Home > coverstory > ഒരു വാര്‍ത്താ താരത്തിന്റെ അപരാഹ്നത്തിലെ മരണം.

TN_Gopakumarഎല്ലാ കഥയും നീണ്ടു പോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു. അതു മാറ്റി നിറുത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനും അല്ല. അപരാഹ്നത്തിലെ മരണം എന്ന കൃതിയില്‍ ഏണസ്റ്റു ഹെമിംങ് വെ എഴുതിയത് ആണ് ഇത്. അതെ, അതാണ് സൃഷ്ടിയുടെ നിയമം, പ്രമാണം.

പക്ഷെ ജീവിതത്തിന്റെ അപരാഹ്നത്തില്‍ നടന്ന മരണം ഇവിടെ ഒരു പ്രതിഭയുടെ അസമയത്തുള്ള അസ്തമയം ആയിരുന്നു.

ഘനഗംഭീരവും പ്രപുര പ്രചാരവുമായ ഒരു മാധ്യമപേരോ (മാസ്റ്റ് ഹെഡ്), അല്ലെങ്കില്‍ വലിയ ഉദ്യോഗ ചിഹ്നമോ ( ഡെസിഗനേഷന്‍) മാത്രം നിങ്ങളെ മാധ്യമപ്രവര്‍ത്തകന്‍ ആക്കുന്നില്ല. അല്ലെങ്കില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ, ബിരുദാനന്തരബുരുദാനന്തര ബിരുദമോ ( (പി.എച്ച്.ഡി) ഒന്നും നിങ്ങളെ ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ ആക്കുകയില്ല.

ഒരു വ്യക്തിയെ ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ ആക്കുന്നത് ആ വ്യക്തിയുടെ സാമൂഹിക ബോധവും സാമൂഹിക പ്രതിബന്ധതയും ആണെന്ന് ഞാന്‍ പറയും. ഈ വക കാര്യങ്ങളിലുള്ള അടിയുറച്ച നിലപാടുമാണ്. ഇത് പത്ത് മുതല്‍ വൈകിട്ട് ആറ് മണിവരെ ഫയല്‍ അഴിച്ചും കെട്ടിയും സമയം കളയുന്ന സര്‍ക്കാര്‍ ജോലിയല്ല. ഈ ജോലിചെയ്യുവാന്‍ ഒരു തരം ക്രോധാവേശം ആവിശ്യമാണ്. ഇംഗ്ലീഷിലെ ഒരു ചൊല്ല് കടം എടുത്താല്‍ അടിവയറ്റില്‍ അഗ്നിയില്ലാത്തവന്‍ ഈ പണിക്ക് വരരുത്. അത് ഇല്ലാത്തവര്‍ നല്ല നല്ല കമ്പനികളില്‍ ഉദ്യോഗ ശ്രേഷ്ഠന്മാരായി പോകണം. നല്ല ശമ്പളവും നല്ല ജീവിതസൗകര്യങ്ങളും കരസ്ഥമാക്കണം.
മാധ്യമ പ്രവര്‍ത്തനം പണ്ടികശാലയിലെ ഗുമസ്തപണിയല്ല. മാധ്യമപ്രവര്‍ത്തകന്‍ മഹത്വവല്‍ക്കരിക്കപ്പെട്ട ചുരുക്കെഴുത്തുക്കാരനോ ഗുമസ്തനോ അല്ല. ഭാഷാ സ്വാധീനം മാത്രവും ഒരു വ്യക്തിയെ നല്ല മാധ്യമ പ്രവര്‍ത്തകനാക്കുന്നില്ല.

ഈ ജനുവരി 30 ന് വെളുപ്പിന് 3.50 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ 3 വര്‍ഷത്തിലേറെ രോഗവുമായി മല്ലിട്ട് മരിച്ച എന്റെ സുഹൃത്ത് ടി.എന്‍. ഗോപകുമാര്‍ എന്ന ഗോപന്‍ ( ഏഷ്യാനെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ടി.എന്‍.ജി) തികച്ചും വ്യത്യസ്തനായ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു. ദൃശ്യ-അച്ചടി മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവന മാധ്യമപ്രവര്‍ത്തകന്‍ എന്ന രീതിയിലുള്ള സാമൂഹിക പ്രതിബന്ധത, പിന്നെ വ്യക്തി ബന്ധത്തിലൂടെയുള്ള മാധ്യമ ഉള്‍ക്കാഴ്ച ഇവ വളരെ പ്രധാനവും പരാമര്‍ശിക്കപ്പെടേണ്ടതും ആണ്.

