Kerala Union of Working Journalists

ബ്രേക്കിങ് ന്യൂസിലെ താരോദയം

രാജ്ദീപ് സര്‍ദേശായി :
ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറായിരുന്ന അരവിന്ദ് കെജ്രിവാളിനെ 2003ലാണ് ഞാന്‍ പരിചയപ്പെടുന്നത്. വിവരാവകാശ പ്രചാരണത്തില്‍ സജീവമായിരുന്ന അദ്ദേഹം പരിവര്‍ത്തന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങിയ സമയമായിരുന്നു. ഞങ്ങള്‍ ലക്‌നോവില്‍ ഒരുമിച്ച് സെമിനാറില്‍ പങ്കെടുത്തിരുന്നു. വിവരാവകാശവുമായി ബന്ധപ്പെട്ട് കെജ്രിവാളിന് ആഴത്തിലുള്ള അറിവാണുണ്ടായിരുന്നത്. വിവരാവകാശം ജനങ്ങളിലത്തെിക്കാന്‍ മാധ്യമങ്ങള്‍ സഹകരിക്കണമെന്ന നിലപാട് അദ്ദേഹം എന്നോട് പറയുകയുണ്ടായി. മാധ്യമങ്ങളുടെ സ്വാധീനം കെജ്രിവാള്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. സമര്‍ഥനും ഊര്‍ജസ്വലനുമായ ഈ ഐ.ഐ.ടി ബിരുദധാരിക്ക് 2006ല്‍ മാഗ്‌സാസെ പുരസ്‌കാരം ലഭിച്ചപ്പോഴും ദേശീയ ശ്രദ്ധാകേന്ദ്രമായി മാറുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സന്നദ്ധ സംഘടനകള്‍ വാര്‍ത്തയുടെ ഉറവിടമായതിനാല്‍ ഞങ്ങള്‍ സൗഹൃദം തുടരുകയും ചെയ്തു.arwind
സി.എന്‍.എന്‍ ഐ.ബി.എന്നിന്റെ സിറ്റിസണ്‍ ജേണലിസം പരിപാടിയില്‍ സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് 2011ല്‍ കെജ്രിവാളും കിരണ്‍ബേഡിയും എന്നെ സമീപിച്ചിരുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അഴിമതിയായിരുന്നു ഇതിലെ പ്രധാന വിഷയം. ലോക്പാലിന് വേണ്ടി ഒപ്പുശേഖരണം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞപ്പോള്‍ ടെലിവിഷന്‍ പ്രചാരണത്തിലൂടെയുള്ള ഒപ്പുശേഖരണത്തിന് പരിമിതിയുണ്ടെന്ന് ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. ലോക്പാല്‍ നിയമ നിര്‍മാണം നടത്താന്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാഹസാരെ മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് കെജ്രിവാളും കിരണ്‍ബേഡിയും എന്നെ അറിയിച്ചിരുന്നു. ഈജിപ്തിലെ തെഹ്രീര്‍ സ്‌ക്വയറിലെ പോലെ ജനങ്ങളെ അണിനിരത്തി ടി.വി ചാനലുകളുടെ ശ്രദ്ധനേടണമെങ്കില്‍ അണ്ണാഹസാരയെ ഡല്‍ഹിയിലേക്കാണ് കൊണ്ടുവരേണ്ടതെന്നും അല്‌ളെങ്കില്‍ അതൊരും പ്രദേശിക വാര്‍ത്തയായി ഒതുങ്ങുമെന്നും ഏതൊരു എഡിറ്ററും പറയുന്നതുപോലെ അവരെ ഉപദേശിക്കാനും ഞാന്‍ മടിച്ചില്ല. മാസങ്ങള്‍ക്കുശേഷം ഡല്‍ഹിയെ സ്തംഭിപ്പിക്കുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്ത അഴിമതി വിരുദ്ധസമരമായി അതുമാറുമെന്ന് ഞാന്‍ പോലും വിചാരിച്ചിരുന്നില്ല.
