Kerala Union of Working Journalists

അഭിഭാഷകരിലെ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തും കെ.യു.ഡബ്ല്യു.ജെ.

തിരുവനന്തപുരം : ഒരു വിഭാഗം അഭിഭാഷകര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കും വിധം ഹൈക്കോടതിക്കകത്ത് അക്രമം കാണിക്കുന്നതിനെതിരെ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു.പത്രപ്രവര്‍ത്തനം ഒരു വിഭാഗം അഭിഭാഷകരുടെ ഔദാര്യത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. വക്കീലന്മാരിലെ ക്രിമിനല്‍ സ്വഭാവക്കാരെ നിലക്കുനിര്‍ത്താന്‍ ഭരണകൂടവും ബഹുമാനപ്പെട്ട ഹൈക്കോടതിയും ഇടപെടണം. വേലി തന്നെ വിളവ് തിന്നുന്ന സംഭവമാണ് രണ്ട് ദിവസമായി ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അഭിഭാഷക സമൂഹത്തിന്റെ മാന്യതക്ക് അപമാനമാണ് ഇത്തരം ക്രിമിനലിസം. ഇത് അവസാനിപ്പിക്കാത്ത പക്ഷം അഭിഭാഷകരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തക സമൂഹം ബഹിഷ്‌കരിക്കും.

വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ റാലി നടത്താന്‍ സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.