ഗോപന്‍ ജനകീയനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടിയെന്ന ദൃശ്യവാര്‍ത്താ പരമ്പര ഇതിന് ഉദാഹരണമാണ്. ഗോപന്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു, ഈ നാട് – ന്യൂസ് ടൈം ഗ്രൂപ്പില്‍. അതിന് മുന്‍പേ ഞങ്ങള്‍ തമ്മില്‍ അറിയുമായിരുന്നു. പ്രധാനമായും ബൈലനിയിലൂടെയും പിന്നെ ഇടക്കൊക്കെ ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ നേരിട്ട് കണ്ടും ഞങ്ങള്‍ കലാകൗമുദി എന്ന ആഴ്ചപതിപ്പില്‍ 1980 കളുടെ ആരംഭത്തിലും 1990 കളുടെ ആരംഭത്തിലും തുടര്‍ച്ചയായി എഴുതുമായിരുന്നു. ഗോപന്‍ അന്ന് മാതൃഭൂമി ബ്യൂറോയുടെ ഡല്‍ഹി ബ്യൂറോയില്‍ ലേഖകന്‍ ആയിരുന്നു. ഞാന്‍ ഖദറാസൂണിലും —–ഇംഗ്ലീഷ് പത്രങ്ങളുടെ ലേഖകനും. ഈ ബൈലൈന്‍ സൗഹൃദം ആണ്. 1986 ല്‍ ഇരുവരും ഈ നാട്- ന്യൂസ് ടൈമില്‍ ചേര്‍ന്നപ്പോള്‍ പടര്‍ന്ന് പന്തലിച്ചത്. ഞങ്ങള്‍ ഒരുമിച്ചാണ് ഈ മാധ്യമസ്ഥാപനത്തില്‍ ചേരുന്നത്. അദ്ദേഹം ഡല്‍ഹിയിലും ഞാന്‍ ഹൈദ്രാബാദിലും. അങ്ങനെയും ബൈലൈന്‍ സൗഹൃദം തുടര്‍ന്നു. 1989 ആയപ്പോഴേക്കും എനിക്ക് ഹൈദ്രാബാദും ആന്ധ്രാപ്രദേശും മടുത്തു. പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയില്‍ ഒഴുവന്നപ്പോള്‍ ചോദിച്ചുവാങ്ങിയ ഒരു സ്ഥലം മാറ്റവുമായി ഞാന്‍ ഡല്‍ഹിക്ക് വണ്ടി കയറി. കൃഷ്ണ ഗോദാവരിയുടെയും ഡക്കാണ്‍ സമതലത്തിന്റെയും സ്ഥലകാലങ്ങളില്‍ ഒട്ടേറെ ഓര്‍മ്മകള്‍ക്ക് വിട പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ എനിക്ക് പറയുവാനായി അധികം സുഹൃത്തുക്കള്‍ അന്ന് ഉണ്ടായിരുന്നില്ല. ഉള്ളവരില്‍ പ്രമുഖന്‍ പത്രപ്രവര്‍ത്തകനായ ഗോപന്‍ തന്നെയായിരുന്നു. അതിനാല്‍ ഗോപന് എഴുതി: ഞാന്‍ വരുന്നു. താമസിക്കുവാനുള്ള സ്ഥലം വേണം.

