Kerala Union of Working Journalists

അവര്‍ പറയുന്നത് ആരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ?

മാധ്യമ സ്വാതന്ത്ര്യം ഇക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. വാര്‍ത്തയെടുക്കാന്‍ പോകുമ്പോള്‍ ആരെങ്കിലുമൊന്ന് വിരട്ടിയാല്‍, രഹസ്യവോട്ടെടുപ്പ് നടക്കുന്ന കോണ്‍ഫറന്‍സ് ഹാളിലേക്ക് കടത്തിവിടാതിരുന്നാല്‍ ഒക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ധ്വംസനം ചൂടേറിയ വാര്‍ത്തയും ചര്‍ച്ചയുമാവുന്നു. ആരോടെങ്കിലും ചോദിച്ചിട്ട് ഉത്തരം കിട്ടിയില്‌ളെങ്കില്‍ അത് മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണി. വാര്‍ത്തയെ വിമര്‍ശിച്ചാല്‍ അത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം. ചാനലുകളില്‍ ആരെയെങ്കിലും നിര്‍ത്തിപ്പൊരിക്കുന്നതാകട്ടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഘോഷവും! യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സമൂഹം പത്രസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഏതുവിധമാണത്? സമകാലീനാവസ്ഥ ഈ ചോദ്യം ചോദിപ്പിക്കുന്നു.
മാധ്യമസ്വാതന്ത്ര്യമെന്ന സങ്കല്‍പം നമ്മുടെ സമൂഹവുമായി, ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ജനാധിപത്യവ്യവസ്ഥ ഉദയംകൊണ്ടപ്പോള്‍ തന്നെ അതിനെ സംരക്ഷിക്കുന്ന കാവലാളുടെ പട്ടികയില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വ്യക്തമായ സ്ഥാനമുണ്ടായി. ഭരണഘടനയും നീതിന്യായവ്യവസ്ഥയും സമൂഹത്തിന്റെ അറിയാനുള്ള ആഗ്രഹത്തിനും അത് പങ്കുവെക്കുന്നതിനുള്ള അവസരത്തിനും പ്രമാണാനുസൃതമായ ഉറപ്പുകള്‍ നല്‍കി. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട്‌നിന്നുകൊണ്ട് ജനസംസാരം കേള്‍പ്പിക്കുന്നതിനും ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതിനുമുള്ള ബാധ്യതയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. സ്വാതന്ത്ര്യസമരകാലം പൗരാവകാശത്തെ ഉണര്‍ത്തിയെടുത്തുകൊണ്ട് ഒരു രാജ്യത്തിന്റെ ഭാഗധേയത്തെ അഭിമാനവല്‍ക്കരിക്കുന്നതില്‍ പത്രങ്ങളുടെ പങ്കിനെ നിര്‍ണായകമാക്കി. അതിന്റെ തുടര്‍ച്ചയെന്നോണം നൈതികമായ ശരികള്‍ക്കുവേണ്ടി നിലകൊള്ളുന്ന കാവലാളുടെ വിശ്വാസ്യതയെയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതീകവത്കരിച്ചത്.
മാധ്യമങ്ങളുടെ ദൗത്യത്തെക്കുറിച്ചുള്ള ഏറ്റവും പ്രാഥമികമായ ആശയം ജനങ്ങള്‍ക്ക് വിവരങ്ങളത്തെിക്കുക എന്നതു തന്നെയാണ്. ജനാധിപത്യഭരണഘടന സാധ്യമാക്കിയ മഹത്തായ മൂല്യങ്ങളിലൊന്നാണിത്. സമൂഹത്തിന്റെ ശബ്ദത്തെ രൂപപ്പെടുത്തിക്കൊടുക്കുന്ന സക്രിയമായ ഒരു ചാലകശക്തിയാകാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അറിവും വ്യക്തിത്വവുമുള്ള ഒരു മനുഷ്യനാകുന്നതിനുള്ള ഇച്ഛാശക്തിയാണ് അങ്ങനെ രൂപപ്പെടുന്നത്. ആശയങ്ങളെ ഒരു സംവാദവേദിയായി നിലനിര്‍ത്തുന്ന സമൂഹത്തില്‍നിന്നാണ് നിര്‍ദേശങ്ങളും എതിര്‍പ്പുകളും വിപ്‌ളവാത്മകമായ കാഴ്ചപ്പാടുകളുമൊക്കെ ഉയര്‍ന്നുവരുന്നത്. നവീകരണങ്ങളും നവോത്ഥാനങ്ങളും ആഗതമാകുന്നത്. സര്‍വാധിപത്യങ്ങള്‍ക്കും സങ്കുചിതത്വങ്ങള്‍ക്കുമെതിരെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പടയൊരുക്കങ്ങള്‍ സാധ്യമാകുന്നത്. പൊതുജനമനസ്സിനെ രൂപപ്പെടുത്തുന്ന രാസത്വരകമായി ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സ്ഥാനം സവിശേഷമാക്കുന്നതിന് അനിവാര്യമായ ജനാധിപത്യസ്വഭാവമാണത്.
വിപണിയെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളുടെ പിന്‍ബലത്തോടെ സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാകാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. ഭരണവാഴ്ചയുടെ പിന്തുണ ഉറപ്പുനല്‍കുന്ന ഈ വളര്‍ച്ച വളരെ പെട്ടെന്നാണ് ഇന്ത്യന്‍ മാധ്യമരംഗത്തേക്ക് പടര്‍ന്നു കയറിയത്. സാമൂഹികതലത്തില്‍ പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തിന് പത്രസ്വാതന്ത്ര്യത്തില്‍ ഒരു പങ്കുമില്‌ളെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. മാധ്യമങ്ങളുടെ ദൗത്യത്തെക്കുറിച്ച് അറിഞ്ഞുവെച്ച സിദ്ധാന്തങ്ങളോടൊക്കെ പാലിക്കേണ്ട അകലത്തെക്കുറിച്ചുള്ള അവബോധമാണ് ഇന്നത്തെ പത്രപ്രവര്‍ത്തകന്റെ തൊഴില്‍ വിജയം. അതല്‌ളെങ്കില്‍ സംഭവിക്കുന്നതാകട്ടെ മാധ്യമ മുതലാളിമാരാല്‍ പുറത്താക്കപ്പെടുകയോ സ്വയം പുറത്തുപോകുകയോ മാത്രം. ജനാധിപത്യപരമായ ബഹുസ്വരതയാണ് മാധ്യമസംസ്‌കാരത്തിന്റെ ഏറ്റവും ജൈവികമായ അടയാളം. സമൂഹം നിയന്ത്രിക്കുന്ന, സമൂഹത്തെ നിയന്ത്രിക്കുന്ന നിരവധി മാധ്യമങ്ങളുടെ സാന്നിധ്യമാണ് അതിന്റെ സൂചകം. ഈ ബഹുസ്വരതയെ തകര്‍ക്കുന്ന നിയന്ത്രണങ്ങളും പരീക്ഷണങ്ങളുമാണ് പുതിയ മാധ്യമസംസ്‌കാരം ഏറ്റെടുക്കുന്നത്. സാമൂഹികനിയന്ത്രണത്തില്‍ നിന്ന് മുതലാളിത്ത നിയന്ത്രണത്തിലേക്കുള്ള ദ്രുതമാറ്റം ഇതേറ്റവും എളുപ്പമാക്കുന്നു. വരേണ്യതയുടെ പുതിയ മാനദണ്ഡങ്ങളില്‍ പണത്തിനും അധികാരത്തിനുമൊപ്പം വാര്‍ത്താമാധ്യമങ്ങളെ വരുതിയിലാക്കുക എന്ന മത്സരം കൂടി തെളിഞ്ഞുകഴിഞ്ഞു. ജനതയുടെ തലച്ചോറ് കഴുകിയെടുത്ത് പരുവപ്പെടുത്താന്‍, തങ്ങളുടെ ശരികളിലേക്ക് അവരെക്കൂടി എത്തിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗം അവര്‍ സ്വന്തമാക്കുന്നു. മൂലധനതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ജനമനസ്സിനെ പരുവപ്പെടുത്തിയെടുക്കുന്നതിന് നല്ല ആയുധം മാധ്യമങ്ങളാണെന്ന വസ്തുത നമ്മുടെ രാജ്യത്ത് സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ഇത്തരത്തിലുള്ള വന്‍മുതലാളിത്ത കൈകടത്തലുകള്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് ഏറ്റവും രൂക്ഷമായത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ്.
മാധ്യമചരിത്രത്തില്‍ ഒരു പുതിയ വഴിത്തിരിവ് സംഭവിക്കുന്നത് റൂപര്‍ട്ട് മാര്‍ഡോക്കിന്റെ വരവോടെയാണ്. എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെ തകര്‍ത്തുകൊണ്ട് വിപണിയെ നിയന്ത്രിക്കുന്ന ഉല്‍പന്നമാകാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന പ്രഖ്യാപനമാണ് മര്‍ഡോക്ക് നടത്തിയത്. പത്രപ്രവര്‍ത്തകന്റെ ആശയക്കുഴപ്പത്തിനും പൊഴിഞ്ഞുപോകാതെ പിടിച്ചുനില്‍ക്കുന്നതിനുള്ള നിലനില്‍പിന്റെ സമവാക്യത്തിനും ഇടയില്‍ കൈമോശം വരുന്നത് എന്താണെന്ന ചോദ്യം നവലിബറലിസത്തിന്റെതായ ഈ അധിനിവേശം ബാക്കിയാക്കുന്നു. അധിനിവേശത്തിന്റെ ആദ്യകാലത്ത് കൈയില്‍ വേദപുസ്തകങ്ങള്‍ കരുതിയിരുന്നവര്‍ ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളെ മുന്നില്‍ നിറുത്തി പുതിയകാല പടയൊരുക്കങ്ങള്‍ തുടരുന്നു. സാമൂഹികനിയന്ത്രണത്തില്‍നിന്ന് മുതലാളിത്ത നിയന്ത്രണത്തിലേക്ക് മാറുന്നതോടെ മാധ്യമങ്ങളുടെ ജനാധിപത്യസ്വഭാവം ഔപചാരികതയിലേയ്ക്ക് ചുരുങ്ങുന്നു. മൂലധനനിക്ഷേപകരുടെ താല്‍പര്യങ്ങള്‍ മാത്രം ഉല്‍പന്നത്തിന്റെ സ്വഭാവം നിയന്ത്രിക്കുന്ന വിപണനതന്ത്രം മാധ്യമങ്ങള്‍ക്കും ബാധകമാവുന്നു. കച്ചവടം ചെയ്യപ്പെടുന്നത് തെരഞ്ഞെടുപ്പുകള്‍ക്കനുസൃതമായി വാങ്ങി ഉപയോഗിക്കാവുന്ന ഒരുല്‍പന്നം മാത്രമല്ല. വാര്‍ത്തകള്‍ സ്വീകരിക്കുന്ന വായനക്കാരായ, പ്രേക്ഷകരായ കോടിക്കണക്കിന് ജനങ്ങളുടെ വിവേചനബുദ്ധിയും അവബോധവും കൂടിയാണ്. അവരിലത്തെിക്കുന്നതാകട്ടെ കാഴ്ചയ്ക്കും കേള്‍വിക്കുമപ്പുറത്തുള്ള സ്ഥാപിത താല്‍പര്യങ്ങളുടെ കൂര്‍മ്മ ലക്ഷ്യങ്ങളും.
