Kerala Union of Working Journalists

കേരള സംസ്ഥന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി ബൈലോ ഭേദഗതി

3-3-2016 ന് ബഹു. പി.ആര്‍.ഡി. ഡയറക്ടറുടെ ഓഫീസില്‍ ചേര്‍ന്ന കേരള സംസ്ഥന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി ബൈലോ ഭേദഗതി ഉപസമിതി യോഗത്തിനു മുമ്പാകെ കേരള പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി അവതരിപ്പിച്ച ഭേദഗതി നിര്‍ദ്ദേശങ്ങള്‍.
————————————————–

ചട്ടം വകുപ്പ്-2 ലക്ഷ്യങ്ങള്‍
————————
‘കേരള സംസ്ഥാനത്തു നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നവയോ സംപ്രേഷണം അഥവാ പ്രക്ഷേപണം ചെയ്യപ്പെടുന്നവയോ ആയ പത്ര-ദൃശ്യ-ഓണ്‍ലൈന്‍-റേഡിയോ മാധ്യമങ്ങളിലും കേരളത്തിനു പുറത്ത് മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുകയോ സംപ്രേഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന വാര്‍ത്താമാധ്യമങ്ങളുടെ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വാര്‍ത്താകാര്യാലയങ്ങളിലും സേവനം അനുഷ്ഠിച്ച ശേഷം ജോലിയില്‍ നിന്നും വിരമിക്കുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതു ലക്ഷ്യമാക്കി അവര്‍ക്ക് കേരള സംസ്ഥാന മാധ്യമപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ ഒരു പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ‘

എന്ന് ഭേദഗതി വരുത്തണം.

വകുപ്പ്-3 നിര്‍വ്വചനങ്ങള്‍
————————

A- ‘പത്രപ്രവര്‍ത്തകന്‍ എന്നാല്‍ കേരള സംസ്ഥാനത്തു നിന്നും പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം അഥവാ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന ഒന്നോ അതിലധികമോ വാര്‍ത്താമാധ്യമങ്ങളിലും കേരളത്തിനു പുറത്ത് മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം അഥവാ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മലയാളവാര്‍ത്താമാധ്യമങ്ങളുടെ കേരളത്തിലെ വാര്‍ത്താകാര്യാലയങ്ങളിലും ജോലി ചെയ്യുന്നവരും……..’.

എന്ന് ഭേദഗതി ചെയ്യണം.

A1 എന്ന ഒരു ഉപവകുപ്പായി

‘പത്രപ്രവര്‍ത്തകന്‍ എന്നാല്‍ അച്ചടി-ദൃശ്യ-റേഡിയോ മാധ്യമങ്ങളിലെ ന്യൂസ് വീഡിയോ-ഓഡിയോ എഡിറ്റര്‍, ന്യൂസ് ലൈബ്രേറിയന്‍ തുടങ്ങിയ ജേര്‍ണലിസ്റ്റ് വിഭാഗങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടും’

എന്ന് കൂട്ടിച്ചേര്‍ക്കണം.

D ‘സേവനം എന്നാല്‍ കേരള സംസ്ഥാനത്തു നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നവയോ സംപ്രേഷണം ചെയ്യപ്പെടുന്നവയോ ആയ പത്ര-ദൃശ്യ-ഓണ്‍ലൈന്‍-റേഡിയോ മാധ്യമങ്ങളിലും കേരളത്തിനു പുറത്ത് മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുകയോ സംപ്രേഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന വാര്‍ത്താമാധ്യമങ്ങളുടെ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വാര്‍ത്താകാര്യാലയങ്ങളിലും ഒന്നോ അതിലധികമോ മാധ്യമങ്ങളില്‍ തുടര്‍ച്ചയായോ ഇടവേളകളോടു കൂടിയോ ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ ജോലി ചെയ്തിട്ടുള്ള മൊത്തം കാലയളവ് എന്നര്‍ഥമാകുന്നു’

എന്ന് ഭേദഗതി വരുത്തണം.

F -‘സ്ഥാപനം എന്നാല്‍ കേരള സംസ്ഥാനത്തു നിന്നും പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതും കേരളത്തിനു പുറത്ത് മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന മലയാളവാര്‍ത്താമാധ്യമങ്ങളുടെ കേരളത്തിലെ വാര്‍ത്താകാര്യാലയങ്ങളും 1955ലെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട് ബാധകമായിട്ടുള്ളതും ദീര്‍ഘകാലകരാര്‍ വ്യവസ്ഥയില്‍ സ്ഥിരനിയമനം നടത്തുന്ന വാര്‍ത്താമാധ്യമസ്ഥാപനങ്ങള്‍ എന്നര്‍ഥമാകുന്നു’

എന്ന് ഭേദഗതി ചെയ്യണം.

വകുപ്പ് -6 – അംഗമായി രജിസ്റ്റര്‍ ചെയ്യല്‍
————————————–
ഒന്നാം ഉപവകുപ്പിലെ രണ്ടാം വാചകമായി ചേര്‍ത്തിട്ടുള്ള ഭാഗം ഇപ്പോള്‍ അപ്രസക്തമാകയാല്‍ ഒഴിവാക്കണം.

വകുപ്പ് 8 -അംശാദായം
———————-
ഈ വകുപ്പു പ്രകാരം നിശ്ചയിച്ചിട്ടുള്ള അംശാദായം പഴയതാണ്. അവ നിലവിലുള്ള അംശാദായസംഖ്യയാക്കി പുതുക്കി ചേര്‍ക്കണം.

വകുപ്പ് 12 പെന്‍ഷന്‍ തുക
————————

ഇതിലെ ഒന്നാം ഉപവകുപ്പ് നിലവിലുള്ള പെന്‍ഷന്‍ തുക ചേര്‍ത്ത് പുതുക്കണം.

വകുപ്പ് 13 സര്‍ക്കാര്‍ സഹായം
—————————-

സര്‍ക്കാര്‍ സഹായമായി നല്‍കുന്ന പുതുക്കിയ തുക ഉള്‍പ്പെടുത്തി പരിഷ്‌കരിക്കണം.