അതുപോലെ തന്നെ ഗോപന്‍ എനിക്ക് താമസസ്ഥലവും പറഞ്ഞ് വച്ചു. ഒരു ഞായറാഴ്ച ഡല്‍ഹിയിലെത്തി. തല്‍ക്കാല താമസം ആന്ധ്രാഭവനില്‍. ഉച്ചകഴിഞ്ഞ് റാഫിമാര്‍ഗ്ഗിലുള്ള ഇന്‍ഡ്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയിലെ അഞ്ചാം നമ്പര്‍ മുറിയിലെ ഈ നാട് – ന്യൂസ് ടൈം പത്രാഫീസിലെത്തി. ഞായറാഴ്ച ഗോപന്‍ ഡ്യൂട്ടിയിലാണെന്ന് പറഞ്ഞിരുന്നെങ്കിലും ആള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ടെലി പ്രിന്റര്‍ ഓപ്പറേറ്റര്‍ ( അന്ന് കമ്പ്യൂട്ടര്‍ ഒന്നും ഇല്ല. ടെലി പ്രിന്ററും ടൈപിസ്റ്റും മാത്രമേയുള്ളൂ) പറഞ്ഞു ഗോപന്‍ ഒരു പ്രസ്സ് കോണ്‍ഫറന്‍സിന് പോയിരിക്കുകയാണ്. ഉടന്‍ വരും. ഗോപന്‍ ഉടന്‍ തന്നെ വന്നു. എതിര്‍വശെയുള്ള മാവലങ്കാര്‍ ഹാളില്‍ മുസ്ലിം പേഴ്‌സണല്‍ ലോബോഡിന്റെ നേതാവും മുന്‍ ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വ്വീസ് അംഗവുമായ ഷാഹിബുദ്ദിന്റെ പത്ര സമ്മേളനം ആയിരുന്നു. ബാബറി മസ്ജിദ്ദ് സംബന്ധിച്ച്. ഗോപന്‍ പറഞ്ഞു ചെറിയ സ്റ്റോറിയാണ് ഇത് കഴിഞ്ഞ് ഉടന്‍ ഇറങ്ങാം.
ഇറങ്ങാമെന്ന് പറഞ്ഞാല്‍ പ്രസ്‌ക്ലബിലേക്ക് എന്നാണര്‍ത്ഥം. ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ അടുത്ത് തന്നെയാണ് റെയ്‌സിനമാര്‍ഗ്ഗിലുള്ള പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്‍ഡ്യ. അവിടെ നിന്നും അധികം ദൂരെയല്ല. അശോക റോഡിലുള്ള അന്ധ്രഭവനും. പക്ഷെ, രണ്ടിടത്തും ഗോപന്‍ എന്നെ അദ്ദേഹത്തിന്റെ ബുളറ്റ് മോട്ടോര്‍ സൈക്കിളില്‍ കൊണ്ടാക്കി. ഒരു ചിരകാല സൗഹൃദം ഇവിടെ നിന്നും ആരംഭിക്കുകയായിരുന്നു.