നോബല്‍ സമ്മാനജേതാവായ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ അമര്‍ത്യാ സെന്‍ കാര്‍ഷിക ഉല്‍പന്നങ്ങളെക്കുറിച്ചും ഭക്ഷണക്ഷാമത്തെക്കുറിച്ചും വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ പഠനം ഇപ്പോഴും പ്രസക്തമാണ്. ഈ പഠനത്തില്‍ അദ്ദേഹം ഇന്ത്യയിലെയും ചൈനയിലെയും 1950കളിലെയും 60കളിലെയും കാര്‍ഷികമേഖലകളെ ദാരിദ്ര്യമരണങ്ങളുടെ നിരക്കിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുന്നു. ആ കാലഘട്ടങ്ങളില്‍ കാര്‍ഷികരംഗത്ത് പട്ടിണി മൂലമുള്ള മരണനിരക്ക് ഇന്ത്യയിലേതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ് ചൈനയിലേതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാത്രമല്ല, ഇന്ത്യ കൈവരിച്ച നേട്ടങ്ങളാകട്ടെ ചൈനയിലേതിനേക്കാള്‍ പതിന്മടങ്ങും. ഇതിനേറ്റവും പ്രാഥമിക കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ പട്ടിണിമരണങ്ങളെ നിരന്തരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് രാഷ്ട്രീയ നേതാക്കളെ ലജ്ജിപ്പിച്ചിരുന്നു എന്നതാണ്. ഇത് അത്തരം മേഖലകളിലേയ്ക്ക് ആവശ്യമുള്ള സഹായമത്തെിക്കുന്നതിനും കൃഷിരീതികളെ കൂടുതല്‍ നവീകരിക്കുന്നതിനും സാഹചര്യമൊരുക്കി. ചൈനയിലാകട്ടെ പാര്‍ട്ടിയും ഭരണകൂടവും നിയന്ത്രിക്കുന്ന പത്രങ്ങള്‍ വാര്‍ത്തകള്‍ അടിച്ചമര്‍ത്തുകയും തന്മൂലം ആവശ്യമായ തിരുത്തലുകള്‍ കാര്‍ഷികരംഗത്ത് നടക്കാതെ വരികയും ചെയ്തത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. മാധ്യമങ്ങളുടെ ജനാധിപത്യപരമായ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒപ്പം ജനാധിപത്യത്തിന്റെ വിജയത്തിന് സ്വതന്ത്ര മാധ്യമങ്ങള്‍ അനിവാര്യമാണ് എന്നതിന്റെയും.
എന്നാല്‍ ഓസോണ്‍ പാളിക്ക് വീണ തുള പോലെ കാലാവസ്ഥ മാറിക്കഴിഞ്ഞു. 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു. ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയൊന്നും ഒരു ചെറിയ ശതമാനംപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. വിപണിക്കുവേണ്ടി മൂല്യങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതുമ്പോള്‍ കാര്‍ വില്‍പനയും സൗന്ദര്യമത്സരങ്ങളും പ്രധാന വിഷയങ്ങളാകുന്നു. കൃഷിയും കൃഷിനഷ്ടവും അവഗണിക്കപ്പെടുന്നു. 48 ശതമാനം ഇന്ത്യന്‍ കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്നതും എട്ടാം ക്‌ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കുപോലും അക്ഷരം കൂട്ടിവായിക്കാനോ അക്കങ്ങള്‍ തമ്മില്‍ കൂട്ടാനോ കുറയ്ക്കാനോ അറിയില്ല എന്നതും ജനങ്ങളറിയേണ്ട, പൊതുതാല്‍പര്യ ശ്രദ്ധയ്ക്ക് വിഷയീഭവിക്കേണ്ട കാര്യങ്ങളല്‌ളെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുന്നു. കേന്ദ്ര ബജറ്റില്‍ 170000 കോടി രൂപ പ്രതിരോധവകുപ്പിനായി മാറ്റിവെയ്ക്കുമ്പോള്‍ ഒരു പാര്‍ലമെന്‍േററിയന്‍ പോലും ആ തുക എവിടെപ്പോകുന്നു എന്നന്വേഷിക്കാത്തത് ആര്‍ക്കും ഒരു പ്രശ്‌നമേ ആകുന്നില്ല. നിരക്ഷരത്വത്തിന് കാരണമാകുന്ന, അശ്‌ളീലത പരത്തുന്ന, അസമത്വവും അഴിമതിയും ദാരിദ്ര്യവും നിരാശയും പരത്തുന്ന സാമൂഹികകാരണങ്ങളിലേയ്ക്ക് അന്ധമുഖങ്ങളര്‍പ്പിക്കുന്ന മാധ്യമങ്ങളാണ് ഇന്നു നമുക്കുള്ളത്. ധനികരെ കൂടുതല്‍ ധനികരാക്കുന്ന സമ്പദ്വ്യവസ്ഥയുടെ പാഠങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കുന്നത് ആര്‍ക്കൊക്കെ വേണ്ടിയാണെന്ന് അറിയുന്നവരും കൂടുതല്‍ കൂടുതല്‍ നിശബ്ദരാകുന്നു.