ലോക്പാല്‍ സമരത്തിന്റെ മുഖം അണ്ണാ ഹസാരയായിരുന്നുവെങ്കില്‍ അതിന്റെ ഹൃദയതാളം കെജ്രിവാളായിരുന്നു. സമരം ആസൂത്രണം ചെയ്യാനും വിജയിപ്പിക്കാനും കഠിനാധ്വാനംചെയ്ത കെജ്രിവാള്‍ താന്‍ അണ്ണാ ഹസാരയുടെ ഹനുമാനാണെന്നാണു വിശേഷിപ്പിച്ചിരുന്നത്. ‘ഞാന്‍ കുഗ്രാമത്തിലെ ദരിദ്രന്‍. വന്‍ നഗരങ്ങളില്‍ എന്തുചെയ്യണമെന്ന് കെജ്രിവാളിന് അറിയാം’ എന്നായിരുന്നു കെജ്രിവാളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അണ്ണാഹസാരയുടെ മറുപടി.
കെജ്രിവാളും അണ്ണാഹസാരയും 2011ല്‍ ഇന്ത്യന്‍ ഭരണകൂടത്തെ വിറപ്പിക്കുകതന്നെ ചെയ്തു. ഈ കൂട്ടുകെട്ട് ഒരുവര്‍ഷത്തിനുശേഷം വേര്‍പിരിഞ്ഞത് അവരെ അറിയുന്നവരെ അദ്ഭുതപ്പെടുത്തിയില്ല. മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ വേരുകളുള്ള ഒരു സമരത്തില്‍ നിന്ന് മറ്റൊരു സമരത്തിലേക്ക് യാത്രചെയ്യുന്ന പ്രകൃതമായിരുന്നു അണ്ണാ ഹസാരയുടേത്. ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് ആസ്വദിച്ചിരുന്നുവെങ്കിലും അവസാനം അദ്ദേഹം തന്റെ ജന്മഗ്രാമമായ റലേഗാന്‍ സിദ്ധിയുടെ (Ralegan sidhi) സ്വാസ്ഥ്യത്തിലേക്ക് മടങ്ങുകയായിരുന്നു. അണ്ണാ ഹസാര രാഷ്ട്രീയക്കാരുടെ ശത്രുവാണെന്ന് തോന്നിപ്പിച്ചിരുന്നുവെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ടായിരുന്നു. ആദര്‍ശത്തില്‍ പ്രചോദിതനായ കെജ്രിവാളാകട്ടെ ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി നിലകൊണ്ടു. ‘അതിമോഹിയായ കെജ്രിവാള്‍ സ്വന്തം കാര്യം കഴിഞ്ഞാല്‍ കൂടെയുള്ളവരെ തള്ളിപ്പറയുമെന്നും അദ്ദേഹത്തിന്റെ യാത്രയിലെ ചവിട്ടുപടിമാത്രമാണ് അണ്ണാഹസാരയെന്നും’ കെജ്രിവാളിനൊപ്പം മുമ്പ് സന്നദ്ധസംഘടനയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു.
