Home > featurednews > വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ അഭിഭാഷകരുടെ ഭാഗത്ത് നിന്നും സംഘടിതമായ അക്രമം അരങ്ങേറുന്നത്.

കൊച്ചിയില്‍ ഹൈക്കോടതി വളപ്പിലുണ്ടായ അക്രമത്തെ തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന സര്‍ക്കാരിന്റെയും മുതിര്‍ന്ന അഭിഭാഷകരുടേയും അഭ്യര്‍ത്ഥന മാനിച്ച് പരമാവധി സംയമനത്തോടെ ചര്‍ച്ചകള്‍ കൊച്ചിയില്‍ പുരോഗമിക്കവെയാണ് വഞ്ചിയൂരില്‍ അക്രമം നടന്നത്.

ഇത്തരം സംഭവങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല. ഇത് അനുവദിക്കാന്‍ സാധിക്കുകയില്ല. അഡ്വ.ജനറല്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ എടുത്ത സമവായ മനോഭാവത്തില്‍ നിന്ന് വ്യതിചലിക്കുന്ന അവസ്ഥ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുകയേയുള്ളൂ. ഇനിയും പ്രകോപനം സൃഷ്ടിക്കാനും കടന്ന് ആക്രമിക്കാനും ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശക്തമായി നേരിടുക തന്നെ ചെയ്യും, പ്രസ്താവനയില്‍ പറഞ്ഞു.