ഇരുപതു വര്‍ഷത്തെ ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ കഥയെടുത്താല്‍ അതൊരു വലിയ കച്ചവട വിജയത്തിന്റെ കഥയാണ്. മറ്റേതൊരു വ്യവസായത്തെയും പോലെ ജി.ഡി.പി സൂചിക ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒന്ന്. എഡിഷനുകളുടെ എണ്ണം കൂട്ടിക്കൊണ്ടാണ് കുത്തകമുതലാളിമാരുടെ ലോകത്തേയ്ക്ക് പ്രമുഖര്‍ വരവറിയിച്ചത്. ബെന്നറ്റ് കോള്‍മാന്‍ കമ്പനിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്ന അവസരത്തില്‍ അന്ന് ജെയിന്‍ കുടുംബത്തിലെ ഇളംതലമുറക്കാരനായ സമീര്‍ ജെയിന്‍ പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. ‘പത്രങ്ങള്‍ വിപണിയിലത്തെിക്കാനുള്ള വില്‍പനച്ചരക്കുകളാണ്’. തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ അകംപുറങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടു. പത്രത്തിന് പ്രത്യേക എഡിറ്റോറിയല്‍ ആവശ്യമില്ല. 1993 മുതല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് പൂര്‍ണമായ ചാര്‍ജുള്ള എഡിറ്റര്‍മാരില്ല. ന്യൂസ് എഡിറ്റര്‍, എക്‌സിക്യൂട്ടിവ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍, എഡിറ്റര്‍ ഓഫ് ദി എഡിറ്റോറിയല്‍ പേജ് എന്നിങ്ങനെ കമ്പാര്‍ട്ട്‌മെന്റ് ചുമതലകളുള്ള പത്രാധിപന്മാര്‍ മാത്രമേയുള്ളൂ. പ്രാദേശികതലത്തിലായാലും ദേശീയതലത്തിലായാലും കൂടുതല്‍ എഡിഷനുകളിറക്കുന്ന ഏതാണ്ട് എല്ലാ പത്രങ്ങളുടെയും നയം ഇതുതന്നെയാണ്. വാര്‍ത്താമൂല്യങ്ങളിലൂടെ നേടിയെടുക്കുന്ന പ്രചാരവും ഉയര്‍ന്ന സര്‍ക്കുലേഷനിലൂടെയുള്ള സാമ്പത്തികനേട്ടങ്ങളും പത്രത്തിന്റെ നിലനില്‍പിനെ നിര്‍ണയിക്കുന്ന ഘടകങ്ങളല്ലാതെയായി. പരസ്യം പ്രധാന സാമ്പത്തിക സ്രോതസ്സായി മാറി. പണമുണ്ടാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ വന്നപ്പോള്‍ വാര്‍ത്തകള്‍ക്കുള്ള പ്രാധാന്യം കുറഞ്ഞു. ധാരാളം പരസ്യം നല്‍കുന്ന പ്രമുഖ വസ്ത്രസ്ഥാപനത്തിലെ അന്യായങ്ങള്‍ക്കെതിരെ ആഴ്ചകളായി നടക്കുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ ഒരു പത്രമോ വാര്‍ത്താചാനലോ തയാറാകാത്തതിനു കാരണവും മറ്റൊന്നല്ല.