ന്യൂസ് പേപ്പര്‍ സൊസൈറ്റി ഓഫീസിലെ ഈ നാട് – ന്യൂസ് ടൈം ഓഫീസിലും പ്രസ്‌ക്ലബ്ബും ഞങ്ങളുടെ പ്രധാന സഹവര്‍ത്ത കേന്ദ്രങ്ങള്‍ ആയിരുന്നു. എത്രയെത്ര സ്റ്റോറികള്‍! ആശയവിനിമയങ്ങള്‍! ഞാന്‍ കോണ്‍ഗ്രസും ഗോപന്‍ ഇടതുപക്ഷ പാര്‍ട്ടികളും ആണ് കവര്‍ ചെയ്തിരുന്നത്. ഗോപന് ഇടതുപക്ഷ രാഷ്ട്രീയം നന്നായിട്ടറിയാമായിരുന്നു. അദ്ദേഹത്ത് ഒരു ഇടുതുപക്ഷ പശ്ചാത്തലം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ ആദ്യ ഭര്‍ത്താവ് പി. കൃഷ്ണപിള്ള കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ ആയിരുന്നു. ഗോപന്റെ അച്ഛന്‍ ശുചീന്ദ്രം ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ആയിരുന്നു. കൃഷ്ണപിള്ള കണക്ഷനിലൂടെ ഗോപന് ഇടതുപക്ഷ പാര്‍ട്ടികളില്‍ പ്രത്യേകിച്ചും സി.പി.എം. ല്‍ നല്ല സോഴ്‌സസ് ഉണ്ടായിരുന്നു. കൃഷ്ണപിള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദമായി കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച ശിചീന്ദ്രം രേഖകളില്‍ എഴുതിയിട്ടുണ്ട്.
പ്രസ്‌ക്ലബ് ജോലികഴിഞ്ഞാല്‍ ഞങ്ങളുടെ ഒരു സൗഹൃദകേന്ദ്രമായിരുന്നു. ഒട്ടേറെ കൂട്ടുകാരെ കാണാനാവും. സക്കറിയയും ശശികുമാറും ( പഴയ ഏഷ്യാനെറ്റ്) ഒക്കെ ഇവിടെയുണ്ടാകും. ഒരു കാലത്ത് വിജയനും ഗോപനും സക്കറിയും സ്ഥിരമായി സമ്മേളിച്ച് മധുപാനം നടത്തിയിരുന്നതും ഇവിടെയാണ്. അങ്ങനെയാണ് ഗോപന്‍ വിജയന്റെ ധര്‍മ്മപുരാണത്തില്‍ ഇടപെടുന്നതും പ്രധാന കഥാപാത്രത്തിന്റെ പേര് പ്രജാപതിയെന്ന് നാമകരണം ചെയ്തതും. ഇത് വിജയന്‍ ധര്‍മ്മപുരാണത്തിന്റെ ആ മുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെതന്നെയാണ് ഗോപന്‍ സക്കറിയുടെ ആര്‍ക്കറിയാം എന്ന കഥയില്‍ ഇടപ്പെട്ടതും. പ്രസ്‌ക്ലബ് ഞങ്ങളുടെ ഒരു വിഹാര കേന്ദ്രമായിരുന്നു. ആ നാളുകളില്‍ അതായത് 1990 ന്റെ ആദ്യാരംഭത്തില്‍ ഗോപന് സക്കറിയും ശശികുമാറും ഒരു ടെലിവിഷന്‍ ചാനലിനെ കുറിച്ച് സാസാരിക്കുന്നത് എനിക്ക് ക്ലബിലെ ബാറില്‍ വച്ച് കേള്‍ക്കാമായിരുന്നു. എന്തോ ഒരു പുതിയ പദ്ധതിയാണെന്ന് എനക്ക് മനസ്സിലായി. പിന്നീട് ഗോപന്‍ ഇത് എന്നോട് ഇത് പറഞ്ഞു. മലയാളത്തില്‍ ഒരു പുതിയ ടെലിവിഷന്‍ ചാനില്‍ വരാന്‍ പോകുകുകയാണ്. ശശികുമാറും സക്കറിയും ആണ് ഇതിന്റെ പിറകില്‍ പ്രധാനമായും. ഗോപനും ഉണ്ട്. ആ ദിവസം ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ഓഫീസില്‍ നിന്നും ക്ലബ്ബിലേക്ക് ഗോപന്റെ ബുള്ളറ്റില്‍ പോകുമ്പോള്‍ ക്ലബ് അടുക്കാറായപ്പോള്‍ ആ തിരുവില്‍ വച്ച് ഗോപന്‍ എന്നോട് ചോദിച്ചു: ആം ഐ കട്ട് ഔട്ട് ഫോര്‍ ദീസ് ന്യൂ മീഡിയ?്യൂഞാന്‍ പറഞ്ഞു ഒരു കൈ നോക്കുന്നതില്‍ ഒരു തെറ്റും ഇല്ല.

ഏഷ്യാനെറ്റിന്റെ ആരംഭവും അതെ തുടര്‍ന്ന് ശശികുമാറും സക്കറിയയും ഗോപനും മെല്ലെ ദല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറുന്നതിന്റെയും ദൃക്‌സാക്ഷിയാണ് ഞാന്‍. ശശികുമാറും സക്കറിയയും പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ ഒരു പ്രസിദ്ധീകരണത്തില്‍ ജോലിയില്‍ ആയിരുന്നു. അപ്പോഴാണ് അവരുടെ ഒരു സുഹൃത്ത് സിങ്കപ്പൂര്‍ ഗോപകുമാര്‍ കേബില്‍ ടെലിവിഷന്‍ എന്ന ആശയവുമായി അവതരിക്കുന്നത്. സിങ്കപ്പൂര്‍ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്ക് റിവ്യൂ എന്ന പ്രസിദ്ധമായ വാരികയുടെ ലേഖകന്‍ ആയിരുന്നു. അദ്ദേഹം കൂടെ കൂടെ ഹോങ്‌കോങ്കിലും മറ്റും പോകുമായിരുന്നു. അദ്ദേഹം ശശികുമാറിനോടും സക്കറിയയോടും ഹോങ്‌കോങ്കിലെ ഏറ്റവും പുതിയ സെന്‍സേഷനായ കേബിള്‍ ടെലിവിഷനെക്കുറിച്ച് ഒരു വിവരണം നല്‍കി. ശശികുമാറിനെ സക്കറിയക്കും ഗോപനും ഒന്നും ഒരു പിടിയും കിട്ടിയില്ല. അന്ന് അത് ഇന്‍ഡ്യയില്‍ പ്രചാരമുള്ള ഒരു കാര്യം ആയിരുന്നില്ല. എന്നാല്‍ ടാജ്മാന്‍ സിങ്ങ് ഹോട്ടലില്‍ കേബില്‍ ടെലിവിഷന്‍ കാണിക്കുന്നുണ്ടായിരുന്നു. അവര്‍ അവിടെ പോയി അത് കണ്ടു. അപ്പോള്‍ സിങ്കപ്പൂര്‍ ഗോപകുമാറിന്റെ സംശയം ആയിരുന്നു ഇത്. നമുക്കും എന്തുകൊണ്ട് കേബില്‍ വിഷന്‍ കേരളത്തില്‍ തുടങ്ങിക്കൂട? ശശികുമാര്‍ അദ്ദേഹത്തോട് ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യറാക്കാന്‍ പറഞ്ഞു. അദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കി. ശശികുമാര്‍ അത് പ്രസ്ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയും ചീഫ് എഡിറ്ററും ജനറല്‍ മാനേജറും മലയാളിയുമായ ഉണ്ണികൃഷ്ണന് സമര്‍പ്പിച്ചു. ഉണ്ണികൃഷ്ണന്‍ പുതിയ പ്രൊജക്ടിന് തല്പരനായിരുന്നെങ്കിലും ട്രസ്റ്റിന്റെ ബോര്‍ഡ് ഇതില്‍ അത്ര ആത്മവിശ്വാസം പ്രകടിപ്പിച്ചില്ല. കാരണം വന്‍ പണമുടക്ക് ആവശ്യമാണ്. പാളിപ്പോയാല്‍ പ്രസ് ട്രസ്റ്റ് ഉത്തരം പറയേണ്ടതായിവരും. വിട്ടുകൊടുക്കുവാന്‍ ശശികുമാറും സക്കറിയും തയ്യാറായില്ല. ശശികുമാര്‍ മോസ്‌കോയില്‍ ബിസിനസ് നടത്തുന്ന അമ്മാവനായ റെജി മേനോന്റെ സാമ്പത്തിക സഹായത്തോടെ അങ്ങനെ ഏഷ്യാനെറ്റ് ഒരു യാഥാര്‍ത്ഥ്യം ആക്കുകയായിരുന്നു. അങ്ങനെയാണ് ശശികുമാറും സക്കറിയും ഗോപകുമാറും പതിയെ തിരുവനന്തപുരത്തേക്ക് യാത്രയാകുന്നത്. ഗോപന് ഇന്‍ഡ്യറ്റുഡേയുടെ തിരുവനന്തപുരം ലേഖകനായി ജോലി അപ്പോള്‍ ലഭിച്ചിരുന്നു. സിങ്കപ്പുര്‍ ഗോപനെ കുറിച്ച് പിന്നീട് അധികമൊന്നും ഏഷ്യാനെറ്റ് ബന്ധപ്പെട്ട് കേട്ടിട്ടില്ല. ആള്‍ തിരുവനന്തപുത്ത് ഉണ്ട്.
ഗോപന്റെ കണ്ണാടി ഏഷ്യാനെറ്റിന്റെ ആരംഭത്തിലേ തന്നെ ഉണ്ടായിരുന്നു. പ്രണയ് റോയിയുടെ ഇന്‍ഡ്യ ദീസ് വീക്ക് ( ന്യൂഡല്‍ഹി റ്റി.വി. – ഇപ്പോഴത്തെ എന്‍.ഡി. റ്റി.വി – ദൂരദര്‍ശന്‍ സംരംഭം) ശശികുമാറിന്റെ മണിമാറ്റേഴ്‌സ് ( പി.ടി.ഐ – ദൂരദര്‍ശന്‍ സംരംഭം ) പോലെ കണ്ണാടിയും ഇന്‍ഡ്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ അഗ്രഗാമിയായിരുന്നു. ഗോപന്റെ കണ്ണാടി അവസാനം വരെ ശബ്ദം ഇല്ലാത്തവന്റെ ശബ്ദമായി നിലകൊണ്ടു. ആ ഒറ്റ കാരണത്താല്‍ അദ്ദേഹം കേരളത്തിലെയും ഇന്‍ഡ്യയിലെ തന്നെയും ദൃശ്യമാധ്യമ ചരിത്രത്തില്‍ അനശ്വരനായി നിലകൊള്ളും.

