Kerala Union of Working Journalists

വിശുദ്ധ തൊഴിലിന്റെ അടിമഭാരം

channelsചാനലുകളുടെ ചാകരക്കാലമാണ് കേരളത്തില്‍. നിലവിലുള്ള ചാനലുകള്‍ക്ക് പുറമേ മൂന്നെണ്ണം കൂടി താമസിയാതെ വരുന്നു. ഇപ്പോള്‍ ഉള്ളവയില്‍ ചിലത് വൈവിധ്യവത്കരിക്കുമെന്നും കേള്‍ക്കുന്നു. പറ്റുമെങ്കില്‍ ഒരു ചാനല്‍ തുടങ്ങിക്കളയാം എന്നു പറഞ്ഞ് ഏതാനും കോടികളുമായി കറങ്ങി നടക്കുന്നവരും കേരളത്തിലുണ്ട്. ടി വി ചാനലുകളുടെ പറുദീസ ആയിരിക്കുകയാണ് കൊച്ചു കേരളം. താരതമ്യേന കുറഞ്ഞ ജനസംഖ്യ സംസാരിക്കുന്നവര്‍ താമസിക്കുന്ന, ചെറിയ ഭൂഭാഗമായ കേരളത്തില്‍ ഇത്രമാത്രം ടിവി ചാനലുകള്‍ക്ക് സാധ്യതയുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സമീപ കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇല്ല എന്നു തന്നെയാണ്. അതിനു കാരണം ഈ വ്യവസായത്തില്‍ തൊഴിലെടുക്കുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും.
അച്ചടി ആയാലും ദൃശ്യമായാലും മാധ്യമ വ്യവസായത്തിന്റെ ലാഭനഷ്ട കണക്കുകള്‍ പൊതു സമൂഹത്തിന് ലഭിക്കാറില്ല. എന്നാല്‍, ഈ വ്യവസായ മേഖലയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും അവകാശപ്പെടുന്നത് വന്‍ വളര്‍ച്ച നിരക്കാണ്. വിപണിയില്‍ പറഞ്ഞുകേള്‍ക്കുന്ന ഏകദേശ കണക്കനുസരിച്ച് 201314ല്‍ 950 കോടി രൂപയുടെ ബിസിനസാണ് കേരളത്തിലെ ടി.വി വ്യവസായ മേഖലയില്‍ നടന്നതത്രെ. ഇതില്‍ പകുതിയോളം ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പെട്ടിയിലാണ് എത്തിയത്. ബാക്കിയില്‍ നല്‌ളൊരു പങ്ക് മനോരമ, മാതൃഭൂമി ചാനലുകള്‍ കൊണ്ടുപോയി. ചെറിയ കളിക്കാരായ മറ്റു ചാനലുകള്‍ ശരാശരി 20 കോടിയുടെ ബിസിനസാണു ചെയ്തതത്രെ. ഈ സാഹചര്യത്തിലേക്കാണ് പുതിയ സംരംഭകര്‍ വന്നുകൊണ്ടിരിക്കുന്നത്. അദ്ഭുതം തോന്നും, നമ്മുടെ നാട്ടിലെ ധനാഢ്യര്‍ക്ക് ഇത്രമാത്രം മാധ്യമ താല്‍പര്യമോ? ഏറ്റവും ഒടുവില്‍ ടി.വി ചാനല്‍ തുടങ്ങിയത് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയാണ്; ടി.വി ന്യു. വരാന്‍ പോകുന്നത് വി.എച്ച്.പി പിന്തുണയുള്ള ജനം ചാനല്‍. പിന്നാലെ പഴയ ഏഷ്യാനെറ്റ് ഫെയിം ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ചാനലും എത്തും. രണ്ടിലും ആളെ എടുത്തു തുടങ്ങി. ശമ്പളം കൊടുക്കുന്നതില്‍ വിമുഖത കാണിക്കുന്ന ചില പത്രസ്ഥാപനങ്ങളടക്കമുള്ളവര്‍ ടി.വി ചാനല്‍ സ്വപ്നം താലോലിച്ചാണ് ഉറങ്ങുന്നതത്രെ.