ഈ പുതിയ മാധ്യമരീതിയുടെ പ്രചാരകന്‍ മര്‍ഡോക് ആണെന്ന് പറയാം. ബിസിനസ് മാതൃക എന്ന നിലയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കിയ മര്‍ഡോകൈസേഷന്‍ തന്നെയാണ് ഇന്ന് ഭൂരിപക്ഷം ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളും പിന്തുടരുന്നത്. ആസേ്ത്രലിയയില്‍നിന്ന് തുടങ്ങി ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലും അതിന് വേരുറപ്പിക്കാന്‍ കഴിഞ്ഞു. പത്രമാധ്യമങ്ങളെ കച്ചവടപ്രാധാന്യമുള്ള വ്യവസായസ്ഥാപനങ്ങളായി ഉടച്ചുവാര്‍ക്കുന്നിടത്താണ് മര്‍ഡോകൈസേഷന്റെ സവിശേഷത. ആദ്യമത് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു. മാധ്യമനയങ്ങളെ നിര്‍ണയിക്കുന്നതില്‍ പത്രാധിപര്‍ക്കോ പത്രാധിപസമിതിക്കോ ഒരു പങ്കുമില്ലാതാക്കുന്നു. എഡിറ്റോറിയല്‍ പേജിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിന്റെയും വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതിന്റെയും സമ്പൂര്‍ണ അധികാരം മാനേജ്‌മെന്റിന് മാത്രമായി ചുരുങ്ങുന്നു. ലാഭം മാത്രം മുന്നില്‍കണ്ടുകൊണ്ടുള്ള ഒരു വ്യാപാരസംരംഭമായി മാധ്യമങ്ങളെ മാറ്റിയെടുക്കുകയാണ് ഇന്നും മാധ്യമരംഗത്ത് അദൃശ്യസാന്നിധ്യമുള്ള മര്‍ഡോക്കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുത്തകമുതലാളിമാര്‍ കൂടുതല്‍ കൂടുതല്‍ പത്രമാധ്യമങ്ങളെ ഉടമസ്ഥതയിലാക്കുമ്പോള്‍ അവരുടെ മറ്റു രംഗങ്ങളിലെ കച്ചവടതാല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ 45 എഡിഷനുകളിലും ഒരു വാര്‍ത്തയുടെ ഒരേയൊരു മുഖവും ഒരേ എഡിറ്റോറിയല്‍ അഭിപ്രായവും ആവര്‍ത്തിക്കുമ്പോള്‍ പ്രസ്തുത വാര്‍ത്തയുടെ മറുപുറം വായനക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നു. നിരവധിഎഡിഷനുകളുള്ള നിരവധി പ്രാദേശികപത്രങ്ങള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ സ്ഥിതി കുടുതല്‍ ഭീകരമാകുന്നു. അഭിപ്രായങ്ങളുടെയും ആശയങ്ങളുടെയും വൈവിധ്യമില്ലായ്മ ജനാധിപത്യസ്വഭാവമായ ബഹുസ്വരതയെ പാടെ നിരാകരിക്കുന്നു. ഒരു വിഷയത്തെക്കുറിച്ച് എല്ലാ മാധ്യമങ്ങളും ഒന്നുപോലെ ആവര്‍ത്തിക്കുന്നത് അഭിപ്രായഭിന്നതകളില്‍നിന്ന് ഉരുത്തിരിയേണ്ട നൂതനചിന്തകളും ഉയര്‍ന്നുപൊങ്ങേണ്ട ആശയസംവാദങ്ങളും സമൂഹത്തിന് അന്യമാക്കുന്നു. സമൂഹത്തെ ഒരു സംവാദവേദിയായി നിലനിര്‍ത്തുകയെന്ന മാധ്യമസംസ്‌കാരത്തിന്റെ അതുല്യലക്ഷ്യത്തെ കൈമോശപ്പെടുത്തുന്നു. 1994ല്‍ ‘മാധ്യമങ്ങള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് മാധ്യമ ഉടമസ്ഥതയെന്നത് ഒരു ജനകീയ ട്രസ്റ്റ് ആണ്’ എന്ന് മാധ്യമരംഗത്തെ സൈദ്ധാന്തികനായ ഡെന്നിസ് മാക് ക്വയല്‍ അഭിപ്രായപ്പെട്ടത് പഴങ്കഥയായി മാറുന്നു. സര്‍ഗാത്മകവും നിര്‍മാണാത്മകവുമായ ഉത്തരവാദിത്തങ്ങള്‍ നല്‍കിയ കാവല്‍ഭടന്മാര്‍, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നീ വിശേഷണങ്ങളില്‍ നിന്ന് വിവരപ്രേക്ഷകര്‍ മാത്രമായി മാധ്യമങ്ങള്‍ ചുരുങ്ങുകയാണ്.
മാധ്യമരംഗം കൂടുതല്‍ ശക്തവും അപകടകരവുമാവുന്നു എന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് 2014 ല്‍ നടന്നത്. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ കൂപ്പുകുത്തിക്കുന്നതിനോടൊപ്പം കോര്‍പ്പറേറ്റുകള്‍ക്കൊഴികെ ആര്‍ക്കും നേട്ടമുണ്ടാകാത്ത ഭരണം കാഴ്ചവെയ്ക്കുന്ന ഒരാളെ ഭരണത്തിലേറ്റാന്‍ ഏറ്റവും കൂടുതല്‍ ഉത്സാഹിച്ചത് കോര്‍പറേറ്റ് മാധ്യമങ്ങളാണ്. ഇത്രയും കാലം സൈദ്ധാന്തികമായി മാത്രമായിരുന്ന കോര്‍പറേറ്റ്മാധ്യമ കൂട്ടുകെട്ട് ഭരണകൂടസൃഷ്ടിക്കുവേണ്ടി പ്രായോഗികമായി കൈകോര്‍ക്കുന്നതാണ് ഇന്ത്യ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ടത്. അതിന്റെ പ്രത്യാഘാതമെന്നോണം പല ദേശീയമാധ്യമങ്ങളിലെയും ഭിന്നതകള്‍ ചീറ്റലുകളും പൊട്ടിത്തെറികളുമായി തീക്ഷ്ണക്ഷതങ്ങള്‍ വരുത്തി. സി.എന്‍.എന്‍.ഐ.