Kerala Union of Working Journalists

സ്വദേശാഭിമാനിയുടെ നൂറാം ചരമവര്‍ഷികം ആരും അറിയാതെ കടന്നുപോയി.

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
മലയാളിയുടെ ആധുനിക നവബോധരൂപീകരണത്തെ സ്വാധീനിച്ച പത്രപ്രവര്‍ത്തനത്തിന്റെ ഭീഷ്മാചാര്യനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകത്തോട് വിട പറഞ്ഞിട്ട് 2016 മാര്‍ച്ച് 28 ന് നൂറ് വര്‍ഷമായി പക്ഷെ അദ്ദേഹത്തിന്റെ ഈ ദിനം ആരുമാരും അറിയാതെ കടന്നുപോയി എന്നതാണ് വാസ്തവം പത്രങ്ങളോ പത്രപ്രവര്‍ത്തകരോ എന്തിന് രാമകൃഷ്ണപിള്ളയെ കുറിച്ച് അഭിമാനിക്കുന്ന പൊതു സമൂഹമോ ഒന്നും ശ്രദ്ധിക്കാതെയാണ് ആ ദിനം കടന്നുപോയത്. സാധാരണ ചരമവാര്‍ഷികള്‍ക്കു പോലും ലേഖനങ്ങളും ഫോട്ടോകളും കൊടുക്കാറുള്ള മുഖ്യധാരാപത്രങ്ങള്‍ പോലും ഈ ദിനത്തെ പറ്റി ഒരു അക്ഷരം മിണ്ടാത്തതിന് കാരണം കാലത്തിന്റെ മാറ്റമെന്ന് സമാധാനിക്കാം. രാമകൃഷ്ണപിള്ള വേണ്ടപെട്ട ബന്ധുക്കളാരും ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ ഭാര്യ കല്യാണിയമ്മ, മകള്‍ ഗോമതിയമ്മ, അവരുടെ മക്കളായ ദേവകി, രാമകൃഷ്ണന്‍ , അംബിക തുടങ്ങിയ എല്ലാവരും ലോകത്തോട് വിട പറഞ്ഞു. ഇവരില്‍ നിന്നും സന്തതി പരമ്പരകളില്ല. ഇതുകാരണം രാമകൃഷ്ണപിള്ളയുടെ കുടുംബം വേരറ്റിരിക്കുന്നു.

രാമകൃഷ്ണപിള്ളയുടെ മകന്‍ ബ്രട്ടനില്‍ പഠനത്തിന് പോയതാണ്. അദ്ദേഹം തിരിച്ചു വന്നിട്ടുമില്ല. അവിടെ വിവാഹം കഴിച്ചുവെന്നും അതിലുള്ള ആളുകള്‍ ഉണ്ടെന്നു പറയുന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഒരു പക്ഷെ രാമകൃഷ്ണപിള്ളയുടെ നൂറാം ചരമവാര്‍ഷികം ഓര്‍മപ്പെടുത്താന്‍ ബന്ധുക്കള്‍ ആരും ഇല്ലാതെ പോയതാകാം ആ ദിനം അറിയപ്പെടാതെ പോയതെന്ന് ഊഹിക്കാം. പക്ഷെ കേരളത്തിലെ പ്രധാനപത്രങ്ങള്‍ക്കെല്ലാം റിസര്‍ച്ച് വിഭാഗമുണ്ട്. കലണ്ടര്‍ മിക്ക പത്രങ്ങളുടെയും വരുമാന മാര്‍ഗ്ഗമാണ്. നാടുമുഴുവനുള്ള പെട്ടികടകള്‍ക്ക് സമാനമായ ആരാധനാലയങ്ങളുടെ ഉത്സവങ്ങള്‍ പോലും സ്ഥലം പിടിക്കുന്ന മുഖ്യധാരാ പത്രങ്ങളുടെ കലണ്ടറുകളില്‍പോലും രാമകൃഷ്ണപിള്ളയുടെ നൂറാം ചരമവാര്‍ഷികത്തിന് ഇടം കിട്ടിയില്ല. ഒരു പക്ഷെ പരസ്യവും ലാഭവും മാത്രം ലക്ഷ്യം വച്ചുള്ള നവീന പത്രപവര്‍ത്തനത്തിന്റെ ഒരു മാറ്റമായി ഇതിനെ കണക്കാക്കാം.

