Home > coverstory > വേട്ടയ്ക്കിരയാകുന്ന നാലാം എസ്റ്റേറ്റ്

നിര്‍ഭയമായ ജീവിതമായിരുന്നു ഏതാനും വര്‍ഷം മുമ്പു വരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വലിയ സമ്പാദ്യം. സഹ്യന്റെ അതിര്‍ത്തിക്കു പുറത്ത് പത്രപ്രവര്‍ത്തതകന്‍ ന്നും അരക്ഷിതനായിരുന്നു. മാഫിയകളുടെ വെട്ടും വെടിയുമേറ്റും തീവ്രവാദികളുടെയും വിഘടനവാദികളുടെയും ആക്രമണത്തിനിരയായും സഹ്യന്റെ അതിര്‍ത്തിക്കപ്പുറത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഏറെയാണ്. ഏറ്റവും ഒടുവില്‍ ആന്ധ്രാപ്രദേശില്‍ എണ്ണമാഫിയക്കെതിരെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രാദേശികപത്രത്തിലെ റിപ്പോര്‍ട്ടര്‍ എം.വി.എന്‍. ശങ്കര്‍ കൊല്ലപ്പെട്ടത് നമ്മള്‍ക്കു മുന്നിലുണ്ട്.
കേരളം മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറെ സുരക്ഷിതമാണ് എന്ന സങ്കല്‍പത്തിന് 2011-ല്‍ മങ്ങലേറ്റു. ആ കൊല്ലം ഏപ്രില്‍ 11ന് രാത്രി കൊല്ലം ശാസ്താംകോട്ടയ്ക്കടുത്തു വെച്ച് മാതൃഭൂമി കൊല്ലം ബ്യൂറോയിലെ യുവറിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താന്‍ ഗുണ്ടാസംഘത്തിനാല്‍ ഭീകരമായി ആക്രമിക്കപ്പെട്ടു. ഉണ്ണിത്താനെ കൊല്ലുകയായിരുന്നു ലക്ഷ്യമെങ്കിലും സാഹചര്യം അനുകൂലമാകാതിരുന്നതിനാല്‍ മാരകമായ പരിക്കേല്‍പിക്കലില്‍ ഒതുങ്ങി. കൊല്ലത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അപഥസഞ്ചാരത്തെക്കുറിച്ച് വാര്‍ത്ത എഴുതിയതിന്റെ പേരില്‍ പൊലീസ് തന്നെ ആസൂത്രണം ചെയ്ത് ഗുണ്ടാസംഘത്തെക്കൊണ്ട് നടപ്പാക്കിച്ച കൊലപാതകശ്രമമായിരുന്നു അത്. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ.
ഹാപ്പി രാജേഷ് എന്ന വാടക ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാജേഷിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ കര്‍ട്ടനു പിന്നിലെ യഥാര്‍ഥ ആസൂത്രകര്‍ കുടുങ്ങിയേക്കുമെന്ന് സാഹചര്യം ഉണ്ടായി. ഉണ്ണിത്താനെ ആക്രമിച്ച സംഭവം നടന്ന് 12 ദിവസത്തിനു ശേഷം ഹാപ്പി രാജേഷിനെ ഒരു ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടും ഉണ്ണിത്താന്‍ വധശ്രമവുമായി ബന്ധപ്പെട്ടും രണ്ട് ഡിവൈ.എസ്.പി. മാരാണ് പിന്നീട് അറസ്റ്റിലായത്.

