Home > coverstory > കൈയില്‍ മൈക്കും കഴുത്തില്‍ ടാഗും; ഒരു അസംഘടിത തൊഴിലാളിയുടെ ചിഹ്നങ്ങള്‍

കഴിഞ്ഞ മെയ് ഒന്നിന് കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും തുല്യ പ്രാധാന്യത്തോടെ നല്‍കിയ വാര്‍ത്തയാണ് കോഴിക്കോട് നഗരത്തിലെ തുണിക്കടകളില്‍ വനിതാ ജീവനക്കാര്‍ നടത്തിയ സമരം. ഇരിക്കാനുള്ള അവകാശം തേടിയാണ് സമരം നടന്നത്. പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട സമരമായിരുന്നു അത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വ്യവസായമായ തുണിക്കടകളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ അസംഘടിത തൊഴിലാളി വര്‍ഗത്തിന്റെ മുഴുവന്‍ പ്രതീകങ്ങളാണ്. ജോലിക്കിടയില്‍ ഇരിക്കാന്‍ പോലും ആകുന്നില്‌ളെന്ന ആവലാതി പ്രകടിപ്പിക്കാന്‍ ഒരു തൊഴിലാളി ദിനം തന്നെ അവര്‍ തിരഞ്ഞെടുത്തു എന്നത് പ്രശംസനീയമായ മറ്റൊരു കാര്യം. അതവിടെ നില്‍ക്കട്ടെ. ഒരു തുടക്കത്തിന് വേണ്ടി മാത്രമാണ് ഇരിക്കാനുള്ള സമരത്തെ കൂട്ടുപിടിച്ചത്.
ഇരിക്കാനുള്ള സമരത്തെ പൂര്‍വാധികം ഭംഗിയാക്കിയത് ടെലിവിഷന്‍ മാധ്യമങ്ങളാണ്. സെയില്‍സ് ഗേള്‍ എന്ന പരിചിത പദത്തിന്റെ പിന്നിലെ അപരിചിതമായ പരിദേവനങ്ങളെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ വാര്‍ത്താ ചാനലുകള്‍ അവതരിപ്പിച്ചത് ഓര്‍ക്കുന്നു. പക്ഷെ സത്യത്തില്‍ ഇത് അവരുടെ കൂടെ കഥയായിരുന്നു.
ka 9അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ പ്രതിനിധി എന്ന നിലയില്‍ക്കൂടി മാധ്യമപ്രവര്‍ത്തകനെ കാണണം എന്നതറിയുന്ന എത്ര പേരുണ്ടാകും കേരളത്തില്‍. ഒരുപക്ഷെ ബംഗാളിയോടും നേപ്പാളിയോടുമുള്ള പെരുമാറ്റം കഴിഞ്ഞാല്‍ തൊഴില്‍ മേഖലയില്‍ ഏറ്റവും വലിയ അരക്ഷിതാവസ്ഥ നേരിടുന്നത് മാധ്യമപ്രവര്‍ത്തകര്‍ ആയിരിക്കും. ഹോട്ടലില്‍ എല്ല് മുറിയെ പണിയെടുക്കുന്നവര്‍ക്കും സെയില്‍സ് ഗേളുമാര്‍ക്കും മാസാവസാനം കിട്ടുന്ന ശമ്പളത്തിനൊപ്പമോ, താഴെയോ മാത്രം ശമ്പളം വാങ്ങുന്നവരാണ് തങ്ങളുടെ വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് എത്ര സെയില്‍സ് ഗേളുകള്‍ക്ക് അറിയാം.
മാധ്യമങ്ങള്‍ ഏറ്റവും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്ന സംസ്ഥാനമാണ് കേരളം. ശാഖോപശാഖകളായി പടര്‍ന്നും, പിളര്‍ന്നും പോകുന്ന രാഷ്ട്രീയ, മത, ദൈവീക പ്രസ്ഥാനങ്ങള്‍ക്കെല്ലാം അവരുടെ ആശയ പ്രചാരണങ്ങള്‍ക്ക് വാര്‍ത്താ മാധ്യമങ്ങളും അതിലെല്ലാമെഴുതാന്‍ കൂലിക്കാരുമുള്ള നാടാണ് കേരളം.
ഇരുപത്തിരണ്ടോളം പത്രങ്ങളും എട്ട് വാര്‍ത്താ ചാനലുകളും പ്രവര്‍ത്തിക്കുന്ന ഇടം. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ക്കും ഒരു കുറവുമില്ല. രാഷ്ട്രീയ നിലപാട് തൊട്ട് അപ്രിയ സത്യങ്ങള്‍ക്ക് പോലും മാധ്യമങ്ങള്‍ പഴി കേള്‍ക്കുന്നുണ്ട്. അതിനേക്കാളേറെ നിലപാടുകളില്‍ വെള്ളം ചേര്‍ത്തും നിലപാട് തന്നെയും ഇല്ലാതെയും വിഷയങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചും തങ്ങളുടെ നിലനില്‍പ്പിന് സ്വയം കുഴിതോണ്ടുന്നുമുണ്ട് മാധ്യമങ്ങള്‍.
മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പരിശോധിക്കുക. ആരോഗ്യകരമായ ഒരു ചര്‍ച്ചയും കാണാന്‍ കഴിയില്ല. വാര്‍ത്തകള്‍ക്ക് വരുന്ന കമന്റുകള്‍ മിക്കപ്പോഴും വര്‍ഗീയതയും വിദ്വേഷവുമാണ്. ഇടത് വലത്, തീവ്രമിത വാദികളായ എല്ലാവരും ചേര്‍ന്ന് നടത്തുന്ന മറ്റൊരു വിചാരണ എന്നതിനപ്പുറം ഒന്നുമില്ല ഉള്‍ക്കൊള്ളാന്‍. ചാനലുകളില്‍ നടക്കുന്ന സ്ഥിരം ഒമ്പത് മണി ചര്‍ച്ചയുടെ മറ്റൊരു വകഭേദം എന്നല്ലാതെ ഒന്നുമുണ്ടാവില്ല. ഇങ്ങനെ ജാഗരൂകരായി, അഭിപ്രായം പറയാന്‍ ഒരു ഇടം നോക്കിയിരിക്കുന്നവര്‍ക്കും അറിഞ്ഞുകൂടാ എത്ര അസംഘടിതമാണ് ഈ പ്രവര്‍ത്തന മേഖലയെന്ന്. കൈയില്‍ മൈക്കും, കഴുത്തില്‍ ടാഗും അണിഞ്ഞ് ക്യാമറക്ക് ‘സ്റ്റാന്‍ഡ് അപ്പ്’ നല്‍കുന്ന വിഷ്വല്‍ ജേണലിസ്റ്റ് നിലനില്‍പ്പിന്റെ സിദ്ധാന്തമാണ് പ്രസംഗിക്കുന്നതെന്ന് അറിയുന്നവര്‍ വിരളം.
മാധ്യമപ്രവര്‍ത്തകരെ ഒട്ടാകെ എടുത്ത് പരിശോധിച്ചാല്‍ ഏറ്റവും അസംഘടിതര്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരാണെന്ന് കാണാം. തൊഴിലിടങ്ങളില്‍, അവകാശങ്ങളില്‍ എന്ത് സുരക്ഷിതത്വമാണ് അവര്‍ക്ക് ലഭിക്കുന്നത് എന്നതില്‍ ഭരണകൂടങ്ങള്‍ക്കുള്‍പ്പടെ ഒരറിവുമില്ല.
ഇനിയും ശൈശവ ദിശ പിന്നിട്ടിട്ടില്ല കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍. ദേശീയ തലത്തില്‍ ‘എന്‍ഡിടിവി’ പോലെ അത്യാവശ്യമൊന്ന് എടുത്ത് കാട്ടാന്‍ തക്കവണ്ണം ഉയര്‍ന്ന പക്വതയുള്ള ഒരു ദൃശ്യ മാധ്യമവും കേരളത്തില്‍ വളര്‍ന്നിട്ടില്ല.
പത്ര മാധ്യമ ലോകം നേരെ തിരിച്ചാണ്. നൂറിലധികം വര്‍ഷം പിന്നിട്ട പത്രമേഖല തീരുമാനങ്ങളില്‍ പക്വമാണ്. എന്നിട്ടുപോലും പത്രപ്രവര്‍ത്തന മേഖലയില്‍ ഒരു പ്രശനവും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. അപ്പോള്‍ പിന്നെ ടെലിവിഷന്റെ കാര്യം പറയേണ്ടതുണ്ടോ..!!