ഈ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് അതിലെ മാധ്യമ പ്രവര്‍ത്തകരാണ്. ഈ ചാനലുകള്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ ദൗത്യവും അവയുടെ ഉള്ളടക്കം ഉല്‍പാദിപ്പിക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രതിസന്ധിയും കേരളം ചര്‍ച്ച ചെയ്യുന്നില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. ഈ ചര്‍ച്ച ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി ഇവയിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നവും കാണേണ്ടതുണ്ട്.
indiavision-tvഅച്ചടി വാര്‍ത്താമാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരില്‍നിന്നു വ്യത്യസ്തമായി സമൂഹത്തില്‍ ഇടപെടുകതന്നെ ചെയ്യുന്നവരാണ് ദൃശ്യവാര്‍ത്താ മാധ്യമപ്രവര്‍ത്തകര്‍. എന്താണ് അവരുടെ സ്ഥിതി എന്ന പരിശോധന ഈ മാധ്യമത്തിന്റെ ദൗര്‍ബല്യങ്ങളും ജനവിരുദ്ധതയും വ്യക്തമാക്കുന്നു. കോട്ടും ടൈയുമായി ശീതീകരിച്ച ചാനല്‍ മുറികളില്‍ അധികാര സ്ഥാപനങ്ങളെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും പേരെടുത്തു വിളിക്കുന്ന പ്രതാപശാലികള്‍ക്ക് സാധാരണ തൊഴിലാളിയുടെ അന്തസ് പോലും ചാനല്‍ മുതലാളിമാര്‍ കൊടുക്കുന്നില്ല എന്ന യാഥാര്‍ഥ്യം സമീപകാലത്ത് വെളിവായിക്കൊണ്ടിരിക്കുകയാണ്.
സൂര്യ ടി.വിയിലാണ് അത് ആദ്യം സംഭവിച്ചത്. അതിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരെയും ഒറ്റയടിക്ക് പുറത്താക്കാന്‍ കലാനിധി മാരന് ഒരു മടിയുമുണ്ടായില്ല. അവര്‍ക്ക് കൊടുത്തിരുന്നതാവട്ടെ, തുച്ഛമായ റീട്ടെയ്‌നര്‍ ഫീസും കേവല ചെലവുകളും മാത്രം. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. നീണ്ട നിയമ പോരാട്ടത്തിനു ശേഷം വിഭവ ശേഷിയുള്ള സൂര്യ മാനേജ്‌മെന്റിന് അനുകൂലമായി കേസ് വിധി വന്നു. ഇനി തൊഴിലാളികള്‍ സുപ്രീംകോടതിയെ സമീപിക്കണം.
ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഇന്ത്യ വിഷനിലും ടി.വി ന്യൂവിലും ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണ്. ഇന്ത്യ വിഷനിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ഒരളവ് വരെ പരിഹരിച്ചു. പുതിയ വാര്‍ത്താ ചാനലായ ടി.വി ന്യൂവില്‍ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
മറ്റു ചാനലുകളിലും സ്ഥിതി ഭിന്നമല്ല. വ്യവസായത്തിലെ ഭീമന്‍മാരായ ഏഷ്യാനെറ്റ് പോലുള്ള ചിലരൊഴികെ മറ്റെല്ലാ ചാനലുകളിലും മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം ദുരിതപൂര്‍ണമാണ്. വേതനത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണനയാണിവര്‍ പ്രകടിപ്പിക്കുന്നത്. പ്രവൃത്തി സമയത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അതില്‍ പണിയെടുക്കുന്നവരുടെ മനുഷ്യാവകാശം പോലും നിഷേധിക്കുന്ന പ്രവണത പരക്കെയുണ്ട്. അത്തരം സംഭവങ്ങള്‍ വിശദീകരിക്കാത്തത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അന്തസ് പരിപാലിക്കപ്പെടേണ്ടതുണ്ട് എന്നതിനാലാണ്.
ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ടി.വി ചാനലുകളില്‍ ഏതാനും എണ്ണം മാറ്റിനിര്‍ത്തിയാല്‍ വ്യാപകമായ തൊഴില്‍ ചൂഷണം ഈ വ്യവസായത്തില്‍ നിലനില്‍ക്കുകയാണ്. ദേശീയ ചാനലായ ടി.വി 18 ശൃംഖലയിലെ 350ല്‍ പരം മാധ്യമപ്രവര്‍ത്തകരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് 2011 ആഗസ്റ്റിലാണ്. ആ പിരിച്ചുവിടപ്പെട്ടവര്‍ക്കുവേണ്ടി ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവര്‍ യൂനിയനെ പുച്ഛിച്ചിരുന്നവരും യൂനിയന്‍ ഉണ്ടാകുന്നത് മോശമാണെന്ന് വിശ്വസിച്ചിരുന്നവരുമായിരുന്നു. റിലയന്‍സ് ഏറ്റെടുത്ത ഐ.ബി.എന്‍ ചാനലില്‍ അംബാനിവത്കരണത്തിനുവേണ്ടി 350ല്‍ പരം ജീവനക്കാരെ പിരിച്ചുവിട്ടത് പക്ഷേ, ആരുമറിഞ്ഞില്ല.
രാജ്യത്തെ ഇംഗ്‌ളീഷേതര ഭാഷകളിലെ വാര്‍ത്താ ടി.വി ചാനലുകളില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ മാന്യമായ വേതന വ്യവസ്ഥയുള്ളൂ. രാജ്യത്ത് ഒരിടത്തും ദൃശ്യ വാര്‍ത്താ മാധ്യമ വ്യവസായത്തിലെ ജീവനക്കാരെ ബാധിക്കുന്ന നിയമങ്ങളൊന്നുമില്ലാത്തതാണ് ഇത്തരത്തില്‍ തൊഴില്‍ വ്യവസ്ഥകളില്‍ അരാജകാവസ്ഥ ഉണ്ടാകാന്‍ കാരണം. പത്രവ്യവസായത്തിലെ തൊഴിലാളികളുടെയും പത്രപ്രവര്‍ത്തകരുടെയും സംരക്ഷണത്തിന് 1955ലെ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ഉണ്ട്. അതിന്റെ പല്ല് ദുര്‍ബലമായതാണെങ്കിലും പറിക്കാന്‍ ഒന്നൊന്നര ദശകമായി രാജ്യത്തെ പത്രമുതലാളിമാരടങ്ങുന്ന കോര്‍പറേറ്റ് ലോകം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യവസായ തര്‍ക്ക നിയമം അടക്കം സാധ്യമായ എല്ലാ തൊഴില്‍ നിയമങ്ങളുടെയും സംരക്ഷണം പത്രവ്യവസായത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്നുണ്ട്. ഇതിനര്‍ഥം അച്ചടി വാര്‍ത്താ വ്യവസായത്തില്‍ എല്ലാം ശരിയാണെന്നല്ല. അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സമീപിക്കാന്‍ തൊഴില്‍ വകുപ്പ് അധികാരികളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള നിയമമുണ്ട്. വ്യവസായ തര്‍ക്ക നിയമത്തിന്റെയും വേജ് ബോര്‍ഡിന്റെയും സംരക്ഷണമുണ്ട്. തൊഴിലും കൂലിയും നിഷേധിക്കപ്പെട്ടാല്‍ തൊഴില്‍ വകുപ്പിനെ സമീപിക്കാം. അതിനുവേണ്ടി ന്യൂസ് പേപ്പര്‍ ഇന്‍സ്‌പെക്ടര്‍ എന്ന ചുമതലപ്പെട്ട ഉദ്യോഗസ്ഥനുണ്ട്.