പിന്നീടിങ്ങോട്ട് വര്‍ഷങ്ങളായ ഒറ്റയ്ക്കും സംഘടിതമായും മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിക്കാനും ചതിയില്‍പ്പെടുത്താനുമൊക്കെയുള്ള ശ്രമങ്ങള്‍ കേരളത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. മണല്‍, ക്വാറി, റിയല്‍ എസ്റ്റേറ്റ്, മദ്യം, വ്യഭിചാരം, കുഴല്‍പ്പണം, വനവിഭവവേട്ട, ലഹരിമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട മാഫിയകള്‍ തഴച്ചു വളര്‍ന്നുകഴിഞ്ഞിട്ടുള്ള ആഗോളവല്‍ക്കരണാനന്തര കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ എഴുതുകയോ പറയുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഏതു സമയത്തും സംഭവിക്കാവുന്ന ഒരു കടന്നാക്രമണത്തിന്റെ നിഴലില്‍ത്തന്നെയാണ് കഴി്‌യുന്നത്. സാമൂഹ്യപ്രവര്‍ത്തകരും ബിസിനസ്സുകാരും ഉള്‍പ്പെടെ ക്വട്ടേഷന്‍,മാഫിയാ സംഘങ്ങളുടെ നിഴലിലാണ് എന്ന വര്‍ത്തമാന സാഹചര്യത്തില്‍ ജീവന്‍ പണയം വെച്ചു വേണം ഇത്തരം മാഫിയകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വാര്‍ത്ത നല്‍കുവാന്‍ എന്ന അവസ്ഥയുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സവിശേഷമായ സാഹചര്യം മേല്‍പ്പറഞ്ഞ അവസ്ഥയുടെ കൃത്യമായ സ്ഥിരീകരണസ്വഭാവം ഉള്ളതാണ്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി കേരളത്തിലെ ഒരു കോടതിയിലും വാര്‍ത്താറിപ്പോര്‍ട്ടിങ്ങിനായി മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നില്ല. ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെടുകയാണ്. നിയമവും നീതിയും സംജാതമാക്കാന്‍ ഉത്തരവാദിത്വമുള്ള ഒരു പറ്റം അഭിഭാഷകരാണ് ഹൈക്കോടതിയിലുള്‍പ്പെടെ അക്രമികളായി മാറിയിരിക്കുന്നത്. ഹൈക്കോടതിക്കകത്തു വെച്ച് വനിതാമാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ഇവര്‍ മടി കാണിച്ചില്ല. ജൂലായ് 19,20 തീയതികളില്‍ കേരളഹൈക്കോടതി വളപ്പിലും പുറത്തും കോടതി കെട്ടിടത്തിനുകത്തും ഒരു സംഘം അഭിഭാഷകരുടെ അഴിഞ്ഞാട്ടം തന്നെയാണ് നടന്നത്. ഒരു കാല്‍ ഇല്ലാത്ത ഒരു സീനിയര്‍ വനിതാമാധ്യമപ്രവര്‍ത്തകയെപ്പോലും ശാരീരികമായി ഉപദ്രവിക്കാന്‍ തയ്യാറായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് ഏറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലാ കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പലയിടത്തും പൊലീസും അക്രമികളായ വക്കീലന്‍മാരും ഒത്തുകളിച്ചാണ് മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തത്. കോഴിക്കോട്ട് ഒരു പൊലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ആലപ്പുഴയില്‍ ഒരു വനിതാറിപ്പോര്‍ട്ടറുടെ ദേഹം മാന്തി മുറിവേല്‍പ്പിക്കുകയും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും ഇവരുടെ സഹായിയായ യുവാവിന്റെ മുഖം അടിച്ചു പൊളിക്കുകയും ചെയ്തതും ഒരു പറ്റം അഭിഭാഷകര്‍ ആയിരുന്നു. തിരുവനന്തപുരത്ത് ഏതാനും ദിവസം മുമ്പ് പ്രമുഖ വനിതാമാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യാനും അക്രമിഅഭിഭാഷകര്‍ മടിച്ചില്ല.സംസ്ഥാന മുഖ്യമന്ത്രിയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ഹൈക്കോടതി രജിസ്ട്രാറിന്റെയും സര്‍വ്വോപരി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ തന്നെയും നിര്‍ദ്േദശങ്ങളും ഉറപ്പുകളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇപ്പൊഴും കോടതികളിലെ മാധ്യമവിലക്കും അതിക്രമങ്ങളും അരങ്ങു തകര്‍ക്കുന്നത് എന്നത് വിചിത്രമായ സത്യമാണ്.
