറ്റൊരു കമ്പനിയാക്കി മാറ്റി മിന്റിനെ കൈമാറാനാണേ്രത അണിയറയില്‍ നടക്കുന്ന കച്ചവട ചര്‍ച്ചകള്‍. മറ്റൊരു പ്രമുഖ പത്രമായ ടൈംസ് ഓഫ് ഇന്ത്യയിലും ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് അണിയറയില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ടത്രേ. സ്ഥാപനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറം ഓരോ ഇടപാടിലും ഇരുട്ടിലേയ്ക്കു വലിച്ചെറിയാനുള്ള പാഴ്‌വസ്തുക്കളായി മാത്രം പത്രപ്രവര്‍ത്തകരെ മാനേജ്‌മെന്റുകള്‍ കരുതുന്നുവെന്നതാണ് ഇവിടെ അപകടം. അത് ഇന്ത്യന്‍ മാധ്യമവ്യവസായത്തില്‍ ഇത്രകാലവും പിന്തുടര്‍ന്നു വന്ന മാന്യമായ സമീപനത്തില്‍ ഗുരുതരമായ വ്യതിയാനം സംഭവിച്ചതിന്റെ തെളിവായി കാണേണ്ടിയിരിക്കുന്നു നോട്ട് അസാധുവാക്കല്‍ അടക്കമുള്ള നടപടികളും പരസ്യവരുമാനത്തിലെ കുറവുമൊക്കെ മാധ്യമരംഗത്തു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്ന ന്യായീകരണം. ഇത്തരം വാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ് ഡി.എന്‍.എ എന്ന ഇംഗ്ലീഷ് പത്രവുമായി ബന്ധപ്പെട്ട കണക്കുകള്‍. സീ മീഡിയ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഡി.എന്‍.എയുടെ ഉടമസ്ഥര്‍ ഡിലിജന്റ് മീഡിയ കോര്‍പ്പറേഷന്‍ ആണ്. 2014-15 വര്‍ഷത്തില്‍ ഈ കമ്പനി 9913 ടണ്‍ ന്യൂസ് പ്രിന്റ് ഉപയോഗിച്ചു. ഇത് 2015-16 വര്‍ഷത്തില്‍ 7818 ടണ്ണായി കുറഞ്ഞെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. പത്രത്തിന്റെ പേജുകള്‍ കുറച്ചതാണോ വരിക്കാര്‍ കുറഞ്ഞതാണോ ന്യൂസ് പ്രിന്റ് ഉപയോഗത്തിലെ ഇടിവിനു കാരണമെന്ന് വ്യക്തമല്ല. എന്നാല്‍, ന്യൂസ് പ്രിന്റ് ഉപയോഗത്തിലെ 21 ശതമാനം കുറവിനോട് യോജിച്ചു പോവുന്ന കണക്കാണ് സര്‍ക്കുലേഷന്‍ വരുമാനത്തിലും 21 ശതമാനം കുറവുണ്ടായെന്ന വിലയിരുത്തല്‍. പക്ഷെ, ഇതൊന്നും പരസ്യ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടില്ല. 2015-16 വര്‍ഷത്തില്‍ ഡി.എന്‍.എയിലൂടെ 83.50 കോടി രൂപയുടെ പരസ്യ വരുമാനം കമ്പനിക്കു ലഭിച്ചു. മുന്‍വര്‍ഷം ലഭിച്ചതാവട്ടെ, 84.13 കോടി രൂപയായിരുന്നു. നേരിയ കുറവു മാത്രമേ പരസ്യവരുമാനത്തിലുള്ളൂ. എന്നാല്‍, ജീവനക്കാര്‍ക്കു വേണ്ടിയുള്ള ചെലവ് 2014-15 വര്‍ഷത്തെ 29.41 കോടി രൂപയില്‍ നിന്നും തൊട്ടടുത്ത വര്‍ഷം 16.99 കോടി രൂപയായി കുറയ്ക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.
സാമൂഹിക ഉത്തരവാദിത്വമുള്ള വ്യവസമായി കണക്കാക്കപ്പെടുന്നതാണ് മാധ്യമരംഗം. എന്നാല്‍, മത്സരക്കമ്പോളത്തില്‍ ഈ ബാധ്യതയും മാനുഷികതയുമൊക്കെ ചിന്തീയെറിയപ്പെടുന്നു. ടെലിഗ്രാഫിലെയും ഹിന്ദുസ്ഥാന്‍ ടൈംസിലെയും സംഭവങ്ങള്‍ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളായി മാറിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തനമെന്ന തൊഴിലിനു മാത്രമല്ല, ജനാധിപത്യത്തില്‍ കൂടുതല്‍ ബലവത്താവേണ്ട തൂണിന് ശക്തിക്ഷയം സംഭവിക്കുന്നുവെന്നതാണ് ഇതിന്റെ പ്രശ്‌നം. അതുകൊണ്ടു തന്നെ ഏറെ സാമൂഹികമാനങ്ങളുള്ളതാണ് മാധ്യമരംഗത്തെ തൊഴില്‍ അരക്ഷിതാവസ്ഥ. മുറിവുകളില്‍ വീണ്ടും വീണ്ടും മുളകു പുരളുമ്പോള്‍, ഒന്നുറക്കെ നിലവിളിച്ച് സ്വന്തം വേദനകള്‍ ആള്‍ക്കൂട്ടത്തെ അറിയിക്കാനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകരും നിറവേറ്റണം. മൗനങ്ങളുടെ ഇരുട്ടുമുറികളില്‍ ഒളിച്ചിരിക്കേണ്ടവരല്ല, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ് മാധ്യമപ്രവര്‍ത്തകര്‍.
———————-