Kerala Union of Working Journalists

സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി : മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തെ ചെറുത്തു തോല്പിക്കുമെന്നും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന കൂട്ടായ്മ കുറ്റപ്പെടുത്തി. കേരള പത്രപ്രവര്‍ത്തക യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.

ഫെബ്രുവരി 26ന് സിന്ധു സൂര്യകുമാര്‍ നയിച്ച ന്യൂസ് അവര്‍ പ്രദര്‍ശിപ്പിച്ചായിരുന്നു കൂട്ടായ്മ തുടങ്ങിയത്.

IMG_8884ആരുടേയും വിശ്വാസത്തെ വ്രണപ്പെടുത്താതെ ചര്‍ച്ച നയിച്ച സിന്ധുവിനെതിരെ പരിപാടി കാണാത്തവരാണ് ആസൂത്രിതമായി പ്രചാരണം നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സിന്ധുവിനെതിരായ വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തലൂം ഒറ്റപ്പെട്ട സംഭവമായി കാണേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചരിത്രത്തെയും പുരാണകഥാപാത്രങ്ങളേയും തുല്യമായി അവതരിപ്പിക്കുന്നത് ചരിത്രത്തെ പുരാണാധിഷ്ഠിതമാക്കാനുള്ള ആര്‍ എസ് എസ് അജന്‍ഡയാണ്.വര്‍ഗീയവാദവും മതവും വിശ്വാസവും വൈരുധ്യമാണ്.വര്‍ഗീയവാദിക്ക് ഒരിക്കലും വിശ്വാസിയാകാന്‍ കഴിയില്ല. വിശ്വാസിക്ക് വര്‍ഗീയവാദിയാകാനും പറ്റില്ല. വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുന്നയാളാണ് വര്‍ഗീയവാദിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ മറവില്‍ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഐ നേതാവ് എം പി അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

IMG_8896സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഭയപ്പെടുത്തുന്നവരാണ് ഭീഷണിക്ക് പിന്നിലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി. ഗൗരീദാസന്‍നായരും എസ് ആര്‍ ശക്തിധരനും ഗീതാനസീറും പറഞ്ഞു. പരാതി നല്‍കിയിട്ടും പോലീസ് നടപടികള്‍ കണ്ണില്‍ പൊടിയിടുന്നതായി മാറിയെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. സി.റഹീം, ബി എസ് പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.

sindhu
ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ന്യൂസ് അവറില്‍ പങ്കെടുത്ത വിവി രാജേഷും ശ്രമിച്ചിരുന്നെങ്കില്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നമാണ് ഇങ്ങനെ വിവാദമായതെന്ന് സിന്ധു സൂര്യകുമാര്‍ പറഞ്ഞു.

കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.