ലോക്പാലിനായി സമരം തുടങ്ങിയപ്പോള്‍ തന്നെ കെജ്രിവാളിന്റെ സംഘത്തില്‍ ഭിന്നതയുണ്ടായിരുന്നതായി ഇവരുമായി ചര്‍ച്ച നടത്തിയ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ഖുര്‍ഷിദ് പറഞ്ഞിരുന്നു. ‘അരവിന്ദ്‌കെജ്രിവാള്‍ ഒന്നു പറയും കിരണ്‍ ബേഡി മറ്റൊന്നു പറയും. ഇരുവര്‍ക്കും പരസ്പരം നല്ലതു പറയാനുമില്ലായിരുന്നു’ എന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍. 2012 ജൂലൈയില്‍ അണ്ണാ ഹസാരയുടെ രാഷ്ട്രീയ സുഹൃത്തുക്കളും ബിസിനസുകാരും മുഖേന കേന്ദ്ര സര്‍ക്കാര്‍ രഹസ്യ ചര്‍ച്ച തുടങ്ങിയിരുന്നു. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ലോക്പാലിനെ പിന്തുണക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ഹസാരക്ക് ഉറപ്പുകൊടുത്തിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസിന് പ്രചാരണത്തിന് ഇറങ്ങാമെന്ന് അണ്ണാ ഹസാര സമ്മതിച്ചിരുന്നതായി സല്‍മാന്‍ ഖുര്‍ഷിദ് വെളിപ്പെടുത്തിയിരുന്നു. അണ്ണാ ഹസാരക്ക് നന്ദി പ്രകടിപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് തയാറാക്കിയിരുന്നു. എന്നാല്‍ ഈ കത്തയച്ചത് കെജ്രിവാളിന്റെ വീട്ടിലേക്കായിരുന്നു. കോണ്‍ഗ്രസുമായി അണ്ണാ ഹസാര ഒത്തുതീര്‍പ്പിലത്തെുന്നതായി മനസ്സിലാക്കിയ കെജ്രിവാള്‍ കോപാകുലനായി. അണ്ണാ ഹസാരയും അമ്പരപ്പിലായി. കെജ്രിവാളിനെ കണ്ട അണ്ണാ ഹസാരെ വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രം പയറ്റുന്ന കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കണമെന്ന് തീര്‍ത്തു പറഞ്ഞു.
കളങ്കിതരായ 15 കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാര വീണ്ടും നിരാഹാരം തുടങ്ങി. ഒന്‍പതു ദിവസത്തിനുശേഷം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കണമെന്ന് അണ്ണാ ഹസാര പരസ്യമായി കെജ്രിവാളിനോട് ആവശ്യപ്പെട്ടുവെങ്കിലും അവസാനം അദ്ദേഹം അതില്‍ നിന്ന് പിന്‍മാറി. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് തന്റെ സ്വീകാര്യതക്ക് അടിസ്ഥാനമെന്ന് തന്ത്രശാലിയായ അണ്ണാഹസാര മനസ്സിലാക്കിയിരുന്നു. ആഴ്ചകള്‍ക്കുശേഷം സോണിയ ഗാന്ധിയുടെയും ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെയും വീട് ഉപരോധിക്കാന്‍ കെജ്രിവാള്‍ തീരുമാനിച്ചുവെങ്കിലും ബി.ജെ.പിക്കെതിരായ പ്രതിഷേധം തങ്ങളുടെ ലക്ഷ്യം തെറ്റിക്കുമെന്ന് പറഞ്ഞ് കിരണ്‍ ബേഡി തടസ്സം നിന്നു.
