Kerala Union of Working Journalists

സംരക്ഷണത്തിന്റെ വഴി അടഞ്ഞിട്ടില്ല

അച്ചടി മാധ്യമങ്ങളിലെ ജേണലിസ്റ്റുകള്‍ക്ക് ഇപ്പോള്‍ത്തന്നെ ലഭ്യമായ നിയമപരമായ സംരക്ഷണ മാര്‍ഗങ്ങളുടെ ശരിയായ വിനിയോഗം കോര്‍പറേറ്റ് മുതലാളിമാരുടെ അമിതാധികാര പ്രയോഗങ്ങള്‍ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണെന്നാണ് മാധ്യമങ്ങളിലെ കോര്‍പറേറ്റ് മുതലാളിത്തം പത്രസ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ച ചര്‍ച്ചകള്‍ സജീവമായ ഇക്കാലത്തും അനുഭവങ്ങളില്‍നിന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്. നിയമത്തിന്റെ ഒരുവിധ തടസ്സങ്ങളുമില്ലാതെ ഹയര്‍ ആന്റ് ഫയര്‍ വ്യവസ്ഥ നടപ്പാക്കാന്‍ ഉടമകള്‍ക്ക് ഉണ്ടെന്നു പറയുന്ന അധികാരമാണ് വര്‍ത്തമാനകാലത്തെ മിക്ക പത്രപ്രവര്‍ത്തകരും സ്വന്തം ബോധ്യത്തിന്റെയോ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രഖ്യാപിതനയത്തിന്റെയോ അടിസ്ഥാനത്തില്‍ എഴുതുന്നതിനു പകരം ആ സന്ദര്‍ഭത്തില്‍ ഉടമയുടെ താല്‍പര്യമെന്താണോ അതിനു നിരക്കുന്ന വിധത്തില്‍ പേനയുന്താന്‍ തയാറാവുന്നതിന്റെ മുഖ്യകാരണം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, മിക്ക അച്ചടി മാധ്യമപ്രവര്‍ത്തകരും നിയമം അവര്‍ക്ക് നല്‍കുന്ന സംരക്ഷണകവചത്തെക്കുറിച്ചു ബോധവാന്‍മാരല്ല. അവകാശങ്ങളെക്കുറിച്ച ഈ അവബോധമില്ലായ്മക്ക് സമകാലീന മാധ്യമ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. 1995ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍നിന്ന് ആദ്യ ജോലി ഓഫര്‍ ലഭിച്ചപ്പോള്‍ പത്രത്തിന്റെ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുമായി ഞാനൊരു കരാര്‍ ഒപ്പിടുകയുണ്ടായി. വേജ്‌ബോര്‍ഡ് വ്യവസ്ഥ പ്രകാരമുള്ള പത്രപ്രവര്‍ത്തന തസ്തികയായിരുന്നില്ല എനിക്ക് നല്‍കിയത്. 1955ലെ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് അനുസരിച്ച് സര്‍ക്കാര്‍ നിയോഗിക്കുന്ന വേജ്‌ബോര്‍ഡുകള്‍ ശിപാര്‍ശ ചെയ്യുന്ന സേവന വേതന വ്യവസ്ഥ വേജ്‌ബോര്‍ഡ് ജേണലിസ്റ്റിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതിനു സമാനമായ പരിരക്ഷകളാണു നല്‍കുന്നത്. വേജ്‌ബോര്‍ഡിന്റെ തൊഴില്‍ സുരക്ഷ ഇല്‌ളെങ്കിലും അതിനേക്കാള്‍ വര്‍ധിതമായ ശമ്പളം കിട്ടുമെന്നതിനാല്‍ ഞാനും എന്റെ ഒപ്പം വന്നവരും സന്തുഷ്ടരായിരുന്നു.
