Kerala Union of Working Journalists

കേസരി ട്രസ്റ്റ് ഡിജിറ്റല്‍ ലൈബ്രറി

തിരുവനന്തപുരം: ഭരണകൂട ഭീകരത പല രൂപത്തില്‍ തിമിര്‍ത്താടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഉത്തരവാദിത്വ ബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നിസ്സംഗത പാലിച്ചിരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
കേസരി സ്മാരകട്രസ്റ്റില്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ സ്വദേശാഭിമാനി ഇടം ഉദ്ഘാടചടങ്ങിലെ പ്രസംഗത്തിലാണ് ഇക്കാര്യം വി.എസ്.പറഞ്ഞത്.
ഭരണകൂടഭീകരതയ്‌ക്കെതിരെ പ്രതികരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്നും പീഡിപ്പിക്കപ്പെടുകയാണ്. അടുത്തയിടെ മാധ്യമപ്രവര്‍ത്തകരില്‍ പലര്‍ക്കും നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ഇതിന് തെളിവാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവങ്ങളേയും സാമൂഹ്യ പ്രവണതകളേയുമൊക്കെ സാധാരണ മനുഷ്യന്റെ പക്ഷത്തുനിന്ന് നോക്കിക്കാണുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തകന്റെ ധര്‍മം. അവിടെ അയാള്‍ക്ക് മുഖം നേക്കേണ്ട കാര്യമില്ല. സ്വദേശാഭിമാനി ഇക്കാര്യത്തില്‍ നിര്‍വഹിച്ച ദൗത്യം ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതവിശുദ്ധി, ധാര്‍മികത, സംസ്‌കാരം, മാനവികത തുടങ്ങിയ മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുമ്പോള്‍, അതിനെതിരായ ചിന്തകളില്‍ അഭിരമിക്കുന്നവര്‍ അത്തരം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വാളോങ്ങുന്ന സ്ഥിതിയുണ്ട്. വിശ്വാസത്തിന്റെയും ദൈവങ്ങളുടെയും ഒക്കെ പേരിലാണ് പലരും ഇത്തരം വെല്ലുവിളികള്‍ നടത്തുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവം സര്‍വശക്തനാണ്. അങ്ങനെയുള്ള സര്‍വശക്തനായ ദൈവത്തെപ്പറ്റി ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ ദൈവത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അപ്പോള്‍ പ്രശ്‌നം ദൈവത്തിന്റേതല്ല. മറിച്ച്, ദൈവത്തിന്റെ പേരിലുള്ള മുതലെടുപ്പിന്റേതാണ്. അതിനെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചെയ്യുന്നത്. അതു ചെയ്യാതിരുന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വെറും കേട്ടെഴുത്തുകരനെപ്പോലെയാകും. ഇത്തരം അസംബന്ധങ്ങളെ ധീരതയോടെ നേരിടാനുള്ള ആര്‍ജവമാണ് മാധ്യമപ്രവര്‍ത്തകന്റെ സ്വത്ത്. ഇതാണ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഓര്‍മകള്‍ നമ്മോടുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വക്കം അബ്ദുള്‍ഖാദര്‍ മൗലവി എന്ന വലിയ സ്വാതന്ത്ര്യ സമര ഭടന്റെ പിന്തുണയിലും സഹായത്തിലുമാണ് സ്വദേശാഭിമാനിയിലെ പത്രപ്രവര്‍ത്തന ധീരത നിറഞ്ഞാടിയത് എന്നും ഓര്‍ക്കേണ്ടതുണ്ട്.
പത്രപ്രവര്‍ത്തകനായി തുടരാന്‍ വേണ്ടി ലെജിസ്ലേറ്റീവ് അസംബ്ലി സ്ഥാനം പോലും വേണ്ടെന്നു വയ്ക്കാനുള്ള ധീരത അദ്ദേഹം കാട്ടി എന്നോര്‍ക്കണം. അന്നത്തെ ദിവാന്‍ പി. രാജഗേപാലാചാരിയുടെ ഏകാധിപത്യ നടപടികളെ മുഴുവന്‍ തുളച്ചുകയറുന്ന ഭാഷയിലാണ് സ്വദേശാഭിമാനി വിമര്‍ശിച്ചത്. പത്രപ്രവര്‍ത്തനത്തിലെ ശിരസ്സു കുനിക്കാത്ത ഈ ധീരതയ്ക്ക് അദ്ദേഹത്തിന് സ്വന്തം ജീവിതം കൊണ്ട് വലിയ വില നല്‍കേണ്ടിവന്നു എന്നത് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേസരി സ്മാരക ജേര്‍ണ്ണലിസ്റ്റ് ട്രസ്റ്റിന്റെ ഡിജിറ്റല്‍ ലൈബ്രറിയില്‍ സ്വദേശാഭിമാനി പത്രത്തിന്റെ കോപ്പി വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ചെറുമകന്‍ എ. സുഹൈര്‍ അനാച്ഛാദനം ചെയ്തു. കേസരി ട്രസ്റ്റ് ചെയര്‍മാന്‍ സി റഹിം അദ്ധ്യക്ഷനായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ കേസരി ട്രസ്റ്റ് സെക്രട്ടറി ബി.എസ് പ്രസന്നന്‍ വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റി കായംകുളം യൂനുസ് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യകാരണങ്ങളാല്‍ ചടങ്ങില്‍ എത്താന്‍കഴിയാതിരുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസംഗം ചടങ്ങില്‍ സി.റഹിം വായിക്കുകയായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 100-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പാളയം സ്വദേശാഭിമാനി പ്രതിമക്ക് മുന്നില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തി.