Kerala Union of Working Journalists

കെ. ബാലകൃഷ്ണന്റെ കൈ പിടിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക്

കെ.ജി പരമേശ്വരന്‍ നായര്‍ :

കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് അല്‍പസ്വല്‍പം അഭിനയക്കമ്പവുമായി നടന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായായിരുന്നു. ചില നിമിത്തങ്ങളും അക്കാലത്തെ പ്രമുഖ പത്രപ്രവര്‍ത്തകരുടെ പിന്തുണയുമാണ് പത്രപ്രവര്‍ത്തനമേഖലയില്‍ ഉയര്‍ന്നുവരാന്‍ എന്നെ സഹായിച്ചത്.
യൂനിവേഴ്‌സിറ്റി കോളജില്‍ 195355 കാലഘട്ടത്തില്‍ പഠിക്കുമ്പോഴാണ് അഭിനയരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം വരെ ലഭിച്ചു. സത്യന്‍, മധു ഉള്‍പെടെയുള്ളവര്‍ക്കൊപ്പം സഹകരിക്കാനായി. ഇക്കാലത്താണ് കെ. ബാലകൃഷ്ണന്‍ ആര്‍.എസ്.പിയുടെ മുഖപത്രമായി കൗമുദി ദിനപത്രം ആരംഭിക്കുന്നത്. അപ്പോഴാണ് പത്രത്തിലേക്ക് ഒരു ചെറുപ്പക്കാരനെ വേണമെന്ന് അറിയുന്നത്. അങ്ങനെയാണ് 1961ല്‍ കൗമുദിയില്‍ എത്തിപ്പെടുന്നത്. ഡെസ്‌കില്‍ പ്രവര്‍ത്തിക്കാനും പത്രത്തിന്റെ രീതികള്‍ മനസ്സിലാക്കാനും സാധിച്ചു. ആറുമാസം കഴിഞ്ഞ് പത്രം നിലച്ചു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞ് പുന$രാരംഭിച്ചപ്പോള്‍ ബ്യൂറോയില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിയോഗിക്കപ്പെട്ടത്.
പിന്നീട് അക്കാലത്തെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.സി. സുകുമാരന്‍ നായര്‍ പറഞ്ഞതുപ്രകാരം മനോരമയിലേക്ക് അപേക്ഷിച്ചു. മനോരമയില്‍ പി.ആര്‍. ജോണിന് സഹായിയായി ഒരു പത്രപ്രവര്‍ത്തകനെ കൂടി വേണമെന്നറിഞ്ഞാണ് അപേക്ഷിച്ചത്. ഇന്റര്‍വ്യൂ ഉള്‍പെടെ കഴിഞ്ഞെങ്കിലും ആറുമാസമായിട്ടും തുടര്‍വിവരങ്ങളൊന്നുമുണ്ടായില്ല. ആവശ്യമുള്ളപ്പോള്‍ പരിഗണിക്കാമെന്നും വേറെ അവസരം ലഭിച്ചാല്‍ അതു തെരഞ്ഞെടുക്കാമെന്നും ഇന്റര്‍വ്യൂ സമയത്ത് തന്നെ പറഞ്ഞിരുന്നു.
ഇക്കാലത്ത് ഒരു നാള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഒരു നിയോഗം പോലെ അക്കാലത്ത് കേരളകൗമുദിയിലെ മുഖ്യലേഖകനായിരുന്ന കെ. വിജയരാഘവന്‍ അതുവഴി വന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കേരളകൗമുദിയിലെ എം.എസ്. മണിയെ പോയികാണുന്നത്. അദ്ദേഹമാണ് വിജയരാഘവനെ ന്യൂസ് ബ്യൂറോയില്‍ സഹായിക്കാന്‍ ഒരാള്‍ കൂടി വേണമെന്ന് പറയുന്നതും പത്രപ്രവര്‍ത്തനത്തിലെ മുന്‍പരിചയം കണക്കിലെടുത്ത് എന്നെ അതിനായി നിയോഗിക്കുന്നതും. 1963 ആഗസ്റ്റ് എട്ടിന് അങ്ങനെയാണ് ‘കേരളകൗമുദി’ തിരുവനന്തപുരം ബ്യൂറോയില്‍ ഞാനത്തെുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായി 35 വര്‍ഷം അതേ ബ്യൂറോയില്‍ പ്രവര്‍ത്തിക്കാനായതാണ് പത്രപ്രവര്‍ത്തനജീവിതത്തിലെ ഭാഗ്യം.