2012 നവംബര്‍ 24ന് ടീം കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചു. അണ്ണാ ഹസാരയും കിരണ്‍ ബേഡിയും ഇതില്‍ നിന്ന് വിട്ടുനിന്നു. അണ്ണാ ഹസാരയില്ലാത്ത ഒരുപാര്‍ട്ടിയെ കെജ്രിവാളിന് വിജയിപ്പിക്കാനാവുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്റെ സുഹൃത്ത് യോഗേന്ദ്ര യാദവ് ‘ആപില്‍’ ചേരുന്നതിനെ ഞാന്‍ അനുകൂലിച്ചിരുന്നില്ല. പക്ഷേ, ആപിന്റെ അവിശ്വസനീയമായ കുതിപ്പ് ഡല്‍ഹി രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. 1983ല്‍ താരപരിവേഷവുമായി രാഷ്ട്രീയത്തിലിറങ്ങിയ എന്‍.ടി രാമറാവു തെലുഗുദേശം പാര്‍ട്ടിയുണ്ടാക്കി മികച്ച വിജയം നേടിയിരുന്നു. 1985ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയ കിരീടം ചൂടിയ അസം ഗണപരിഷത്തിന് ആറു വര്‍ഷത്തെ വിദ്യാര്‍ഥി സമരത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ ആപിനെ നയിക്കാന്‍ താരങ്ങളില്ലായിരുന്നു. രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ നീണ്ട ചരിത്രവും അവര്‍ക്കില്ലായിരുന്നു. എന്നാല്‍ ആദര്‍ശ പ്രചോദിതരായ ഒരുസംഘം ആപിന്റെ മുതല്‍ക്കുട്ടായിരുന്നു. അധികാര കേന്ദ്രങ്ങളിലെ അഴിമതിയായിരുന്നു അവരുടെ മുഖ്യ വിഷയം. അതാകട്ടെ ജനരോഷം ഏറ്റുവാങ്ങിയ ഒന്നായിരുന്നു. ഡല്‍ഹിയിലെ വൈദ്യുതി നിരക്കു വര്‍ധനക്കെതിരായ ആപിന്റെ സമരം ദേശീയ ചാനലുകളിലൂടെ ശ്രദ്ധനേടിയിരുന്നു. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതില്‍ പങ്കാളിയായ ആദ്യ രാഷ്ട്രീയക്കാരന്‍ അരവിന്ദ് കെജ്രിവാളായിരുന്നു. ഡല്‍ഹിയിലെ ജല,വൈദ്യുതി നിരക്കു വര്‍ധനക്കെതിരെ പത്തു ലക്ഷം കത്തുകളാണ് കെജ്രിവാള്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് കൈമാറിയത്. എന്നും ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുക എന്നതായിരുന്നു ആപിന്റെ തന്ത്രം. അക്കാലത്തെ ഒരു എസ്.എം.എസ്്. തമാശ ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ക്ക് പണവും അധികാരവും ആള്‍ബലവുമുണ്ട്. നിങ്ങളുടെ കൈയ്യില്‍ എന്തുണ്ട് എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ചോദിക്കുമ്പോള്‍ എന്റെ കൈയ്യില്‍ മാധ്യമങ്ങളുണ്ട്’ എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.
സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കെതിരായ ആപിന്റെ നീക്കം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. 2011ല്‍ ഇക്കണോമിക് ടൈംസ് റോബര്‍ട്ട് വാധ്രയുടെ ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്നുവെങ്കിലും അത് വളരെ പെട്ടെന്ന് വിസ്മൃതിയിലായി. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുപത്രപ്രവര്‍ത്തകന്‍ വാദ്രയുടെ ഭൂമി ഇടപാടിന്റെ രേഖകള്‍ മുതിര്‍ന്ന ബി.ജെ.പി നേതാവിന് കൈമാറിയിരുന്നുവെങ്കിലും വെളിച്ചത്തുവന്നില്ല. നിരാശനായ ഈ പത്രപ്രവര്‍ത്തകനാണ് പിന്നീട് ഈ രേഖകള്‍ കെജ്രിവാളിനും പ്രശാന്ത് ഭൂഷണിനും കൈമാറിയത്. വാര്‍ത്താസമ്മേളനം നടത്തി രേഖകള്‍ പുറത്തുവിട്ട ഇവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ആഴ്ചകള്‍ക്കുശേഷം ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ അഴിമതിയും ഇവര്‍ പുറത്തുവിട്ടു. മാധ്യമങ്ങളെ എങ്ങനെ കൂടെ നിര്‍ത്തണമെന്ന് കെജ്രിവാളിന് അറിയാമായിരുന്നു. ആപ് നേതാക്കളുടെ വിശ്വസ്ത ഉപദേഷ്ടാക്കള്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു. ഞങ്ങളുടെ ഹിന്ദിചാനല്‍ ഐ.