Home > featurednews > മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി : കെ.യു.ഡബ്ല്യു.ജെ അപലപിച്ചു.

07-1438923991-mathrubhumiപ്രസീദ്ധീകരിച്ച വാര്‍ത്തയില്‍ സംഭവിച്ച പാളിച്ചയിലും അതുവഴിയുണ്ടായ മനക്ഷോഭങ്ങളിലും മാതൃഭൂമി മാനേജ്‌മെന്റും എഡിറ്ററും നിര്‍വ്യാജമായും പരസ്യമായും ഖേദപ്രകടനം നടത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമാസക്തമായ സമീപനം ചില കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാത്തത് അപലപനീയമാണെന്ന് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍,ജനറല്‍ സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ പ്രസ്താവിച്ചു.

പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തം എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമാണ്. ജനാധിപത്യമൂല്യങ്ങളില്‍ നിലനില്‍ക്കുന്ന ഏറ്റവും മികച്ച നീതിബോധവും ഇതാണ് പഠിപ്പിക്കുന്നത്. പത്രങ്ങളില്‍ അതിഗുരുതരമായ പിശകുകള്‍ സംഭവിക്കുന്നത് ആദ്യ സംഭവമല്ല. അശ്രദ്ധമൂലമുണ്ടാകുന്ന തെറ്റുകള്‍ക്ക് നിര്‍വ്യാജം ക്ഷമ ചോദിക്കുക എന്നതാണ് മാധ്യമപത്രപ്രവര്‍ത്തനത്തിലെ ഉദാത്തമായ കീഴ്‌വഴക്കം. മാതൃഭൂമിയുടെ പത്രാധിപര്‍ തന്നെ ആ പത്രത്തില്‍ മാര്‍ച്ച് എട്ട്, ഒന്‍പത് തീയതികളില്‍ സംഭവിച്ച പിശക് തീര്‍ത്തും അശ്രദ്ധയുടെ ഫലമാണെന്നും അതില്‍ വ്രണിതഹൃദയരായവരോടും ഈ പൊതുസമൂഹത്തോടു തന്നെയും നിര്‍വ്യാജം ക്ഷമ ചോദിക്കുകയാണെന്നും പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ എഴുതുകയുണ്ടായി. മാത്രമല്ല, പത്രത്തിലെ പരാമര്‍ശം മൂലം മാനഹാനിയുണ്ടായ സമുദായത്തിലെ ഉന്നത ശീര്‍ഷമായ വ്യക്തികളുമായും സംഘടനകളായുമൊക്കെ ഔപചാരികമായി തന്നെ പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തതായി മനസ്സിലാക്കുന്നു.
മാധ്യമങ്ങള്‍ കോടി ജനങ്ങളുടെ മനസ്സാക്ഷിയാണ്. അതില്‍ വരുന്ന ഓരോ വാക്കും അതീവസൂഷ്മതയോടെ തയ്യാറാക്കേണ്ടതാണെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. അതില്‍ കാണിക്കുന്ന അശ്രദ്ധ ചിലപ്പോള്‍ അപരിഹാര്യമായ പ്രത്യാഘാതം പോലും ഉണ്ടാക്കുകയും ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ വലിയ ഉത്തരവാദിത്വമാണ് ഉള്ളത്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണെങ്കില്‍ പോലും അവ പുനഃപ്രസിദ്ധീകരിക്കുന്നത് ഉത്തരവാദിത്വത്തോടെയും കരുതലോടെയും വേണം. എന്നാല്‍ വാര്‍ത്ത എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ പേരെടുത്ത് അന്വേഷിച്ച് ഭീഷണിപെടുത്തുന്നതും പ്രകടനം നടത്തുന്നതുമായ പ്രവണതകള്‍ അപലപനീയമാണ്. തൃശൂരിലുള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ആശങ്കാജനകമാണ്. തൊഴിലില്‍ സംഭവിക്കുന്ന പിശകില്‍ സ്ഥാപനം നിരുപാധികം ക്ഷമ ചോദിച്ചാലും അതിലെ തൊഴിലാളികള്‍ക്ക് ഭീഷണി തുടരുന്നത് ഒരു തരത്തിലും അനുകൂലിക്കാനാവില്ല. മാധ്യമങ്ങള്‍ കാരണം ഉണ്ടാകുന്ന മാനനഷ്ടക്കേസുകളില്‍ പോലും വിധിക്കാറുള്ളത് പരസ്യമായ ക്ഷമാപണമാണ്. ഇത് മാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. തൊഴിലാളി ദ്രോഹ നടപടികള്‍ മൂലം മാതൃഭൂമി മാനേജമെന്റിനോട് പത്രപ്രവര്‍ത്തക യൂണിയന് ഒട്ടേറെ വിയോജിപ്പുകളുണ്ട്. പക്ഷേ മാധ്യമപ്രവര്‍ത്തകരെ ഇരകളാക്കുന്ന പ്രവണത ആരില്‍ നിന്നുണ്ടായാലും യൂണിയന്‍ ശക്തമായി മുന്നോട്ടുവരും – പ്രസ്താവനയില്‍ പറഞ്ഞു.

പരസ്യമായ ഖേദപ്രകടനത്തിനപ്പുറം, പ്രതിഷേധമുയര്‍ത്തിയവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി മാധ്യമപ്രവര്‍ത്തകരെ കുരുതി കൊടുക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും അനാവശ്യമായ കാര്യമായി പത്രപ്രവര്‍ത്തക യൂണിയന്‍ കാണുന്നു.ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശം അത്യന്തം തെറ്റാണെന്നു മാത്രമല്ല അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കലുമാണ്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കു പിന്നിലെ താല്‍പര്യങ്ങളെ തുറന്നുകാട്ടണം. മുറിവുണക്കാന്‍ വേണ്ടത് കുരുതിയല്ല, പരസ്പരം മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ്. മാധ്യമപ്രവര്‍ത്തകരെ ആന്തരികമായ തിരുത്തല്‍ നടപടിക്കപ്പുറം മറ്റ് രീതിയില്‍ ശിക്ഷക്ക് വിധേയമാക്കുന്നതില്‍ നിന്നും മാതൃഭൂമി മാനേജ്‌മെന്റ് പിന്തിരിയണം. – യൂണിയന്‍ ആവശ്യപ്പെട്ടു.