അന്ന് വിജയരാഘവനും എം.എസ്. മണിയും ജീവിതത്തിലെ ആ വഴിത്തിരിവ് സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, പത്രപ്രവര്‍ത്തനം തന്നെ വിട്ട് മറ്റേതെങ്കിലും ജോലിക്കായി പലരേയും പോലെ ചിലപ്പോള്‍ ശ്രമിച്ചേനെ. അതുകൊണ്ടുതന്നെ, കെ. വിജയരാഘവനും എം.എസ്.മണിയും തന്നെയാണ് പത്രപ്രവര്‍ത്തനരംഗത്ത് പിടിച്ചുനിര്‍ത്തിയ ഗുരുസ്ഥാനീയരില്‍ പ്രധാനികള്‍.
തിരുവനന്തപുരം സിറ്റി ബ്യൂറോയില്‍ ഇത്രയധികം തൊഴില്‍നിഷ്ഠയുള്ള സാത്വികനായ വിജയരാഘവന്‍ സാറിനൊപ്പമുള്ള പ്രവര്‍ത്തനമാണ് എന്നിലെ യഥാര്‍ഥ പത്രപ്രവര്‍ത്തകനെ വാര്‍ത്തെടുക്കാന്‍ സഹായിച്ചത്.
തുടര്‍ന്ന്, 1975ല്‍ അടിയന്തരാവസ്ഥക്ക് തൊട്ട് മുമ്പ് ഡെസ്‌ക് ചുമതല ലഭിച്ച് അദ്ദേഹം പോയപ്പോഴാണ് സിറ്റി ബ്യൂറോയുടെ ചുമതല എനിക്ക് ലഭിക്കുന്നത്. അവിടെനിന്ന് സ്ഥലംമാറാതെ 1998വരെ പ്രവര്‍ത്തിക്കാനായി. രാഷ്ട്രീയ പത്രപ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ വഴികാട്ടിയായത് ദീപികയിലെ പ്രമുഖനായ കെ.സി. സെബാസ്റ്റ്യനായിരുന്നു. രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഏറെ ഗുണകരമായിരുന്നു. 35 വര്‍ഷവും തുടര്‍ച്ചയായി നിയമസഭാ സമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി എന്നതാണ് അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യമായി കണക്കാക്കുന്നത്. ഇക്കാലയളവില്‍ കേരള നിയമസഭയുടെ വളര്‍ച്ചയും മാറ്റങ്ങളുമൊക്കെ കണ്ടറിയാനും റിപ്പോര്‍ട്ട് ചെയ്യാനുമായി.
ഒരു മുന്‍ പരിചയവുമില്ലാതെ ആദ്യമായി സഭയില്‍ റിപ്പോര്‍ട്ടിങ്ങിന് ചെന്നത് മറക്കാനാവാത്ത അനുഭവമാണ്. അന്ന് ജനയുഗത്തിലെ സുഹൃത്ത് സി.ആര്‍.എന്‍. പിഷാരടിയും ഒപ്പമുണ്ടായിരുന്നു. റിപ്പോര്‍ട്ടിങ്ങില്‍ നേരത്തേതന്നെ പരിചയമുണ്ടെങ്കിലും രണ്ടുപേരും നിയമസഭ കാണുന്നത് ആദ്യമായിരുന്നു. ചോദ്യോത്തരവേള മുതല്‍ ഒന്നും ഞങ്ങള്‍ക്ക് ഫോളോ ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമനസ്സിലാക്കിയ ദേശാഭിമാനിയിലെ പവനനാണ് അദ്ദേഹത്തിന്റെ കോപ്പി തന്ന് ഞങ്ങളെ സഹായിച്ചത്. ആ സമ്മേളനകാലത്ത് സഭാനടപടികള്‍ സൂക്ഷ്മമായി വീക്ഷിച്ച് പഠിക്കണമെന്ന നിര്‍ദേശത്തോടെയാണ് അദ്ദേഹം തന്റെ കോപ്പി ഞങ്ങള്‍ക്കും പങ്കുവെച്ചത്. അങ്ങനെ ആ സമ്മേളനം കഴിഞ്ഞതോടെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും തുടര്‍ന്നങ്ങോട്ട് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും എനിക്കായി.