പത്രമേഖലയില്‍ കരാര്‍ നിയമനങ്ങള്‍ക്ക് ആക്കം നല്‍കിയത് ടൈംസ് ഓഫ് ഇന്ത്യയായിരുന്നു. തുടക്കത്തില്‍ തൊഴിലാളികള്‍ക്ക് രണ്ടിലേതു വേണമെന്നു തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. കരാര്‍ വ്യവസ്ഥയില്‍ ഉയര്‍ന്ന ശമ്പളത്തിന്റെ പ്രലോഭനമുണ്ടായിരുന്നു. ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും തെരഞ്ഞെടുപ്പിനുള്ള അവസരം ഇല്ലാതായിക്കഴിഞ്ഞിരുന്നു. കൂടുതല്‍ ചര്‍ച്ചക്കൊന്നും സമയം നല്‍കാതെ എനിക്കുള്ള കരാര്‍ അടിച്ചുതന്നു. ഇന്ന് പത്രവ്യവസായത്തില്‍ ഇത് നടപ്പ്രീതിയായി മാറിക്കഴിഞ്ഞു. ജോലിക്കു ചേരുമ്പോള്‍ ഒപ്പിടുന്ന കരാറിലെ വ്യവസ്ഥയനുസരിച്ച് ഒരു മാസത്തെയോ മൂന്നു മാസത്തെയോ നോട്ടീസ് നല്‍കി മുതലാളിക്ക് ആരെ വേണമെങ്കിലും പിരിച്ചുവിടാന്‍ അധികാരമുണ്ടെന്ന് ഏതാണ്ടെല്ലാ പത്രപ്രവര്‍ത്തകരും വിശ്വസിച്ചു തുടങ്ങി. ഈ മിഥ്യാബോധത്തിലാണ് 18 വര്‍ഷത്തോളം ഞാന്‍ പത്രപ്രവര്‍ത്തനം നടത്തിപ്പോന്നത്. ഉഭയസമമത വ്യവസ്ഥയില്‍ നഷ്ടപരിഹാരം വാങ്ങി ഓപണ്‍ മാഗസിന്‍ വിട്ടുപോകാന്‍ സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു. ആ നിര്‍ദേശം ഞാന്‍ കാര്യമായെടുത്തില്ല. വാഗ്ദാനം ചെയ്ത പണം സ്വീകരിക്കുന്നില്‌ളെങ്കില്‍ മാനേജ്‌മെന്റ് എന്നെ പിരിച്ചുവിടുമെന്ന് വ്യക്തമായ ഘട്ടത്തിലാണ് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിയമം എനിക്ക് എന്തെങ്കിലും പരിരക്ഷ നല്‍കുന്നുണ്ടോയെന്ന് ഞാന്‍ പഠിച്ചുതുടങ്ങിയത്. പത്രപ്രവര്‍ത്തകന്‍ ആയതിനാല്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് എനിക്കും ബാധകമാണെന്ന കണ്ടത്തെലില്‍ എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.
രണ്ടു സമന്‍മാര്‍ തമ്മിലുണ്ടാക്കിയിട്ടുള്ളതല്ലാത്തതിനാല്‍ അന്യായമാണെന്നും അതുകൊണ്ടുതന്നെ നിലനില്‍ക്കുന്നതല്‌ളെന്നും ചൂണ്ടിക്കാട്ടി കരാറിന്റെ നിയമപരമായ സാധുത ചോദ്യംചെയ്യണമെന്നതാണ് എനിക്ക് ലഭിച്ച ആദ്യ ഉപദേശം. മിക്ക തൊഴിലാളികള്‍ക്കും കരാറിലെ ഭൂരിപക്ഷം വ്യവസ്ഥളിലും ചര്‍ച്ചക്കുപോലും അവസരമില്‌ളെന്നതാണ് നിയമസാധുത ചോദ്യംചെയ്യുന്നതിനുള്ള പ്രധാന ന്യായമായി ചൂണ്ടിക്കാട്ടപ്പെട്ടത്. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരാത്ത ടി.വിഓണ്‍ലൈണ്‍ ജേണലിസ്റ്റുകള്‍ കോടതിയില്‍ ഈ വാദത്തിന്റെ സാധുത പരീക്ഷിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ എന്റെ സാധ്യതകള്‍ കൂടുതല്‍ വിശദമായി പഠിക്കാന്‍തന്നെ തീരുമാനിച്ചു. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് നല്‍കുന്ന സംരക്ഷണത്തിന് കരാര്‍ ഒരു നിലക്കും തടസ്സമാവുന്നില്‌ളെന്ന് ആശ്ചര്യത്തോടെയാണു ഞാന്‍ മനസ്സിലാക്കിയത്.
