Kerala Union of Working Journalists

ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കെയുഡബ്ല്യൂജെ അപലിച്ചു

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയിലും പരസിരത്തും വച്ച് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാവിത്രി, കൈരളി ടിവി റിപ്പോര്‍ട്ടര്‍ മനു ശങ്കര്‍ എന്നിവര്‍ക്ക് ഭീകരമായി മര്‍ദ്ദനമേറ്റു. നെറ്റിയിലും കഴുത്തിലും മുറിവേറ്റ മനു ആശുപത്രിയിലാണ്.

മനുവിനെ മര്‍ദ്ദിയ്ക്കുന്നതിനെതിരെ പ്രതികരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറെ കോര്‍ട്ട് റൂമില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. എബിവിപി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. അസഹിഷ്ണുതയുടെ നിഴലില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പോലും അസാധ്യമാകുന്ന അവസ്ഥ അപലപനീയമാണെന്ന് പ്രസിഡന്റ് പിഎ അബ്ദുള്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരാണനും പറഞ്ഞു. മര്‍ദ്ദകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഭരണകൂടം തയ്യാറാകണം എന്നും അവര്‍ ആവശ്യപ്പെട്ടു.​