Kerala Union of Working Journalists

ശബ്ദവും മണവും ചൂടും ഉള്ള ആ പഴയ കാലം

pressശബ്ദമുണ്ടായിരുന്നു, മണമുണ്ടായിരുന്നു, ചൂടുണ്ടായിരുന്നു. നാലു ദശകം മുമ്പ് പത്രപ്രവര്‍ത്തകനു ചുറ്റും ഇതെല്ലാം ഉണ്ടായിരുന്നു. ന്യൂസ് റൂമില്‍ വാര്‍ത്താ ഏജന്‍സികളുടെ ടെലിപ്രിന്ററുകള്‍ ഇടതടവില്ലാതെ അടിക്കുന്ന ശബ്ദം. പത്രത്തിന്റെ വിവിധ ബ്യൂറോകളില്‍നിന്നുള്ള ടെലിപ്രിന്ററുകളും വൈകുന്നേരം പറ്റുന്നത്ര ശബ്ദം നല്‍കും. പിന്നെ ടെലിഫോണുകളില്‍ വാര്‍ത്തകള്‍ എടുക്കുന്നതിന്റെ കോലാഹലം. ഇവയിലൂടെയൊക്കെ വരുന്നവ എഴുതി തയാറാക്കി നല്‍കിയാല്‍ വീണ്ടും മോണോടൈപ്പിസ്റ്റുകള്‍ അടിക്കുന്നതിന്റെ ശബ്ദം. അടിച്ചു തുളയിട്ട പേപ്പര്‍ റോള്‍ കൊടുത്തുകഴിയുമ്പോള്‍ കാസ്റ്റിങ് യന്ത്രത്തിന്റെ സമീപം ശബ്ദം മാത്രമല്ല, ചൂടും. തിളയ്ക്കുന്ന ഈയവും ആന്റിമണിയും ചേര്‍ന്ന ലോഹസംയുക്തം അക്ഷരങ്ങളായി വാര്‍ക്കപ്പെട്ട് ലോഹപ്പലകകളില്‍ അടുക്കി വരുന്നു. ഒപ്പം, ലോഹസംയുക്തത്തിന്റെ മനം മടുപ്പിക്കുന്ന മണം. അതിന്‍മേല്‍ മഷി പുരട്ടി പ്രൂഫ് എടുക്കുമ്പോള്‍ വേറേ മണം.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ കേരളീയ പത്ര ഓഫീസുകള്‍ അങ്ങനെയായിരുന്നു. പഴയ റോട്ടറി പ്രസുകളില്‍ പേജ് വലിപ്പത്തിലുള്ള വാര്‍പ്പ് പേജുകളിണ്‍ മഷി പുരട്ടി അതു കടലാസിലേക്കു പകര്‍ത്തുന്നു. പേജുകള്‍ തയാറാക്കുന്നത് മോണോടൈപ്പിലും ലൈനോടൈപ്പിലും അടിച്ചു വാര്‍ത്തെടുക്കുന്ന അക്ഷരങ്ങള്‍ നിരത്തി. വാര്‍ത്തകള്‍ എഴുതി കമ്പോസിറ്റര്‍ക്കു നല്‍കുന്നു. വാര്‍ത്ത കിട്ടാന്‍ ടെലിപ്രിന്റര്‍, ടെലക്‌സ്, ടെലിഫോണ്‍ എന്നിവയും ബ്യൂറോകളില്‍നിന്നു കൊടുത്തുവിടുന്ന കവറുകളും ആശ്രയം.
pressനാലു പതിറ്റാണ്ടു കഴിയുമ്പോള്‍ ആ ശബ്ദവും ബഹളവും ചൂടും ഗന്ധവും എല്ലാം അകന്നുപോയി. പരസ്പരം മുഖം കണ്ടിരുന്ന എഡിറ്റോറിയല്‍ ഡെസ്‌ക് പോലും ഇല്‌ളെന്നായി. എഡിറ്ററുടെ നീലയും ചുവപ്പും പേന വേണമെന്നില്ലാതായി. അക്ഷരപ്പെട്ടികളും പേജ് തയാറാക്കുന്ന ബലമേറിയ മേശകളും പ്രൂഫ് എടുക്കുന്ന സിലിണ്ടര്‍ മെഷീനും കാസ്റ്റിങ് മെഷീനും ശബ്ദം കേള്‍പ്പിക്കുന്ന ടെലിപ്രിന്ററുകളും ഫ്‌ളാഷ് വാര്‍ത്തകള്‍ അടിക്കുമ്പോഴത്തെ മണിശബ്ദവുമൊക്കെ ഇങ്ങിനി വരാത്തവണ്ണം കടന്നുപോയി.
