Kerala Union of Working Journalists

ഒരു പത്രപ്രവര്‍ത്തകന്റെ കോടതി വിജയങ്ങള്‍

അകാരണമായി എന്നെ മംഗളം പത്രത്തില്‍നിന്നു മാനേജ്‌മെന്റ് പിരിച്ചുവിട്ടതിനെതിരെ എറണാകുളം ലേബര്‍ കോടതിയില്‍ നല്‍കിയ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ടിലും ക്‌ളെയിം പെറ്റീഷനുകളിലുമായി എനിക്കനുകൂലമായി അഞ്ചു വിധികളാണുണ്ടായത്. അതിനെതിരെ മംഗളം മാനേജ്‌മെന്റ് ഹൈകോടതിയില്‍ നല്‍കിയ നാലു അപ്പീലുകളില്‍ നാല് ഇടക്കാല വിധികളുമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേറ്റ് കണ്‍സ്യൂമര്‍ കമീഷന്‍ ഉത്തരവ് പ്രകാരം പി.എഫ്, പി.എഫ് പെന്‍ഷന്‍ എന്നിവ കോട്ടയം റീജ്യനല്‍ പി.എഫ് കമീഷണര്‍ നിര്‍ണയിക്കുന്നു. ഗ്രാറ്റുവിറ്റി കോട്ടയം ഗ്രാറ്റുവിറ്റി അതോറിറ്റി മുമ്പാകെ വിചാരണയിലാണ്.
കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ അധ്യാപകനും പിന്നീട് ദീപിക പത്രത്തില്‍ സബ് എഡിറ്ററുമായിരുന്ന ഞാന്‍ മംഗളം പത്രം തുടങ്ങുന്ന വേളയില്‍ പ്രത്യേക ക്ഷണ പ്രകാരമാണ് 1989 ജനുവരി ഒന്നിന് അവിടെ ചീഫ് സബ് എഡിറ്ററായി ചേരുന്നത്. അന്ന് എനിക്ക് നല്‍കിയ നിയമന പത്രം ഇതോടൊപ്പമുണ്ട്. 1992 ജനുവരി ഒന്നിന് എന്നെ സ്ഥാനക്കയറ്റം നല്‍കി ബ്യൂറോ ചീഫായി നിയമിച്ചു. അഭയ കേസ് അടക്കം പല റിപ്പോര്‍ട്ടുകളും എഴുതുകയും കെ.യു.ഡബ്‌ള്യു.ജെ നിര്‍ദേശിച്ചതനുസരിച്ച് 1993ല്‍ ജര്‍മനിയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍നിന്ന് ഡിപ്‌ളോമ നേടുകയും ചെയ്തു. കാര്യങ്ങള്‍ ഭംഗിയായി നടന്നുവരവെ 1999 ആഗസ്റ്റ് എട്ടിന് എനിക്ക് പിരിച്ചുവിടല്‍ ഉത്തരവ് ലഭിക്കുകയായിരുന്നു.
2012 ഡിസംബര്‍ 13ന് എനിക്ക് 58 വയസ് തികഞ്ഞതിനാല്‍ സൂപ്പര്‍ ആന്വേഷന്‍ കാരണം പറഞ്ഞ് എന്നെ സര്‍വീസില്‍നിന്നു പിരിച്ചു. ഹൈകോടതി ഉത്തരവ് പ്രകാരം എനിക്കു നല്‍കിക്കൊണ്ടിരുന്ന പ്രതിമാസ ശമ്പളം 2012 ഡിസംബറില്‍ നിര്‍ത്തല്‍ ചെയ്തു. മംഗളത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തതു മുതല്‍ സുപ്പര്‍ ആന്വേഷന്‍ ആയതുവരെ എനിക്ക് 24 വര്‍ഷത്തെ സര്‍വീസാണുള്ളത്. പിരിച്ചുവിടല്‍ കത്ത് കിട്ടുന്നതുവരെ സ്വമേധയായും പിന്നീട് സൂപ്പര്‍ ആന്വേഷന്‍ വരെ ഹൈകോടതി വിധികളനുസരിച്ചും എനിക്ക് ശമ്പളം ഒരു മുടക്കവും കൂടാതെ ലഭിച്ചിട്ടുണ്ട്.