നിയമം നിലവില്‍ വരുന്നതിനു മുമ്പോ അതിനുശേഷമോ പ്രാബല്യത്തിലുള്ള മറ്റു നിയമങ്ങളില്‍ സേവന വ്യവസ്ഥകളെക്കുറിച്ച് എന്തുതന്നെ പറഞ്ഞിരുന്നാലും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ആയിരിക്കും ബാധകമാവുക എന്ന് ഈ നിയമവുമായി ഒത്തുപോകാത്ത മറ്റു നിയമങ്ങളുടെയും ഉടമ്പടികളുടെയും പ്രഭാവം’ എന്ന പേരില്‍ ക്‌ളോസ് 16ല്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് വ്യക്തമായും വിശദമാക്കുന്നുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ചട്ടപ്രകാരമുള്ള തൊഴില്‍ കരാറോ ഉടമ്പടിയോ പ്രകാരം നിയമിതനാവുന്ന വര്‍ത്തമാന പത്ര ജീവനക്കാരനായിരുന്നാലും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടില്‍ ഏതെങ്കിലും വിധത്തിലുള്ള അധിക ആനുകൂല്യത്തിനു വ്യവസ്ഥയുണ്ടെങ്കില്‍ അയാള്‍ അതിന് അര്‍ഹനായിരിക്കുമെന്ന് സാരം. നിയമന വ്യവസ്ഥ അനുശാസിക്കുന്ന കരാറുകള്‍ എന്തായിരുന്നാലും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിലെ ഓരോ വ്യവസ്ഥയും എല്ലാ പത്രപ്രവര്‍ത്തകനും ഒരേപോലെ ബാധകമാണെന്ന് നിയമം തന്നെ വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നര്‍ഥം. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാവണം കരാറിലെ വ്യവസ്ഥകള്‍. അല്ലാതെ അവ ദുര്‍ബലപ്പെടുത്തുന്നതാവരുത്.
തൊഴില്‍പരമായ സവിശേഷതകളാല്‍ ചില സവിശേഷാവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നാണ് ഇത് അര്‍ഥമാക്കുന്നത്. ഒരു പ്രത്യേക വിഭാഗം തൊഴിലാളികള്‍ക്ക് വിശേഷാവകാശങ്ങള്‍ നല്‍കുന്നതിലൂടെ ഭരണഘടനയുടെ 14ാം അനുച്ഛേദം ലംഘിച്ചിരിക്കുകയാണെന്ന വാദവുമായി എക്‌സ്പ്രസ് ഗ്രൂപ്പ് 1958ല്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ ഭരണഘടനാപരമായ സാധുത കോടതിയില്‍ ചോദ്യംചെയ്തിരുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്‍മാരാണെന്നാണ് 14ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, 1952ല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രസ് കമീഷന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സുപ്രീംകോടതി എക്‌സ്പ്രസിന്റെ വാദമുഖങ്ങള്‍ തള്ളിക്കളയുകയും നിയമത്തിന്റെ സാധുത ശരിവെക്കുകയുമായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ഒരു പരിധിവരെ സര്‍ഗാത്മക കലാകാരന്‍മാരാണ്. സൂര്യനു കീഴിലുള്ള സമസ്ത വിഷയങ്ങളെപ്പറ്റിയും അഭിപ്രായം പറയാന്‍ കഴിയുന്ന സര്‍വജ്ഞരാണ് പത്രപ്രവര്‍ത്തകരെന്ന് പൊതുജനം ശരിയായോ തെറ്റായോ ധരിച്ചുവെച്ചിട്ടുമുണ്ട്. ജോലിയുടെ സ്വഭാവത്തിനു പുറമെ തൊഴിലെടുക്കുന്ന സാഹചര്യവും ഈ തൊഴില്‍മേഖലയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലാണ് പത്രപ്രവര്‍ത്തകനു ജോലി ചെയ്യേണ്ടിവരുന്നത്. മിക്ക പത്രങ്ങളും പുലര്‍ച്ചെയാണ് വായനക്കാരുടെ കൈകളിലത്തെുന്നതെന്നതിനാല്‍ രാത്രി വൈകിയും ചിലപ്പോള്‍ സമയക്‌ളിപ്തതയില്ലാതെയും അവര്‍ക്കു ജോലി ചെയ്യേണ്ടിവരുന്നു. രാത്രി വൈകി നടക്കുന്ന സംഭവവികാസങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പോലും വായനക്കാരിലത്തെിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അങ്ങനെവരുമ്പോള്‍ മാധ്യമപ്രവര്‍ത്തനം അങ്ങേയറ്റം സവിശേഷമായ ഒരു തൊഴിലായി മാറുകയാണ്. പരന്ന വായന, സാഹചര്യങ്ങള്‍ക്കൊത്ത് ഉയരാനും അതിവേശം കൃത്യമായ നിഗമനങ്ങളിലത്തൊനുമുള്ള കഴിവ്, സമ്മര്‍ദങ്ങളും പിരിമുറുക്കങ്ങളും അതിജീവിക്കാനുള്ള ശേഷി എന്നിവയുണ്ടെങ്കില്‍ മാത്രമേ കൃത്യമായി അതു നിര്‍വഹിക്കാന്‍ കഴിയൂ. മറ്റു വ്യവസായ മേഖലകളിലെന്ന പോലെ പത്രപ്രവര്‍ത്തകന്‍ ചെയ്യുന്ന ജോലി അളന്നു തിട്ടപ്പെടുത്താനാവില്ല. പൂര്‍ത്തിയാക്കുന്ന ജോലിയുടെ വ്യാപ്തിയേക്കാള്‍ ഗുണമേന്‍മക്കാണ് പത്രപ്രവര്‍ത്തനത്തില്‍ പ്രാധാന്യം.
അസ്ഥിരതയാണ് ഈ തൊഴിലിന്റെ മുഖമുദ്ര. മറ്റു തൊഴില്‍ മേഖലകളില്‍ ഈ അസ്ഥിരത നിലനില്‍ക്കുന്നില്ല എന്നല്ല പറഞ്ഞുവരുന്നത്. പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അസ്ഥിരതക്കുള്ള സാഹചര്യങ്ങള്‍ അധികരിച്ചുവരുന്നതിനാല്‍ തൊഴിലില്ലായ്മക്കുള്ള സാധ്യതകളും ഏറെയാണ്. മറ്റു മേഖലകളില്‍നിന്നു വ്യത്യസ്തമായ തൊഴില്‍ സാഹചര്യമാണ് പത്രപ്രവര്‍ത്തന രംഗത്തുനിലനില്‍ക്കുന്നതെന്നര്‍ഥം. ഉടമയുടെ ഇഷ്ടാനിഷ്ടങ്ങളാണ് ഒരു പരിധിവരെ ഇവിടെ തൊഴില്‍ സ്ഥിരതക്ക് അടിസ്ഥാനം. പത്രത്തിന്റെ ഉടമസ്ഥതയിലോ നയത്തിലോ ഉണ്ടാവുന്ന മാറ്റങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് വലിയതോതില്‍ തൊഴില്‍ നഷ്ടങ്ങളുണ്ടാക്കിയ ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ സംഭവിച്ചിട്ടുണ്ട്. മറ്റു വ്യവസായങ്ങളില്‍ ഉടമ മാറിയതുകൊണ്ട് തൊഴിലാളിക്ക് സാധാരണനിലയില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. വാര്‍ത്തകള്‍ നല്‍കുന്നതിനുമപ്പുറം ജനങ്ങളെ ബോധവത്കരിക്കുകയും അവര്‍ക്കു ദിശാബോധം പകരുകയും ചെയ്യുന്നതു കൂടി ഒരു വര്‍ത്തമാനപത്രത്തിന്റെ അടിസ്ഥാന ഉദ്ദേശ്യമായതിനാല്‍ ഉടമയുടെ അല്‌ളെങ്കില്‍ പത്രനയത്തിന്റെ മാറ്റം എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരുടെ ഒന്നടങ്കമുള്ള മാറ്റങ്ങളിലേക്കു പോലും നയിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ഏതു പദ്ധതിയും നയവും ആവിഷ്‌കരിക്കുന്നതിനു മുമ്പ് പത്രപ്രവര്‍ത്തന മേഖലയുടെ സവിശേഷമായ ഇത്തരം സാഹചര്യങ്ങള്‍ കൃത്യമായും മനസ്സില്‍ വെക്കേണ്ടതുണ്ട്.
ഈ പരിഗണനകളെല്ലാം ഉള്‍ക്കൊണ്ട് കോടതി ഇങ്ങനെ വിധിച്ചു;
പത്രപ്രവര്‍ത്തകര്‍ ഒരു പ്രത്യേകമായ തൊഴില്‍ വിഭാഗമാണ്. അതുകൊണ്ടുതന്നെ പത്രസ്ഥാപനങ്ങളിലെ ഇതര ജീവനക്കാരില്‍നിന്ന് വേര്‍തിരിച്ചുകണ്ട് അവരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന് നിയമനിര്‍മാണം നടത്തുന്നതില്‍ വിവേചനപരമായി ഒന്നുമില്ല. അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. ഈ പരിഗണന ഒരുനിലക്കും 14ാം അനുച്ഛേദത്തിന്റെ ലംഘനമാവുന്നില്ല.
നിലവിലില്ല എന്ന് ഭൂരിഭാഗം പത്രപ്രവര്‍ത്തകരും വിശ്വസിക്കുന്ന സംരക്ഷണ വ്യവസ്ഥകള്‍ കൃത്യമായും ഒരു നിയമത്തില്‍ എഴുതിവെക്കുകയും രാജ്യത്തെ പരമോന്നത കോടതി അതിന്റെ സാധുത അര്‍ഥശങ്കക്കിടയില്ലാത്ത വിധം ശരിവെക്കുകയും ചെയ്തിട്ടുണ്ട്. തൊഴില്‍ സമയം, പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍, ഗ്രാറ്റുവിറ്റിയുടെ സ്വഭാവം തുടങ്ങി പത്രപ്രവര്‍ത്തകന്റെ സംരക്ഷണത്തിനുവേണ്ടതെല്ലാം ഈ നിയമത്തിലുണ്ട്. ഏതെങ്കിലും കരാറോ മറ്റേതെങ്കിലും തൊഴില്‍ വ്യവസ്ഥകളോ വഴി ഒരു തൊഴിലുടമക്കും അതിലെ ചട്ടങ്ങള്‍ ലംഘിക്കാനാവില്ല.