പത്രമേഖലയില്‍ ഇന്നും തൊഴിലാളി സംഘര്‍ഷങ്ങള്‍ നടക്കുന്നു. ഇന്നും പത്ര മുതലാളി പ്രബലനും ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നവനും ആകുന്നു. അവകാശങ്ങള്‍ സമരം നടത്തിയാല്‍ മാത്രം കിട്ടുന്ന എന്തോ ഒന്ന് ആകുന്നു. പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഇന്ന് സജീവ യൂനിയന്‍ ഉണ്ട്. എന്നാല്‍ മറ്റ് തൊഴില്‍ ഇടങ്ങളിലെപ്പോലെ തോന്നുമ്പോള്‍ കൊടിപിടിക്കുന്ന രീതി ഇവിടില്ല. കാരണം പത്രം അവശ്യ സര്‍വീസാണ്. ദിവസവും രാവിലെയുള്ള ചായ പോലെ പത്രവും ഒരു മൗലികാവകാശമാണെന്ന് ധരിക്കുന്ന മലയാളിയെ അറിയിക്കാനുള്ള അവകാശമാണ് പത്രപ്രവര്‍ത്തനമെന്ന ചിന്ത കടന്നുകൂടിയിരിക്കുന്നു. അത് ധാരണക്കപ്പുറം വളര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് നിത്യവും പത്രം വരേണ്ടത് അത്യാവശ്യമാണ്. അതിനായി തൊഴിലെടുക്കേണ്ടത് ആവശ്യമാണ്. വിപ്‌ളവപരമായി പത്രപ്രവര്‍ത്തനത്തില്‍ എന്തെല്ലാമോ ഉണ്ടെന്ന് തോന്നുന്നവര്‍ വിശപ്പും സമയവും ഉപേക്ഷിക്കാന്‍ സന്നദ്ധരായത് കൊണ്ട് അതങ്ങനെ നടന്നുപോകുമെന്ന് പലര്‍ക്കുമറിയാം.
കഴിഞ്ഞ ഫെബ്രുവരി ആദ്യം പത്രപ്രവര്‍ത്തകരെ സംബന്ധിക്കുന്ന സുപ്രധാന വിധികളിലൊന്ന് പുറത്തുവന്നു. മജീതിയ വേജ് ബോര്‍ഡ് നിര്‍ദേശം അനുസരിച്ച് പത്രമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകരല്ലാത്തവര്‍ക്കും പ്രതിഫലം നല്‍കണമെന്ന വിധി. 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഒരു ശമ്പള പരിഷ്‌കരണ സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് പരിരക്ഷ കിട്ടാന്‍, പൂര്‍ണ നിയമ പിന്തുണ കിട്ടാന്‍ 2014 വരെ കാത്തിരിക്കേണ്ടി വന്നു. അതും എതിര്‍ കക്ഷികളായ പത്ര മുതലാളിമാരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച്. ജസ്റ്റിസ് പി. സദാശിവം പുറപ്പെടുവിച്ച ആ വിധിപ്രസ്താവം ഒറ്റക്കോളത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഒതുക്കി. സ്വാഭാവികം. പത്രം ഒരു പൊതു ഇടമാണല്‌ളോ..!! ജേണലിസ്റ്റുകള്‍ക്ക് ശമ്പളം കൂടുതല്‍ കിട്ടുന്നുണ്ടോ എന്നതില്‍ വായനക്കാരനും മാനേജ്‌മെന്റിനും എന്ത് താല്‍പര്യം. വീണ്ടും പ്രത്യയശാസ്ത്രം ആവര്‍ത്തിക്കാം, ‘അവര്‍ അവശ്യ സര്‍വീസാണ്. നിലനിന്ന് പോകും’.
പക്ഷെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ വിധിയാണ് മജീതിയ ബോര്‍ഡുമായി ബന്ധപ്പെട്ട് ഉണ്ടായത്. പത്ര മാധ്യമമേഖലയിലെ തൊഴിലാളി യൂനിയന്റെ പ്രസക്തി പോലും എടുത്തുകാട്ടുന്ന ഒരു നിയമ വിധി. അതവര്‍ ആഘോഷിക്കുക തന്നെ ചെയ്തു. ഒരാഴ്ചക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇത് മറന്ന് തുടങ്ങിയപ്പോള്‍ പി.സായ്‌നാഥ് തന്നെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. ‘നിര്‍ണായകമായ വിധിയാണിത്..’
ഒരുപക്ഷെ, ഇപ്പോഴൊരന്വേഷണം നടത്തുക. എന്താണ് മജീതിയ പരിഷ്‌കാരങ്ങളുടെ സ്ഥിതിയെന്ന്. സുപ്രീംകോടതി വിധി ചീഫ് എഡിറ്റര്‍ മുതല്‍ ട്രെയിനി വരെ ഇഴകീറി പരിശോധിച്ചിട്ടുണ്ടാകും, പക്ഷെ അത് യാഥാര്‍ത്ഥ്യമാകുമോ എന്ന കാര്യത്തില്‍ എത്ര പേര്‍ക്ക് ഉറപ്പുണ്ടാകും.
പത്രമാധ്യമങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ടെലിവിഷനെക്കുറിച്ച് പറയേണ്ടതുണ്ടോ. അസംഘടിതരുടെ ഒരു കൂടാരമാണ് ടെലിവിഷന്‍. ഒരു കണക്കിന് രണ്ടാം തരം പൗരന്മാര്‍.