ഇതിനൊക്കെ മൂലകാരണം എന്താണെന്നു ചോദിച്ചാല്‍ ഒറ്റ വസ്തുതയില്‍ ചെന്നു നില്‍ക്കും. ഹൈക്കോടതിയിലെ ഒരു ഗവ.പ്ലീഡറുടെ ലൈംഗീകാതിക്രമ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതാണ് അഭിഭാഷകരുടെ അക്രമാസക്തതയ്ക്ക് തുടക്കമിട്ടത്. ഗവ.പ്ലീഡറെ രക്ഷിക്കാനും കേസെടുത്ത പൊലീസിനെതിരെ നീങ്ങാനും അഭിഭാഷകര്‍ തയ്യാറായതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യത്തില്‍ അഭിഭാഷകര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട് എന്ന റിപ്പോര്‍ട്ടും ഒരു ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചു. സ്വയം വിവസ്ത്രരാകുന്നതിന്റെ ദൈന്യം മറയ്ക്കാന്‍ മാധ്യമങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തി അവരുടെ വാര്‍ത്തയെഴുത്ത് സമ്പൂര്‍ണമായി തടയാനും തല്ലിയോടിക്കാനുമാണ് നിര്‍ഭാഗ്യവശാല്‍ ഒരു പറ്റം അഭിഭാഷകര്‍ തയ്യാറായത്.

വക്കീലന്‍മാര്‍ക്ക് ഇതിനുള്ള പ്രചോദനവും മാതൃകയും ഒരു പക്ഷേ ഏതാനും ആഴ്ച മുമ്പ് ഡല്‍ഹിയിലെ പാട്യാലഹൗസ് കോടതി അങ്കണത്തിലുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ഭീകരമായ ആക്രമണമായിരിക്കണം. കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടു. പൊലീസ് അവിടെയും കാഴ്ചക്കാരായി നിന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരുടെ സംഘത്തിനു നേരെയും ഒരു വിഭാഗം അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയാണുണ്ടായത്. കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, രാജീവ് ധവാന്‍, എ.ഡി.എന്‍. റാവു, ഹിരണ്‍ റാവത്ത്, ഇന്ദിര ജയ്‌സിങ് എന്നീ അഭിഭാഷകരടങ്ങിയ പാനലിനാണ് ഈ ദുരനുഭവം ഉണ്ടായത്. പാട്യാല ഹൗസ് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് പരിസരം ഒഴിപ്പിക്കാന്‍ സുപ്രീംകോടതിക്കു നിര്‍ദ്േദശം നല്‍കേണ്ടിവന്നു. കീഴ്‌ക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പരമോന്നത കോടതിക്ക് ഇടപെടേണ്ടിവന്നതു തന്നെ ജനാധിപത്യവ്യവസ്ഥയക്കും നിയമവ്യവസ്ഥയ്ക്കും വെല്ലുവിളിയാണ്. ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും മാനിക്കാത്ത അധമമനസ്സുകളായി ഒരു കൂട്ടം അഭിഭാഷകര്‍ അധപതിച്ചതിന്റെ ഉദാഹരണമാണ് ഡല്‍ഹിയിലും കേരളത്തിലും അരങ്ങേറിയതെന്ന് ആര്‍ക്കാണ് അറിയാത്തത്.
കേരളത്തില്‍ മാതൃഭൂമിക്കു നേരെ ഉണ്ടായ അക്രമങ്ങളെയും ഈ സാഹചര്യത്തില്‍ കാണണം. മാതൃഭൂമിയുടെ കോട്ടയ്ക്കല്‍ യൂണിറ്റിലേക്ക് ഒരു സംഘം അതിക്രമിച്ചു കയറി ബ്യൂറോ അടിച്ചു തകര്‍ത്ത സംഭവം ഉണ്ടായി. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഭീഷണിയുമായി സമൂഹത്തിലെ ചില കോണുകളില്‍ നിന്നും ആളുകള്‍ വന്നു. ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ വ്യക്തിഹത്യയും വധഭീഷണിയും ഉണ്ടായി. ഹിന്ദു, മുസ്ലീം തീവ്രവാദി വിഭാഗങ്ങളാണ് മാറി മാറി ഇത്തരം ഭീഷണികള്‍ക്കു പിന്നിലെന്ന് തെളിഞ്ഞതാണ്. പക്ഷേ നിയമപാലകരും പൊതുസമൂഹവും വേണ്ടത്ര ജാഗ്രത ഇക്കാര്യങ്ങളില്‍ കാണിക്കുന്നുണ്ടെന്നു പറയാന്‍ കഴിയില്ല.