പക്ഷേ, ദൃശ്യവാര്‍ത്താമാധ്യമ വ്യവസായത്തില്‍ പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകനോ തൊഴിലാളിക്കോ ഒരു പ്രശ്‌നമുണ്ടായാല്‍ ആശ്രയിക്കാന്‍ ഇന്നൊരു നിയമം ഇല്ല. പരിശോധിക്കാന്‍ അധികാരി ഇല്ല. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമത്തിന്റെ പരിധിയിലാണ് ദൃശ്യവാര്‍ത്താ മാധ്യമ വ്യവസായത്തില്‍ ജോലി ചെയ്യുന്നവരെ കേരളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍പോലും ഉള്‍പ്പെടുത്താത്തവരുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥാവസ്ഥയാണ് ദൃശ്യവാര്‍ത്താ മാധ്യമ വ്യവസായത്തില്‍ ഇന്ന് നിലനില്‍ക്കുന്നത്. തൊഴില്‍പരമായി വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഈ വ്യവസായത്തില്‍ പണിയെടുക്കുന്നവരായുള്ളൂ. കിരാതമായ ഗ്രേഡിങ് പോലുള്ള വിവേചനങ്ങള്‍ ഈ തൊഴിലെടുക്കുന്നവര്‍ക്കിടയില്‍ ചാനല്‍ മുതലാളിമാര്‍ നടപ്പാക്കിയിട്ടുണ്ട് എന്നറിയുമ്പോള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാവുന്നതേയുള്ളൂ.
ഈ വ്യവസായത്തില്‍ ജോലി ചെയ്യുന്നവരെ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഇതിന് ഏക പരിഹാരം. ഈ നിയമം വരുന്നതിനു മുമ്പ് അച്ചടി മാധ്യമ രംഗത്തെ തൊഴില്‍ മേഖലയില്‍ നിലനിന്നിരുന്ന അരാജകത്വത്തിന് സമാന അന്തരീക്ഷമാണ് ഇന്ന് ദൃശ്യവാര്‍ത്താ മാധ്യമ വ്യവസായത്തില്‍ നിലനില്‍ക്കുന്നത്. വാര്‍ത്താ മാധ്യമ വ്യവസായത്തില്‍ പണി എടുക്കുന്നവര്‍ക്ക് ഇത് ഉദാത്തവും പരിപാവനവും ജനാധിപത്യ സംരക്ഷണവുമായി ബന്ധപ്പെട്ടതുമായ വിശുദ്ധ തൊഴിലാണ്. ഉടമയെ സംബന്ധിച്ചിടത്തോളം മറ്റു പല കച്ചവടങ്ങളുടെയും മറയാണ്. ആ മറ തീര്‍ക്കാനാണ് ഈ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുപോവുന്നത്. അതിന്റെ ലാഭം സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയാത്തതാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ് തന്നെ തകര്‍ക്കുന്ന തരത്തിലാണ് ചാനല്‍ ഉടമകള്‍ തങ്ങളുടെ ജീവനക്കാരെ കാണുന്നത്. ഇതിനെതിരെ കനത്ത ചെറുത്ത്‌നില്‍പ്പ് ഉയര്‍ത്തിക്കൊണ്ടു മാത്രമേ ഈ വ്യവസായത്തിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവൂ. ആ ചെറുത്ത്‌നില്‍പ്പ് കേവലം വേതന പരിഷ്‌കരണത്തിന് വേണ്ടി മാത്രമുള്ളതല്ല. മാധ്യമ സ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ ജനാധിപത്യവകാശങ്ങള്‍ക്കും കൂടിയുള്ള ചെറുത്ത്‌നില്‍പ്പാണത്.

Leave a comment

Your email address will not be published. Required fields are marked *