സഭയില്‍ മുമ്പ് നടന്നിട്ടില്ലാത്ത നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായപ്പോള്‍ അതു റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. 1967ല്‍ സി.പി.എം പ്രതിപക്ഷത്തായിരുന്ന കാലത്താണ് അസാധാരണമായ ഒരു പ്രതിഷേധമുറയും അനിഷ്ട സംഭവവും ആദ്യമായി സഭയില്‍ അരങ്ങേറിയത് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഒരു സി.പി.എം എം.എല്‍.എ ക്രമപ്രശ്‌നം ഉന്നയിച്ചു. സ്പീക്കറായിരുന്ന ദാമോദരന്‍ പോറ്റി അനുവദിച്ചില്ല. തുടര്‍ന്ന് മൊയ്തീന്‍ എന്ന സി.പി.എം എം.എല്‍.എ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്കിറങ്ങി. ഒപ്പം നാലഞ്ച് എം.എല്‍.എമാരും. ഇവര്‍ നടുത്തളത്തിലും സ്പീക്കറുടെ ഡയസിലും പ്രതിഷേധവുമായി എത്തി മേശപ്പുറത്തിരുന്ന പേപ്പറും മൈക്കുമെല്ലാം വലിച്ചെറിയുകയുമായിരുന്നു. സ്പീക്കറും സഭയും പത്രപ്രവര്‍ത്തകരും ഒക്കെ സ്തംഭിച്ചിരിക്കുകയായിരുന്നു. കാരണം, ഇത്തരമൊരനുഭവം ഇതാദ്യമാണ്. ആരും പ്രതീക്ഷിച്ചതുമില്ല. ഒടുവില്‍ സ്പീക്കര്‍ ചെയറില്‍ നിന്നിറങ്ങി ഓടുന്നതിനിടെ അന്നത്തെ സഭ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സംഭവത്തത്തെുടര്‍ന്ന് എ.വി ആര്യന്‍, ഇമ്പിച്ചിബാവ, മൊയ്തീന്‍, ഇ.എം. ജോര്‍ജ്, പ്രഭാകരന്‍ തണ്ടാര്‍ എന്നീ അഞ്ച് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചു.
അച്യുതമേനോന്റെ രണ്ടാമത്തെ മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ രണ്ടുപകലും ഒരു രാത്രിയും നീണ്ട സത്യഗ്രഹത്തിനും സാക്ഷിയായി. അഴിമതി ആരോപണം നേരിടുന്ന അഞ്ചു മന്ത്രിമാരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം എന്ന ആവശ്യവുമായായിരുന്നു സി.പി.എമ്മിന്റെ സത്യഗ്രഹം.