മൂന്നു കൊല്ലം മുമ്പ് പ്രമുഖ മലയാളദിനപത്രം മാതൃഭൂമി അതിലെ മൂന്നു ഡസനോളം പത്രപ്രവര്‍ത്തകരെ പ്രതികാരബുദ്ധിയോടെ ശിക്ഷിച്ച് ഇന്ത്യയിലെ വിദൂരപ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി. മാധ്യമപ്രവര്‍ത്തനം അസാധ്യമായ, ചോദ്യങ്ങള്‍ക്ക് വെടിയുണ്ട കൊണ്ട് മറുപടി ലഭിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ചിലര്‍ അയക്കപ്പെട്ടു. അവരില്‍ മണിപ്പൂരില്‍ എത്തപ്പെട്ട ഒരു പത്രപ്രവര്‍ത്തകന്‍ നേരിട്ടത് വളരെ ഭീകരമായ അനുഭവങ്ങളായിരുന്നു. ഇംഫാലില്‍ കൂട്ടിന് സഹപ്രവര്‍ത്തകരൊന്നുമില്ലാതെ മാധ്യമപ്രവര്‍ത്തനം നടത്തിയ അദ്ദേഹം പല രീതിയില്‍ സംശയിക്കപ്പെട്ടു. മലയാളം എന്ന ഭാഷ കേട്ടുകേള്‍വിയില്ലാത്ത, അവിടുത്തെ പ്രാദേശിക ഭാഷയിലെന്നല്ല ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങള്‍ പോലും സ്വന്തം ലേഖകരെ വെച്ചിട്ടില്ലാത്ത സ്ഥലം. ചുരുക്കത്തില്‍ പത്രപ്രവര്‍ത്തകന്‍ എന്ന പേരില്‍ ഏത് അപരിചിതന്‍ വന്നാലും നിശിതമായി സംശയിക്കപ്പെടുന്ന സാഹചര്യം. അതു തന്നെ സംഭവിച്ചു. നാട്ടുകാരില്‍ പലരും ഇദ്ദേഹത്തെ മിലിട്ടറി-പൊലീസ് ഏജന്റായി സംശയിച്ചു. അതേസമയം പൊലീസാവട്ടെ ഇദ്ദേഹം പത്രക്കാരന്റെ വേഷത്തില്‍ അവതരിച്ച വിഘടനവാദികള്‍ക്ക് വിവരം നല്‍കുന്ന ആളായും സംശയിച്ചു.
ഒരു സായാഹ്നത്തില്‍ നമ്മുടെ മലയാളി പത്രപ്രവര്‍ത്തകന്‍ ഇരിക്കുന്ന ഓഫീസ് മുറിയിലേക്ക് ഒരു സംഘം മിലിട്ടറി പൊലീസ് ഇരച്ചുകയറി. ഇവിടെ എന്തു ചെയ്യുന്നു, എന്താണ് ഉദ്ദേശ്യം തുടങ്ങി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മലയാളി പത്രപ്രവര്‍ത്തകനാണ് എന്ന് പറഞ്ഞുനോക്കിയെങ്കിലും അക്രഡിറ്റേഷന്‍ കാര്‍ഡോ എന്തിന് പത്രത്തിന്റെ ഒരു കോപ്പിയോ പോലും പൊലീസിന് തെളിവായി കാണിച്ചുകൊടുക്കാന്‍ സുഹൃത്തിന് സാധിച്ചില്ല. പൊലീസിന് സംശയം കൂടിയതല്ലാതെ കുറഞ്ഞില്ല. പിറ്റേ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് പൊലീസ് മടങ്ങിപ്പോയി. പിറ്റേന്ന് എസ്.പി.യുടെ മുന്നില്‍ ഹാജരായി കാര്യങ്ങള്‍ സത്യസന്ധമായി വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് ആ ഉന്നതോദ്യോഗസ്ഥന്‍ നമ്മുടെ പത്രപ്രവര്‍ത്തകനോട് ചോദിച്ച ഒരു ചോദ്യമുണ്ട്-ഇംഫാലില്‍ ഇതുവരെ എത്ര ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നറിയാമോ എന്ന്. ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു. പതിനഞ്ച്. തടി സൂക്ഷിച്ചോ എന്നായിരുന്നു അതിന്റെ മലയാളം.