മുമ്പൊരുകാലത്തും ഉണ്ടായിട്ടില്ലാത്തതിലേറെ രൂക്ഷമായി പ്രതിസന്ധി ടെലിവിഷന്‍ മാധ്യമരംഗത്തെ തൊഴിലാളികളെ ബാധിച്ചിരിക്കുകയാണ് ഇപ്പോള്‍. എല്ലാക്കാലത്തും, എല്ലാ സംഭവങ്ങളിലും യഥേഷ്ടം ടിവി ജേണലിസ്റ്റുകള്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ‘പ്രതിസന്ധി’. രാഷ്ട്രീയത്തിലായാലും കുടിവെള്ള പ്രശനത്തിലായാലും അവര്‍ക്ക് അപകടം ലവലേശമില്ലാതെ പ്രതിസന്ധിയെ കൂട്ട് പിടിക്കാമായിരുന്നു. ഇപ്പോള്‍ അതേ പ്രതിസന്ധി അവരാഗ്രഹിച്ചാലും ഇല്‌ളെങ്കിലും, അറിഞ്ഞാലും ഇല്‌ളെങ്കിലും ഏറ്റവും കടുപ്പത്തില്‍ അവരെ തേടി എത്തിയിരിക്കുകയാണ്. പത്ത് വര്‍ഷങ്ങളുടെ ധീരോദാത്തമായ പോരാട്ടത്തിന്റെ കണക്ക് പറഞ്ഞ കേരളത്തിലെ ആദ്യ 24 മണിക്കൂര്‍ പ്രദര്‍ശന ചാനലുള്‍പ്പെടെ കൂടാരം അഴിക്കാന്‍ തയാറെടുക്കുകയാണ്. ജനത്തിന് മടുത്തു എന്ന തിരിച്ചറിവുകൊണ്ടല്ല അഭ്യാസങ്ങള്‍ അവസാനിപ്പിക്കുന്നത്. മറിച്ച് അസംഘടിത വര്‍ഗത്തിന് എല്ലാക്കാലത്തും സംഭവിക്കാറുള്ളതുപോലെ ഒരു പറിച്ചെറിയലിന് വിധേയരാകുകയാണ് അവര്‍.
ഒരു ദശാബ്ദത്തിന് മുമ്പ് ഒരു തത്സമയ ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ സങ്കല്‍പ്പിക്കാന്‍ മലയാളികള്‍ക്ക് കഴിയുമായിരുന്നില്ല. അതിന്റെ ആവശ്യമുണ്ടെന്ന് ചിന്തിക്കേണ്ടിയിരുന്നുമില്ല. പതിനഞ്ച് മിനിറ്റില്‍ അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക വിഷയങ്ങളില്‍ ദൂരദര്‍ശന്‍ നല്‍കിയിരുന്ന കഞ്ഞിപ്പശ മുക്കിയ പോലുള്ള വടിവൊത്ത വാര്‍ത്താവായന പ്രേക്ഷകര്‍ക്ക് ധാരാളമായിരുന്നു. അവിടെയാണ്, ആ കീഴ്വഴക്കത്തിലാണ് തത്സമയ വാര്‍ത്താ ചാനലുകള്‍ മാറ്റം കൊണ്ടുവന്നത്. അത് ഒരു കണ്ടുപിടുത്തമായിരുന്നില്ല മറിച്ച് നൂതനമായ ഒരു ആശയത്തെ പ്രതിഷ്ഠിക്കലായിരുന്നു. നിലവിലെ രീതികളുടെ പൊളിച്ചെഴുത്ത്. തത്സമയ റിപ്പോര്‍ട്ടുകള്‍, ചര്‍ച്ചകള്‍, ‘റിയല്‍ടൈം’ ആയി മാറുന്ന വാര്‍ത്തകള്‍ തുറന്നുതന്ന സാധ്യതകളെ തള്ളിക്കളയാന്‍ പ്രേക്ഷകനും കഴിയുമായിരുന്നില്ല. വാര്‍ത്താ ചാനലുകള്‍ അവതരിച്ച മറ്റെല്ലാ സമൂഹങ്ങളില്‍നിന്നും വ്യത്യസ്തമായി കേരളത്തില്‍ പത്രങ്ങളെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ വെല്ലുവിളിച്ചില്ല. മനോരമക്കോ മാതൃഭൂമിക്കോ കോപ്പികള്‍ കുറഞ്ഞില്ല. അതായത് ഒരു തത്സമയ വാര്‍ത്താ ചാനലിന് നിവര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനുള്ള ഇടം കേരളത്തില്‍ ഉണ്ടായിരുന്നു എന്നര്‍ത്ഥം.