ബി. എന്‍ ചാനലില്‍നിന്ന് വേര്‍പിരിയുമ്പോള്‍ എഡിറ്ററായിരുന്ന രാജ്ദീപ് സര്‍ദേശായി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിനും അതിന്റെ മൂല്യാധിഷ്ഠിതമായ പ്രതീക്ഷകള്‍ക്കുമാണ് ഇരുപത്തിയാറുവര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ വിശ്വാസ്യതയര്‍പ്പിച്ചിരുന്നതെങ്കില്‍ ഇനിയൊരു മാറ്റത്തിന് വഴങ്ങാനാവാത്ത വിധം തനിക്ക് പ്രായമായിപ്പോയിയെന്നാണ് ചാനലിന്റെ പുതിയ മാനേജ്‌മെന്റ് പോളിസിയോട് വിയോജിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടത്. പുതിയ ഭരണനേതൃത്വത്തിനെതിരെ ഒരു വാര്‍ത്തയും നല്‍കേണ്ടെന്ന് പല ചാനല്‍ മേധാവികളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന മാര്‍കണ്ഡേയ കട്ജു വ്യക്തമാക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെട്ട അടിയന്തരാവസ്ഥയുടെ നാളുകളിലേയ്ക്കുള്ള തിരിഞ്ഞുപോക്കുകൂടി അത് സാധ്യമാക്കുന്നുണ്ട്. സ്റ്റേറ്റ് പ്രത്യക്ഷമായി ഇടപെടാതെ തന്നെ കോര്‍പറൈറ്റസേഷന്‍ വഴി ഇതെങ്ങനെ സാധ്യമാക്കുന്നു എന്നാണ് നവതലമുറ മാധ്യമങ്ങള്‍ കാണിച്ചുതരുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടെയാണ് മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണവും തദനുസൃതമായ ഭിന്നവീക്ഷണങ്ങളുടെ അഭാവവും ഏറ്റവും രൂക്ഷമായത്. രാജ്യത്തെ വാര്‍ത്തമാനമാധ്യമങ്ങളെ വാരിക്കൂട്ടി റിലയന്‍സ് കമ്പനി സ്വന്തമാക്കിയ നെറ്റ്വര്‍ക്ക് 18ന്റെ കാര്യം തന്നെയെടുക്കാം. റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് (ആര്‍.എല്‍.ഐ) ഈ പിടിച്ചടക്കലിനായി 40 ബില്യണ്‍ രൂപയാണ് നീക്കിവെച്ചത്. പ്രമുഖ വാര്‍ത്താമാധ്യമങ്ങളായ CNBCTV18, CNBC Awaas, CNNIBN, IBN7, IBNLokmat, ETV Rajasthan, ETVBihar, ETVUttarprdesh, ETV Marathi, ETV Bangla, ETV Gujarathi, ETV Kannada, ETV Oriya, ETVTelegu, ETV2, Colors, MTV, VHI, Nick എന്നിവയെല്ലാം ആര്‍. ഐ. എല്ലിന്റെ കുടക്കീഴില്‍ അണിനിരന്നു.

സി.എന്‍.എന്‍.ഐ.ബി.എന്നിന്റെ ഭൂരിപക്ഷം ഷെയറുകള്‍ സ്വന്തമാക്കിയ ശേഷം ഐ.ബി. എന്‍ പ്രവര്‍ത്തകരുടെ മേല്‍ റിലയന്‍സ് എങ്ങനെയാണ് അധീശത്വം സ്ഥാപിക്കാന്‍ ശ്രമിച്ചതെന്ന് ശ്രദ്ധിക്കുക. എഡിറ്റോറിയലുകളുടെ ഉള്ളടക്കം എങ്ങനെയാകണമെന്ന വ്യക്തമായ നിര്‍ദേശമാണ് ഉടമസ്ഥര്‍ ആദ്യം നല്‍കിയത്. വാര്‍ത്തകളുടെ തെരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ടര്‍മാര്‍ കാണിക്കേണ്ട വിവേചനമാണ് പിന്നീട് നല്‍കിയ പാഠം. ഉദാഹരണത്തിന് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് പ്രാധാന്യം നല്‍കുക എന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച നിര്‍ദേശങ്ങളിലൊന്ന്. അതായത് രാഷ്ട്രീയ സാമ്പത്തിക സാമൂഹികതലങ്ങളിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അവര്‍ സ്വന്തമാക്കിയ മാധ്യമങ്ങളൊന്നും ഉള്‍ക്കൊള്ളുകയും ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതില്ല. മുതലാളിമാര്‍ക്ക് മാത്രം പ്രിയമായ ആശയങ്ങളുടെയും വാര്‍ത്തകളുടെയും മറ്റൊരു വശത്തെ ആരും അറിയേണ്ടതില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ പറയുന്നതെന്തോ അതപ്പാടെ വിഴുങ്ങുന്നവരായി പ്രേക്ഷകര്‍ കണ്ടീഷന്‍ ചെയ്യപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടിയോട് ഇന്ന് മാധ്യമങ്ങള്‍ കാണിക്കുന്ന നിസംഗതയെ ആശങ്കയോടെ കാണേണ്ടതു കൂടിയുണ്ട്. ചങ്ങാത്ത മുതലാളിത്ത(Crony Capitalism) മെന്ന ആശയത്തെ റിലയന്‍സിന്റെ കടന്നുകയറ്റവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംവാദവിഷയമായി കൊണ്ടുവന്നത് ആം ആദ്മി പാര്‍ട്ടിയാണ്. പ്രതിരോധം, പെട്രോളിയം, ഗ്യാസ്, സ്‌പെക്ട്രം തുടങ്ങി റിലയന്‍സ് എത്തിപ്പെടാത്ത മേഖലകളൊന്നുമില്ല. തുടര്‍ച്ചയായുള്ള നേട്ടങ്ങളില്‍ മാത്രം കയറിനില്‍ക്കുന്ന ഈ കുത്തക