Kerala Union of Working Journalists

സൈബര്‍ ഇടങ്ങളിലെ സ്വാതന്ത്ര്യം

എന്‍.പ്രഭാകരന്‍

ഷാജി ജേക്കബ് എഡിറ്റ് ചെയ്ത ‘ഫെയ്‌സ്ബുക്ക് നവമലയാളത്തിന്റെ സൈബര്‍ മാനിഫെസ്റ്റോ’ എന്ന പുസ്തകം ഫെയ്‌സ്ബുക്കിലും ഓണ്‍ലൈന്‍ജേണലുകളിലും ന്യൂസ്‌പോര്‍ട്ടലുകളിലും ബ്ലോഗുകളിലും മറ്റുമായി മലയാളികള്‍ നടത്തിവരുന്ന ഇടപെടലുകളെ കുറിച്ച് ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ആഴത്തിലും പരപ്പിലുമുള്ള അന്വേഷണങ്ങളുടെ പ്രധാനപ്പെട്ട ആധാരങ്ങളിലൊന്നായിരിക്കും.’ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളിയുടെ സാമൂഹ്യജീവിതം സൃഷ്ടിച്ച സാംസ്‌കാരികരാഷ്ട്രീയങ്ങളുടെ ചരിത്രമെഴുതാന്‍ ഭാവിക്കുവേണ്ടി കരുതി വെക്കുന്ന ഒരു നയരേഖയായി കാണാം ഈ പുസ്തകത്തെ’ എന്ന ഷാജിയുടെ അവകാശവാദം മിക്കവാറും ശരിയാണെന്നു തന്നെ പറയാം.
സൈബര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമ്പത് ലേഖനങ്ങള്‍ അല്ലെങ്കില്‍ എഴുത്തുകള്‍ സമാഹരിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ ഏറ്റവും ശ്രദ്ധേയമായി എനിക്ക് അനുഭവപ്പെട്ടവ (1) വി.പി.റജീനയുടെ ‘എന്റെ മദ്രസാ അനുഭവം’,(2) ആസാദിന്റെ ‘വരൂ കാണൂ,ബ്ലോഗറുടെ രക്തം തെരുവുകളില്‍’ (3)എം.ആര്‍.അനില്‍ കുമാറിന്റെ ‘മാര്‍ക്‌സിനെയും ശ്രീനാരായണനെയും ചേര്‍ത്തു വായിക്കുമ്പോള്‍’,(4) ഹര്‍ഷന്‍ ടി.എം.ന്റെ ‘മൂന്നാര്‍ :ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ ‘(5) സനീഷ് ഇളയിടത്തിന്റെ ‘മോഡിയെ അിറയാന്‍ പുടിനെ വായിക്കുക ‘(6) എം.വി.ബെന്നിയുടെ ‘ജീവിതം സാക്ഷി'(7) ഗിരീഷ് ജനാര്‍ദ്ദനന്റെ ‘കാന്താരിയുടെ വിത്ത് ‘(8) ഇ.പി.രാജഗോപാലന്റെ ‘തീരുമാനങ്ങള്‍’ (9) കെ.കെ.ബാബുരാജിന്റെ ‘മുസ്ലീം വിരുദ്ധതയും മാര്‍ക്‌സിസ്റ്റ് മാനദണ്ഡങ്ങളും’ (10) അനില്‍കുമാര്‍ പി.വിയുടെ ‘മലയാളത്തനിമയും മാടമ്പിമാരും’ എന്നിവയാണ്.ഇവ ഓരോന്നും ഓരോ നിലക്കാണ് ശ്രദ്ധേയമായിത്തീരുന്നത്.സനീഷിന്റെ ലേഖനം മാഷാ ഗെസ്സന്‍ എന്ന മാധ്യമപ്രവര്‍ത്തക എഴുതിയ ‘ദി മാന്‍ വിത്തൗട് എ ഫെയ്‌സ്,ദി അണ്‍ലൈക് ലി റൈസ് ഓഫ് വ്‌ലാദിമിര്‍ പുടിന്‍’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുടിന്റെയും നരേന്ദ്രമോഡിയുടെയും രാഷ്ട്രീയജീവിതങ്ങളെ താരതമ്യം ചെയ്ത് വളരെ ഗൗരവപൂര്‍ണമായ നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന ശക്തമായ ലേഖനമാണ്.കെ.കെ.ബാബുരാജും അനില്‍കുമാര്‍ പി.വിയുമെല്ലാം താന്താങ്ങളുടെ ലേഖനത്തില്‍ തികച്ചും യുക്തിസഹമായാണ് തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.