കേരളത്തില്‍ ദൃശ്യ മാധ്യമ സംസ്‌കാരത്തിന് തുടക്കം കുറിച്ചത് ഇന്ത്യാവിഷന്‍ ആണ്. ആദ്യത്തെ ഇരുപത്ത് നാല് മണിക്കൂര്‍ വാര്‍ത്താചാനല്‍. ഇടപെട്ട വിഷയങ്ങളുടെ ഗൗരവം കൊണ്ടും, വിവിധ മേഖലകളില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ കൊണ്ടും ഇന്ത്യാവിഷന്‍ ശ്രദ്ധിക്കപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണക്കൊടുങ്കാറ്റിലൂടെ തങ്ങള്‍ക്കെതിരെയുള്ള മുന്‍വിധികളെ തകര്‍ത്ത് ഇന്ത്യാവിഷന്‍ സ്വയം മാധ്യമമേഖലയില്‍ പ്രതിഷ്ഠിച്ചു. സര്‍വവും തത്സമയമാക്കുക, വിവാദങ്ങളെ വാര്‍ത്തകളാക്കുക, ചര്‍ച്ചകളാക്കുക എന്ന മാതൃക ഇന്ത്യാവിഷന്‍ അവതരിപ്പിച്ചു. പത്രങ്ങള്‍ കൊണ്ടുവന്ന സെന്‍സേഷണലിസത്തിന് അപ്പുറത്ത് വാര്‍ത്തയെ ഏറ്റവും എളുപ്പത്തില്‍ വില്‍ക്കാവുന്ന ഒന്നാക്കി അവര്‍ മാറ്റി. കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ സ്വീകരിച്ച നിലപാട് ഇന്ത്യാവിഷനെ പ്രേക്ഷകര്‍ക്കിടയില്‍ വളര്‍ത്തിയെങ്കിലും, ബിസിനസ്, രാഷ്ട്രീയ ബന്ധങ്ങളില്‍ സഹായഹസ്തങ്ങള്‍ നിരസിക്കപ്പെടാന്‍ ഇടയാക്കിയെന്നത് മറ്റൊരു വാസ്തവം.
എന്നാല്‍ ഇന്ത്യാവിഷനിലെ പ്രതിസന്ധി സ്ഥിരമായിരുന്നു എന്നുവേണം കരുതാന്‍. തുടങ്ങിയ നാള്‍ മുതല്‍ സാമ്പത്തികമായ വെല്ലുവിളികള്‍ ചാനലിനെ ബാധിച്ചിരുന്നു എന്ന് പിന്നീട് ചാനല്‍ അധികാരികള്‍ നല്‍കിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്ത്യാവിഷനെ ബന്ധപ്പെടുത്തി വന്ന സമകാലിക ലേഖനങ്ങളില്‍ എല്ലാം എങ്ങനെ ചോര നീരാക്കി, സമയവും, ആരോഗ്യവും നഷ്ടപ്പെടുത്തി ചാനലിനെ നിലനിര്‍ത്താന്‍ ശ്രമിച്ചു എന്ന് ജേണലിസ്റ്റുകള്‍ വിവരിക്കുന്നുണ്ട്. പക്ഷെ അസ്ഥിരമെന്ന് പറയുന്ന ഈ സാമ്പത്തിക സ്ഥിതി അവരെ ഉള്‍പ്പെടെ അദ്ഭുതപ്പെടുത്തിയേക്കും. കാരണം ചാനല്‍ ആരംഭിച്ച് ആദ്യ മൂന്ന് വര്‍ഷം എതിരാളികള്‍ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. അതായത് ആ കാലഘട്ടത്തില്‍ ജനസമ്മതമായ ഒരേ ഒരു ചാനലായിരുന്നു ഇന്ത്യാവിഷന്‍. 2006ല്‍ മനോരമ വാര്‍ത്താ ചാനല്‍ അവതരിപ്പിക്കുന്നത് വരെ ഇന്ത്യാവിഷന്റെ മേധാവിത്വത്തിന് കോട്ടം തട്ടിയിരുന്നില്‌ളെന്ന് മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം.പി.ബഷീര്‍ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഇന്ത്യാവിഷന്‍ തുടങ്ങിയതിന് ശേഷം പ്രവര്‍ത്തനം തുടങ്ങിയ ആന്ധ്രപ്രദേശ് വാര്‍ത്താ ചാനല്‍ ടി.വി നയന്‍ 900 കോടി ആസ്തിയുള്ള സ്ഥാപനമായി വളര്‍ന്നപ്പോള്‍, ഇതേ കാലയളവിനുള്ളില്‍ ഇന്ത്യാവിഷന്‍ 30 കോടി ബാധ്യതയുള്ള സ്ഥാപനമായി അധ:പതിക്കുകയാണ് ചെയ്തതെന്നും ബഷീര്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യാവിഷന്‍ തകര്‍ന്നത് എന്നതിന് ഉത്തരം തരേണ്ടത് അതിന്റെ മാനേജ്‌മെന്റാണ് എന്നത് ഈ വാദങ്ങളില്‍നിന്ന് വ്യക്തമാണ്. അതോടൊപ്പം എം.പി.ബഷീര്‍ പറയുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം; പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ധാര്‍മികതയുടെ പേരിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യാവിഷനില്‍ നിലനിന്നത് എന്ന്. എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാവുന്ന, മറ്റൊരാള്‍ക്ക് റാഞ്ചിയെടുക്കാന്‍ കഴിയുന്ന ഒന്നാണ് അപ്പോള്‍ ധാര്‍മികത. എന്തായാലും ഇന്ത്യാവിഷന്റെ പിന്നാമ്പുറ കഥകള്‍ക്ക് പഞ്ഞമില്ല.