കമ്പനിക്കുവേണ്ടി മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ചെയ്തുകൊടുത്തിട്ടുള്ള നിയമ ഇളവുകളും ആനുകൂല്യങ്ങളും നിരവധിയാണ്. കൃഷ്ണ ഗോദാവരിതടത്തില്‍ ബയോഗ്യാസ് ഖനനത്തിന് വഴിവിട്ട് റിലയന്‍സ് നേടിയ ഖനന അനുമതി ആദ്യം ചോദ്യം ചെയതത് ആം ആദ്മി പാര്‍ട്ടിയാണ്. ഗ്യാസിന്റെ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം കുത്തക കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനെതിരെ കെജ്രിവാള്‍ വന്‍ പ്രക്ഷോഭങ്ങള്‍ തുറന്നുവിട്ടു. വിദേശനിര്‍മിത ഗ്യാസ് ഉല്‍പന്നങ്ങള്‍ക്ക് മാത്രമല്ല, ഗോദാവരി തീരത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്വന്തം രാജ്യത്തിന്റെ ഗ്യാസ് ഉല്‍പന്നത്തിന് പോലും ഗവണ്‍മെന്‍േറതര കമ്പനികള്‍ വിലയിടുന്നതിന്റെ ആവശ്യകതയെന്ത് എന്ന ചോദ്യമാണ് അരവിന്ദ് കെജ്രിവാള്‍ ഉന്നയിച്ചത്.
ഗ്യാസ് വാര്‍സ് എന്ന തന്റെ പുസ്തകത്തില്‍ ഇതേ വാദം ഉന്നയിച്ച പ്രണോയ് ഥാക്കൂര്‍ ഗുഹക്കെതിരെ 100 കോടിയുടെ മാനനഷടകേസ് ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍ റിലയന്‍സ്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഈ വഴിവിട്ട സഹായങ്ങളെ കെജ്രിവാളിനൊപ്പം ജനങ്ങളിലത്തെിച്ച പല വാര്‍ത്താമാധ്യമങ്ങളും ഇന്ന് ഇത്തരം വിഷയങ്ങളില്‍ കാണിക്കുന്ന നിശബ്ദത മാര്‍കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടതുപോലെ കൂടുതല്‍ അപകടകരമായ ഒരവസ്ഥയുടെ മുന്നോടിയാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ പുറത്താക്കി പുതിയ ഭരണകൂടത്തെ അധികാരത്തിലേറ്റുന്നതിന് നല്‍കിയ പിന്തുണ ആഗോളതാല്‍പര്യങ്ങളുടെ കൂടി അജണ്ടയായിരുന്നുവെന്ന സംശയത്തെയാണ് ഇത് പ്രബലമാക്കുന്നത്. പുതിയ ഗവണ്‍മെന്റിന്റെ ഇതിനേക്കാള്‍ നിശിതമായ മുതലാളിത്തബാന്ധവങ്ങളെ ഒരു പ്രതിഷേധവുമില്ലാതെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് മാധ്യമരംഗത്തെ കോര്‍പററ്റൈസേഷന്റെ നേട്ടം തന്നെയാണ്.
മാധ്യമങ്ങളിലെ വൈവിധ്യത നിലനിര്‍ത്തുന്നതിന്റെ അനിവാര്യതയെപ്പറ്റി 18 വര്‍ഷം മുമ്പ് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഇന്ന് കൂടുതല്‍ പ്രസക്തമാണ്. നിരവധി ആശയസംവാദങ്ങളുടെ ഫലമായി ഭരണഘടന വാഗ്ദാനംചെയ്യുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തേണ്ട ഒന്നാണ് മാധ്യമങ്ങളിലെ ബഹുസ്വരതയെന്ന് അന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയും തമ്മില്‍ നടന്ന ഒരു നിയമയുദ്ധത്തിന്റെ വിധിയോടൊപ്പമാണ് ഈ നിരീക്ഷണമുണ്ടായത്. വിവരങ്ങളുടെ വിവിധവശങ്ങള്‍ അറിയാനുള്ള അവകാശത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ഒരേ അഭിപ്രായങ്ങള്‍ മാത്രമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നത് ജനാധിപത്യത്തെ നിരര്‍ഥകമായ കാപട്യമാക്കിമാറ്റുന്ന പ്രക്രിയയാണെന്നും ഇത് ആര്‍ട്ടിക്കിള്‍ 19(എ)യുടെ ലംഘനമാണെന്നും ആ വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെടുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മാധ്യമങ്ങളിലെ ജനാധിപത്യപരമായ ബഹുസ്വരതയെ നിയന്ത്രിക്കുന്നത് ഭരണഘടന വാഗ്ദാനംചെയ്യുന്ന ആര്‍ട്ടിക്കിള്‍ 19(എ)യുടെ പ്രത്യക്ഷമായ ലംഘനം തന്നെയാണ്. മറാത്തി ഭാഷയും ഇംഗ്‌ളീഷും അറിയുന്ന ഒരാള്‍ ഇ.ടി.വി മറാത്തി കണ്ട ശേഷം വാര്‍ത്തയുടെ വിശ്വാസ്യതയില്‍ എന്തെങ്കിലും സംശയം തോന്നി സി.എന്‍. എന്‍.ഐ.ബി.എന്നിലേയ്ക്ക് തിരിഞ്ഞാല്‍ ആ വാര്‍ത്തയുടെ അതേ വീക്ഷണം തന്നെയാണ് കാണാനാവുക. മറിച്ചൊരു വശം അതിനില്‌ളെന്ന് സ്ഥാപിച്ചുകൊടുക്കുക എന്നതാണ് ഉടമസ്ഥരുടെ കച്ചവട താല്‍പര്യവും. വ്യത്യസ്ത വിപണിയെ ആണ് ഇ.ടി.വി മറാത്തിയും സി.എന്‍. എന്‍.ഐ.ബി.എന്നും ലക്ഷ്യമാക്കുന്നതെന്ന വാണിജ്യനിയമത്തിന്റെ നിഗമനങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലാതെയാവുന്നു.