ഉടമയുടെ നീതിനിഷേധത്തിനെതിരെ എന്തെല്ലാം വഴികള്‍ സ്വീകരിക്കാമെന്നും നിയമം വ്യക്തമാക്കുന്നുണ്ട്. വ്യവസായ തര്‍ക്ക നിയമം അല്‌ളെങ്കില്‍ സമാനമായി അതതു സംസ്ഥാനത്തു പ്രാബല്യത്തിലുള്ള നിയമ പ്രകാരം ഏതു തൊഴിലാളിക്കുമുള്ള എല്ലാ അവകാശങ്ങള്‍ക്കും പത്രപ്രവര്‍ത്തകനും അര്‍ഹനാണ്. അതുകൊണ്ടുതന്നെ തൊഴിലുടമയുമായുള്ള തര്‍ക്കങ്ങള്‍ പത്രപ്രവര്‍ത്തകന് ലേബര്‍ കോടതിയില്‍ എത്തിച്ച് പരിഹാരം കണ്ടത്തൊം. എന്നാല്‍, ഈ വിഷയങ്ങളെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാതെ പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ തൊഴില്‍ നിയമങ്ങള്‍ക്കെതിരെ എഴുതുന്ന വിരോധാഭാസവും നിലവിലുണ്ട്. തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണുമെന്നതില്‍ വരുത്തുന്ന ഏതു ഭേദഗതികളും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചു നല്‍കുന്ന അവകാശങ്ങളെ പ്രത്യക്ഷമായിത്തന്നെ ബാധിക്കും. തൊഴിലുടമക്ക് അനുകൂലമായി വ്യവസായ തര്‍ക്ക നിയമത്തില്‍ വരുത്തുന്ന ഏതു വെള്ളംചേര്‍ക്കലും പത്രസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ചട്ടങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതായിരിക്കും.
രാജ്യത്തു നിലനില്‍ക്കുന്ന പത്രസ്വാതന്ത്ര്യത്തിന്റെ വേരു മനസ്സിലാക്കുന്നത് അതു വിസ്തൃതമാക്കാന്‍ നമ്മെ സഹായിക്കും. തൊഴിലുടമയുടെ പീഡനങ്ങള്‍ ചെറുക്കുന്നതിന് ലേബര്‍ കോടതികളെ വ്യവസ്ഥാപിതമായി ഉപയോഗിക്കാന്‍ അച്ചടി മാധ്യമ രംഗത്തെ പത്രപ്രവര്‍ത്തകര്‍ക്ക് തീര്‍ച്ചയായും സാധിക്കും. അവര്‍ ആ സാധ്യത ഫലപ്രദമായി വിനിയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സുപ്രീംകോടതി വരെ പോകേണ്ടിവന്നേക്കാമെങ്കിലും ഇത്തരം കുറച്ചു കേസുകള്‍ സൃഷ്ടിക്കുന്ന കീഴ്വഴക്കം ഉടമകളുടെ അമിതമായ അധികാര പ്രമത്തതക്ക് കൂച്ചുവിലങ്ങിടാന്‍ വലിയൊരളവോളം സഹായകമാവും. അതോടൊപ്പം അച്ചടിയോ ദൃശ്യമോ ശ്രാവ്യമോ ഓണ്‍ലൈനോ മാധ്യമമെന്തായാലും എല്ലാ വിഭാഗം പത്രപ്രവര്‍ത്തകരെയും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും വേണം. സമൂഹത്തിലെ എല്ലാ വിഭാഗം വാര്‍ത്താ ഉറവിടങ്ങളെയും അഭിപ്രായ രൂപകര്‍ത്താക്കളെയും സംരക്ഷിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് പ്രസ് കമീഷന്‍ ഇത്തരമൊരു നിയമനിര്‍മാണത്തിനു ശിപാര്‍ശ ചെയ്തത്. നിയമത്തിന്റെ പരിധി വ്യാപിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. മാത്രമല്ല നിയമപ്രകാരം നിലവില്‍ സംരക്ഷണമുള്ള അച്ചടി മാധ്യമ രംഗത്തെ പത്രപ്രവര്‍ത്തകര്‍ ഇതിനകം ലഭ്യമായ അവകാശം ഫലപ്രദമായി ഉപയോഗിക്കുന്നില്‌ളെങ്കില്‍ അതുകൊണ്ട് വലിയ കാര്യവുമില്ല.

Author : ഹര്‍തോഷ് സിങ് ബാല്‍

Leave a comment

Your email address will not be published. Required fields are marked *