നിങ്ങള്‍ക്ക് അവയോട് യോജിക്കാം,വിയോജിക്കാം. അത് മറ്റൊരു കാര്യം.എന്തായാലും ഇത്തരം എഴുത്തുകള്‍ പല പുനരാലോചനകള്‍ക്കും നമ്മെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാഷ്ട്രീയനേതാക്കള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും മാത്രമല്ല മറ്റുള്ളവര്‍ക്കും പല പല കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാനുണ്ടെന്നും അവയെല്ലാം ശ്രദ്ധിക്കപ്പെടേണ്ടവയാണെന്നും ബഹുസ്വരത എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ട് നമ്മുടെ ചിന്താജീവിത്തിന് ഇനി മുന്നോട്ടുപോവാനാവില്ലെന്നും സംശയരഹിതമായി ബോധ്യപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങള്‍.ഷാജി ജേക്കബ് ഈ സമാഹാരത്തിലൂടെ മലയാളിസമൂഹത്തോട് പറയാന്‍ ഉദ്ദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതുതന്നെയാണെന്നു തോന്നുന്നു.
സൈബര്‍ ഇടങ്ങളെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ആഘോഷസ്ഥലികളായി കണ്ട് ആഹ്‌ളാദിക്കുന്നവരായി ഒട്ടുവളരെ പേരുണ്ട്.ആര്‍ക്കും എന്തും എഴുതാം,എന്തിനെ കുറിച്ചും അഭിപ്രായം പറയാം,നിയന്ത്രിക്കാനും തിരുത്താനും ആരുമില്ല എന്നൊക്കെ വരുന്നത് നല്ലതു തന്നെ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുന്നതില്‍ പക്ഷേ കാര്യമില്ല.സൈബര്‍സ്‌പെയിസിലെ സ്വാതന്ത്ര്യം നിരുപദ്രവമായ ആത്മാവിഷ്‌ക്കാരങ്ങള്‍ക്കാണ് ഓരോ വ്യക്തി യും ഉപയോഗിക്കുന്നതെങ്കില്‍ അത് അയാളുടെ/അവളുടെ കാര്യം നിങ്ങള്‍ക്കത് ശ്രദ്ധിക്കാനും ശ്രദ്ധിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്,എഴുതപ്പെട്ട എന്തിനെ കുറിച്ചും അഭിപ്രായം പറയാനുള്ള ബാധ്യതയൊന്നും നിങ്ങള്‍ക്കില്ലല്ലോ എന്നു പറഞ്ഞ് സംഗതി അവസാനിപ്പിക്കാം.പക്ഷേ,രാഷ്ട്രീയ പ്രശ്‌നങ്ങളെപ്പറ്റി,സാമൂഹ്യസാംസ്‌കാരിക വിഷയങ്ങളെപ്പറ്റി ഒരാള്‍ പറയുന്ന അഭിപ്രായം അതിന് പുറംമോടിയിലെങ്കിലും ഗൗരവമുണ്ടെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായേക്കും.അതില്‍ തെറ്റായി ഒന്നുമില്ല.ഫെയ്‌സ്ബുക്കിലും മറ്റും പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങളിലും കമന്റുകളിലും ബഹുഭൂരിപക്ഷവും പക്ഷേ,ഇങ്ങനെ സൗമനസ്യത്തോടെ സമീപിക്കാവുന്നവയല്ല. അവ രാഷ്ട്രീയ കക്ഷികളുടെയോ വര്‍ഗീയ വാദികളുടെയോ നിക്ഷിപ്തതാല്‍പര്യങ്ങളുള്ള ചില ജനവിരുദ്ധ ഗ്രൂപ്പുകളുടെയോ ഒക്കെ നിലപാടുകളുടെ പ്രഖ്യാപനമാണ്. വായന കരതലോടെയല്ലെങ്കില്‍ അവ അനേകം തെറ്റിദ്ധാരകളാവും ഉല്പാദിപ്പിക്കുക.