എന്താണ് ദൃശ്യമാധ്യമരംഗത്തെ നിലവിലെ സ്ഥിതി..!! 2014 മാര്‍ച്ചില്‍ കേരളത്തിലെ ആദ്യത്തെ തത്സമയ വാര്‍ത്താചാനല്‍ താല്‍കാലികമായി പ്രക്ഷേപണം നിര്‍ത്തുകയാണെന്ന് തത്സമയം പ്രഖ്യാപിച്ചു. വാര്‍ത്ത കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇന്ത്യാവിഷനുള്ളിലെ അന്തര്‍നാടകങ്ങളിലൊന്നും വാര്‍ത്തയായി അവതരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.പി.ബഷീറിനെയും ഉണ്ണികൃഷ്ണനെയും പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. അപ്പോഴും വ്യക്തമാകുന്ന ഒരു കാര്യം ശമ്പളം ഇല്‌ളെന്നതല്ല പ്രക്ഷേപണം നിര്‍ത്താന്‍ ഇന്ത്യാവിഷനെ പ്രേരിപ്പിച്ചത് എന്നതാണ്. മറിച്ച് മാനേജ്‌മെന്റിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് നടപടി ഉണ്ടായത്. ഈ സംഭവത്തിനും എത്രയോ നാളുകള്‍ മുമ്പേതന്നെ ഇന്ത്യാവിഷനില്‍ ശമ്പളം മുടങ്ങിയിരുന്നു. എന്തായാലും ഒഴിവാക്കാനാകാത്തത് സംഭവിച്ചു. നിരന്തരമായ കബളിപ്പിക്കലുകള്‍ക്കൊടുവില്‍ ഇന്ത്യാവിഷന്‍ ജേണലിസ്റ്റുകള്‍ വേതനം ആവശ്യപ്പെട്ട് നവംബറില്‍ സമരം പ്രഖ്യാപിച്ചു.
ഇത് പക്ഷെ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു. സമാനമായ സംഭവങ്ങള്‍ മറ്റിടങ്ങളിലും ആരങ്ങേറുന്നുണ്ടായിരുന്നു. ടി.വി ന്യൂവിലും റിപ്പോര്‍ട്ടര്‍ ടി.വിയിലും വേതനം മുടങ്ങിയിട്ട് മാസങ്ങള്‍ ആയെന്ന വിവരങ്ങള്‍ പുറത്ത് വന്നു. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം തികയും മുമ്പേ ടി.വി ന്യൂ ജേണലിസ്റ്റുകള്‍ തെരുവിലിറങ്ങി. വ്യവസായ പ്രമുഖരടക്കം നിക്ഷേപം നടത്തിയിട്ടുള്ള ചാനലാണ് ടി.വി ന്യൂ എന്നോര്‍ക്കണം. ഇതോടൊപ്പം മലയാള ദൃശ്യമാധ്യമ ലോകത്തിന്റെ മുഖമായ എം.വി നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിലും വേതനമില്ലാതെ ജേണലിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നു.
വാര്‍ത്താ ഏജന്‍സികളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കുക, നിയമനങ്ങള്‍ മരവിപ്പിക്കുക, നിലവിലുള്ളവരുടെ വേതനം അപ്രഖ്യാപിതമായി വെട്ടിച്ചുരുക്കുക, ബ്യൂറോകള്‍ നിര്‍ത്തുക, വൈദ്യുതിബന്ധം പോലും വിച്ഛേദിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുക എന്നിങ്ങനെ സാമ്പത്തിക ഞെരുക്കം മൂലം വിവിധ പ്രശ്‌നങ്ങള്‍ ചാനലുകളെ വേട്ടയാടുകയാണ്. ഇതിനെയെല്ലാം സാമ്പത്തികമായ പ്രശ്‌നങ്ങളായി മാത്രം കാണാനാവില്ല, മറിച്ച് ദൃശ്യമാധ്യമ മേഖല മുഴുവനായി ചുരുങ്ങുന്നു എന്നുവേണം കാണാന്‍. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകള്‍ അവര്‍ക്കുള്ള കോര്‍പ്പറേറ്റ് മുഖവും സഹോദരസ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയും കൊണ്ട് നിലതെറ്റാതെ നില്‍ക്കുന്നു. പ്രിന്റ് മേഖലയില്‍ സംഭവിച്ചത് പോലെ കൈയൂക്കുള്ളവരിലേക്ക് മാത്രം ദൃശ്യമാധ്യമ മേഖല ചുരുങ്ങുകയാണ്. അതായത് റിബല്‍ സാധ്യതകള്‍ അവസാനിച്ചേക്കുമെന്ന് ചുരുക്കം.