കല്ലച്ചില്‍ പിറന്ന് കമ്പ്യൂട്ടറിലേക്ക് മാറിയ മലയാള പത്രപവര്‍ത്തനം ഇന്ന് വന്‍ ബിസിനസ്സാണ്. സാമൂഹിക മാറ്റത്തിന്റെയും ജനനന്മയുടെയും മുഖമുദ്രയണിഞ്ഞ ഈ പത്രങ്ങള്‍ക്ക് ടെലിവിഷനുകളുടെ വരവോട് കൂടി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും പരസ്യ കമ്പനികള്‍ക്കും മുന്‍പില്‍ താണുവണങ്ങി നില്‍ക്കേണ്ട ഗതികേടാണുള്ളത്. ഇത് സാധാരണ പത്രങ്ങള്‍ക്ക് മാത്രമല്ല, പാര്‍ട്ട് ടൈം പത്രങ്ങള്‍ക്കും ബാധകമാണ്. പരസ്യത്തിനും ലാഭം കൊയ്യാനുമുള്ള നെട്ടോട്ടത്തില്‍ സാമൂഹിക നന്മയും മാധ്യമ ധര്‍മ്മവുമെല്ലാം വഴിമാറുന്നു. സ്‌പോണ്‍സര്‍മാര്‍ ആണ് പല മാധ്യമങ്ങളെയും ഇന്നി നിയന്ത്രിക്കുന്നത്. പരസ്യം നല്‍കി അവര്‍ മാധ്യമങ്ങളെ ഭരിക്കുന്നു.

രാമകൃഷ്ണപിള്ളയുടെ ചരമ ശതാബ്ദി സ്‌പോണ്‍സര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടുകാണുകയില്ല. അവര്‍ പരസ്യം നല്‍കിയിരുന്നുവെങ്കില്‍ ആചരണം കെങ്കേമമായേനേ. എന്നാല്‍ ഒരു സംശയം കൂടി ഉയരുന്നു. സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പും രാമകൃഷ്ണപിള്ളയുടെ പേരില്‍ ആണ്ടുതോറും അവാര്‍ഡ് നല്‍കുന്ന മീഡിയ അക്കാഡമി ഈ ദിനമറിഞ്ഞില്ലേ. അതോ അറിഞ്ഞശേഷം ആചരണം വേണ്ടെന്ന് വച്ചതാണോ. സ്വദേശാഭിമാനിയെ നാടുകടത്തിയതോടെ ഇന്ത്യയിലെ പ്രധാന പത്രങ്ങളെല്ലാം തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നു. ഇത് ബ്രട്ടീഷ് സര്‍ക്കാരിന്റെ അപ്രീതിക്ക് എതിരാകുമോ എന്ന് രാജകീയ സര്‍ക്കാരിന് സംശയിച്ചു. ഇത് കാരണം കുറ്റപത്രങ്ങള്‍ നിരത്തി വച്ച് രാമകൃഷ്ണപിള്ളക്കെതിരെ ഒരു ദര്‍ബാര്‍ രേഖയുണ്ടാക്കി. ഇതില്‍ രാമകൃഷ്ണപിള്ളയെ എതിര്‍ത്ത പത്രങ്ങളുടെ അഭിപ്രായം ഉള്‍പ്പെടുത്തി. ഈ ദര്‍ബാര്‍ രേഖയുടെ യഥാര്‍ത്ഥകോപ്പി ഇപ്പോള്‍ ആസ്‌ട്രേലിയയിലാണ്. അതിന്റെ ഫോട്ടോകോപ്പി കൊണ്ടുവന്ന് പ്രസ് അക്കാദമി പുസ്തകമാക്കിയിട്ടുണ്ട്. സ്വദേശഭിമാനിയുടെ നാടുകടത്തിലിനുശേഷം അത് ഉണ്ടാക്കിയ പൊതു അഭിപ്രായം പത്രരംഗത്ത് വലിയൊരു നേട്ടമുണ്ടാക്കി. രാജകീയ കാര്യങ്ങള്‍ ഇരുമ്പു മറക്കുള്ളില്‍ അധികകാലം ഒളിച്ച് വയ്ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങളെങ്കിലും പത്രം വഴി ജനങ്ങളെ അറിയിക്കണമെന്ന് തോന്നി ഒരു പ്രസ്സ് റൂം രാജകീയ സര്‍ക്കാര്‍ തീരുമാനിച്ചു. ഹജ്ജൂര്‍ കച്ചേരി അഥവാ സെക്രട്ടറിയേറ്റിനോടനുബന്ധിച്ച് പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി 1914-15 ല്‍ ആണ് പ്രസ്സ് റൂം തുടങ്ങിയത്. ഈ ‘പ്രസ് റൂ’ പരിണമിച്ചാണ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തന്നെയുണ്ടായത്. ഇതിന്റെ നൂറാം വാര്‍ഷികം മുന്‍പ് കടന്ന് പോയിട്ടും പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് അറിഞ്ഞില്ല. പിന്നെ രാമകൃഷ്ണപിള്ളയുടെ കാര്യം പറയണമോ.