പിന്നീട് അദ്ദേഹം ഇംഫാലിലെ അന്യദേശക്കാര്‍ തിങ്ങിനിറഞ്ഞ് കച്ചവടം നടത്തുന്ന ഒരു മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയ നേരം തലനാരിഴയ്ക്ക് ഒരു ബോംബ്‌സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടു. ഒരു പരിചയക്കാരന്‍ ദൂരെ നിന്നും വിളിച്ചപ്പോള്‍ താന്‍ നിന്നിരുന്ന ഇടത്തു നിന്നും നീങ്ങി മിനിട്ടുകള്‍ കഴിഞ്ഞപ്പോഴാണ് കൃത്യം ആ സ്ഥലത്ത് സ്‌ഫോടനം നടന്നത്.
ഈ അനുഭവം ഇവിടെ വിവരിച്ചത്, കേരളത്തിന്റെ മാധ്യമപ്രവര്‍ത്തന കാലാവസ്ഥയില്‍ ഇത്തരം സാഹചര്യം മുന്‍പ് തീര്‍ത്തും അപരിചിതമാണെന്ന് ഉദാഹരിക്കാനാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിവേഗം മാറിമറിയുന്ന അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു

സ്വതന്ത്രമായ ചിന്തയും വാക്കും ഇല്ലാതാക്കാനുള്ള കുറുക്കുവഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഭീഷണിയും കയ്യേറ്റശ്രമങ്ങളും. സര്‍ക്കാറുകള്‍ തൊട്ട് പ്രാദേശിക നേതാക്കള്‍ വരെ പലപ്പൊഴും തങ്ങളുടെ കാര്യം വരുമ്പോള്‍ മാധ്യമങ്ങളെ അസഹിഷ്ണുതയോടെ കാണുകയും നിയന്ത്രിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്യുന്നു. പൊതു സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനും കരണീയമായിട്ടുള്ളത്. നിയമപാലകരും നീതിപീഠങ്ങളും പലപ്പൊഴും ഇരട്ടത്താപ്പു കളിക്കുമ്പോള്‍ ഭരണഘടനയുടെ ആത്യന്തിക അധികാരികളായ പൗരന്‍സമൂഹത്തിന്റെ അടയാത്ത കണ്ണുകള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തനത്തിലെ പ്രതീക്ഷ.
വാര്‍ത്തകള്‍ എഴുതിയതിന്റെ പേരില്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ആഗോളമായി സംഭവിച്ചു കൊണ്ടിരിക്കുന്നു. മുന്‍ വര്‍ഷത്തെ ഒരു കണക്കനുസരിച്ച് 61 മാധ്യമപ്രവര്‍ത്തകരാണ് ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ജീവന്‍ ബലി നല്‍കേണ്ടിവന്നത്. സ്ഥിരം സംഘര്‍ഷ ഭൂമിയായ സിറിയയില്‍ മാത്രം 17 പേര്‍ ജീവന്‍ വെടിയേണ്ടിവന്നു. ഇവരുടെ ഉറ്റവരുടെ കണ്ണുനീര്‍ ഇവര്‍ സമര്‍പ്പിച്ച പ്രതിബദ്ധതയ്ക്കുമുന്നില്‍ മുത്തുമണികള്‍ പോലെ തിളങ്ങി നില്‍ക്കുമ്പോള്‍ ഇവരുടെ മനസ്സാക്ഷിയുടെ കരുത്തും ലക്ഷ്യബോധവും നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വഴിവിളക്കും ശക്തിസ്രോതസ്സും ആകുന്നു.