ചോദ്യമുയരുന്നത് എങ്ങനെ ഈ ബഹുസ്വരതയെ ഉറപ്പാക്കാം എന്നതാണ്. മുന്‍ നിരീക്ഷണത്തില്‍ സുപ്രീംകോടതി കൂട്ടിച്ചേര്‍ക്കുന്നത് ഒരു കേന്ദ്ര ഏജന്‍സിയോ പബ്‌ളിക് ബ്രോഡ്കാസ്റ്ററോ വഴി അത് സാധ്യമാക്കണം എന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പൊതുപ്രക്ഷേപണത്തിലൂടെ മാത്രം ബഹുസ്വരതയെ നിലനിര്‍ത്താനാവുമോ? ചോദ്യത്തിന് വ്യക്തമായ ഒരുത്തരം സുപ്രീംകോടതിയും നല്‍കാതിരിക്കുമ്പോള്‍ ഗൗരവമായി ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാവുന്നു. കോമ്പറ്റീഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യ (സി.സി.ഐ) എല്ലാ സംരംഭകര്‍ക്കും തുല്യമായ അവസരങ്ങള്‍ നല്‍കുന്നതിനായി വിപണി തുറന്നിടുമ്പോള്‍ ആര്‍. എല്‍. ഐ പോലുള്ളവര്‍ അതേ പഴുതിലൂടെ അനധികൃതമായ കടന്നുകയറ്റം നടത്തുന്നു. സി.സി.ഐയുടെ അയഞ്ഞനിലപാടുകള്‍ മുതലെടുത്ത് കുത്തകകമ്പനികള്‍ വേദി കൈയടക്കി ശേഷി കുറഞ്ഞ ചെറുസംരംഭകരെ പുറത്താക്കുന്നു. വിപണിയില്‍ ആരോഗ്യകരമായ മത്സരം നിലനിര്‍ത്തുന്നതിലുള്ള പരാജയം മാധ്യമവ്യവസായത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ അറിയാനുള്ള അവകാശത്തെകൂടി ലംഘിക്കുന്നു. മാധ്യമ ഉടമസ്ഥതയുടെ മത്സരവിപണി ആരോഗ്യകരമാക്കുന്നതിന് ഇന്നത്തെ വിപണിനിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന നിര്‍ദേശം ട്രായ് മുന്നോട്ടുവെച്ചു കഴിഞ്ഞു. എന്നും കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ വിശ്വസിക്കുന്നവരാണ് ബഹുജനങ്ങളില്‍ അധികവും. അടിച്ചേല്‍പിക്കപ്പെടുന്ന വിവരങ്ങള്‍ ജനാധിപത്യത്തെ എത്രമാത്രം അപകടപ്പെടുത്തുന്നുവെന്നതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകളും പഠനങ്ങളും ഇന്നും സജീവമായിട്ടില്ല. ഒരു വര്‍ഷം പരമാവധി 100 ദിവസം മാത്രം സമ്മേളിക്കുന്ന നമ്മുടെ പാര്‍ലമെന്റില്‍ പോലും വളരെക്കുറച്ച് ചോദ്യങ്ങള്‍ മാത്രമാണ് നാം തെരഞ്ഞെടുത്തയക്കുന്ന പ്രതിനിധികള്‍ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ സംവാദവേദികളാകേണ്ട ഇടങ്ങള്‍ ബാക്കിയില്ലാതാവുകയാണ്. ആരും ചോദ്യം ചെയ്യാനില്ലാത്തതിന്റെ ഭയമില്ലായ്മയില്‍ എന്തും സാധ്യമാകുമെന്നുറപ്പുള്ളവരുടെ അമിതവിശ്വാസത്തിനും, ഉത്തരങ്ങളില്‌ളെന്ന മുന്‍വിധികളില്‍ ചോദ്യങ്ങള്‍ അടക്കംചെയ്യുന്നവരുടെ വിശ്വാസരാഹിത്യത്തിനുമിടയില്‍ നികത്തപ്പെടാത്ത ബഹുദൂരത്തെയാണ് ഈ ശബ്ദമില്ലായ്മ അളന്നുതീര്‍ക്കേണ്ടത്.

Leave a comment

Your email address will not be published. Required fields are marked *