പത്രരംഗത്തിനുവേണ്ടി ജീവിച്ച മഹാന്‍.

എം.കെ ഗാന്ധി മഹാത്മാഗാന്ധിയാകുന്നതിനു മുന്‍പ് അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന മലയാളികളാണ് പത്രരംഗത്തുള്ളത്. ആദ്യത്തേത് പി. പരമേശ്വരന്‍ പിള്ള, എന്ന മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പറയുന്ന ഏക മലയാളിയായ ബാരിസ്റ്റര്‍ ജി.പി. പിള്ള ( 1864-1903) യാണ് . കേരളത്തിലെ ജനകീയ വിപ്ലവങ്ങളുടെ ഉപജ്ഞാതവെന്ന് ചരിത്രകാരന്മാര്‍ വിശേഷിക്കപ്പെടുന്ന ബാറിസ്റ്റര്‍ ജി. പി. സാമൂഹികപ്രവര്‍ത്തകന്‍, കോണ്‍ഗ്രസ് നേതാവ്, വാഗ്മി, ഇംഗ്ലീഷ്‌ക്കാരെയപോലും ആകര്‍ഷിച്ച എഴുത്തുകാരന്‍ എന്ന എല്ലാ നിലയിലും വിലയിരുത്താമെങ്കിലും ‘എഡിറ്റേഴ്‌സ് എഡിറ്റര്‍’ എന്നാണ് തെക്കേ ഇന്ത്യയില്‍ അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തിന്റ പത്രം തന്നെ ദക്ഷിണാഫ്രിക്കന്‍ പ്രശ്‌നം പ്രചരിപ്പിക്കാന്‍ വിട്ടുതന്നു എന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ള ജി.പി. മദ്രാസ് സ്റ്റാന്‍ന്റേഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായിരുന്നു.

