Kerala Union of Working Journalists

കെ യു ഡബ്ല്യൂ ജെ മാഗസിന്‍ ജനുവരി ഇഷ്യു എഡിറ്റോറിയല്‍

കേരളത്തിലെ മാധ്യമപ്രവര്‍ത്തക സമൂഹം ഇന്നേവരെ നേരിട്ടതില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് ജുഡീഷ്യല്‍ സംവിധാനവുമായി ഉണ്ടായ ഏറ്റുമുട്ടല്‍. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഒരു പറ്റം അഭിഭാഷകര്‍ വഴിമരുന്നിട്ട സംഘര്‍ഷം പുതുവര്‍ഷത്തിലും തുടരുന്നു. നിരന്തരമായ കാമ്പയിനുകളെത്തുടര്‍ന്ന് പൊതുസമൂഹം അഭിഭാഷകരെ പൂര്‍ണമായി ഒറ്റപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ ന്യായാധിപസമൂഹം ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനസമീപനം, പ്രശ്‌നക്കാരായ വക്കീലന്‍മാര്‍ക്ക് നിശ്ശബ്ദ പിന്തുണയായി തീര്‍ന്നിരിക്കുന്നു. കോടതി പരിസരത്ത് സ്വന്തം മൂക്കിനു താഴെ, അഭിഭാഷകര്‍ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങള്‍ പരസ്യമായി തള്ളിപ്പറയാന്‍ ന്യായാധിപര്‍ തയ്യാറാവുന്നില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിവരാന്തയിലും ഏറണാകുളം സെഷന്‍സ് കോടതി മുറിക്കു തൊട്ടു മുന്നിലും ചില വക്കീലന്‍മാര്‍ വനിതാ ജേര്‍ണലിസ്റ്റുകളെ അപമാനിച്ച സംഭവം ഉദാഹരണം. കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ് സ്ത്രീകളോട് വക്കീലന്‍മാര്‍ നടത്തിയത്. ഇതിനെതിരെ ജുഡീഷ്യറി എന്ത് നടപടി എടുത്തു. ന്യായാധിപരുടെ ഒറ്റ ഉത്തരവു മതി എല്ലാം സ്വിച്ചിട്ടതു പോലെ നില്‍ക്കും. പക്ഷേ എന്തു കൊണ്ട് ഇല്ല. ഇതാണ് മാധ്യമ-അഭിഭാഷക തര്‍ക്കത്തിലെ യഥാര്‍ഥ സമസ്യ.

ഏതാനും ആഴ്ച മുമ്പ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച പ്രമുഖ ന്യായാധിപന്‍ ചീഫ് ജസ്റ്റിസിനെയും കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളുടെയും പത്രാധിപന്‍മാരെയും സാക്ഷി നിര്‍ത്തി പറഞ്ഞത്, നിങ്ങള്‍ മാധ്യമക്കാര്‍ വരാത്തതിനാല്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വളരെ സുഖമാണ്, ശാന്തമാണ്, നിങ്ങള്‍ വരേണ്ട കാര്യമില്ല എന്നായിരുന്നു. ജുഡീഷ്യറിയുടെ ജനാധിപത്യബോധം ഏതു വിധമാണെന്നതിന് ഉത്തമ ഉദാഹരണമാണീ അഭിപ്രായ പ്രകടനം. തുറന്ന കോടതി എന്ന ഭരണഘടനാ സങ്കല്‍പത്തില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ പങ്ക് അനിഷേധ്യമാണെന്ന് പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. സുപ്രീംകോടതി തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. അപ്പൊഴാണ് കേരളത്തിലെ ഒരു പറ്റം വക്കീലന്‍മാരും അവര്‍ക്ക് മൗന പിന്തുണ നല്‍കും വിധം ന്യായാധിപരും മാധ്യമങ്ങള്‍ക്കെതിരായ നിലപാട് എടുത്ത് ബാലിശമായ വാദങ്ങളുമായി രംഗത്തുള്ളത്.

കോടതി വാര്‍ത്ത എന്നല്ല ഒരു വാര്‍ത്തയും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൂടാ എന്നതാണ് മാധ്യമപ്രവര്‍ത്തനത്തിലെ സദാചാരം. അത് ലംഘിക്കപ്പെട്ടാല്‍ സ്വീകരിക്കാവുന്ന നടപടികളും തിരുത്തലുകളും ഉണ്ട്. ഇത് എല്ലാക്കാലത്തും നടന്നുവരുന്ന പ്രക്രിയയാണ്. മാധ്യമങ്ങള്‍ക്കു മാത്രമേ തെറ്റു പറ്റാറുള്ളോ. ജുഡീഷ്യറിക്കും ഗവണ്‍മെന്റുകള്‍ക്കും ഭരണാധിപര്‍ക്കും തെറ്റ് പറ്റാറില്ലേ. ഇല്ലെങ്കില്‍ പിന്നെന്തിനാണ് കീഴ്‌ക്കോടതി വിധികള്‍ മേല്‍ക്കോടതികളില്‍ തിരുത്തപ്പെടുന്നത്. ഭരണാധിപരെ കോടതി എന്തിനാണ് തിരുത്താറുള്ളത്.