മംഗളത്തില്‍നിന്ന് എനിക്ക് ശമ്പളം നല്‍കിയതു മൂന്നു ഘട്ടങ്ങളായാണ്. ഒന്നാം ഘട്ടം എന്നെ ജോലിയില്‍ പ്രവേശിപ്പിച്ച 1989 ജനുവരി ഒന്നു മുതല്‍ പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയ 8.8.1995 വരെയും രണ്ടാം ഘട്ടം അതിന്റെ പിറ്റേ ദിവസമായ 1995 ആഗസ്റ്റ് ഒന്‍പതു മുതല്‍ എന്നെ 50 ശതമാനം കുടിശിക ശമ്പളത്തോടെ തിരിച്ചെടുക്കാന്‍ ഉത്തരവായ 2008 ഫെബ്രുവരി 28 വരെയും മൂന്നാം ഘട്ടം 2008 മാര്‍ച്ച് ഒന്നു മുതല്‍ സൂപ്പര്‍ ആന്വേഷന്‍ ദിവസമായ 2012 ഡിസംബര്‍ 13 വരെയും.
ഒന്നാം ഘട്ടത്തില്‍ മംഗളം എനിക്ക് സ്വമേധയാ ശമ്പളം നല്‍കി. അത് പ്രതിമാസം 4472 രൂപയായിരുന്നു. 1.1.1989 മുതല്‍ 8.8.1995 വരെ ശമ്പളം നല്‍കിയിരുന്നത് ബച്ചാവത് വേജ്‌ബോര്‍ഡ് പ്രകാരമല്‌ളെന്ന് ക്‌ളെയിം പെറ്റീഷന്‍ നമ്പര്‍ 35/2007ല്‍ ലേബര്‍ കോടതി കണ്ടത്തെി. അതിനാല്‍ കുടിശ്ശികയിനത്തില്‍ 1,13,604 രൂപ 18.4.2007 മുതല്‍ ഒമ്പതു ശതമാനം പലിശയോടെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഹൈകോടതിയില്‍ WPC No. 18021/2009ല്‍ സ്റ്റേ നിലനില്‍ക്കുകയാണ്. 1995 ആഗസ്റ്റ് എട്ടിന് മംഗളത്തിലനിന്ന് എന്നെ പിരിച്ചുവിട്ടതിനെതിരെ ലേബര്‍ കോടതിയില്‍ ഐ.ഡി 27/1996 ഫയല്‍ ചെയ്തു. ചീഫ് ഓഫ് ന്യൂസ് ബ്യൂറോ ഐ.ഡി ആക്ട് പ്രകാരം ‘വര്‍ക്ക്‌മെന്‍’ അല്‌ളെന്ന വാദത്തിന്‍മേല്‍ ഒരു പതിറ്റാണ്ടിനുശേഷം 15.06.2006ല്‍ പ്രാഥമിക വിധിയുണ്ടായി. മാനേജരീയല്‍ കപ്പാസിറ്റിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചതായ ഒരു രേഖയും കോടതിയില്‍ ഹാജരാക്കിയിട്ടില്‌ളെന്ന് കോടതി വ്യക്തമാക്കി. വര്‍ക്ക്മാനെ ഒരു കോംപീറ്റന്റ് ഓഫീസറായി നിയമിച്ചിട്ടില്‌ളെന്നും കോടതി എടുത്തുപറഞ്ഞു. ഒരു എഡിറ്ററോ മറ്റേതെങ്കിലും ജേണലിസ്റ്റോ ചില മാനേജരീയല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍പോലും അവരെ മാനേജരായി പരിഗണിച്ചുകൂടെന്ന് കോടതി വിലയിരുത്തി. രാഷ്ട്രദൂത് വെഴ്‌സസ് ജേണലിസ്റ്റ് യൂനിയന്‍ എന്ന കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതുപോലെ ഐ.ഡി ആക്ട് പ്രകാരം വര്‍ക്ക്മാന് അവകാശം സ്ഥാപിച്ചെടുക്കാമെന്ന് കോടതി ഉത്തരവായി. ലേബര്‍ കോടതിക്ക് ഈ കേസ് വിചാരണ ചെയ്യാന്‍ അധികാരമൂണ്ടെന്നു കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിചാരണ തുടര്‍ന്നു.