എന്റെ പത്രപവര്‍ത്തന ജീവിതം ആരംഭിക്കുന്നത് കേരളത്തിലും ഇന്ത്യയിലും പത്രപ്രവര്‍ത്തനം ഒരു പുതിയ ആവേശം നേടിയ അവസരത്തിലാണ്. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു നാലാഴ്ചക്കു ശേഷം. അതിശക്തയായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയും തോറ്റ്, കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട അവസരം. അടിയന്തരാവസ്ഥയിലെ ഇരുണ്ട കഥകള്‍ പുറത്തുവരുന്ന അവസരം. ഇന്ത്യ ടുഡെയും സണ്‍ഡേയും പോലു വാര്‍ത്താമാസികകള്‍ വിപണിത്ഥു പരിചിതമാകുന്ന സമയം. പത്രങ്ങളിലും വാരികകളിലുമൊക്കെ അടിയന്തരാവസ്ഥയുടെ കഥകള്‍.
1977 ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ മാറ്റം കുറിച്ച വര്‍ഷമായി. അധികാരത്തിന്റെ ഇടനാഴികളിലെ കഥകള്‍ ജനങ്ങളെ അറിയിക്കാനുള്ളതാണെന്നു മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കിയ അവസരം. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പിനിടയില്‍ എഴുതാന്‍ പറ്റാത്തതും എഴുതിയിട്ടും അച്ചടിമഷി പുരളാന്‍ ഭാഗ്യം ലഭിക്കാത്തതുമായ വാര്‍ത്തകള്‍ പുറത്തുവിടുന്ന സമയമായിരുന്നു അത്.
മാധ്യമങ്ങളുടെ പരിമിതി മനസ്സിലാക്കിയ വര്‍ഷംകൂടിയാണ് 1977. അക്കൊല്ലത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കും അനുകൂലമായി മാത്രമേ പത്രങ്ങള്‍ക്ക് അച്ച് നിരത്താനാവുമായിരുന്നുള്ളൂ. എതിര്‍ റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കണ്ടില്ല. പക്ഷേ, ഉത്തരേന്ത്യയിലെ ഒന്‍പതു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തട്ടിക്കൂട്ടിയ ജനതാ പാര്‍ട്ടിയും ജഗജീവന്‍ റാമിന്റെ കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസിയും സീറ്റുകള്‍ തൂത്തുവാരി.( കേരളമടക്കം നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി മറിച്ചായിരുന്നു)
തങ്ങള്‍ എഴുതിയതൊന്നും ജനം വിശ്വസിച്ചില്‌ളെന്നു പത്രപ്രവര്‍ത്തകര്‍ അന്നു മനസ്സിലാക്കി. സ്വതന്ത്രമായി എഴുതാന്‍ അനുവാദമില്ലാത്തപ്പോള്‍ എഴുതുന്നതിന് വിശ്വാസ്യതയില്ലാതാകും എന്നതാണ് യാഥാര്‍ഥ്യം. പേനയ്ക്കും കാമറയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ആ നിയന്താക്കള്‍ക്കു തന്നെയാണ് നഷ്ടം വരിക എന്നും 1977ലെ ജനവിധി തെളിയിച്ചു.
1977 മുതലുള്ള ഒരു ദശകം പത്രപ്രവര്‍ത്തക സാങ്കേതിക വിദ്യയിലും വലിയ മാറ്റം വരുത്തിയ കാലമാണ്. 1977ല്‍ ദീപികയുടെ 90ാം വാര്‍ഷികാഘോഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ കോട്ടയത്തു ചേര്‍ന്നത്. 1986ല്‍ ദീപികയുടെ ശതാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. അപ്പോഴേക്കും വന്ന മാറ്റങ്ങള്‍ വളരെ വലുതാണ്.
പ്രിന്റിങ്ങില്‍ പഴയ റോട്ടറിയില്‍നിന്ന് ഓഫ്‌സെറ്റ് പ്രസിലേക്ക് മാറ്റം. ലോഹ സങ്കരത്തില്‍ വലിയ വാര്‍പ്പ് പേജ് പ്രസിന്റെ സിലിണ്ടറില്‍ ഘടിപ്പിച്ച സ്ഥാനത്ത് കനം കുറഞ്ഞ അലൂമിനിയം ഷീറ്റ് മതി. നേരത്തേ സിലിണ്ടറില്‍ ഘടിപ്പിച്ച വാര്‍പ്പില്‍ പറ്റുന മഷിയാണു കടലാസിലേക്ക് പതിഞ്ഞിരുന്നത്. ഓഫ്‌സെറ്റായപ്പോള്‍ അലൂമിനിയം ഷീറ്റില്‍നിന്ന് ഒരു ബ്‌ളാങ്കറ്റിലേക്കു പകരുന്ന ഇംപ്രഷനാണു കടലാസില്‍ പതിയുക എന്നു വന്നു. മോണോടൈപ്പും ലൈനോടൈപ്പും മാറി. കമ്പ്യൂട്ടര്‍ വന്നു. കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത് തെര്‍മല്‍ പേപ്പറില്‍ പ്രിന്റ് എടുത്ത് ആ പ്രിന്റ് ഒട്ടിച്ചു പേജ് നിര്‍മിച്ചു ഫിലിം എടുക്കുന്ന രീതിയായി.