ബി.എന്‍ 7 ന്റെ എഡിറ്റര്‍ അശുതോഷ് വിശേഷിപ്പിച്ചത് മഹാത്മാഗാന്ധിക്കുശേഷം രാജ്യം കണ്ട സമര്‍ഥനായ രാഷ്ട്രീയക്കാരനാണ് കെജ്രിവാളെന്നായിരുന്നു. അശുതോഷ് പിന്നീട് ആപ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. അരുണ്‍ ജയ്റ്റിലിയുടെ വീട്ടില്‍ നടന്ന വിരുന്നിനിടെ എന്നോട് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ബി.ജെ.പി നേതാവ് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്നത്തേയും പോലെ ഞാന്‍ ഈ വാഗ്ദാനവും സ്‌നേഹപൂര്‍വം നിരസിച്ചു. ആപിന് ജനപിന്തുണ വര്‍ധിച്ചിരുന്നുവെങ്കിലും കെജ്രിവാള്‍ ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഈ ധാരണ തെറ്റായിരുന്നു. സര്‍ക്കാറുണ്ടാക്കാന്‍ കെജ്രിവാളിനെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയായിരുന്നു. സന്നദ്ധസേവനവും യുവാക്കളെ സമന്വയിപ്പിച്ചുമുള്ള കെജ്രിവാളിന്റെ രാഷ്ട്രീയം രാഹുലിനെ ആകര്‍ഷിച്ചിരുന്നു. മോഡി നയിക്കുന്ന ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഭാവിയില്‍ ആപിനെ സഖ്യകക്ഷിയാക്കാമെന്ന് രാഹുല്‍ കണക്കുകൂട്ടിയിരുന്നുവെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
നാല്‍പത്തൊമ്പതു ദിവസത്തെ കെജ്രിവാള്‍ ഭരണത്തെ ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലിയില്‍ വിലയിരുത്തിയാല്‍ ഒന്നേ പറയാനുളളൂ, അരാജകത്വം. കെജ്രിവാളോ ആപ്‌നേതാക്കളോ ന്യൂസ് ബ്രേക്ക് തരാത്ത ഒരുദിവസം പോലും കടന്നുപോയിട്ടില്ല. ഡല്‍ഹിയിലെ മാധ്യമങ്ങള്‍ മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ കെജ്രിവാളിന് അമിതപ്രാധാന്യം നല്‍കുന്നുവെന്ന് മോഡിപോലും പരാതി പറഞ്ഞിരുന്നു. അതില്‍ വസ്തുതയുണ്ടായിരുന്നു. കെജ്രിവാളിന്റെ പ്രവര്‍ത്തനം ഡല്‍ഹിയിലും പരിസരത്തുമായിരുന്നു. ഇവിടെയാണ് മിക്ക ചാനലുകളുടേയും ആസ്ഥാനം. മിക്ക വാര്‍ത്താ ചാനലകള്‍ക്കും ഡല്‍ഹിയില്‍ നിരവധി റിപ്പോര്‍ട്ടര്‍മാരുണ്ട്. എന്നാല്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ ചാനലിന് ഒരൊറ്റ റിപ്പോര്‍ട്ടര്‍ മാത്രമേയുള്ളൂ. ഇത് വര്‍ഷങ്ങളായി എന്നെ വിഷമിപ്പിക്കുന്ന കാര്യമാണ്. ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ സ്ട്രിങ്ങര്‍മാരെയാണ് ആശ്രയിക്കുന്നത്. സ്വാഭാവികമയും വന്‍ നഗരങ്ങളിലെ വിഷയങ്ങളാകും വാര്‍ത്താപ്രാധാന്യം നേടുക. രാജ്യത്തിന്റെ ഭൂരിഭാഗം വരുന്ന മറ്റ് ഭാഗത്ത് എന്ത് നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. അതുകൊണ്ടുതന്നെ വാര്‍ത്തകളിലെ പകുതിസമയവും ഡല്‍ഹി അപഹരിക്കുന്നു. റായ്പൂരില്‍ നക്‌സല്‍ അക്രമണം ഉണ്ടാകുമ്പോഴോ ധോണി റാഞ്ചിയിലെ വീട്ടിലത്തെുമ്പോഴോ ആണ് ഞങ്ങള്‍ ഈ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിക്കാറുള്ളത്. മാധ്യമങ്ങളെക്കുറിച്ച് നന്നായി അറിയുന്ന കെജ്രിവാളാകട്ടെ ഇത് നന്നായി മുതലെടുത്തു. കെജ്രിവാളിന്റെ വാക്കും പ്രവൃത്തിയും ലൈവ് ന്യൂസായി.
അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുകാലത്ത് കെജ്രിവാളിന്റെ സഖ്യകക്ഷികളായിരുന്ന മാധ്യമങ്ങള്‍ ഇരുതലമൂര്‍ച്ചയുള്ള വാളായി. മോഡിയുടെ നിര്‍ദേശപ്രകാരമാണ് കുത്തകമാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ കഥകള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു ആപ് നേതാക്കളുടെ പരിഭവം. കെജ്രിവാളിന്റെ രാജ്പഥിലെ ധര്‍ണക്കെതിരെ ഞങ്ങള്‍ വിമര്‍ശനപരമായി വാര്‍ത്തനല്‍കിയിരുന്നു. മോഡി നിങ്ങളെയും വിലക്കെടുത്തുവെന്നായിരുന്നു ഇതേക്കുറിച്ച് കെജ്രിവാളിന്റെ സഹപ്രവര്‍ത്തകര്‍ എന്നെ വിളിച്ചു പറഞ്ഞത്. മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുക എന്നത് രോഗമായി തുടങ്ങിയിരുന്നു. ബി.ജെ.പി നേതാക്കളാവട്ടെ ആപ് സ്വയം ശവക്കുഴി കുഴിക്കാന്‍ തുടങ്ങിയതില്‍ സന്തോഷവാന്‍മാരുമായിരുന്നു. ആപ് നേതാക്കളുടെ വിശ്വസ്യത തുരങ്കം വെക്കാനുള്ള ചുമതല സുബ്രഹ്മണ്യ സ്വാമിക്കായിരുന്നു.
ഒരു അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാന്‍ മുംബൈയിലായിരുന്നപ്പോഴാണ് കെജ്രിവാള്‍ രാജിവെക്കുകയാണെന്ന് ഞാനറിഞ്ഞത്. ലോക്പാല്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം പിന്തുണക്കാത്തതിനാലാണ് രാജിവെക്കുന്നതെന്നാണ് തന്റെ തീരുമാനത്തിനായി കെജ്രിവാള്‍ പറഞ്ഞ ന്യായം. ആപ് യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഞങ്ങളുടെ പ്രതിനിധി എന്നെ വിളിച്ചിരുന്നു. ആഴ്ചകള്‍ മാത്രം അധികാരത്തിലിരുന്ന കെജ്രിവാള്‍ തിടുക്കത്തില്‍ രാജിവെക്കേണ്ട സാഹചര്യമില്‌ളെന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. പെട്ടെന്ന് രാജിവെക്കരുതെന്നായിരുന്നു യോഗേന്ദ്രയാദവിന്റെയും അഭിപ്രായം. കെജ്രിവാള്‍ രാജിവെക്കുന്നുവെങ്കില്‍ രാവിലെ രാജിവെക്കില്‌ളെന്നും പ്രൈംടൈമിലായിരിക്കുമെന്നുമാണ് എന്നെ വിളിച്ച റിപ്പോര്‍ട്ടറോട് ഞാന്‍ പറഞ്ഞത്.
രാത്രി എട്ടുമണിയായതോടെ കെജ്രിവാള്‍ രാജി സ്ഥിരീകരിച്ചു. ഇത് ടെലിവിഷന്റെ പ്രൈംടൈമുമായിരുന്നു.

പരിഭാഷ: എ.ടി മന്‍സൂര്‍

Leave a comment

Your email address will not be published. Required fields are marked *