ഒടുവില്‍ ID 27/96ല്‍ ലേബര്‍ കോടതി പ്രിസൈഡിങ് ഓഫിസര്‍ ശ്രീലത ദേവി 2008 ഫെബ്രുവരി 28ന് അവാര്‍ഡ് പ്രഖ്യാപിച്ചു. ജോലി സ്ഥലത്തേക്കയക്കാതെ 22.07.1995ല്‍ ഒരു മെമ്മോ വീട്ടിലേക്കയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. മെമ്മോ എന്റെ ഭാര്യ ഒപ്പിട്ടു വാങ്ങി. എന്നിട്ടും മൂന്നു ദിവസത്തിനകം മറുപടി മംഗളം ഓഫിസിലത്തെി. അതിനു ലഭിച്ച ഐ.ഡി കാര്‍ഡ് കോടതി തെളിവായി സ്വീകരിച്ചു. അത് ഓഫിസില്‍ ലഭിച്ചു മൂന്നു ദിവസം കൂടി കഴിഞ്ഞാണ് പിരിച്ചുവിടല്‍ ഉത്തരവ് തയാറാക്കിയത്. മറുപടി ലഭിച്ചകാര്യം അംഗീകരിക്കാതെ ‘യാതൊരു കാരണവശാലും നിശ്ചിത തീയതിക്കുള്ളില്‍ താങ്കള്‍ ബോധിപ്പിച്ചിട്ടില്ല’ എന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. മാനേജ്‌മെന്റ് ഭാഷ്യംതന്നെ വര്‍ക്ക്മാനെ ഭാര്യയാണ് മെമ്മോ ഏറ്റുവാങ്ങിയതെന്നാണ്. അത് 31.07.1995ലായിരുന്നു. ഐ.ഡി കാര്‍ഡില്‍ അതിനുള്ള മറുപടി സ്വീകരിച്ചത് 03.08.95ലാണ്. മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. വര്‍ക്ക്മാന്റെ ഭാര്യ മെമ്മോ കൈപ്പറ്റി മൂന്നു ദിവസത്തിനകംതന്നെ മറുപടി എതിര്‍ കക്ഷിക്ക് എത്തിക്കുകയും അത് അവര്‍ ഏറ്റുവാങ്ങുകയും ചെയ്തുവെന്ന് വ്യക്തമാണ്. വൈകിയതിനാല്‍ മറുപടിയും പരിഗണിച്ചില്ല എന്ന മാനേജ്‌മെന്റ് വാദം കളവാണെന്ന് കോടതി വിലയിരുത്തി. ഇതുമാത്രം മതി മാനേജ്‌മെന്റ് മുന്‍വിധിയോടെയാണ് വര്‍ക്ക്മാനോട് ഇടപെട്ടതെന്നു വ്യക്തമാക്കാനെന്നും കോടതി നിരീക്ഷിച്ചു. പിരിച്ചുവിടല്‍ ഉത്തരവിനു മതിയായ കാരണമൊന്നുമില്ല. മറുപടി ലഭിക്കാത്തതുകൊണ്ടാണ് പിരിച്ചുവിടുന്നതെന്ന വാദം നിലനില്‍ക്കില്ല. ശിക്ഷാ നടപടി സ്വീകരിക്കുന്നതിനു മുമ്പായി തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കേണ്ടതായിരുന്നു. അതിനുശേഷം ഡൊമസ്റ്റിക് എന്‍ക്വയറി നടത്തേണ്ടതാണ്. തെളിവെടുക്കേണ്ടതും തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കേണ്ടതുമായിരുന്നു. ഡൊമസ്റ്റിക് എന്‍ക്വയറി നടത്തിയിട്ടില്‌ളെന്ന് മാനേജ്‌മെന്റ് തന്നെ സമ്മതിച്ചിട്ടുള്ളതാണ്. മെമ്മോ നല്‍കിയെങ്കിലും അതിനു മറുപടി ലഭിച്ചിട്ടും കിട്ടിയിട്ടില്‌ളെന്നു മാനേജ്‌മെന്റ് പറഞ്ഞു. ഒരു ചാര്‍ജ്ഷീറ്റും നല്‍കിയില്ല. ഇത് നിയമപ്രകാരം നിലനില്‍ക്കുന്ന നടപടിയല്ല.
