Kerala Union of Working Journalists

കേരളപത്രപ്രവര്‍ത്തകയൂണിയന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 24ന് തൊഴില്‍ സുരക്ഷാ മാര്‍ച്ച്

മാധ്യമ തൊഴില്‍ മേഖലയിലെ പിരിച്ചുവിടലുകള്‍ക്കെതിരെയും കരാര്‍ തൊഴിലില്‍ പോലും സുരക്ഷിതത്വം ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെയും ഏപ്രില്‍ 24ന് തൊഴില്‍ സുരക്ഷാമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂസ് 18 ടിവി എന്നീ സ്ഥാപനങ്ങളില്‍ നിന്നും 20ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരെ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനുമായി ചേര്‍ന്ന് ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കു.
ആദ്യഘട്ടമായി ഏപ്രില്‍ 24ന് കൊച്ചി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകരുടേയും മാധ്യമ ജീവനക്കാരുടേയും മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് വിവിധ ട്രേഡ് യൂണിയനുകളുടെ നേത്രുപരമായ പങ്കാളിത്തത്തോടെ റാലികളും കണ്‍വന്‍ഷനുകളും നടത്തും. ന്യൂസ് 18 ടിവിയിലെ സ്ഥിരം ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഏപ്രില്‍ 8 ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന ദേശീയ ട്രേഡ് യൂണിയന്‍ നേതൃ കണ്‍വന്‍ഷന്‍ യൂണിയന്‍ സംസ്ഥാന സമിതം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന കരാര്‍ തൊഴില്‍ നിയമം ഉടമകള്‍ ആദ്യം നടപ്പാക്കിയിരിക്കുന്നത് മാധ്യമ മേഖലയിലാണ്. രാജ്യത്തെ ഇതര തൊഴില്‍ മേഖലകളില്‍ എല്ലാം ഈ പ്രവണത അധികം വൈകാതെ പടരും. ഇതിനെതിരെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ജാഗരൂകരാകേണ്ടതുണ്ടെന്നും യോജിച്ച ശക്തമായ ചെറുക്ക് നില്‍പ്പ് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, യോഗത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.നാരായണന്‍ പരിപാടികള്‍ വിശദീകരിച്ചു. സംസ്ഥാന ട്രഷറര്‍ പി.സി സെബാസ്റ്റ്യന്‍, സെക്രട്ടറിമാരായ എ. സുകുമാരന്‍,ഷാലു മാത്യു, വൈസ് പ്രസിഡന്റ് ശ്രീകല പ്രഭാകര്‍ ജില്ലാഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എറണാകുളം പ്രസ്സ് ക്ലബ് സെക്രട്ടറി സുഗതന്‍ പി ബാലന് സ്വാഗതം പറഞ്ഞു.