3450a1db_swadeshabhimaniതിരുവിതാംകൂര്‍ രാജകീയ സര്‍ക്കാരിനും ദിവാനുമെതിരെ കൊച്ചിയില്ലെ ഇംഗ്ലീഷ് പത്രങ്ങളില്‍ ലേഖനം എഴുതിയതിന്റെ പേരിലാണ് പതിനെട്ടാം വയസ്സില്‍ പിള്ളയെ മഹാരാജാസ് കോളേജ് ( ഇന്നത്തെ യൂണിയവേഴ്‌സിറ്റി കോളേജ് ) ല്‍ നിന്നും പുരത്താക്കിയത്. ഇതേ കോളേജില്‍ പഠിച്ച് പത്രപ്രവര്‍ത്തനം ആരംഭിച്ച രാമകൃഷ്ണപിള്ളയെ 28 വര്‍ഷത്തിനുശേഷം രാജകീയ സര്‍ക്കാര്‍ 1910 സെപ്റ്റംബര്‍ 26 ന് തിരുവിതാംകൂറില്‍ നിന്ന് തന്നെ എന്നനേക്കുമായി നാടുകടത്തി. ജിപിയെ ബഹുമാനിച്ചിരുന്ന വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ദേശാഭിമാന വിജയം ’ എന്ന പേരില്‍ രാമകൃഷ്ണപിളള, ജിപിയെ പറ്റി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിപിയെന്ന പത്രാധിപര്‍ ദക്ഷിണാഫ്രിക്കന്‍ പ്രശ്‌നത്തില്‍ ഗാന്ധിജിയുടെ സഹായിയാരുന്നുവെങ്കില്‍, ഗാന്ധിജി ഇന്ത്യയില്‍ എത്തി നേതാവാകുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ ആളാണ് രാമകൃഷ്ണപിളള. മോഹനദാസ് ഗാന്ധി എന്ന ഈ ജീവിത ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ ആദ്യ നിരയിലുളളതാണ്. അത് പോലെ കമ്മ്യൂണിസത്തെ പറ്റി ഇന്ത്യയില്‍ അജ്ഞാതമായിരുന്ന കാലത്താണ് രാമകൃഷ്ണപിള്ള കാറല്‍ മാക്‌സിനെ കുറിച്ച് പുസ്തകം എഴുതിയത്. ഇതുമാത്രമല്ല മലയാള സാഹിത്യത്തിനും ഭാഷയ്ക്കും രാമകൃഷ്ണപിള്ള ചെയ്തിട്ടുള്ള സേവനങ്ങള്‍ ഇനിയും വിലയിരുത്തേണ്ടിരിക്കുന്നു. ബാലഭോഗിനി ( വ്യാകരണം ) അംഗഗണിതം, ഭീജഗണിതം, ക്ഷേത്രഗണിത സാധനാപാഠങ്ങള്‍, അറുന്നൂറ് ഭൂ വിവരണ ചോദ്യങ്ങള്‍ , കൃഷിശാസ്ത്രം, മന്നന്റെ കുന്നത്തം ( കഥ). വാമനന്‍ കഥ തുടങ്ങി കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും കൃസ്റ്റഫര്‍ കൊളംമ്പസ്, ബെജിമിന്‍ ഫ്രാങ്ക്‌ളിന്‍ തുടങ്ങിയ ജീവിത ചരിത്രങ്ങളും വ്യത്താന്ത പത്രപ്രവര്‍ത്തനം ഉള്‍പടെയുള്ള മറ്റ് പുസ്തകളും സാഹിത്യ നിരൂപണങ്ങളും സാഹിത്യ ലേഖനങ്ങളും രാമകൃഷ്ണപിള്ള മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇതില്‍ ഇന്നും പത്രപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായി നില്‍ക്കുന്ന പുസ്തകമാണ് ‘ വ്യത്താന്തപത്രപ്രവര്‍ത്തനം ’ ഇതേ പറ്റി പ്രമുഖ പത്രാധിപരും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പി. ഗോവിന്ദപിള്ള ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്: ‘‘ ഒന്നാം ലോക മഹായുദ്ധത്തിനുശേഷം സ്വാതന്ത്ര സമരം വ്യാപകമാവുകയും സാധാരണ കര്‍ഷകരും തൊഴിലാളികളും അതില്‍ പങ്കാളിയാവുകയും അങ്ങനെ സമാന്യ ജനങ്ങള്‍ക്കിടയില്‍ ഉന്മേഷജനകമായ രാഷ്ട്രീയ ബോധം പടരുകയും ചെയ്ത 1920 കളില്‍ മാത്രമാണ് നമ്മുടെ കാലികങ്ങള്‍ ദിനപത്രങ്ങളാകാന്‍ തുടങ്ങിയത്, അതിനര്‍ത്ഥം, 1911 ല്‍ വ്യത്താന്തപത്രപ്രവര്‍ത്തനം എഴുതുമ്പോള്‍ മാത്രമല്ല അഞ്ച് വര്‍ഷം കഴിഞ്ഞ് 1916 രാമകൃഷ്ണപിള്ള നിര്യാതനാകുമ്പോള്‍ പോലും മലയാള പത്രപ്രവര്‍ത്തനം ശൈശവ ദശയില്‍ ആയിരുന്നുവെന്നാണ്. രാമകൃഷ്ണപിള്ള പത്രാധപത്യം വഹിച്ചിരുന്ന പ്രസിദ്ധീകരണങ്ങള്‍ മാസികളോ വാരികകളോ മാത്രമായിരുന്നു. മലയാള പത്രാധിപ കുലശ്രേഷ്ഠനായി ശരിയായി തന്നെ നാം കരുതുന്ന രാമകൃഷ്ണപിള്ളയുടെ പത്രാധപത്യം അനുഭവം പോലും പരിമിതമായിരുന്നു. എന്നിട്ടും ഈ പരിമിതികള്‍ക്ക് അകത്ത് നിന്ന് കൊണ്ട് സുമാര്‍ 100 വര്‍ഷം എഴുതിയ വ്യത്താന്ത പത്രപ്രവര്‍ത്തനം ഇന്നും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്നത് രാമകൃഷ്ണപിള്ളയെ പോലെയുള്ള ഒരാള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ് ’ ( നാടുകടത്തല്‍ ശതാബ്ദി പതിപ്പ് വാള്യം മൂന്ന് )