താന്‍ അനധികൃത അവധികളൊന്നും എടുത്തിട്ടില്‌ളെന്ന വര്‍ക്ക്മാന്റെ വാദവും കോടതി അംഗീകരിച്ചു. തന്റെ അവധി അപേക്ഷകള്‍ നിരസിക്കപ്പെട്ടിട്ടില്ല. അനധികൃത അവധി എടുത്തിട്ടുണ്ടോ എന്ന് മാനേജ്‌മെന്റ് സാക്ഷിയോടു ചോദിച്ചപ്പോള്‍ രേഖകള്‍ പരിശോധിക്കാതെ തനിക്കൊന്നും പറയാന്‍ കഴിയില്‌ളെന്നാണ് മാനേജ്‌മെന്റ് സാക്ഷി സാബു വര്‍ഗീസ് കോടതിയില്‍ പറഞ്ഞത്. ഇതും മുന്‍വിധിയോടെ വര്‍ക്ക്മാനെതിരെ പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവായി കോടതി സ്വീകരിച്ചു. പിരിച്ചുവിടല്‍ ന്യായീകരിക്കത്തക്കതല്ല. 2008 ഫെബ്രുവരി 28ന് പ്രഖ്യാപിച്ച അവാര്‍ഡില്‍ 50 ശതമാനം ബാക് വേജസോടെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവായി. പിരിച്ചുവിട്ട് 13 വര്‍ഷമായപ്പോഴാണ് ഈ അവാര്‍ഡുണ്ടായത്. മാനേജ്‌മെന്റ് ഇതിനെതിരെ WP(C) 19327/2008 നമ്പരായി സ്റ്റേക്കു ശ്രമിച്ചെങ്കിലും ഹൈകോടതി സ്റ്റേ നല്‍കിയില്ല. സ്റ്റേ കിട്ടാഞ്ഞിട്ടും ലേബര്‍ കോടതി അവാര്‍ഡ് നടപ്പാക്കുകയോ സ്റ്റേ ഇല്ലാത്തതിനാല്‍ തിരിച്ചെടുക്കുകയോ 50 ശതമാനം ശമ്പളം നല്‍കുകയോ ചെയ്തില്ല. അവാര്‍ഡ് പ്രഖ്യാപിച്ച് ആറു വര്‍ഷമായിട്ടും ഇന്നുവരെ അതു സ്റ്റേ ചെയ്തിട്ടില്‌ളെങ്കിലും കോടതി വിധി മാനിച്ചിട്ടില്ല.
സ്വമേധയാ ശമ്പളം നല്‍കിയ ഒന്നാം ഘട്ടത്തിന്റെ പിറ്റേന്നായ 9.08.1995 മുതല്‍ അവാര്‍ഡ് പ്രഖ്യാപിച്ച 28.02.2008 വരെയുള്ള രണ്ടാം ഘട്ടത്തില്‍ ലഭിക്കേണ്ട 50 ശതമാനം ശമ്പളം നിര്‍ണയിക്കുന്നതിനായി ഞാന്‍ ലേബര്‍ കോടതിയില്‍ ക്‌ളെയിം പെറ്റീഷന്‍ 37/2009 സമര്‍പ്പിച്ചു. ഒരു നീണ്ട കഥ ചുരുക്കിപ്പറഞ്ഞാല്‍ 50 ശതമാനം ശമ്പളമായ 7,30,843 രൂപ 9.07.2009 മുതല്‍ റിയലൈസേഷന്‍ വരെ ഒമ്പതു ശതമാനം പലിശയോടെ നല്‍കാനായിരുന്നു വിധി. അതിനെതിരെയും മാനേജ്‌മെന്റ് സ്റ്റേക്കു ശ്രമിച്ചു. OP(LC) No. 3269/2012(ഒ) യില്‍ I A No. 1315/2013ല്‍ ഹൈകോടതി ജഡ്ജി വി. ചിദംബരേഷ് പ്രഖ്യപിച്ച ഉത്തരവില്‍ 3,00,000 രൂപ നല്‍കാനും ശേഷിക്കുന്ന 4,30,843 രൂപക്ക് ഇന്റിറം സ്റ്റേ നല്‍കാനുമാണു വിധിയുണ്ടായത്. തുക 06.03.2013 ല്‍ എനിക്ക് ലഭിച്ചു.