ഫെയ്‌സ്ബുക്കും മറ്റ് സൈബര്‍ഇടങ്ങളും ചില രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ അതിവേഗത്തില്‍ ലക്ഷക്കണക്കിന് ആളുകളില്‍ എത്തിക്കുന്നുവെന്നും അത് ഭരണകൂടങ്ങളെ വിറപ്പിക്കുന്ന വമ്പിച്ച ബഹുജനമുന്നേറ്റങ്ങള്‍ക്ക് കാരണമാവുന്നുവെന്നും അറബ് സ്പ്രിംഗ് എന്ന് പേര് നല്‍കപ്പെട്ട വലിയ രാഷ്ടരീയസംഭവത്തില്‍ നിന്ന് നമുക്ക് മനസ്സിലായി. പക്ഷേ,ആ മുന്നേറ്റത്തിന്റെ ഫലം ഒട്ടും തന്നെ ആശാവഹമായില്ല.അറബ് വിന്റര്‍ എന്ന് വിളിക്കപ്പെടുന്ന കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിലേക്കും തകര്‍ച്ചയിലേക്കുമാണ് അത് ഈജിപ്ത്,ലബനണ്‍,യെമന്‍,സിറിയ തുടങ്ങിയ രാജ്യങ്ങളെ തള്ളിവിട്ടത്.ജനസഞ്ചയ രാഷ്ട്രീയത്തിന്റെ ഫലപ്രാപ്തിയില്‍ കടുത്ത അവിശ്വാസമുണ്ടാക്കിയിരിക്കുന്നു അറബ് വസന്തത്തിന്റെ പരിണാമം.ഓര്‍മിക്കേണ്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.അറബ് സ്പ്രിംഗ് ,അറബ് വിന്റര്‍ എന്നീ രണ്ട് പ്രയോഗങ്ങളും അമേരിക്കയില്‍ സൃഷ്ടിക്കപ്പെട്ടവയാണ്.അതിന്റെ അര്‍ത്ഥം നാം ഒറ്റ നോട്ടത്തില്‍ കരുതുന്നതു പോലെ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്ന സര്‍വതന്ത്രസ്വതന്തമായൊരു ജനസഞ്ചയരാഷ്ട്രീയ മുന്നേറ്റമായിരുന്നില്ല അറബ് വസന്തം എന്നതു തന്നെയാണ്.
പത്രങ്ങളും ആനുകാലികങ്ങളും മാത്രം വായിച്ചുപരിചയിച്ചിട്ടുള്ളവര്‍ക്ക് ഡോ.ഷാജി ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന ലേഖനങ്ങളില്‍ പലതും വളരെ വ്യത്യസ്തമായിത്തന്നെ അനുഭവപ്പെടും.ഈ ലേഖനങ്ങളില്‍ പലതും അച്ചടിമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടാലും ഒരപാകതയും തോന്നില്ലെന്നു മാത്രമല്ല അവ വായനക്കാരുടെ സവിശേഷ ശ്രദ്ധ നേടാന്‍ സാധ്യതയുള്ളവയും ആണ്.പക്ഷേ,എന്തുകൊണ്ടോ അത്തരത്തിലുള്ള മാറ്റര്‍ ആനുകാലികങ്ങളില്‍ അധികമൊന്നും പ്രത്യക്ഷപ്പെട്ടു കാണുന്നില്ല.
ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ഒരു പ്രധാന കാര്യം നവമാധ്യമങ്ങളുടെ പ്രചാരം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ അത് പുതിയൊരു ജനാധിപത്യപൊതുമണ്ഡലത്തിന്റെ സൃഷ്ടിക്ക് വഴിവെക്കും എന്നതു തന്നെയാണ്.വളരെ പെട്ടെന്ന് പ്രതീക്ഷിക്കാവുന്നതല്ല ആ മാറ്റം.കാരണം പത്രവായനക്കാരിലും ടിവി പ്രേക്ഷകരിലും ഗണ്യമായ ഒരു വിഭാഗത്തിന് ഇപ്പോഴും സൈബര്‍ ഇടങ്ങള്‍ അപ്രാപ്യമായിത്തന്നെ തുടരകയാണ്.പക്ഷേ,ഈ നില ഏറെ കാലം ഇങ്ങനെ തുടരുകയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ മൊബൈല്‍ ഫോണ്‍ ബഹുഭൂരിപക്ഷത്തിനും ഒരത്ഭുതമായിരുന്നു.എന്നെങ്കിലും തങ്ങള്‍ക്ക് അതുപയോഗിക്കാനാവുമെന്ന് അവര്‍ കരുതിയിരുന്നില്ല.ഇപ്പോഴാണെങ്കില്‍ നമ്മുടെ നാട്ടില്‍ ജനസംഖ്യയെക്കാളധികമായിരിക്കുന്നു മൊബൈല്‍ ഫോണുകളുടെ എണ്ണം.അതു പോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്തോ പതിനഞ്ചോ വര്‍ഷം കൂടി കഴിയുമ്പോള്‍ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും അതിപരിചിതമായിത്തീരുന്ന അവസ്ഥ വരാന്‍ തന്നെയാണ് സാധ്യത.
മലയാളത്തിലെ സര്‍ഗാത്മക സാഹിത്യത്തെ ഇപ്പോള്‍ത്തന്നെ ബ്ലോഗുകളും സൈബര്‍മാസികകളും സ്വാധീനിച്ചുതുടങ്ങിയിട്ടുണ്ട്.ഫെയ്‌സ് ബുക്ക് കഥാകേന്ദ്രമായി വരുന്ന ഏതാനും ചെറുകഥകളും ഭേദപ്പെട്ട ഒരു നോവലും(വ്യസന സമുച്ചയം- അമല്‍) മലയാളത്തില്‍ ഉണ്ടായിക്കഴിഞ്ഞു.കവിതയെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റവുമധികം സഹായിച്ചത്.കവിതയെഴുത്ത് ഏതാനും പേര്‍ക്ക് മാത്രമായുള്ള സിദ്ധിയല്ലെന്നും വലിയ കവികളായി കൊണ്ടാടപ്പെടുന്നവരില്‍ പലരും എഴുതുന്നതു പോലെയോ അല്പം കൂടി മെച്ചപ്പെട്ട രീതിയിലോ എഴുതാന്‍ പറ്റുന്ന നൂറുകണക്കിനാളുകള്‍ നമ്മുടെ നാട്ടിലുണ്ടെന്നും തെളിയിക്കാന്‍ ബ്ലോഗുകള്‍ക്കും ഫെയ്‌സ് ബുക്കിനും സാധിച്ചിട്ടുണ്ട്.കവിതയ്ക്ക് ഇതുകൊണ്ടുണ്ടായ പരിവേഷനഷ്ടത്തെ പറ്റി ഓര്‍ത്ത് ദു:ഖിക്കേണ്ട കാര്യമില്ല.കാരണം ഈ മാധ്യമത്തെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണാന്‍ കഴിയുന്നതിലൂടെ നമ്മുടെ ഭാവുകത്വത്തിന് സംഭവിക്കുന്ന മുന്നേറ്റത്തിനു മുന്നില്‍ ആ നഷ്ടം എത്രയോ ചെറുതായിരിക്കും.
ഇംഗ്ലീഷ് ഭാഷയില്‍ വര്‍ഷം തോറും ലക്ഷക്കണക്കിനാളുകളാണ് ബ്ലോഗുകളിലും സൈബര്‍മാസികകളിലും മറ്റുമായി എഴുതുന്നത്. ഈ സൈബര്‍കവികള്‍ക്കിടയില്‍ ഒരു ഷെല്ലിയോ കീറ്റ്‌സോ ഉണ്ടായാല്‍ അത് തിരിച്ചറിയപ്പെടാതെ പോകുമെന്ന് സൈബര്‍സാഹിത്യത്തെ കുറിച്ച് രണ്ടുമൂന്ന് വര്‍ഷം മുമ്പ് വായിച്ച ഒരു ലേഖനത്തില്‍ കണ്ടതായി ഓര്‍ക്കുന്നു.സാഹിത്യരചനകളുടെ പെരുപ്പം തല്‍ക്കാലത്തേക്ക് ആശയക്കുഴപ്പവും അവ്യക്തതകളും ഉണ്ടാക്കാം.പക്ഷേ.യഥാര്‍ത്ഥ കവിതയെ തിരിച്ചറിയാനുള്ള ഒരു സാഹിത്യവിദ്യാഭ്യാസം സൈബര്‍കവിതകളുടെ വായനയിലൂടെ നമുക്ക് ലഭിക്കും.കവിതയുടെ കെട്ടുമുറ പരിശീലിച്ച് എന്തിനെയും ഏതിനെയും കവിതയാക്കി മാറ്റി മഹാകവികളായി മാറിയവരെ നമുക്കറിയാം.ഭാവിയില്‍ പക്ഷേ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കവിതയെ സമീപിക്കാനും യഥാര്‍ത്ഥകവികളെ മാത്രം അംഗീകരിക്കാനുള്ള കവിതാബോധം സ്വായത്തമാക്കാനും നമുക്ക് കഴിയും. സൈബര്‍സ്‌പെയ്‌സിലെ രചനകള്‍ നമ്മെ അതിന് സഹായിക്കും.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സാഹിത്യത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ ഏറ്റവുമധികം സഹായിച്ചത് ബ്ലോഗുകളാണ്.പത്രാധിപരുടെ സഹായമില്ലാതെ തന്നെ ആര്‍ക്കും എഴുതാം.കഥയുടെയും കവിതയുടെയും സൗന്ദര്യത്തെയും ഉയര്‍ന്ന ഭാവുകത്വത്തെയും മറ്റും പറ്റി ഒരു ചെറിയ വിഭാഗം ആളുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു പോന്ന ആശയങ്ങളെ മുഴുവന്‍ നിരാകരിച്ച് സ്വതന്ത്രമായ ആത്മാവിഷ്‌കാരം നടത്താന്‍ എത്രയോ പേര്‍ക്ക് അവസരം നല്‍കി എന്നതാണ് ബ്ലോഗ് എന്ന നവമാധ്യമം ചെയ്ത സേവനം.

സാഹിത്യരചനയെപ്പറ്റിയുള്ള ആഢ്യധാരണകളുടെ തകര്‍ച്ചക്ക് ബ്ലോഗെഴുത്ത് വലിയ തോതില്‍ വഴിവെച്ചിട്ടുണ്ട്. ഈ പരിണാമം തങ്ങളുടെ പരിവേഷത്തിന് വലിയ നഷ്ടം വരുത്തുന്നതിലുള്ള ഭീതി കാരണമാണ് കവികളെക്കൊണ്ട് വഴി നടക്കാന്‍ പറ്റാതായി ,സാഹിത്യം തകര്‍ന്നു എന്നൊക്കെ ചിലര്‍ വിലപിക്കുന്നത്.
ഫെയ്‌സ് ബുക്കിന്റെ പ്രവര്‍ത്തനം ബ്ലോഗുകളുടെതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതിനും സ്വന്തം രൂപവും തങ്ങളുടെ കൂടുംബാംഗങ്ങളുടെ ഫോട്ടോകളും കൂടെക്കൂടെ പ്രദര്‍ശിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫിയിലും രേഖാചിത്രനിര്‍മിതിയിലും പെയിന്റിംഗിലുമുള്ള തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുമൊക്കെയാണ് കൂടുതലാളുകളും ഫെയ്‌സ്ബുക്കിനെ ഉപയോഗിക്കുന്നത്.ഇതൊന്നും മോശമാണെന്ന് ഞാന്‍ കരുതുന്നില്ല. പത്രമാധ്യമങ്ങളില്‍ രാഷ്ട്രീയനേതാക്കളുടെയും സാംസ്‌കാരികനേതാക്കളുടെയും മറ്റും ഫോട്ടോ സ്ഥിരമായി അച്ചടിച്ചു വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് ആ സാധ്യതയില്ല. സ്വന്തം ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി അനേകായിരങ്ങളുടെ കാഴ്ചയിലെത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതിലും ശ്രമിക്കുന്നതിലും അധിക്ഷേപാര്‍ഹമായി ഒന്നുമില്ല.
