
തിരുവനന്തപുരം: ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി തടങ്കലിലാക്കിയ ദൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അഞ്ചു പേരിൽ കവിയാതെയാണ് 14 ജില്ലകളിലും പ്രതിഷേധം ഉയർത്തിയത്. തിരുവനന്തപുരത്ത് ജി.പി.ഒക്കു മുന്നിൽ ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം സമരത്തിനു നേതൃത്വം നൽകി.

മാധ്യമ പ്രവർത്തകരെ വായടപ്പിക്കാൻ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലിടുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനത്തെ കൂട്ടത്തോടെ ചെറുത്തു തോൽപിക്കണമെന്നും ഇതിനായി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പാലക്കാട് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ലത്തീഫ് നഹ , സെക്രട്ടറി ഷജിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ആലപ്പുഴ പ്രസ്ക്ലബിനു മുന്നിൽ നടന്ന പരിപാടി ആർ രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻറ് എം ലിജു, യൂണിയൻ ജില്ലാ പ്രസിഡൻറ് കെ യു ഗോപകുമാർ, സെക്രട്ടറി ആർ രാജേഷ്, സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി എ ഷൗക്കത്ത്, ജെ ജോജി മോൻ എന്നിവർ സംസാരിച്ചു.

ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം. എൻ സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏഞ്ചൽ അടിമാലി, ബിബിൻ സേവിയർ എന്നിവർ പ്രസംഗിച്ചു.

കോഴിക്കോെട്ട പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം. ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ്, മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, മുൻ ജില്ലാ സെക്രട്ടറി പി. വിപുൽനാഥ് എന്നിവർ സംസാരിച്ചു.

കൊല്ലത്ത് ജില്ല പ്രസിഡൻറ് അജിത് ശ്രീനിവാസൻ, പത്തനംതിട്ടയിൽ ജില്ലാ പ്രസിഡൻറ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യൻ, കോട്ടയത്ത് ജില്ലാ പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി എസ്.സനിൽ കുമാർ, എറണാകുളത്ത് ജില്ലാ പ്രസിഡൻറ് ഫിലിപ്പോസ്, സംസ്ഥാന കമ്മിറ്റി അംഗം എ. സജീവൻ, തൃശൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ്, ജില്ലാ പ്രസിഡൻറ് പ്രഭാത്, സെക്രട്ടറി എം.വി വിനീത, കണ്ണൂരിൽ ജില്ലാ പ്രസിഡൻറ് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.