പത്രമുടമസ്ഥനും പത്രാധിപരും തമ്മിലുള്ള ബന്ധത്തിന്റെ മാതൃക

1878 മെയ്യ് 25 ന് നെയ്യാറ്റിന്‍ കരയില്‍ ജനിച്ച് 1916 മാര്‍ച്ച് 28 ന് കണ്ണൂരില്‍ വച്ച് 38-ാം വയസ്സില്‍ അന്തരിച്ച കെ. രാമകൃഷ്ണപിള്ള കേരളത്തിലെ പത്രരംഗത്ത് കൊടുങ്കാറ്റ് ശ്രഷ്ഠിച്ച വിപ്ലവകാരിയായിരുന്നു. തിരുവനന്തപുരം മഹാരാജസ് കോളേജില്‍ പഠിച്ച് 21 -ാം വയസ്സില്‍ ‘ കേരള ധര്‍പണം ’ എന്ന പത്രത്തിന്റ എഡിറ്ററായി മാറിയ രാമകൃഷ്ണപിള്ള രാജഭരണത്തിന്റെയും ഉദ്യോഗവ്യന്തത്തിന്റെയും അഴിമതിയും സ്വജനപക്ഷപാതവും മാത്രമല്ല. സാമൂഹിക തന്മകള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തൂലിക പടവാളാക്കി മാറ്റി. പത്രമുടവസ്ഥന്‍മാരുടെ വിയോജിപ്പ് കാരണം പല പത്രങ്ങളില്‍ നിന്നും സ്ഥാനം ഒഴിയേണ്ടിവന്നു. 1906 ജനുവരി 17 നാണ് രാമകൃഷ്ണപിള്ള ‘ സ്വദേശാഭിമാനി ’ പത്രത്തിന്റെ മുഖ്യപത്രാധിപര്‍ ആയത്. ധനാഢ്യനും, മുസ്ലീം സമുദായത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അഗ്രഗണ്യനിരയില്‍പെട്ട മഹാനുമായ വക്കം മുഹമ്മദ് അബ്ദുള്‍ ഖാദര്‍ മൗലവി ( 1874-1932) ആയിരുന്നു സ്വദേശാഭിമാനിയുടെ ഉടമസ്ഥന്‍. അദ്ദേഹം ഒരിക്കലും പത്രാധിപരുടെ സ്വാതന്ത്രത്തില്‍ കൈ കടത്തിയില്ല. സാമൂഹിക നന്മക്കുവേണ്ടി രാമകൃഷ്ണപിള്ളയ്ക്ക് ഇഷ്ടം പോലെ പത്രം ഉപയോഗച്ചുകൊള്ളാന്‍ മൗലവി അനുവാദം നല്‍കി.