അപ്രതീക്ഷിതമായി സഭയില്‍ ഒരു മന്ത്രിയുടെ മരണത്തിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അച്യുതമേനോന്റെ രണ്ടാം മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെ.ടി. ജോര്‍ജിന്റെ മരണമായിരുന്നു അത്. ഞാനുള്‍പെടെയുള്ള പത്രക്കാരോട് കുശലം പറഞ്ഞശേഷം ധനകാര്യബില്‍ അവതരിപ്പിക്കാന്‍ സഭയിലത്തെിയപ്പോഴായിരുന്നു സംഭവം. ഞങ്ങളോട് വാച്ച് നോക്കിയശേഷം ‘പോകാന്‍ സമയമായി’ എന്ന് പറഞ്ഞ് സഭയിലേക്ക് കയറിയ അദ്ദേഹം ബില്‍ അവതരിപ്പിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലസ്ഥാനത്തെ ദീര്‍ഘമായ പത്രപ്രവര്‍ത്തനത്തിനിടെ നിരവധി എക്‌സ്‌ക്‌ളൂസിവുകളും നല്‍കാനായി. പൊതുവേ, തിരുവനന്തപുരത്തെ പത്രക്കാര്‍ക്ക് സര്‍ക്കാര്‍ വാര്‍ത്തകളായിരുന്നു എക്‌സ്‌ക്‌ളൂസീവ്. അതിനിടെയാണ് കണ്ണാശുപത്രിയില്‍ ഒരു സ്ത്രീയുടെ കണ്ണുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം പുറത്തത്തെിക്കാനായത്. ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ ഭര്‍ത്താവ് എന്തെങ്കിലും ചികില്‍സാസഹായം സര്‍ക്കാറില്‍ നിന്ന് ലഭിക്കുമോ എന്നന്വേഷിക്കാന്‍ ബ്യൂറോയില്‍ എത്തിയപ്പോഴാണ് ഈ വിവരം ലഭിക്കുന്നത്.
പിറ്റേന്ന് ഈ വാര്‍ത്ത നല്‍കുകയും അതുശ്രദ്ധിക്കപ്പെടുകയും ചെയ്തു. അന്നുതന്നെ ആരോഗ്യമന്ത്രി വക്കം പുരുഷോത്തമന്‍ പത്രസമ്മേളനം വിളിച്ച് സംഭവം അംഗീകരിക്കുകയും ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. അടുത്തദിവസം ഈ സംഭവം ദേശീയപത്രങ്ങളിലുള്‍പ്പെടെ വന്‍ വാര്‍ത്തയായിരുന്നു.
മറ്റൊരു പ്രധാന എക്‌സ്‌ക്‌ളൂസീവ് സംസ്ഥാനത്തെ ധനസ്ഥിതി മോശമായ അവസരത്തില്‍ ആ വാര്‍ത്ത ബ്രേക്ക് ചെയ്തതാണ്. പൊതുവില്‍ ധനവകുപ്പ് സെക്രട്ടറിമാര്‍ പത്രക്കാരോട് ഇത്തരം രഹസ്യങ്ങള്‍ പറയാറില്ല. അക്കാലത്ത് വിശ്വനാഥമേനോനായിരുന്നു ധനമന്ത്രി. ധനകാര്യ സെക്രട്ടറിയായിരുന്ന ബാബുപോളിന്റെ ഓഫീസിലത്തെി അദ്ദേഹവുമായി കുശലം പറയുന്നതിനിടയിലാണ് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന സൂചന ലഭിച്ചത്. അദ്ദേഹം വിശദീകരിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ കേട്ടിരുന്നു. നോട്ട് ഒന്നും കുറിച്ചില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് ഉറപ്പിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. പിറ്റേന്ന് കേരളകൗമുദിയില്‍ ആ വാര്‍ത്ത ലീഡായതോടെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം പുറത്തായത്.