സൈബര്‍ മാധ്യമങ്ങളുടെ ഫലങ്ങളെ വൈരുധ്യാത്മകമായിത്തന്നെ വേണം മനസ്സിലാക്കാന്‍.അവ ആവിഷ്‌ക്കാരത്തിന്റെ പുതിയ ജനകീയ മണ്ഡലങ്ങളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തു എന്നത് വസ്തുതയാണ്.അഭിപ്രായം പറയാനും സര്‍ഗാത്മകാവിഷ്‌ക്കാരം നടത്താനുമുള്ള അവകാശം ഏതാനും ചില അനുഗ്രഹീതര്‍ക്ക് മാത്രമുള്ളതല്ലെന്ന് സൈബര്‍ എഴുത്തുകള്‍ എല്ലാവരെയും ബോധ്യപ്പെടുത്തിക്കഴിഞ്ഞു.ഇതൊക്കെയും നമ്മുടെ രാഷ്ട്രീയത്തിന്റെയും മൊത്തത്തിലുള്ള ജനാധിപത്യബോധത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയെ ഏറെ സഹായിക്കും.അക്കാര്യത്തില്‍ സംശയമില്ല.പക്ഷേ,മറ്റൊരു വസ്തുത പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.സൈബര്‍ എഴുത്തുകളില്‍ ഹിന്ദുവര്‍ഗീയതയുടെയും മുസ്ലീം വര്‍ഗീയതയുടെയും വിമര്‍ശനം കാണാം,രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ കാണാം,കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള പരിഹാസം കാണാം,പാരിസ്ഥിതികാവബോധത്തിന്റെ ആവിഷ്‌ക്കാരം ഉള്‍പ്പെടെ പലതും കാണാം.പക്ഷേ,കോര്‍പ്പറേറ്റുകളെയോ ദേശത്തിനകത്തു തന്നെയുള്ള വന്‍കിട സാമ്പത്തിക അധികാരകേന്ദ്രങ്ങളെയോ വിമര്‍ശിക്കുന്ന എഴുത്തുകള്‍ മിക്കവാറും ഇല്ലെന്നു തന്നെ പറയാം.അല്ലെങ്കില്‍ നാമമാത്രമായേ ഉള്ളൂ എന്ന് പറയാം.ഈ പരിമിതി എത്രയും വേഗം മറികടക്കാന്‍ കഴിയണം.ഇതു പോലുള്ള മറ്റനേകം പരിമിതികളും രാഷ്ട്രീയമായ അജ്ഞതയും അധീരതയുമെല്ലാം വലിയൊരു ശതമാനം സൈബര്‍ ആവിഷ്‌ക്കാരങ്ങളുടെയും പ്രശ്‌നമാണ്.ഷാജി ജേക്കബ് തന്റെ പുസ്തകത്തില്‍ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്ന ഗൗരവപൂര്‍ണമായ എഴുത്തിന്റെ എത്രയോ മടങ്ങാണ് സൈബര്‍ സ്‌പെയ്‌സിലെ പാഴ് രചനകള്‍.ഈ സ്ഥിതി മാറുമെന്നും ഭാവിയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ,ഗൗരവബുദ്ധിയോടെ,സര്‍ഗാത്മകതയോടെ സൈബര്‍ ഇടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വളരെയേറെ പേര്‍ മുന്നോട്ടു വരുമെന്നും നമുക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

(ഷാജി ജേക്കബ് എഡിറ്റ് ചെയ്ത ഫേസ്ബുക്ക് നവമലയാളത്തിന്റെ സൈബര്‍ മാനിഫെസ്റ്റോ എന്ന പുസ്തകം വി.പി.റജീനക്ക് നല്‍കി പ്രകാശനം ചെയ്തുകൊണ്ട് ഏപ്രില്‍ 12 ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ചെയ്ത പ്രസംഗം.)