രാജകീയ സര്‍ക്കാരിനും ദിവാനുമെല്ലാം എതിരായി മുഖപ്രസംഗങ്ങളും വാര്‍ത്തകളും വന്നപ്പോള്‍ മൗലവിയുടെ ബന്ധുക്കള്‍ പോലും ഭയപ്പെട്ടു. പക്ഷെ അതെല്ലാം രാമകൃഷ്ണപിള്ളയുടെ ഇഷ്ടം പോലെ എഴുതട്ടെ എന്ന നയമാണ് മൗലവി സ്വീകരിച്ചത്. 1906 മുതലുള്ള 4 വര്‍ഷകാലം മലയാള പത്രപ്രവര്‍ത്തനരംഗത്ത് ദേശാഭിമാനി കൊടുങ്കാറ്റ് സൃഷ്ടിച്ചു. രാജഭരണത്തിലെ തിന്മകളെയും ഉദ്യോഗസ്ഥന്മാരുടെ അഴിമതികളേയും, സദാചാര്യ തകര്‍ച്ചയും എല്ലാം ദേശാഭിമാനി വഴി ജനങ്ങള്‍ അറിഞ്ഞു. ‘ തിരുവായ്ക്ക് എതിര്‍വാ ഇല്ല ’ യെന്ന് കരുതിയിരുന്ന ആ കാലത്ത് രാജഭരണത്തിലെ യഥാര്‍ത്ഥ സ്ഥിതി പുറത്ത് വന്നത് അധികാര കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചു. ദിവാന്‍ പി. രാജഗോപാലാചാരിയും ഉദ്യേഗസ്ഥന്‍മാരും നടത്തിയ സദാചാരവിരുദ്ധനടപടികള്‍ ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം കൂടിയായപ്പോള്‍ രാമകൃഷ്ണപിള്ളയെയും മൗലവിയേയും പാട്ടിലാക്കാനുള്ള ശ്രമം നടന്നു. അത് പരാജയപ്പെട്ടപ്പോഴാണ് ദിവാന്‍ രാജഗോപാലാചാരിയുടെ സമര്‍ദ്ദത്തിന് വഴങ്ങി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് രാമകൃഷ്ണപിള്ളയെ നാടുകടത്താനൂം സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടാനും 1910 സെപ്റ്റംബര്‍ 26 ന് വിളബരം പുറപ്പെടുവിച്ചത്.

