Kerala Union of Working Journalists

കെ.യു.ഡബ്ല്യു.ജെ-കെ.എന്‍.ഇ.എഫ്. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു

കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന പ്രസിഡണ്ടായി കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടിനെയും സെക്രട്ടറിയായി കെ.യു.ഡബ്ല്യു.ജെ. ജനറല്‍ സെക്രട്ടറി സി.നാരായണനെയും തിരഞ്ഞെടുത്തു. കോട്ടയം പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ കെ.എന്‍.ഇ.എഫ്. പ്രസിഡണ്ട് ജെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ഇരു സംഘടനകളുടെയും സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.

മാധ്യമപ്രവര്‍ത്തനരംഗത്തെ പുത്തന്‍ അരക്ഷിതാവസ്ഥകളിലും അതിക്രമങ്ങളിലും വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന്് യോഗം അഭിപ്രായപ്പെട്ടു. മാധ്യമത്തൊഴില്‍ മേഖലയില്‍ മിനിമം വേതനം, പി.എഫ്. തുടങ്ങിയവയ്ക്കായി സര്‍ക്കാരുകള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കാനുള്ള ആവശ്യം ഉടനെ ഉയര്‍ത്തേണ്ടതുണ്ട്.

കെ.യു.ഡബ്ല്യു.ജെ. ജനറല്‍ സെക്രട്ടറി സി. നാരായണന്‍, പ്രസിഡണ്ട് പി.എ. അബ്ദുല്‍ ഗഫൂര്‍, വൈസ് പ്രസിഡണ്ടുമാരായ ആര്‍.ഗോപകുമാര്‍, ജാക്‌സണ്‍ ആറാട്ടുകുളം സംസ്ഥാന സെക്രട്ടറി കെ.ഡി. ഹരികുമാര്‍, കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, സംസ്ഥാന ഭാരവാഹികളായ എം.എന്‍.ശശീന്ദ്രന്‍, ഇ.വി.രവീന്ദ്രന്‍, എം.സി.ശിവകുമാര്‍, സി.ഇ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറി ഷാലു മാത്യു, പ്രസിഡണ്ട് എസ്. മനോജ് എന്നിവരും സംബന്ധിച്ചു.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്നിനകം ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ നിലവില്‍ വരും. വേജ്‌ബോര്‍ഡ് രൂപീകരിക്കുക, തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയ്‌ക്കെതിരെ സര്‍ക്കാര്‍ ഇടപെടുക, വര്‍ക്കിങ്‌ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതി വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 15-ന് സമാന സംഘടനകളുമായി യോജിച്ച് ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമായി മാര്‍ച്ച് 13-ന് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തും.