Kerala Union of Working Journalists

സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി: കെ.യു.ഡബ്ല്യു.ജെ. പ്രതിഷേധിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ്‌ന്യൂസ്‌ കോ-ഓര്‍ഡിനേറ്റിങ്‌ എഡിറ്ററും കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയുമായ സിന്ധു സൂര്യകുമാറിനെതിരെ അസഹിഷ്‌ണുതയുടെ ഇരുള്‍മനസ്സുള്ളവര്‍ നടത്തിയ വധഭീഷണിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തിയായി അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന ഇത്തരം ഭീഷണികളെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകസമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന്‌ സംസ്ഥാന പ്രസിഡണ്ട്‌ പി.എ. അബ്ദുള്‍ഗഫൂര്‍,ജനറല്‍സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന്‌ കണ്ടെത്തി അറസ്റ്റ്‌ ചെയ്യണമെന്നും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

hqdefaultസമൂഹത്തിന്റെ ഭാഗമായ എല്ലാതരം വാര്‍ത്തകളും അവതരിപ്പിക്കേണ്ടതും വിശകലനം ചെയ്യെണ്ടതും മാധ്യമപ്രവര്‍ത്തകരുടെ പ്രാഥമിക ധര്‍മമാണ്‌. അതില്‍ പലര്‍ക്കും ഇഷ്ടമില്ലാത്ത വാര്‍ത്തയും ഇഷ്ടമായ വാര്‍ത്തയും ഉണ്ടാവും. വാര്‍ത്തയും വിശകലനവും അനുകൂലമല്ലെങ്കില്‍ ഉടനെ വധിച്ചുകളയുമെന്ന്‌ തീരുമാനിക്കുകയാണെങ്കില്‍ അത്‌ ഭീരുത്വമാണ്‌. സംവാദങ്ങളുടെ തലത്തില്‍ ആയുധപ്രയോഗഭീഷണി കടന്നുവരുന്നത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിനോ ജനാധിപത്യത്തിനോ ആശാസ്യമല്ല. വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ നടക്കുന്ന സംവാദത്തെ ഇത്ര അസഹിഷ്‌ണുതയോടെ കാണുന്നുണ്ടങ്കില്‍ നാളെ വാര്‍ത്തയേ പറ്റില്ല എന്ന നിലപാടുമായി വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഇത്‌ ഒററക്കെട്ടായി ചെറുക്കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തക സമൂഹവും രാഷ്ട്രീയനേതൃത്വങ്ങളും തയ്യാറാകണം. അസഹിഷ്‌ണുതക്കെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരണം.-പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത്‌ തിങ്കളാഴ്‌ച പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാന്‍ കെ.യു.ഡബ്ല്യു.ജെ തീരുമാനിച്ചു.