അന്ന് രാത്രി പതിനൊന്ന് മണിക്ക് ഒരു ജഡുക വണ്ടിയില്‍ പോലീസ് അകമ്പടിയോടെ പാളയം പോലീസ് സ്റ്റേഷനില്‍ നിന്നാണ് നാടുകടത്താന്‍ കൊണ്ടുപോയത്. നെയ്യാറ്റിന്‍ കരവഴിയായിരുന്നു യാത്ര. നെയ്യാറ്റിന്‍കരയില്‍ നിന്നും കാളവണ്ടിയില്‍ കയറ്റ ആരുവാമൊഴിയാണ് നാടുകടത്തിയത്. പിന്നീട് തിരുനല്‍വേലി, പാലക്കാട് മദ്രാസ് എന്നിവിടങ്ങളിലാണ് പിള്ള ജീവിച്ചത്. നാടുകടത്തലിനെ പറ്റി അദ്ദേഹം തന്നെ എഴുതിയ എന്റെ നാടുകടത്തല്‍ എന്ന പുസ്തകത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം. അത് പോലെ ഭാര്യ കല്യാണിയമ്മ എഴുതിയ ‘ വ്യാഴവട്ട സ്മരണകള്‍ ’ എന്ന പുസ്തകവും നാടുകടത്തലിനെയും അതിനുശേഷമുള്ള കാലത്തേയും വിവരിക്കുന്നു. മലബാറില്‍ നിന്നും രാമകൃഷ്ണപിള്ളയ്ക്ക് സഹായം ലഭിച്ചു. പ്രത്യേകിച്ച് പാലക്കാട് വെച്ച് ആരോഗ്യം തകര്‍ന്നും ദാരിദ്രത്തിലാണ്ടും കഴിഞ്ഞ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഒരു ദത്ത മാതാവിനെ കിട്ടി. അത് തരവത്ത് അമ്മളുഅമ്മയാണ്. എഴുത്തുക്കാരികൂടിയായ അമ്മാളുഅമ്മ, അബ്രാഹ്മണപ്രസ്ഥാന നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ടി.എം. നായരുടെ സഹോദരിയാണ്. കേസ് നടത്തലും പത്രപ്രവര്‍ത്തനവും സാഹിത്യരചനയുമായി രാമകൃഷ്ണപിള്ള മലബാറില്‍ കഴിച്ച് കൂട്ടി. മാപ്പുപറഞ്ഞാല്‍ തിരുവിതാംകൂറിലേക്ക് തിരിച്ചുവരാന്‍ ഏര്‍പ്പാടുണ്ടാക്കാമെന്നും പ്രസ്സ് തിരിച്ചു നല്‍കാമെന്നും ദൂതന്മാര്‍ രാമകൃഷ്ണപിള്ളയെ അറിയിച്ചു. പക്ഷെ തിരുവിതാംകൂറുമായിട്ടുള്ള എല്ലാ ബന്ധങ്ങളും താന്‍ അവസാനിപ്പിച്ചുവെന്നും തന്റെ മക്കള്‍ പോലും ആ സര്‍ക്കാരിന്റെ സഹായം സ്വീകരിക്കരുതെന്നുമായിരുന്നു രാമകൃഷ്ണപിള്ളയുടെ മറുപടി.

‘ എന്റെ പത്രാധിപര്‍ ഇല്ലാത്ത പ്രസ്സ് എനിക്കെന്തിന് ’ എന്നായിരുന്നു പ്രസ് ഉടമസ്ഥന്‍ മൗലവിയുടെ ഉത്തരവ്. ഉത്തരം അവര്‍ രണ്ടുപേരും ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിച്ചും. ചില സ്‌നേഹിതന്മാര്‍ചേര്‍ന്ന് കൊടുങ്ങലൂരില്‍ അതിന് കളമൊരുക്കി. തിരുവിതാംകൂര്‍ മണില്‍ സ്പര്‍ശിക്കാതെയാണ് രാമകൃഷ്ണപിള്ളയെത്തിയത്. അവരുടെ കൂടി കാഴ്ച വികാര നിര്‍ഭരമായിരുന്നു. ഭാര്യ കല്ല്യാണിയമ്മയുടെ ജോലിയെ തുടര്‍ന്നാണ് രാമകൃഷ്ണപിള്ള കണ്ണൂരിലേക്ക് താമസം മാറ്റിയത്. അവിടെ വച്ചാണ് ക്ഷയരോഗം മൂര്‍ച്ഛിച്ച് 1916 മാര്‍ച്ച് 28 ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അവിടെ പയ്യാമ്പലം കടപുറത്തായിരുന്നു അന്ത്യകര്‍മ്മം നടന്നത്. സ്വതന്ത്രലബ്ദിക്കുശേഷം കണ്ണൂരില്‍ നിന്നും അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടത്തിന്റെ ഒരു ഭാഗം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുവെങ്കിലും ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം അതിന്റെ സ്ഥാപിക്കല്‍ നീണ്ടു 1957 ഓഗസ്റ്റ് 13 ന് ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ഭൗതിക അവശിഷ്ടത്തിന് മുകളിലുള്ള പ്രതിമ ഏ.ജീസ് ഓഫീസ് പരിസരത്ത് അനാച്ഛാദനം ചെയ്തു. റോഡ് വീതി കൂട്ടിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇടപ്പെട്ട് പ്രതിമ 2016 ല്‍ പാളയത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

(Email. msgktvm @gmail.com)

Mobile. 9446503503

Malayankil Gopalakrishnan

Wayanadu House,

CRA( 85 ) ,

Vallakadavu.P.O.

Thiruvananthapuram – 695008