വീണ്ടുമൊരു ദശകം പിന്നിട്ടപ്പോള്‍ പേജ് സംവിധാനവും വിന്യാസവുമൊക്കെ എഡിറ്റര്‍മാരുടെ പണിയാകുന്നത്ര വ്യാപകമായി കമ്പ്യൂട്ടറൈസേഷന്‍. ടെലിപ്രിന്ററുകള്‍ നാടുവിട്ടു. ടെലക്‌സ് മെഷീനുകള്‍ കാണാനില്ല. ലോഹങ്ങള്‍ ഉരുക്കിയും വാര്‍ത്തുമുള്ള പണികളൊന്നും പത്ര ഓഫിസില്‍ ഇല്ലാതായി. ശബ്ദവും മണവും ചൂടുമൊക്കെ കുറഞ്ഞു.
അതു പത്രപ്രവര്‍ത്തനത്തിലെ ചൂടും ശബ്ദവും ഗന്ധവുമൊക്കെ കുറച്ചോ? ഉത്തരം നല്‍കേണ്ടതു വായനക്കാരാണ്.
ഒരു ക്‌ളൂ തരാം. നാട്ടിലെ പലചരക്കു കടയില്‍ സാധനങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പത്രക്കടലാസ് പണ്ടത്തേതുപോലെ മുഷിഞ്ഞതല്ല ഇപ്പോള്‍. പല വീടുകളില്‍നിന്നും കിട്ടുന്ന പത്രങ്ങള്‍ കാര്യമായി വായിച്ചതുപോലെ തോന്നുന്നില്ല. ചില ദിവസങ്ങളില്‍ പത്രം മടക്കുപോലും നിവര്‍ത്താതെയാണ് തൂക്കിവില്‍ക്കുന്നതത്രെ.
എഴുപതുകളിലെ വിവരങ്ങള്‍ അറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു എന്നു പറയാം. പല കുടുംബങ്ങള്‍ക്കും പത്രം വരുത്താന്‍ ധനശേഷിയും ഇല്ലായിരുന്നു. അപ്പോള്‍ വീട്ടിലുള്ളവര്‍ പത്രം കൂടുതലായി വായിച്ചിരുന്നു. ചിലപ്പോള്‍ ഒരു പത്രം പല വീട്ടുകാര്‍ കൈമാറിയിരുന്നു. അപ്പോള്‍ വില്‍ക്കാന്‍ കിട്ടുക ഉപയോഗിച്ചു പഴകിയ പത്രമാണ്. ഇന്നു നില മാറി. അനേക ലക്ഷം കോപ്പികള്‍ വില്‍ക്കുന്നുണ്ടെങ്കിലും അതത്രയും വായിക്കപ്പെടുന്നില്ല.
ഇന്നു പത്രപ്രവര്‍ത്തനം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. വീടുകളിലെ ചെറുപ്പക്കാര്‍ പത്രത്തെ കാര്യമായി എടുക്കുന്നില്ല. പ്രത്യേകിച്ചും അച്ചടിരൂപത്തെ. പത്രവായന പോലും അവര്‍ ആപ്പിലൂടെ നടത്തുകയാണ്.
പത്രം ചെയ്യുന്ന പ്രധാന കാര്യംഅവര്‍ അറിയാത്ത കാര്യങ്ങള്‍ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകഎന്നും പ്രസക്തമാണ്. അതിന് ആവശ്യക്കാരുമുണ്ട്. പക്ഷേ, അത് ഏത് മാധ്യമത്തിലൂടെ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
ലോകം പുതിയ മാധ്യമങ്ങള്‍ കണ്ടത്തെിയിരിക്കുന്നു. അവ വളരെ സൗകര്യപ്രദമായി തോന്നുകയും ചെയ്യുന്നു. മൂന്നു നൂറ്റാണ്ടു മാത്രം പഴക്കമുള്ള അച്ചടിക്കപ്പെട്ട വര്‍ത്തമാനപത്രമല്ല നാളത്തെ മാധ്യമം. അവര്‍ക്കു പുതിയ മാധ്യമ പ്‌ളാറ്റ്‌ഫോറങ്ങളിലൂടെ വേണം വിവരങ്ങള്‍ നല്‍കാന്‍. ആ മാറ്റത്തിന്റെ ഘട്ടത്തിലാണ് ഈ പത്രപ്രവര്‍ത്തകന്റെ പ്രഫഷനല്‍ ജീവിതം അസ്തമിക്കുന്നതെന്നു കരുതാം.