ചാനലുകളുടെ പെരുക്കം നിലനില്‍ക്കുമ്പോഴാണ് 2013ല്‍ മാതൃഭൂമി ന്യൂസ് ആരംഭിക്കുന്നത്. സ്വാഭാവികമായും ഇനിയെന്തിന് ഒരു ചാനല്‍ എന്ന ചോദ്യമാണ് മലയാളികള്‍ക്കുണ്ടായത്. ഇത് മുമ്പേ അറിഞ്ഞിട്ടെന്നോണം അവരുടെ ഭേദപ്പെട്ട പ്രസിദ്ധീകരണമായ ആഴ്ചപ്പതിപ്പിലൂടെ ഉണ്ണി ബാലകൃഷ്ണന്‍ അതിന് ആദര്‍ശം പൊതിഞ്ഞുകെട്ടിയ ഒരു മറുപടിയും നല്‍കി.
ഇനിയെന്താണ് സംഭവിക്കുക..!! ചോദ്യം വ്യക്തമാണ്. ഉത്തരങ്ങളും. ബലിയാടുകള്‍ നിരവധിയാണ്. മാധ്യമമേഖലയിലേക്ക് കാലെടുത്തു വെക്കുന്നവര്‍ക്ക് മുറിയിപ്പുകള്‍ കിട്ടുന്നു.. ‘യൗവനം നശിപ്പിച്ച് കളയരുത്..’ ‘ഇത് കൊണ്ട് ജീവിക്കാന്‍ കഴിയില്ല..’ എന്നൊക്കെ. പൊതുവിജ്ഞാനം പഠിച്ച് സര്‍ക്കാര്‍ കസേരയില്‍ ഒതുങ്ങാന്‍ താല്‍പര്യം കാണിക്കാതെ, സമൂഹത്തിലേക്ക് എത്തിനോക്കണമെന്ന് കരുതുന്ന ഒരു വിഭാഗത്തിന് പിടിവള്ളി നഷ്ടമാകുകയാണ്. മറ്റൊരു ജോലിയായി മാത്രം മാധ്യമപ്രവര്‍ത്തനം മാറുകയാണ്. മാനേജ്‌മെന്റിന്റെ നീരാളിപ്പിടുത്തത്തിനും സെന്‍സര്‍ഷിപ്പിനും ശേഷം വരുന്ന വാര്‍ത്തകളെ വെട്ടി ശരിപ്പെടുത്തുന്ന ഒരു ജോലിയായി മാറുന്നു ഇത്. ഇതിനൊപ്പം ദിവസവും ഒമ്പത് മണിക്കൂറിനും മേലെ ജോലി ചെയ്ത് മറ്റ് മേഖലകളിലെ നീതിനിഷേധങ്ങളെ ചൂണ്ടിക്കാണിക്കുന്നവന്‍ സ്വന്തം അവകാശങ്ങളെപ്പറ്റി ശബ്ദിക്കാന്‍ ഭയപ്പെടുകയോ, നിസ്സഹായനായി മാറി നില്‍ക്കുകയോ ആണ്. അതുകൊണ്ട് തന്നെ ഒരു സാമ്പത്തിക പ്രശ്‌നം എന്നതിനൊപ്പം ഇതൊരു ധാര്‍മിക പ്രശ്‌നം കൂടിയാണ്. വന്‍ മാധ്യമങ്ങളുടെ നയങ്ങളോട് താദാത്മ്യപ്പെടുന്നവര്‍ക്ക് ഭേദപ്പെട്ട രീതിയില്‍ ജീവിക്കാം. സമരസപ്പെടാത്തവര്‍ക്ക് സ്വയം ചൂഷണം ചെയ്യപ്പെട്ടുകൊണ്ട് മറ്റിടങ്ങളിലെ ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കാം. രണ്ടും അടഞ്ഞ വഴികള്‍.