അതുപോലെ 198287ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്താണ് പ്രീ ഡിഗ്രി ബോര്‍ഡ് ഉണ്ടാക്കാനുള്ള തീരുമാനം മന്ത്രിസഭയെടുത്തത് കേരളകൗമുദിയിലൂടെ പുറത്തുവന്നത്. ഒരു മന്ത്രിസഭായോഗത്തില്‍ ഈ തീരുമാനം എടുത്തെങ്കിലും പത്രസമ്മേളനത്തില്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഇതേക്കുറിച്ച് സൂചന ലഭിച്ചപ്പോള്‍ വയലാര്‍ രവി, ഇ. അഹമ്മദ് ഉള്‍പെടെയുള്ള മന്ത്രിമാരെ വിളിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. ഒടുവില്‍ മന്ത്രി എം. കമലത്തെ വിളിച്ചപ്പോഴാണ് പ്രീഡിഗ്രി ബോര്‍ഡ് തീരുമാനം മന്ത്രിസഭ എടുത്തതായി സമ്മതിച്ചത്. പിറ്റേന്ന് ഈ വാര്‍ത്ത കൗമുദിയില്‍ മാത്രമാണ് വന്നത്. പിന്നീട് കേരളം കണ്ട എറ്റവും വലിയ വിദ്യാര്‍ഥി സമരങ്ങളില്‍ ഒന്നായിരുന്നു പ്രീഡിഗ്രി ബോര്‍ഡിനെതിരായ ഇടതുസമരം.
പഴയകാലത്തെ എന്റെ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വഴികാട്ടിയായിരുന്ന കെ. വിജയരാഘവനും കെ.സി. സെബാസ്റ്റ്യനും പുറമേ നിരവധി സഹപ്രവര്‍ത്തകരും വളര്‍ച്ചയില്‍ തുണയായി. മാതൃഭൂമിയിലെ പി.സി. സെബാസ്റ്റ്യന്‍, പി.ആര്‍. വാര്യര്‍, ദേശാഭിമാനിയിലെ എന്‍. മോഹനന്‍, ജനയുഗത്തിലെ സി.ആര്‍.എന്‍ പിഷാരടി, ടൈംസ് ഓഫ് ഇന്ത്യയിലെ കെ.സി. ജോണ്‍, മനോരമയിലെ പി.ആര്‍. ജോണ്‍, കെ.ആര്‍ ചുമ്മാര്‍, കേരളകൗമുദിയിലെ വി.ടി. വര്‍ഗീസ് തുടങ്ങി നിരവധി പേരുകള്‍..
നിയമസഭയുടെ പ്രവര്‍ത്തനം എന്തെന്നോ എങ്ങനെയെന്നോ പലര്‍ക്കും അറിയില്ല. വാദപ്രതിവാദങ്ങള്‍ക്കുള്ള വേദിയായാണ് പലരും സഭയെ കാണുന്നത്. ഒരിക്കല്‍ കുട്ടികള്‍ക്കായി നടത്തിയ മോക്ക് പാര്‍ലമെന്റില്‍ പലരുടേയും പ്രവര്‍ത്തനം കണ്ടാണ് ഈ ധാരണ മാറ്റാന്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. ആ ചിന്തയാണ് സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ സഭാനടപടികളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ‘നിയമസഭ: ചരിത്രവും ധര്‍മവും’ എന്ന പുസ്തകം എഴുതുന്നതില്‍ എത്തിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് അത് പ്രസിദ്ധീകരിച്ചത്.
കാലം മാറിയതനുസരിച്ച് പത്രപ്രവര്‍ത്തനത്തിനും സഭാപ്രവര്‍ത്തനങ്ങള്‍ക്കും ഒരുപാട് മാറ്റങ്ങളുണ്ടായി. പണ്ടൊക്കെ നിയമസഭയില്‍ കൃത്യമായി ഗൃഹപാഠം ചെയ്ത് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന മന്ത്രിമാരും സാമാജികരുമായിരുന്നു അധികം. ഇപ്പോള്‍ ടി.വി ഉള്‍പെടെ വന്നതോടെ കൈയടി നേടാനുള്ള വിദ്യകളാണ് പലരും തേടുന്നത്.
കേരളകൗമുദിയിലെ 35വര്‍ഷത്തെ പ്രവര്‍ത്തനം 1998ല്‍ അവസാനിപ്പിച്ച ശേഷവും ‘കാണാപ്പുറം’ എന്ന രാഷ്ട്രീയ വിശകലന കോളം പത്രത്തില്‍ 2006 വരെ തുടര്‍ന്നു. ഇപ്പോള്‍ കേരളശബ്ദത്തില്‍ കോളമെഴുതുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *