Kerala Union of Working Journalists

കേരള ഹൈക്കോടതിയില്‍ സംഭവിച്ചത്

സി.നാരായണന്‍
——————————————–

കേരളത്തിലെ പതിനേഴ് പ്രമുഖ മാധ്യമങ്ങളെയും കേരള പത്രപ്രവര്‍ത്തക യൂണിയനെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അേേസാസിയേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു എന്നതാണ് വക്കീലന്‍മാര്‍ സൃഷ്ടിച്ചിരിക്കുന്ന പുതിയ വാര്‍ത്ത. അഭിഭാഷകരുടെ യശസ്സിനും പ്രതിച്ഛായക്കും കേടു വരുത്തി എന്നതാണ് ഇത്രയും ഭീമമായ മാനനഷ്ടത്തുക ഈടാക്കാന്‍ വക്കീല്‍ അസോസിയേഷനെ പ്രേരിപ്പിക്കുന്നത് എന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന ഗവ. പ്ലീഡറുടെ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്േദശങ്ങള്‍ക്ക് എതിരാണത്രേ. കോടതിക്കു പുറത്ത് പരസ്യമായി സംഭവിച്ച മാനഭംഗശ്രമത്തില്‍ ഒരു സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിയാക്കപ്പെട്ട കാര്യം വസ്തുതാപരമായി റിപ്പോര്‍ട്ടു ചെയ്തതാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരായി തീര്‍ന്നത്. എന്നാല്‍ ഈ കേസില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. തള്ളിക്കളയാന്‍ കേരളഹൈക്കോടതി പോലും വിസമ്മതിക്കുകയുണ്ടായി എന്ന വസ്തുത അനിഷ്ടകരമായ സത്യമായി നില്‍ക്കുകയും ചെയ്യുന്നു. അവരവര്‍ക്ക് അനുകൂലമായത് മാത്രം പുറത്തു പറയുകയും വിപരീതമാകുന്നതിനെ മറച്ചുവെക്കുകയും ചെയ്യുന്ന പതിവ് എല്ലാ തര്‍ക്കങ്ങളിലും പതിവാണല്ലോ.

കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷനില്‍ ചേരിതിരിവ് എന്ന വാര്‍ത്ത വന്നതാണ് പ്രകോപനങ്ങളുടെ തുടക്കം. പക്ഷേ ഈയൊരു വാര്‍ത്ത വരാനിടയായത് എന്തു കൊണ്ട് എന്ന് അഭിഭാഷകര്‍ ഓര്‍ക്കുന്നുവോ. ജൂലായ് 14 ന് കൊച്ചി നഗരത്തില്‍ ഒരു സ്ത്രീയെ പരസ്യമായി ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ പ്രതിയായ ഗവ. പ്ലീഡറെ രക്ഷിക്കാനും, ആ കേസ് രജിസ്റ്റര്‍ ചെയ്ത സബ്ബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനുമുള്ള ശ്രമമാണ് അഡ്വക്കറ്റുമാരില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കിയത് എന്ന കാര്യവും വക്കീലന്‍മാര്‍ മിണ്ടില്ല. ഇതേ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ ഗവ.പ്ലീഡര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഹൈക്കോടതി തന്നെ തള്ളിയ കാര്യവും മിണ്ടില്ല. വക്കീലന്‍മാര്‍ നടത്താന്‍ നിശ്ചയിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താതിരിക്കാന്‍ കാരണം എന്താണ് എന്നതും വെളിപ്പെടുത്തില്ല.

ആരോപണ വിധേയനായ ഗവ. പ്ലീഡറെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കാര്യത്തില്‍ വക്കീല്‍ അസോസിയേഷനില്‍ അഭിപ്രായവ്യത്യാസം ഉണ്ട് എന്ന വാര്‍ത്ത എഴുതിയത് ഡെക്കാന്‍ ക്രോണിക്കിള്‍ എന്ന ഒരേയൊരു പത്രമാണ്. ഈ വാര്‍ത്ത ശരിയല്ലെന്ന് അസോസിയേഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന്, പ്രത്യേക പ്രാധാന്യത്തോടെ തിരുത്ത് പ്രസിദ്ധീകരിക്കാനും ആ പത്രം തയ്യാറായി. ഇത്രയും കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ എല്ലാം തീരേണ്ടതാണ്. എന്നാല്‍ എന്തിനാണ് ജൂലായ് 19ന് ഹൈക്കോടതിയിലെ 1-ഡി കോടതി മുറിയില്‍ നില്‍ക്കുകയായിരുന്ന ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പാര്‍ട്ടറെ ഒരു കൂട്ടം അഭിഭാഷകര്‍ ബലമായി പുറത്തേക്കു കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയത്. ഈ സംഭവത്തില്‍ വക്കീല്‍ അസോസിയേഷന്‍ ഭാരവാഹി വന്ന് റിപ്പോര്‍ട്ടറോട് ക്ഷമ ചോദിച്ചതിനു പിന്നാലെ എന്തിനാണ് വീണ്ടും അസഭ്യം പറച്ചിലും തുടര്‍ന്ന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ കയ്യേറ്റവും ഉണ്ടായത്. യഥാര്‍ഥ പ്രശ്‌നങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്.

ഗവ.പ്ലീഡര്‍ നല്‍കിയ സ്റ്റേ ഹര്‍ജി ഹൈക്കോടതി തള്ളിയപ്പോള്‍ എല്ലാ വാതിലുകളും അടഞ്ഞതായി തോന്നിയവര്‍ രോഷം തീര്‍ക്കാന്‍ സ്വീകരിച്ച മാര്‍ഗം ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിര കയറലായിരുന്നു. ഇത് ഒഴിവാക്കിയിരുന്നെങ്കില്‍ ഹൈക്കോടതിക്കകത്തും പുറത്തും പിന്നീട് നടന്ന അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല.

ആഗസ്റ്റ് 20നും ഹൈക്കോടതിക്കകത്ത് അരുതാത്തത് നടന്നു. തലേന്ന് തങ്ങള്‍ കയ്യേറ്റം ചെയ്യപ്പെട്ടതിനെ സംബന്ധിച്ച് ഹൈക്കോടതി മുഖ്യ ന്യായാധിപനും രജിസ്റ്റ്ട്രാര്‍ ജനറലിനും പരാതി നല്‍കിയ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിറ്റേന്ന് നേരിടേണ്ടി വന്നത് വളരെ ദയനീയമായ സാഹചര്യമായിരുന്നു. പ്രമുഖരായ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട മനുഷ്യത്വഹീനമായ നടപടികള്‍ മാത്രം നോക്കാം. മീഡിയ മുറിയില്‍ ഇരിക്കുകയായിരുന്ന അവരെ ഒരു സംഘം വക്കീലന്‍മാര്‍ അട്ടഹസിച്ചു വന്ന് തള്ളിപ്പുറത്താക്കി. മുറിയിലെ കസേരകളും മറ്റും തട്ടിയെറിഞ്ഞ് ബഹളമുണ്ടാക്കി. നിര്‍ബന്ധപൂര്‍വ്വം മീഡിയ റൂം പൂട്ടി. സംഗതി പന്തിയല്ലെന്നു കണ്ട് നാലാംനിലയിലെ കോടതി മുറിയിലേക്ക് പോകാനായി ലിഫ്റ്റിനടുത്തെത്തിയ വനിതകളെ പിറകെയെത്തിയ വക്കീലന്‍മാര്‍ തള്ളിപ്പുറത്താക്കി. പരസ്പരം കൈപിടിച്ചു നിന്ന വനിതകളുടെ കരവലയം ഭേദിച്ച് ഒരു അഭിഭാഷകന്‍ കയ്യേറ്റം ചെയ്തു.
മൂന്നു വനിതകളില്‍ ഒരാള്‍ അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട വ്യക്തിയായിരുന്നു. വളരെ സീനിയര്‍ മാധ്യമപ്രവര്‍ത്തകയും കോടതി റിപ്പോര്‍ട്ടിങില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയുമാണിവര്‍. ഇവരെ പിടിച്ചു തള്ളിയപ്പോള്‍ ഒരു തൂണില്‍ ചാരാന്‍ കഴിഞ്ഞതു കൊണ്ടുമാത്രമാണ് ഇവര്‍ വീഴാതെ രക്ഷപ്പെട്ടത്. ലിഫ്റ്റില്‍ കയറിയാല്‍ ചവിട്ടിക്കൊല്ലുമെന്നു പോലും ഭീഷണിയുണ്ടായി. ഗത്യന്തരമില്ലാതെ, ഈ വനിതകള്‍ ഉദ്വേഗവും സങ്കടവും മനസ്സിനെ ദുര്‍ബ്ബലപ്പെടുത്തിയ ആ സാഹചര്യത്തിലും ആപല്‍രക്ഷ മാത്രം കരുതി കഷ്ടപ്പെട്ട് കോണിപ്പടി കയറി രജിസ്ട്രാര്‍ ജനറലിന്റെ മുറിയില്‍ അഭയം പ്രാപിച്ചു. പൊലീസുകാരുടെ സഹായത്തോടെയായിരുന്നു ഇത്. അവിടെ നിന്ന് അവര്‍ക്ക് വൈകീട്ട് വരെ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. മുറിക്കു പുറത്ത് കുടിവെള്ളം വെച്ചിരുന്ന ഇടത്തേക്കോ ടോയ്‌ലെറ്റിലേക്കോ പോകാന്‍ പോലും അവര്‍ പേടിച്ചിരുന്നു. വൈകീട്ട് പൊലീസ് അകമ്പടിയോടെ ഹൈക്കോടതിയുടെ പിറകിലെ ഗേറ്റിലൂടെ ഓട്ടോറിക്ഷ വരുത്തിയാണ് ഈ വനിതകള്‍ പുറത്തെത്തിയത്. ഇതൊന്നും ഞാന്‍ വെറുതെ എഴുതിയതല്ല, ഇവര്‍ ഔദ്യോഗികമായി പൊലീസിനും ഹൈക്കോടതിക്കും എഴുതി നല്‍കിയ പരാതിയില്‍ വിവരിച്ചതിന്റെ ചുരുക്കം മാത്രമാണ്. നടന്നു കയറാന്‍ വിഷമമുള്ള സഹപ്രവര്‍ത്തകയെയും കൊണ്ട് കോണിപ്പടി കയറുമ്പോള്‍ അനുഭവിച്ചിരുന്ന അനാഥത്വവും മാനസിക സംഘര്‍ഷവും മറ്റു രണ്ടു സഹപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നുമുണ്ട്. ഇതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ മിസ്റ്റര്‍ ജഗന്‍ ജോര്‍ജ്ജ്.
ജൂലായ് 19നും 20നും ഹൈക്കോടതി കെട്ടിടത്തിനകത്തും കോമ്പൗണ്ടിലും നടന്ന കയ്യേററങ്ങളും അക്രമങ്ങളുമാണ് എല്ലാ സംഭവങ്ങളുടെയും മൂലകാരണം. ഈ സംഗതികളൊന്നും മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാക്കിയതുമല്ല. ഹൈക്കോടതിയില്‍ വാര്‍ത്താ റിപ്പോര്‍ട്ടിങിനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ പരമാവധി പതിനഞ്ചു പേരും അവിടെയുള്ള വക്കീലന്‍മാരുടെ എണ്ണം അതിന്റെ നൂറിലേറെ മടങ്ങുമാണ് എന്ന കാര്യം ഓര്‍ത്താല്‍ അന്തരീക്ഷം പിടി കിട്ടും. ഹൈക്കോടതിക്കകത്ത് നീതിയുടെ എല്ലാ മൂല്യങ്ങളെയും പരിഹാസ്യമാക്കുംവിധം പെരുമാറാന്‍ കുറേ അഭിഭാഷകര്‍ക്ക് കഴിഞ്ഞത് എന്തു കൊണ്ടാണ്. വേലി തന്നെ വിള തിന്നുന്ന അനുഭവമാണത്. ഹൈക്കോടതി അനുവദിച്ച മീഡിയ മുറി പൂട്ടിയിടേണ്ടത് അഭിഭാഷകരാണോ. അത് വേണമെങ്കില്‍ ചെയ്യേണ്ടത് മുന്‍കൂട്ടി അറിയിച്ചു കൊണ്ട് ഹൈക്കോടതി തന്നെയായിരുന്നില്ലേ. അങ്ങനെ ഒരു തീരുമാനം ഉണ്ടായതായി മാധ്യമപ്രവര്‍ത്തകര്‍ എന്തായാലും അറിയില്ല. എന്നു മാത്രമല്ല, മുറി തുറന്നു കൊടുക്കാറുള്ളത് ഹൈക്കോടതി ജീവനക്കാരാണെങ്കില്‍ അത് പൂട്ടാനുള്ള തീരുമാനം രജിസ്ട്രാര്‍ ജനറല്‍ നടപ്പാക്കിക്കേണ്ടതും ജീവനക്കാരിലൂടെ തന്നെയല്ലേ. ഇവിടെ ഒരു സംഘം വക്കീലന്‍മാര്‍ വന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് അസഭ്യം പറഞ്ഞ് തള്ളിപ്പുറത്താക്കി മീഡിയ മുറി പൂട്ടിയത് ചട്ടങ്ങള്‍ അനുസരിച്ചാണോ. മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ വിലക്കാമെന്ന് രജിസ്ട്രാര്‍ ഉറപ്പു കൊടുത്തതായി ജഗന്‍ ജോര്‍ജ് പറയുന്നത് യഥാര്‍ഥമല്ല. അങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടില്ല. ഹൈക്കോടതി കെട്ടിടത്തിലും വളപ്പിലും നടന്ന സംഭവങ്ങളെല്ലാം അവിടെമ്പാടുമുള്ള സി.സി.ടിവി.യില്‍ പതിഞ്ഞിട്ടുണ്ടാവുമല്ലോ. അത് പരിശോധിക്കാന്‍ മുഖ്യന്യായാധിപന്‍ തയ്യാറാവണം.
ഇനി ഹൈക്കോടതിക്കു പുറത്തു നടന്ന സംഭവങ്ങള്‍. രണ്ടു കൈയ്യും തട്ടിയാലേ ഒച്ച ഉണ്ടാവൂ എന്നും രണ്ട് കല്ലുകള്‍ കൂട്ടി ഉരച്ചാലേ തീപ്പൊരി ഉണ്ടാവുള്ളൂ എന്നും പറയാവുന്നതു പോലെ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടപെടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇരുപത്തഞ്ചോളം മാത്രം വരുന്ന മാധ്യമപ്രവര്‍ത്തകരും നൂറുകണക്കിനായ അഭിഭാഷകരും മുഖാമുഖം നില്‍ക്കുമ്പോള്‍ ആ ബലാബലത്തില്‍ എന്തു സംഭവിക്കും എന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ നാണയമെറിഞ്ഞും അസഭ്യം പറഞ്ഞും, കുത്തിയിരുന്നവരുടെ ഇടയിലേക്ക് ഇരുചക്രവാഹനം ഓടിച്ചു കൊണ്ടുവന്നും പ്രകോപനം സൃഷ്ടിച്ച അഭിഭാഷകരുടെ പങ്ക് വളരെ വലുതാണ്. പരിക്കേറ്റവരും ആശുപത്രിയിലായവരും ഇരു പക്ഷത്തുമുണ്ട് എന്നതാണ് സത്യം. കോട്ടിട്ടു കൊണ്ട് അഭിഭാഷകര്‍ അക്രമം കാണിക്കുന്നതിന്റെ എത്ര ദൃശ്യങ്ങള്‍ വേണമെങ്കിലും ഉണ്ട്. ഇത് അവരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. അവരെടുക്കുന്ന പ്രതിജ്ഞയുടെ ലംഘനമാണ്.
പരിക്കേറ്റ അഭിഭാഷകരുടെ കാര്യം വിവരിക്കുമ്പോള്‍ ഒപ്പം ഓര്‍ക്കേണ്ട ഒരു പേരു കൂടി പറയാം. തിരുവനന്തപുരത്തെ കേരളകൗമുദിയിലെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ രജീവ് കുമാര്‍. ഒരു മാസം അദ്ദേഹം കിടന്ന കിടപ്പിലായിരുന്നു. വഞ്ചിയൂര്‍ കോടതി വളപ്പില്‍ നിന്നും പാഞ്ഞു വന്ന ഒരു ഇഷ്ടികയുടെ ഏറ് ഏറ്റ് അദ്ദേഹത്തിന്റെ തലയോട്ടിയില്‍ പൊട്ടല്‍ വീണു. കഴുത്തനക്കാതെ, ഖര ആഹാരം കഴിക്കാന്‍ താടിയെല്ലു പോലും അനക്കാനോ പോലും കഴിയാതെ അദ്ദേഹം ഒരു മാസം കഴിഞ്ഞു. ഈ മാരക പരിക്കിന്റെ ഉത്തരവാദത്വം ആരുടെ അക്കൗണ്ടാലാണ് ചേര്‍ക്കേണ്ടത്. ഈ ചിത്രവും ഒരു മാധ്യമത്തിലും വന്നിട്ടില്ല. അടിവയറ്റില്‍ ചവിട്ടേറ്റ് മൂത്രത്തിലൂടെ രക്തം പോയ മാധ്യമപ്രവര്‍ത്തകനും കൊച്ചിയിലുണ്ട്. ഹൈക്കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പിറ്റേന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ സംഘര്‍ഷമുണ്ടാക്കിയത് എങ്ങിനെയാണ്. അഭിഭാഷകര്‍ എടുത്തു പറയുന്ന ഒരു സംഗതി ഒരു വനിതാ അഭിഭാഷകയ്ക്ക് പരിക്കേറ്റത് പത്രത്തില്‍ വന്നില്ല എന്നതാണ്. എങ്ങിനെയാണ് അവര്‍ക്ക് പരിക്കേറ്റത് എന്ന് കൂടി സമൂഹം അറിയേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകരുമായി ഹൃദ്യമായ ബന്ധം ഉണ്ടായിരുന്ന ഈ അഭിഭാഷക സംഘര്‍ഷം ഇല്ലാതാക്കാനായി മാധ്യമപ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ അവര്‍ കൂടി നില്‍ക്കുന്ന ഭാഗത്തേക്ക് വന്നപ്പോള്‍ എതിര്‍ ഭാഗത്തു നിന്നും വന്ന ഏറ് ഏറ്റാണ് അവര്‍ക്ക് മുറിവേറ്റത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കോടതി വളപ്പില്‍ നിന്ന് ബിയര്‍കുപ്പികളും ഇഷ്ടികകളും പത്രക്കാരുടെ നേര്‍ക്ക് പറന്നു വന്നത് ആരുടെ ഭാഗത്തു നിന്നാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ കോടതികളിലും വക്കീലന്‍മാര്‍ സംഘടിതമായി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് ആരുടെ തീരുമാനപ്രകാരമാണ്. അത് ഏത് നീതി അനുസരിച്ചാണ്. തുറന്ന കോടതി എന്ന ഭരണഘടനാസിദ്ധമായ അവകാശം നിഷേധിക്കുന്നത് ആരാണ്. അതിന് ചൂട്ടുപിടിച്ചു നില്‍ക്കുന്നവര്‍ ആരാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭരണകൂടത്തിന്റെ ഒരു ഔദാര്യവും ആവശ്യമില്ല. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ജനാധിപത്യസമൂഹം നല്‍കുന്ന ഒരുള്‍ക്കരുത്തും സ്വയം രൂപപ്പെടുത്തിയ ഒരു സ്വത്വസംവിധാനവും ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്ന പൗരാവകാശങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ക്കവകാശമുണ്ട്. അതാണിപ്പോള്‍ നിഷേധിക്കപ്പെടുന്നത്. അതും നീതിന്യായസംവിധാനത്തിന്റെ വക്താക്കളില്‍ നിന്നു തന്നെ. ഹൈക്കോടതിക്കു പുറത്ത് തെരുവില്‍ നടന്ന സംഘര്‍ഷങ്ങള്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിനായി ജുഡീഷ്യല്‍ അന്വേഷണവും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അകത്തെത് അന്വേഷിക്കാന്‍ അധികാരം മുഖ്യ ന്യായാധിപനാണ്. എങ്കില്‍, ജൂലായ് 19,20 തീയതികളില്‍ ഹൈക്കോടതിക്കകത്ത് നടന്ന സംഭവങ്ങളില്‍ ചീഫ് ജസ്റ്റിസ് കൃത്യമായ അന്വേഷണം നടത്തണം. പുറത്തെ സംഘര്‍ഷങ്ങളുടെയെല്ലാം മൂലകാരണം(route couse) അതാണ് ആദ്യം അന്വേഷിക്കേണ്ടത്. ഇതാണ് മാധ്യമപ്രവര്‍ത്തക സമൂഹത്തിന്റെ ആവശ്യം. മരത്തിന്റെ വേരിലുള്ള ചിതലിനെ കാണാതെ ഇലകള്‍ വാടിയതിനെക്കുറിച്ച് മാത്രം നടത്തുന്ന അന്വേഷണം പ്രഹസനം മാത്രമായിരിക്കും.
ജഗന്‍ ജോര്‍ജ്ജിനെപ്പോലുള്ള ചില അഭിഭാഷക സംഘടനാ നേതാക്കള്‍ ഹൈക്കോടതിക്കകത്ത് നടന്ന സംഭവങ്ങള്‍ സുന്ദരമായി മറച്ചുവെച്ച് ലേഖനമെഴുതുന്നു. അതിന്റെ കാരണവും വ്യക്തമാണ്. പക്ഷേ തല്‍സമയം തന്നെ ഇവര്‍ ഏകപക്ഷീയമായ, തെറ്റായ റിപ്പോര്‍ട്ടിങിനെപ്പറ്റി വിമര്‍ശിക്കുകയും ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകര്‍ തെറ്റു പറ്റാത്തവരാണ് എന്നൊന്നും വാദിക്കുകയല്ല. പക്ഷേ ‘ സര്‍ക്കാര്‍ അഭിഭാഷകനെതിരെയുണ്ടായ പരാതിയും അതില്‍ നിന്നുടലെടുത്ത സംഭവങ്ങളും നീതിപൂര്‍വ്വമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ’ എന്ന ആരോപണം അസ്ഥാനത്താണ്. സംഭവങ്ങളും വസ്തുതകളുമല്ലാതെ മറ്റൊരു കാര്യവും ആ കേസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതാണല്ലോ മാധ്യമധര്‍മവും. സര്‍ക്കാരിന്റെ പ്രതിനിധി കൂടിയായി പ്രവര്‍ത്തിക്കുന്ന ഒരഭിഭാഷകന്റെ മേലുണ്ടായ അതിഗുരുതരമായ ഒരു കേസ് സമൂഹത്തില്‍ നിന്നും മറച്ചു നിര്‍ത്തുന്ന തരം ‘നീതി’ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് മാധ്യമപ്രവര്‍ത്തനത്തിലെ നീതിയല്ല, അനീതിയാണ്. ‘ദൈവം തെറ്റു ചെയ്താലും ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്യും’ എന്ന് പറഞ്ഞ സ്വദേശാഭിമാനിയുടെതാണ് ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടരുന്ന അവസാനവാക്ക്.

————————————