പത്രാധപര്‍ എന്ന സ്ഥാനത്തെയും സ്ഥാപനത്തെയും പത്രവ്യവസായികള്‍ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഗോപന്‍ ആ വംശത്തിലെ അവസാന കണ്ണികളില്‍ ഒന്നായിരുന്നു. ഒരു മാധ്യമ സ്ഥപനത്തിന്റെ മാധ്യമധര്‍മ്മം നടത്തേണ്ടതും നിശ്ചയിക്കേണ്ടതും പത്രാധിപസമതി ആണെന്നും മറിച്ച് മാധ്യമവ്യവസായിയുടെ കച്ചവട-രാഷ്ട്രീയ താല്പര്യങ്ങള്‍ അല്ലെന്നും അറിയാവുന്ന ഒരു പത്രാധിപര്‍ ആയിരുന്നു ഗോപന്‍. ഏഷ്യാനെറ്റ് നടത്തിപ്പോന്നതും ഈ ആദര്‍ശത്തില്‍ അടിയുറച്ചുകൊണ്ട് തന്നെയായിരുന്നു.

ഞാന്‍ അവസാനമായി ഗോപനെകാണുന്നത് കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ ആദ്യവാരത്തില്‍ ആണ്. അദ്ദേഹം രോഗിയായിരുന്നു. ചികിത്സയില്‍ ആയിരുന്നു. ക്ഷീണിതനും ആയിരുന്നു. കണ്ണാടി വീണ്ടും തുടങ്ങിയിരുന്നു. കലാകൗമുദിയിലെ ശംഖുമുഖം എന്ന ആഴ്ചാപംക്തിയും വീണ്ടും തുടങ്ങിയിരുന്നു. സംസാരം കഴിഞ്ഞ് യാത്ര പറഞ്ഞ് ഇറങ്ങുവാന്‍ നേരത്ത് ഗോപന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു. എന്റെ കൂടെ ക്യാബിന്റെ വാതില്‍ വരെ അനുഗമിച്ചു. അദ്ദേഹം പറഞ്ഞു ഹെദര്‍ ( ഭാര്യ) വിട്ടില്‍ ഇല്ല. അല്ലെങ്കില്‍ ഉച്ചഭക്ഷണം വീട്ടില്‍ ആകാമായിരുന്നു. ഞാന്‍ പറഞ്ഞു സക്കറിയുടെ കൂടെയാണ് താമസിക്കുന്നത്. ഭക്ഷണം അവിടെയുണ്ട്. പിരിയുവാന്‍ നേരത്ത് കൈകൊടുക്കുമ്പോള്‍ ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി. എന്റെ മനസ്സിലൂടെ അപ്പോള്‍ മിന്നിമറഞ്ഞ ചോദ്യം ഇതായിരുന്നു. നമ്മള്‍ ഇനിയും കാണുമോ? ഗോപന്റെ മുഖവും ഗൗരവം നിറഞ്ഞതായിരുന്നു. ഞങ്ങള്‍ അവടെ വച്ച് പിരിഞ്ഞു. ഇല്ല, ഇനി ഒരിക്കലും കാണുകയില്ല ഗോപന്‍ നമ്മള്‍.

ഗോപന്‍ മരിച്ച ദിവസം സിനിമാതാരം മമ്മൂട്ടി ഏഷ്യാനെറ്റില്‍ പറയുകയുണായി ഗോപന്‍ മലയാള ദൃശ്യമാധ്യമത്തിലെ ആദ്യത്തെ താരം ആയിരുന്നുവെന്ന്. ശരിയാണത്. ആ നക്ഷത്രം ഇന്ന് താരാപഥത്തില്‍ ചേര്‍ന്നിരിക്കുന്നു. അന്തിമാഭ്യവദ്യങ്ങള്‍ ഗോപന്‍. ഹെമിങ്വെയെതന്നെ ഉദ്ധരിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാം. ഒരു മരണത്തിന് നമ്മള്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ഈ അവസാന വാചകം എഴുതിയത് നമ്മുടെ പതിവ് സങ്കേതമായ പ്രസ്‌ക്ലബ് ഓഫ് ഇന്‍ഡ്യയില്‍ ( ഡല്‍ഹി) വച്ചാണ്. പതിവ് കലാപരിപാടികള്‍ക്കും ആചാരവെടിക്കും ശേഷം. ഇതിനപ്പുറം എന്ത് വിടവാങ്ങല്‍ ഗോപന്‍? കാണാം. കണ്ണാടി തുടരട്ടെ.

പി.വി. തോമസ്.