എഴുപതുകളിലെ രണ്ടാം പകുതിയില്‍ വാര്‍പ്പുകളുടെയും വാര്‍പ്പ് അക്ഷരങ്ങളുടെയും മധ്യത്തില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനത്തിന് ചില്ലറയല്ലാത്ത ഗുണങ്ങളുണ്ടായിരുന്നു. അന്ന് അക്ഷരങ്ങള്‍ തോന്നുന്ന വലിപ്പത്തില്‍ കിട്ടില്ല. എട്ടു കഴിഞ്ഞാല്‍ 10 പോയന്റ്. പിന്നെ 12, 18,24, 36,48,60 എന്നിങ്ങനെയാണ് അക്ഷരവലിപ്പം. (ഒരു ഇഞ്ചിന്റെ 72ല്‍ ഒരു ഭാഗമാണ് ഒരു പോയന്റ്)
അപ്പോള്‍ ഹെഡിങ് എഴുതണമെങ്കില്‍ ഭാഷാവൈഭവം അത്യാവശ്യം. ഒറ്റക്കോളം ഹെഡിങ്ങുകള്‍ സാധാരണ 18,24 പോയന്റുകളിലാണ്. വാക്കുകള്‍ മുറിയരുതെന്നുണ്ട്. ഒരു കോളം വീതിയില്‍ 24 പോയന്റില്‍ ഒരു ഹെഡിങ് ഉണ്ടാക്കുമ്പോള്‍ ലോഹസങ്കരംകൊണ്ടു വാര്‍ത്തുവെച്ചിട്ടുള്ള അക്ഷരങ്ങള്‍ ചുരുക്കാനോ നീട്ടാനോ പറ്റില്ല. ഇന്നാണെങ്കില്‍ കമ്പ്യൂട്ടറിനോടു സ്‌ക്വീസ് പറഞ്ഞാല്‍ ഏതു വാക്കും ചുരുങ്ങിക്കിട്ടും. അന്ന് അതിനവസരമില്ല. വാക്കു മാറ്റുക മാത്രം ശരണം. നല്ല ഭാഷാ വൈദഗ്ധ്യമുള്ളവര്‍ക്കേ കമ്പോസിറ്ററുടെ ആവലാതിക്ക് ഇടയാക്കാതെ ഹെഡിങ് എഴുതാനാവൂ.
പേജിലെ ബഹുകോളം ഹെഡിങ്ങുകള്‍ക്കും സ്റ്റോറി ഹെഡിങ്ങുകള്‍ക്കുമൊക്കെ ഈ പ്രശ്‌നമുണ്ട്. ഭാഷാവൈഭവം അന്നു ഡെസ്‌കിലെ ഉയര്‍ച്ചക്കു നിദാനമായിരുന്നത് ഈ വാര്‍പ്പക്ഷരങ്ങളോടുള്ള ഗുസ്തി മുഖ്യ തൊഴില്‍പ്രശ്‌നമായതുകൊണ്ടാണ്. കുറച്ച് അക്ഷരങ്ങള്‍, ചെറിയ വാക്കുകള്‍ എന്നൊക്കെയുള്ളത് അന്ന് നിര്‍ബന്ധമായും പാലിക്കേണ്ടിവന്നിരുന്നുഹെഡിങ് എഴുതേണ്ടപ്പോഴെങ്കിലും. ഇന്നു പലപ്പോഴും ഇതിനുള്ള അഭ്യാസം ആവശ്യമില്‌ളെന്നു വരുന്നു.
ചുരുക്കാനും നീട്ടാനും കമ്പ്യൂട്ടര്‍ സൗകര്യം നല്‍കുന്നു. കോളത്തിന്റെ വലിപ്പവും ആകൃതിയും പോലും ഇഷ്ടംപോലെ മാറ്റാം. അതിനിടെ നഷ്ടമാവുന്ന സിദ്ധികളിലൊന്ന് ഭാഷാവൈഭവമാണ്.

Author : ടി.സി മാത്യു

Leave a comment

Your email address will not be published. Required fields are marked *