കോടതി വാര്‍ത്തകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതിനെതിരായി നടപടികള്‍ സ്വീകരിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. ഈ അധികാരം അത് ഇതിനു മുമ്പ് എത്രയോ തവണ ഉപയോഗിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ നേരിടലും ഭീഷണിപ്പെടുത്തലും മാധ്യമങ്ങളെ മുഴുവനായി കോടതിയില്‍ നിന്നും ആട്ടിപ്പായിക്കലുമാണോ തെറ്റായ റിപ്പോര്‍ട്ടിങ്ങിന് ജുഡീഷ്യറിയും അഭിഭാഷക സമൂഹവും കണ്ടെത്തിയിരിക്കുന്ന ഒറ്റമൂലി. ജലദോഷം ഇല്ലാതാക്കാന്‍ തല വെട്ടിക്കളയുന്ന പ്രതിവിധി പോലെ വിചിത്രമായ ഒന്നായിത്തീര്‍ന്നിരിക്കുന്നു ജുഡീഷ്യല്‍ സമൂഹത്തിന്റെ നിലപാടുകള്‍.

കോടതി മുറിയില്‍ നടക്കുന്ന വിചാരണയും ന്യായാധിപര്‍ പറയുന്ന വിധികളും എല്ലാം പൊതുജനം അറിയേണ്ടത് സമൂഹത്തില്‍ നീതിന്യായം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ഇതെല്ലാം ജഡ്ജിമാര്‍ നേരിട്ട് പത്രക്കുറിപ്പിറക്കിയും അഭിഭാഷകര്‍ നാട്ടില്‍ നോട്ടീസടിച്ചു വിതരണം ചെയ്തുമാണോ അറിയാറുള്ളത്. മാധ്യമങ്ങളാണ് ഈ കടമ നിര്‍വ്വഹിച്ചുവരുന്നത്. തുറന്ന കോടതി എന്ന സങ്കല്‍പം തന്നെ പൂവണിയുന്നത് മാധ്യമങ്ങള്‍ സാര്‍ഥകമായി അവരുടെ ജോലി ചെയ്യുന്നതു കൊണ്ടു തന്നെയാണ്. ഇത് ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവുമാണ്. കോടതി മുറിയില്‍ മാധ്യമങ്ങള്‍ വേണ്ടെന്ന് ജുഡീഷ്യറിയോ അഭിഭാഷകരോ നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെ അത് ഭരണഘടനാപരമായ പൗരാവകാശത്തിനു മേലുള്ള അടിയന്തിരാവസ്ഥയല്ലെങ്കില്‍ മറ്റെന്താണ്.

അഭിഭാഷകര്‍ കോടതിയുടെ ഭാഗമാണ്, മാധ്യമപ്രവര്‍ത്തകര്‍ മാധ്യമസ്ഥാപനങ്ങളുടെ ഭാഗമെന്നതു പോലെ. എന്നുവെച്ച് കോടതികളുടെ അധികാരത്തിന്റെ നിഴലില്‍ കുറച്ച് അഭിഭാഷകര്‍ നിയമം കയ്യിലെടുക്കുന്നത് അനുവദിക്കപ്പെടാവുന്നതാണോ. കോടതികളില്‍ ദശാബ്ദങ്ങളായി അനുവദിക്കപ്പെട്ടിട്ടുള്ള മീഡിയ മുറികള്‍ ഇനി പറ്റില്ല എന്നു പറയേണ്ടത് അഭിഭാഷകരാണോ. സുപ്രീംകോടതിയില്‍പ്പോലും ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ എല്ലാമുള്ള, ശീതീകരിച്ച രണ്ട് വലിയ മീഡിയ മുറികള്‍ പ്രവര്‍ത്തിപ്പിക്കുന്ന നീതിബോധത്തിന്റെ മറ്റൊരറ്റത്ത് ഇതേ നീതിബോധം പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ടാണ്.

ഏറ്റവും ഒടുവില്‍, കേരള ഹൈക്കോടതി തന്നെ പരസ്യമായി അഭിഭാഷകരുടെ പക്ഷം ചേരുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത് ഖേദകരമാണ്. മാധ്യമപ്രവര്‍ത്തനം അസാധ്യമാക്കും വിധമുള്ള നിയമങ്ങളാണ് ഇപ്പോള്‍ ഒരു ചര്‍ച്ചയോ അഭിപ്രായം തേടലോ കൂടാതെ കോടതിയില്‍ നടപ്പാക്കിയിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത കുറച്ച് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ കയറ്റരുതെന്ന് തീരുമാനിക്കണം എന്ന് നേരത്തെ തന്നെ ഒരു കൂട്ടം വക്കീലന്‍മാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. അത് സാധിച്ചുകൊടുക്കുംവിധമുള്ള നിയന്ത്രണങ്ങളാണ് ഹൈക്കോടതി ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ നടപ്പാക്കിയിരിക്കുന്നത്. അക്രഡിറ്റേഷനെയോ റെഗുലേഷന്‍സിനെയോ കണ്ണടച്ച് എതിര്‍ക്കുന്നില്ല. എന്നാല്‍ കത്തിനില്‍ക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കപ്പെടുംമുമ്പ്, എരിതീയില്‍ എണ്ണയൊഴിക്കുംവിധം കടുത്ത നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ജൂഡീഷ്യറി തുനിയുന്നത്, നിങ്ങളെ അങ്ങനെ വിടാന്‍ ഞങ്ങളും വിചാരിക്കുന്നില്ല എന്ന ധ്വനി സമ്മാനിക്കുന്ന നീക്കമാണ്. മാധ്യമ-അഭിഭാഷക സംഘര്‍ഷത്തില്‍ നിഷ്പക്ഷതയെങ്കിലും പാലിക്കാന്‍ ജുഡീഷ്യറി തയ്യാറാകേണ്ടതായിരുന്നു. ആദ്യഘട്ടത്തില്‍ നിഷ്പക്ഷതയെന്ന പേരില്‍ മൗനവും ഇപ്പോള്‍ ഫലത്തില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത മൂക്കുകയറും എന്ന സമീപനം എത്ര നിര്‍ഭാഗ്യകരമാണ്. ഇപ്പൊഴുള്ള തീയും പുകയും രമ്യമായി ഇല്ലാതാക്കിയതിനു ശേഷം, ഒരു ഉഭയകക്ഷി ആശയവിനിമയത്തിലൂടെയായിരുന്നു നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നത് എങ്കില്‍ അത് എത്രമാത്രം നിഷ്പക്ഷവും സ്വീകാര്യവും ജുഡീഷ്യറിയുടെ ജനാധിപത്യ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു.

നിയമബിരുദമുള്ളവര്‍ക്കു മാത്രമേ കോടതിയില്‍ വാര്‍ത്താറിപ്പോര്‍ട്ടിങ്ങിന് സ്ഥിരമായി കയറാന്‍ കഴിയൂ എന്നു മാത്രമല്ല, അവര്‍ അതാതിടത്തോ ഇന്ത്യയിലെ മറ്റ് ഹൈക്കോടതികളിലോ അഞ്ചു വര്‍ഷമെങ്കിലും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തവരാകണം എന്നു കൂടി നിഷ്‌കര്‍ഷിക്കുമ്പോള്‍ അത്തരം വ്യവസ്ഥകളെ കരിനിയമങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍. ഒരു ദിവസത്തേക്കു മാത്രമായ, അല്ലെങ്കില്‍ ഒരു കേസിന്റെതിനു മാത്രമായ റിപ്പോര്‍ട്ടിങ് അനുവാദം എന്നൊക്കെ പറയുന്നത് എത്രമാത്രം അപ്രായോഗികമാണ്.

സുപ്രീംകോടതിയില്‍ പോലും നിയമബിരുദമുള്ള മാധ്യമപ്രവര്‍ത്തകര്‍ വെറും ആറു പേര്‍ മാത്രമാണ്. എന്നാല്‍ അതില്ലാത്ത നൂറു കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്ന ഉദാരമായ സമീപനങ്ങള്‍ ഏറെ മാതൃകാപരമാണ്. ചട്ടങ്ങളുണ്ടാക്കാന്‍ സുപ്രീംകോടതിയെ മാതൃകയാക്കുന്നവര്‍ അത് നടപ്പാക്കുന്നതിലെ പ്രായോഗകികമതിത്വത്തിലും പരമോന്നത നീതിപീഠത്തെ മാതൃകയാക്കിയാല്‍ നന്നായിരുന്നു. അല്ലെങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ അത് ചരിത്രത്തിലെ കറുത്ത പാടായിത്തീരുക തന്നെ ചെയ്യും.

എത്രയൊക്കെ അവകാശവാദങ്ങളുന്നയിക്കാമെങ്കിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമെല്ലാം ആത്യന്തികമായി തൊഴിലെടുക്കുന്നവര്‍ മാത്രമാണ്. അവര്‍ സമൂഹത്തിന്റെ ജനാധിപത്യസത്തയെ കാത്തുസൂക്ഷിക്കേണ്ടവരുമാണ്. താല്‍ക്കാലികമായ ആക്ടീവിസം ഒരു പക്ഷേ വൈകാരിക ചോദനകളെ തൃപ്തപ്പെടുത്തുമായിരിക്കാം, പക്ഷേ അത് തങ്ങള്‍ ജോലി ചെയ്യുന്ന മേഖലയുടെ ധാര്‍മികതയെത്തന്നെ ജീര്‍ണമാക്കുമെന്ന തിരിച്ചറിവ് അനിവാര്യമാണ്.