അനിശ്ചിതത്വം മറ്റൊരു തലത്തിലുമുണ്ട്. അത് മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സ്വഭാവത്തെക്കുറിച്ചാണ്. വര്‍ഷാവര്‍ഷം ടെലിവിഷന്‍ ജേണലിസം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളാണ് ഇനി കഷ്ടപ്പെടുക. മുന്‍നിര ചാനലുകള്‍ പലതും റിക്രൂട്ട്‌മെന്റുകള്‍ ചുരുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുകയാണ്. ഇത് നയിക്കുന്നത് പ്രതിസന്ധിയില്‍പ്പെട്ട ചാനലുകളെ സ്വീകരിക്കുക എന്നതിലേക്കാണ്. സ്വാഭാവികമായും ചൂഷണം എന്നത് സ്വയം തെരഞ്ഞെടുപ്പാകുന്നു. പത്രമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. സ്ഥിരം ജീവനക്കാരെന്ന ആശയം ഇല്ലാതാകുമെന്ന് സൂചിപ്പിക്കുന്ന മാറ്റങ്ങള്‍ കണ്ട് തുടങ്ങുന്നു. കോണ്‍ട്രാക്ടുകളാണ് ഇനിയുള്ള ഭാവി. യാതൊരു ബാധ്യതയും ഇല്ലാതെ തോന്നുന്ന കാലത്തോളം ഇച്ഛക്കനുസരിച്ച് നിലനിര്‍ത്താനും വേണമെങ്കില്‍ ഒരാനൂകൂല്യവും കൂടാതെ ഒഴിവാക്കാനും അധികാരം നല്‍കുന്ന വ്യവസ്ഥിതിയാണ് കോണ്‍ട്രാക്ടുകള്‍. ജനാധിപത്യം എന്നത് കണ്ട് കിട്ടാന്‍ ഏറ്റവും പ്രയാസമുള്ള മേഖലയാണ് മാധ്യമപ്രവര്‍ത്തനം. എന്നിട്ടും ജനാധിപത്യം നിലനിര്‍ത്തലാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യമെന്നൊക്കെ വിളംബരം ചെയ്യാന്‍ നമുക്ക് മടിയില്ല.
ഓണ്‍ലൈന്‍ ഇടങ്ങളിലേക്ക് ആളുകള്‍ ചേക്കേറുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍. മലയാളത്തില്‍ അതിന് തുടക്കം കുറിച്ച് പോര്‍ട്ടലുകള്‍ നിരവധി രംഗത്ത് എത്തിക്കഴിഞ്ഞു. അസംഘടിതമെന്ന് പോലും വിളിക്കാന്‍ കഴിയില്ല അവയെ. എന്നിരുന്നാലും ത്വരിത വളര്‍ച്ച പ്രതീക്ഷിക്കാവുന്ന ഒരു മേഖല തന്നെയാണ് ഓണ്‍ലൈന്‍ ലോകം.
ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതാകാന്‍ ഒരുങ്ങുന്നതിനെ പ്രേക്ഷകര്‍ എങ്ങിനെ കാണുന്നു..? ഒരു പക്ഷെ അദ്ഭുതപ്പെട്ടുപോകും, കൂടുതല്‍ ആളുകളും ഈ വിഷയത്തില്‍ താല്‍പര്യമേ പ്രകടിപ്പിക്കുന്നില്ല. അതായത് ഒരു മാധ്യമസ്ഥാപനം ഇല്ലാതാകുന്നു എന്നത് അത് സേവിച്ച് കൊണ്ടിരുന്ന ഒരു സമൂഹത്തില്‍ ഒരു ചലനങ്ങളും സൃഷ്ടിക്കുന്നില്ല എങ്കില്‍ ശരികളേക്കാള്‍ തെറ്റുകള്‍ ഉണ്ടെന്നല്‌ളേ അര്‍ത്ഥമാക്കുന്നത്.
വഴി മാറിയ ചര്‍ച്ചകളും അജണ്ടകളുടെ അടിച്ചേല്‍പ്പിക്കലും രാഷ്ട്രീയവും അഴിമതിയും പീഡനവും എന്നിങ്ങനെ സകലതിന്റെയും ‘ഗ്‌ളോറിഫിക്കേഷന്‍’ പ്രേക്ഷകരെ അകറ്റി എന്ന് തന്നെ പറയേണ്ടി വരും. സ്വയം വിചാരണ നടത്തി വിധി പ്രസ്താവിക്കുന്ന മാധ്യമങ്ങളെ എത്ര കണ്ട് സ്വീകരിക്കാന്‍ പ്രേക്ഷകന്‍ തയാറാകുന്നുണ്ട് എന്നതും ചര്‍ച്ചയാകേണ്ടതാണെന്ന് വ്യക്തം.
ഒരു കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം. കേരളത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന അസംഘടിത സംഘത്തിനാണ് ഭൂരിപക്ഷം.
ഓരോ ദിവസവും ആ പട്ടിക നീളുകയാണ്. അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍, അന്യസംസ്ഥാനത്തൊഴിലാളികള്‍, സെയില്‍സ് ഗേള്‍മാര്‍… സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവന്‍… സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന പ്രബോധനം വിശ്വസിച്ച് എത്രനാള്‍ ജനങ്ങള്‍ മുന്നോട്ട് പോകുമെന്നത് ചിന്തിക്കാതെ വയ്യ.