എന്നെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ട 28.02.2008 ന്റെ പിറ്റേന്നു മുതല്‍ എന്നെ സൂപ്പര്‍ ആന്വേറ്റ് ചെയ്ത 13.12.2012 വരെയാണു മൂന്നാം ഘട്ടം. ക്‌ളെയിം പെറ്റീഷന്‍ 43/2012ല്‍ ലേബര്‍ കോടതി ഇറക്കിയ ഉത്തരവില്‍ എനിക്ക് കിട്ടാനുള്ള തുക 10,57,797 രൂപയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചെടുക്കാനുള്ള ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്യാഞ്ഞിട്ടുപോലും കോടതിയെ ധിക്കരിച്ചതിനാല്‍ 1.08.2008 മുതല്‍ ഞാന്‍ ഒടുവില്‍ വാങ്ങിക്കൊണ്ടിരുന്ന ശമ്പളമായ 4472 രൂപ പ്രതിമാസം എനിക്കു നല്‍കണമെന്ന് ഹൈകോടതി ജഡ്ജി വി. ഗിരി 10.11.2008ല്‍ വിധി പുറപ്പെടുവിക്കുകയുണ്ടായി. 4472 രൂപ വീതം പ്രതിമാസം കേസ് തീരുന്നതുവരെ എനിക്കു നല്‍കാനായിരുന്നു വിധി. അഞ്ചു വര്‍ഷം കൃത്യമായി ശമ്പളം നല്‍കിയിട്ടും കേസ് തീര്‍ന്നില്ല. പകരം ഞാന്‍ സൂപ്പര്‍ ആന്വേറ്റ് ചെയ്യപ്പെട്ടു;13.12.2012ല്‍. അതുവരെയുള്ള പ്രതിമാസ ശമ്പളം കൃത്യമായി നല്‍കിക്കൊണ്ടിരുന്നു. ഇങ്ങനെ ആകെ ലഭിച്ച തുക 2,34,465 രൂപയാണ്. 10,57,797 രൂപയില്‍നിന്ന് ഈ തുക കുറച്ചിട്ട് 8,23,332 രൂപ 1000 രൂപ കോടതി ചെലവും ചേര്‍ത്ത് 2.12.2012 മുതല്‍ റിയലൈസേഷന്‍ വരെ ഒമ്പതു ശതമാനം പലിശയോടെ നല്‍കാനാണ് CP 43/2012 ലെ വിധി. 7.10.2013ലാണ് ഈ വിധി പുറപ്പെടുവിച്ചത്. കോടതി ഈ വിധി 17.10.2013ല്‍ ലേബര്‍ കമീഷണര്‍ക്കയച്ചു. അദ്ദേഹം അത് അടിയന്തര തുടര്‍ നടപടികള്‍ക്കായി കോട്ടയം ഡി.എല്‍.ഒക്ക് അയച്ചു. ഡി.എല്‍.ഒ മംഗളത്തിനു നോട്ടീസ് നല്‍കിയപ്പോള്‍ മംഗളം സ്റ്റേക്കായി ഹൈകോടതിയെ സമീപിച്ചു. എന്റെ അഡ്വക്കറ്റിന്റെ വാദത്തിന്റെ ഫലമായി കേസ് സ്റ്റേ ചെയ്തില്ല. OP(LC) 3 of 2014 എന്ന നമ്പരിലാണ് ഹൈകോടതിയില്‍ മംഗളം എം.ഡ എത്തിയിട്ടുള്ളത്.
എന്നെ സൂപ്പര്‍ ആന്വേറ്റ് ചെയ്ത് 15 മാസം കഴിഞ്ഞിട്ടും പി.എഫ്, പി.എഫ് പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ അടക്കാത്ത നടപടിക്കെതിരെ കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പി.എഫ് ആക്ട് പ്രകാരമുള്ള 7 A എന്‍ക്വയറി നടത്താനാണ് കോട്ടയം ആര്‍.പി.എഫ്.സിയോട് ഉത്തരവായിട്ടുള്ളത്. അതുപോലെ ഗ്രാറ്റുവിറ്റി സംബന്ധിച്ച കേസ് ഗ്രാറ്റുവിറ്റി അതോറിറ്റി മുമ്പാകെ നടന്നുവരികയാണ്. അതോറിറ്റി മുമ്പാകെ മംഗളം അഡ്വക്കറ്റ് ചെട്ടിശേരി നല്‍കിയ പ്രസ്താവനയില്‍ 28.02.2008ല്‍ എന്നെ റീ അപ്പോയിന്റ് ചെയ്തു എന്നാണു വാദിക്കുന്നത്.

Author : ചെറിയാന്‍ സഖറിയ

Leave a comment

Your email address will not be published. Required fields are marked *